Image

കല കുവൈറ്റ് ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കി; ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിന് ആഹ്വാനം

Published on 24 August, 2019
കല കുവൈറ്റ് ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കി; ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിന് ആഹ്വാനം

കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കി ഇതിനായി നീക്കി വയ്ക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാന്‍ തീരുമാനിച്ചു. 

രണ്ടാം വര്‍ഷവും കടുത്ത മഴയെ തുടര്‍ന്ന് സംസ്ഥാനം ദുരിതമനുഭവിക്കുന്ന സാഹചര്യത്തിലാണ് രണ്ടു മേഖലകളിലായി സെപ്റ്റംബര്‍ 20, 27 തീയതികളില്‍ നടത്താനിരുന്ന ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കുവാന്‍ തീരുമാനിച്ചത്. 

കഴിഞ്ഞ വര്‍ഷവും പ്രളയത്തെ തുടര്‍ന്ന് കല കുവൈറ്റ് ഓണാഘോഷം ഉള്‍പ്പെടെയുള്ള ആഘോഷ പരിപാടികള്‍ മാറ്റിവച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. മാത്രവുമല്ല മൂന്നു ഘട്ടങ്ങളിലായി മുഖ്യമന്ത്രിയുടെ ദുരാതാശ്വാസ നിധിയിലേക്ക് ഒരു കോടിയോളം രൂപയും സ്വമാഹരിച്ചു നല്‍കുകയും ചെയ്തിരുന്നു. ഈ വര്‍ഷം ആദ്യ ഘട്ടമെന്ന നിലയില്‍ 10 ലക്ഷം രൂപ കൈമാറിയിട്ടുണ്ട്. 

സംസ്ഥാനം കടുത്ത ദുരിതം നേരിടുന്ന അവസരത്തിലും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോടുള്ള കടുത്ത അവഗണന തുടരുകയാണ്. ദുരന്തത്തില്‍പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനും പുനര്‍നിര്‍മാണത്തിനുമായി വലിയ സാമ്പത്തിക ബാധ്യതയാണ് ആവശ്യമായി വന്നിരിക്കുന്നത്. ലോകത്തെമ്പാടുമുള്ള മലയാളികള്‍ ഒറ്റക്കെട്ടായി നിന്നാല്‍ മാത്രമെ നമുക്ക് അതിജീവനം സാധ്യമാവുകയുള്ളൂ. അതുകൊണ്ടുതന്നെ കുവൈറ്റ് പ്രവാസി സമൂഹം ഇതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന കല കുവൈറ്റ് കേന്ദ്രകമ്മിറ്റി യോഗം തീരുമാനിച്ചു. 

പ്രസിഡന്റ് ടിവി ഹിക്മത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ടികെ സൈജു പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. കല കുവൈറ്റ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കുവൈറ്റ് പ്രവാസി സമൂഹത്തിനിടയില്‍ ദുതിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം നടത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. 

വിവരങ്ങള്‍ക്ക് : 67765810, 6031501, 97910261 (അബാസിയ), 90039594 (ഫഹാഹീല്‍), 50855101 (സാല്‍മിയ), 97683397 (അബു ഹലീഫ).

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക