Image

റഷ്യയുടെ ഒഴുകുന്ന ആണവോര്‍ജ നിലയം യാത്ര തുടങ്ങി

Published on 24 August, 2019
റഷ്യയുടെ ഒഴുകുന്ന ആണവോര്‍ജ നിലയം യാത്ര തുടങ്ങി
മോസ്‌കോ: ലോകത്തെ ആദ്യ ഒഴുകുന്ന ആണവോര്‍ജ നിലയം റഷ്യന്‍ തീരത്തു നിന്ന് യാത്ര തുടങ്ങി. ആര്‍ട്ടിക്ക് തുറമുഖമായ മുര്‍മാന്‍സ്‌കില്‍ നിന്ന് അയ്യായിരം കിലോമീറ്റര്‍ യാത്ര ചെയ്ത് കിഴക്കന്‍ മുനന്പായ ചുകോട്കയിലാണ് ഇത് എത്തിച്ചേരുക.

അക്കാഡമിക് ലോമോനോസോവ് എന്നാണ് ഈ നിലയത്തിനു റഷ്യ നല്‍കിയിരിക്കുന്ന പേര്. വിദൂര പ്രദേശങ്ങളില്‍ വൈദ്യുതി എത്തിക്കുകയാണ് ദൗത്യം. ചുകോട്കയിലെ ചുവാന്‍ ബിലിബിന്‍ ഖനന സമുച്ചയമാണ് ഇതിലൊന്ന്. സ്വര്‍ണം അടക്കമുള്ള ഖനനം നടക്കുന്ന സമുച്ചയമാണിത്.

കാലാവസ്ഥ അത്ര അനുകൂലമല്ലാതിരിക്കുന്ന സമയത്ത് ആണവോര്‍ജ നിലയം അപ്പാടെ ഇത്തരത്തില്‍ കടലിലൂടെ യാത്ര ചെയ്യുന്നത് അത്യന്തം അപകടകരമാണെന്ന് ഗ്രീന്‍പീസ് അടക്കമുള്ള വിമര്‍ശകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആര്‍ട്ടിക് മലിനീകരണം കൂടുതല്‍ രൂക്ഷമാക്കാനും ലോമോനോസോവ് കാരണമാകുമെന്നാണ് ആശങ്ക.

റഷ്യയുടെ നേവല്‍ ടെസ്റ്റ് റേഞ്ചില്‍ ആര്‍ട്ടിക്കില്‍ വച്ചു തന്നെ ഒരു ആണവോര്‍ജ എന്‍ജിന്‍ പൊട്ടിത്തെറിച്ച് രണ്ടാഴ്ച മാത്രം പിന്നിടുന്‌പോഴാണ് പുതിയ സാഹസം. പൊട്ടിത്തെറിയില്‍ അഞ്ച് പേര്‍ മരിക്കുകയും ആണവ വികിരണ ചോര്‍ച്ച സംഭവിക്കുകയും ചെയ്തിരുന്നു. 

അതേസമയം ലോകത്തിന്റെ മറ്റൊരു ചെര്‍ണോബില്‍ ഒഴുകിത്തുടങ്ങിയെന്നാണ് അക്കാഡമിക് ലോമോനോസോവിനെപ്പറ്റി വിമര്‍ശകരുടെ ഭാഷ്യം.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക