Image

കെവിന്‍ വധക്കേസ്‌: കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞു പ്രതികള്‍, നാടകീയ രംഗങ്ങള്‍

Published on 24 August, 2019
കെവിന്‍ വധക്കേസ്‌: കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞു പ്രതികള്‍, നാടകീയ രംഗങ്ങള്‍

കോട്ടയം: കെവിന്‍ വധക്കേസില്‍ കോടതിയില്‍ വാദം ആരംഭിച്ചു. സംഭവം അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന്‌ ജഡ്‌ജിയുടെ നിരീക്ഷണം. കോടതി മുറിയില്‍ പ്രതികള്‍ പൊട്ടിക്കരഞ്ഞു. നാടകീയ രംഗങ്ങളാണ്‌ കോടതിയില്‍ അരങ്ങേറിയത്‌. നീനുവിന്റെ പിതാവ്‌ ചാക്കോയും സഹോദരന്‍ സാനുവും വികാരാധീനരായി.

കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതിയില്‍ വാദം തുടങ്ങിയപ്പോള്‍ ചുമത്തപ്പെട്ട കുറ്റത്തിനുമേലുള്ള മറുപടി സാനു ചാക്കോ എഴുതി നല്‍കി. പ്രതികള്‍ക്ക്‌ പറയാനുള്ളത്‌ കോടതി കേട്ടു. പിതാവ്‌ മരിച്ചതാണെന്നും വീടു നോക്കണമെന്നും രണ്ടാം പ്രതി നിഷാന്‍ പറഞ്ഞു. 

നാലാം പ്രതി റിയാസും കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞു. പ്രായമായ അമ്മയും പെങ്ങളും ഉണ്ട്‌. ഇവരുടെ കാര്യം നോക്കണം. ഏക ആശ്രയം താനാണെന്നും റിയാസ്‌ പറഞ്ഞു. തനിക്ക്‌ 26 വയസേ ഉള്ളൂവെന്നും കുഞ്ഞിലേ അച്ഛന്‍ ഉപേക്ഷിച്ചതാണെന്നും ആറാം പ്രതി മനു പറഞ്ഞു.

ഏഴാം പ്രതി ഷെഫിന്‍ പരാതി എഴുതിയാണ്‌ നല്‍കിയത്‌. കുടുംബം തന്നെ ആശ്രയിച്ചാണ്‌ കഴിയുന്നതെന്നും ഉപ്പയെയും ഉമ്മയെയും നോക്കാന്‍ മറ്റാരുമില്ലെന്നും പറഞ്ഞ്‌ എട്ടാംപ്രതി നിഷാദും പൊട്ടിക്കരഞ്ഞു. 

അച്ഛന്‌ കാഴ്‌ച പ്രശ്‌നം ഉണ്ടെന്നും അമ്മ അസുഖം ഉള്ള ആളാണെന്നും ഒന്‍പതാം പ്രതി ടിറ്റോയും കരഞ്ഞു പറഞ്ഞു. താന്‍ പത്താം ക്ലാസ്‌ വരെയേ പഠിച്ചിട്ടുള്ളൂ. വിദ്യാഭ്യാസം കുറവാണ്‌. മാതാപിതാക്കളെ സംരക്ഷിക്കണമെന്ന്‌ 12ാം പ്രതി ഷാനു പറഞ്ഞു.

പ്രതികളുടെ പ്രായം കണക്കിലെടുക്കണമെന്ന്‌ പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. പ്രതികള്‍ക്ക്‌ നന്നാകാനും ജീവിക്കാനും അവസരം നല്‍കണം. മനുഷ്യത്വപരമായ സമീപനം ഉള്‍ക്കൊള്ളണം. പല പ്രതികളും അബദ്ധത്തില്‍ പെട്ടുപോയതാണ്‌. 

അറിയാതെ സംഭവിച്ച തെറ്റ്‌ തിരുത്താന്‍ അവസരം നല്‍കണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ ശാസ്‌തമംഗംലം അജിത്‌ കുമാര്‍ വികാരാധീനനായി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക