Image

പ്രധാനമന്ത്രിയെ കണ്ണടച്ച് വിമര്‍ശിക്കരുതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

Published on 23 August, 2019
പ്രധാനമന്ത്രിയെ കണ്ണടച്ച് വിമര്‍ശിക്കരുതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എല്ലായ്‌പ്പോഴും ദുഷ്ടനായി ചിത്രീകരിക്കുന്നത് തെറ്റാണെന്നും പാര്‍ട്ടിക്കു ഗുണം ചെയ്യില്ലെന്നും ചൂണ്ടിക്കാട്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജയ്‌റാം രമേഷാണ് ആദ്യം ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. പിന്നാലെ അദ്ദേഹത്തെ പിന്തുണച്ച് അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ അഭിഷേക് മനു സിങ്‌വിയും ട്വീറ്റ് ചെയ്തു. ഉജ്വല യോജന മികച്ചതായിരുന്നുവെന്ന് ഇരു നേതാക്കളും പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എപ്പോഴും ദുഷ്ടനായി ചിത്രീകരിക്കുന്നത് കോണ്‍ഗ്രസിനു ഗുണം ചെയ്യില്ലെന്നാണു കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ജയറാം രമേശ് ഡല്‍ഹിയില്‍ ഒരു പുസ്തക പ്രകാശനച്ചടങ്ങില്‍ മുന്നറിപ്പ് നല്‍കിയത്.

മോദിയുടെ ഭരണമാതൃക പൂര്‍ണമായും തെറ്റല്ല. അദ്ദേഹത്തിന്റെ നേട്ടങ്ങളെ അംഗീകരിക്കാത്തതും എപ്പോഴും കുറ്റപ്പെടുത്തുന്നതും ഗുണം ചെയ്യില്ല. ജനങ്ങളെ ചേര്‍ത്തുനിര്‍ത്തുന്ന ഭാഷയിലാണ് മോദി സംസാരിക്കുന്നത്. മോദി ഭരണത്തില്‍ സാമൂഹികമായും സാമ്പത്തികമായും തിരിച്ചടിയേറ്റുവെന്ന് പറയുന്നത് പൂര്‍ണമായും ശരില്ലെന്നും സാമ്പത്തിക വിദഗ്ധന്‍ കൂടിയായ ജയ്‌റാം രമേഷ് പറഞ്ഞു.

പ്രധാന്‍മന്ത്രി ഉജ്വല യോജന ഉള്‍പ്പെടെയുള്ള പദ്ധതികളെ രാഷ്ട്രീയമായി എല്ലാവരും കളിയാക്കി. എന്നാല്‍ പദ്ധതി വിജയകരമായി നടപ്പാക്കിയതാണ് കോടിക്കണക്കിനു സ്ത്രീകളെ മോദിക്ക് അനുകൂലമാക്കിയത്. 2014 തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ നേട്ടം മോദിക്കു ലഭിച്ചു. 2014 മുതല്‍ 2019 വരെയുള്ള കാലയളവിലെ മോദിയുടെ പ്രവര്‍ത്തനങ്ങളാണ് വലിയ ഭൂരിപക്ഷത്തില്‍ വീണ്ടും അധികാരത്തിലെത്താന്‍ സഹായിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 37.4 ശതമാനം വോട്ടാണു ബിജെപിക്ക് ലഭിച്ചത്. എന്‍ഡിഎയ്ക്ക് ആകെ 45 ശതമാനവും. മോദിയുടെ നേട്ടങ്ങള്‍ കൃത്യമായി തിരിച്ചറിഞ്ഞില്ലെങ്കില്‍ ഫലപ്രദമായി നേരിടാന്‍ കഴിയില്ലെന്നും ജയറാം രമേശ് വ്യക്തമാക്കി.

മോദിയെ എപ്പോഴും ദുഷ്ടനായി ചിത്രീകരിക്കുന്നത് തെറ്റാണെന്നും പ്രവര്‍ത്തനങ്ങളെ വ്യക്തിപരമായി അല്ലാതെ വസ്തുതാപരമായി പരിഗണിക്കണമെന്നും മനു സിങ്‌വി ട്വീറ്റ് ചെയ്തു. പ്രവൃത്തികളില്‍ തെറ്റും ശരിയും ഭിന്നതയും ഉണ്ടാകും. എന്നാല്‍ വസ്തുതാപരമായി വിലയിരുത്തുകയാണു വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ വിഷയത്തില്‍ പല കോണ്‍ഗ്രസ് നേതാക്കളും മോദി സര്‍ക്കാരിനെ പിന്തുണച്ചതിനു പിന്നാലെയാണ് ഉജ്വല്‍ യോജനയെ പുകഴ്ത്തി നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക