Image

റിപ്പണ്‍ ഫാല്‍ക്കന്‍സ് (ചെറുകഥ: അനീഷ് ചാക്കോ)

Published on 23 August, 2019
റിപ്പണ്‍ ഫാല്‍ക്കന്‍സ് (ചെറുകഥ: അനീഷ് ചാക്കോ)
ജൂലൈ മാസത്തിലെ വെയില്‍....ഇടക്കിടെ അന്തരീക്ഷത്തിന്റെ നെടുവീര്‍പ്പു പോലെ വീശിയടിക്കുന്ന പൊടി കാറ്റ്..

തെക്കന്‍ ടെക്‌സാസ് ഉരുകുകയാണ് . പൊടികാറ്റും. പൊള്ളുന്ന വേനലും വക വെയ്ക്കാതെ കുട്ടികള്‍ കളി കളത്തില്‍ പൊരുതുകയാണ് .. കാണികളില്‍ ആവേശം നുരഞ്ഞു പൊന്തുകയാണ് ...
കളിയിലെ ചടുല നീക്കങ്ങളെയും റഫറിയുടെ വിസിലുകളെയും ചിലപ്പോള്‍ കൈയ്യടിച്ചും ചിലപ്പോള്‍ കൂവി വിളിച്ചു ആവേശത്തോടെ ആ കുട്ടി മല്‍സരത്തെ വരവേല്‍ക്കുന്ന കാണികള്‍.. ആളൊഴിഞ്ഞ ഒരു കോണില്‍ ഒരു കുഞ്ഞ് നിര്‍ബ്ബന്ധത്തിന് വഴങ്ങി കളി കാണാന്‍ വന്നിരിക്കയാണ് അയാള്‍. പത്താം ക്ലാസ്സ് കഴിഞ്ഞതില്‍ പിന്നെ ഫുട്‌ബോള്‍ എന്നല്ല ഒരു കളിയോടും അയാള്‍ക്ക് അമിതമായി ആവേശമില്ല ..

ചില കിടിലന്‍ കളികള്‍ കഴിഞ്ഞാല്‍ ചില കളിക്കാര്‍ക്ക് പോലും ആ ജയത്തിനൊട് താല്‍പര്യമില്ല എന്നാണ് അയാളുടെ പക്ഷം , ചിലരൊക്കെ ജയിക്കാന്‍ വേണ്ടി ജനിക്കുന്നവരാണ് .. സാഹചര്യങ്ങളും ചിലപ്പോള്‍ പ്രകൃതി പോലും അവര്‍ക്കു വേണ്ടി മാറി നില്‍ക്കും , ഈ ജയങ്ങളൊക്കെ ചിലപ്പോഴെങ്കിലും മനുഷ്യരെ മത്തു പിടിപ്പക്കാറുണ്ട്...

പെട്ടന്നാണ് അയാളെ പോലും ആവേശത്തിലാഴത്തി ആ ഗോള്‍ വീണത് .. ആവേശ തിമിര്‍പ്പില്‍ ആരവമുയര്‍ത്തുന്ന കാണികള്‍! അയാളുടെ മകനടിച്ച ഗോളായിരുന്നു അത്. അത് കണ്ട് ആ ആള്‍കൂട്ട മധ്യത്തിലിരുന്ന് അയാള്‍ വിതുമ്പി പോയി .. മിഡ് ഫീല്‍ഡില്‍ നിന്നും താഴോട്ടിറങ്ങി ഫാഫ് ബാക്കില്‍ നിന്നും കിട്ടിയ പാസുമായി കുതിച്ച് വെട്ടിച്ചു കയറി അയാളുടെ മകന്‍ വല ചലിപ്പിച്ചു ... .. അപ്പോള്‍ തന്നെ അയാളിലേക്ക് ഓടി വരുകയും ചെയ്തു

"പപ്പേ ഞാന്‍ ഗോള്‍ അടിക്കൂന്ന് പറഞ്ഞിരുന്നില്ലേ.."
ഒരു വേനല്‍ മുഴുവന്‍ വിയര്‍ത്തൊഴുകുന്നുണ്ട് ആ കുഞ്ഞ് ശരീരത്തില്‍ ..മകനെ ചേര്‍ത്ത് പിടിച്ചപ്പോഴെക്കും അയാളുടെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകുകയായിരുന്നു... ഓര്‍മ്മകളുടെ ചൂടാണ് കവിളില്‍ പതിയുന്നത് ..
സുധര്‍മ്മനെ ഓര്‍ത്താണ് അയാള്‍ കരഞ്ഞത് .

അയാളുടെ ജീവിതത്തിലെ മായ്ക്കാനാവാത്ത ഒരു അദ്ധ്യായം ആണ് സുധര്‍മ്മന്‍.
വിതുമ്പി കരയുന്ന ആ വേനല്‍ അയാളുടെ
ജീവതത്തില്‍ ചില്‌പോഴെങ്കിലും ആളി കത്താറുണ്ട് .. ഓര്‍മ്മകളുടെ തിരിനാളത്തിന്‍ വെട്ടത്തില്‍ ഒരു ബാല്യം തിളങ്ങാറുണ്ട് . സ്വന്തം സഹോദരനെ പൊലെയാണ് അയാള്‍ക്ക് സുധര്‍മ്മന്‍ . സുധര്‍മ്മന്‍ അയാളുടെ നാട്ടിലെ പന്തുകളിക്കാരില്‍ ഒരു അത്ഭുതമാണ് !

അതിലുപരി സുധര്‍മമന്‍ അത്തയുടെ മകനാണ്
" ഇനി എന്റെ കളി കാണാന്‍ പപ്പ വരണ്ട .. വെറുതെ കരയാന്‍ "
കളി കഴിഞ്ഞ് മകന്‍ ബൂട്ടും ബോളും കിറ്റിലിട്ട് കെട്ടി ..
വെയില്‍ ചെറുതായി ശമിക്കാന്‍ തുടങ്ങി...
അന്തരീക്ഷത്തില്‍ അപ്പോഴും
ആര്‍പ്പു വിളികള്‍ തങ്ങി നില്‍പ്പുണ്ട് ..

അവസാനമായി അയാള്‍ സുധര്‍മ്മന്‍ പന്ത് കളിക്കുന്നത് കണ്ടത് അക്കാലത്ത് ബത്തേരിയില്‍ നടന്നു വന്നിരുന്ന ഒരു ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ വച്ചാണ് ..
ഒരു ടി .വി റീ പ്ലേ പോലെ ഇപ്പോഴും അയാള്‍ അത് ഓര്‍ത്തിരിക്കാറുണ്ട് .. ഫുട്‌ബോള്‍ തല്‍പരനായ മകനോട് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ആ കളിയെ പറ്റി പറയാറുണ്ട് .
റിപ്പണ്‍ ഫാല്‍ക്കന്‍സും നോവ ഫുട്‌ബോള്‍ ക്ലബ് ബത്തേരിയുമായിട്ടായിരുന്നു മല്‍സരം
നോവ ബത്തേരി വലിയ കളിക്കാരുടെ ടീമാണ്..ടൈറ്റാനിയത്തില്‍ തോമസ് സെബാസ്റ്റ്യന്റെ കൂടെ കളിച്ചവരും കൂടാതെ മലപ്പുറത്തെ ചാമ്പ്യന്‍ സെവന്‍സ് ക്‌ളബില്‍ നിന്നും വില കൊടുത്ത് വാടകക്കെടുത്ത കളിക്കാരും ഒക്കെ ഉണ്ട് ..പക്ഷെ സുധര്‍മ്മന്‍ ചേട്ടനെ പറ്റിയും ആ കളിയെ പറ്റിയും റിപ്പണ്‍ ഫാല്‍ക്കന്‍സ്സിനെ പറ്റിയും കലുങ്കില്‍ കാറ്റ് കൊള്ളാനിരിക്കുമ്പോള്‍ ഒത്തിരി കാലത്തോളം അയാളും കൂട്ടുകാരും സംസാരിച്ചിരിന്നിട്ടുണ്ട്..
" ആ ചെങ്ങായിന്റെ ബോളും കൊണ്ടുള്ള പോക്ക് കണ്ടിക്കിനോ .. ഓന് കാലില്‍ ബോള് കിട്ടിയാല്‍ പിന്നെ പിരാന്താണ് "
" ഓനൊക്കെ കേരള പോലിസിലെങ്കിലും കളിക്കണ്ട ചെക്കനായിരുന്നു .. ഈ വയനാട്ടിലൊക്കെ വന്ന് ഓന്റെ കളി ആര് കാണാനാണ് "..
പഴയ കാലത്തെ ബത്തേരി ഇപ്പോഴും ആ കളിയെ പറ്റി പറയാറുണ്ട് ..

നോവ ടീമിന്റെ കളി കാണാന്‍ എല്ലാവരും ആവേശഭരിതരായി കാത്തിരുന്ന ഒരു വയനാടന്‍ വൈകുന്നേരം . വേനല്‍ക്കാല വൈകുന്നേരങ്ങളിലും വയനാട്ടില്‍ സുഖമുള്ള തണുത്ത കാറ്റ് വീശുന്ന കാലം ..
റിപ്പണ്‍ ഫാല്‍ക്കനസ്സ് ഒരു ചായ തോട്ടത്തിന്റെ ടീമാണ് .. കൊളോണിയലിസറ്റ് അവേശഷിപ്പുകളായ അധികാര ശ്രേണിയുടെ അടിതട്ടിലെ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ടീം ..
തേയില തോട്ടത്തിലെ തൊഴിലാളികളുടെ ടീം ..
കളി തുടങ്ങാന്‍ സമയമായമായിട്ടും റിപ്പണ്‍ ടീമിന് അന്ന് എത്താന്‍ സാധിച്ചില്ല ..
" മായിന്‍ കുട്ടി ഹാജി മേമ്മോറിയല്‍ മൂന്നാമത് അഖില വയനാട് ഫുട്ബാള്‍ ടൂര്‍ണ്ണമെന്റില്‍ നോവ ബത്തേരിയും റിപ്പണ്‍ ഫാല്‍ക്കസും തമിലുള്ള മല്‍സരത്തിന് അരങ്ങൊരുങ്ങുകയാണ് ...റിപ്പണ്‍ ടീമിന്
ഇനിയും എത്താന്‍ സാധിച്ചിട്ടില്ല . നോവ ബത്തേരിക്ക് വാക്കോവര്‍ നല്‍കി വിജയികളായി പ്രഖാപ്പിക്കുവാന്‍ ഇനി ഏതാനും നിമിഷങ്ങള്‍ മാത്രമാണ് ബാക്കി "
ഉച്ചഭാഷണി ആള് കൂട്ടങ്ങള്‍ക്കിടയിലെ ശുന്യതയില്‍ ഗര്‍ജ്ജിച്ചു കൊണ്ടിരുന്നു..
അത് കേട്ടിട്ടെന്ന പോലെ രണ്ട് ഓട്ടോ റിക്ഷകള്‍ കീ കീ അടിച്ച് മൈതാനിയുടെ മുന്‍പിലെ ആല്‍ മര ചുവട്ടിലേക്ക് പറന്നെത്തി..
ഓട്ടയില്‍ നിന്നും ചുണ കുട്ടികളെ പൊലെ ഫാല്‍ക്കന്‍സ് ചാടിയിറങ്ങി..
ടീമിനെ കാണാന്‍ ഓടിയടുത്ത മുന്‍നിര കാണികള്‍ മിക്കവരും നിരാശരായി .. കൈലി മുണ്ട് ഉടത്ത് പണി കഴിഞ്ഞു വരുന്ന തോഴിലാളികളുടെ ടീമ് .. സുധര്‍മ്മന്‍ ചേട്ടന്റെ ടീമ് ...
" ഇത് ഏത് ഒലക്ക ടീമാണ്" ... ചിലര്‍ പിറു പിറുത്തു ..
" ഇനി പാലൊഴിക്കണ്ട , ഈ കളി
പൊരിക്കൂല്ല" പായസ കച്ചവടക്കാരന്‍ ഹസന്‍ക്കൊയ ചെക്കനോട് ഒരു പ്രവചനം പോലെ പറഞ്ഞു..
"എന്താണ് സുധര്‍മ്മാ ഇങ്ങനെ, ആദം കുട്ടി എങ്ങനെ കൊണ്ടു നടന്ന ടീമാണ് .. ഇങ്ങള്‍ ഇങ്ങനെ നേരത്തും കാലത്തും വന്നില്ലെങ്കില്‍ വിശ്വസിച്ച് നിങ്ങളെ ആരെങ്കിലും കളിക്കാന്‍ വിളിക്ക്യോ " സംഘാടകരുടെ പരിഭവങ്ങള്‍ കേട്ടില്ലെന്ന പോലെ സുധര്‍മ്മന്‍
ചൂണ്ടു വിരലില്‍ പന്ത് പമ്പരം പൊലെ കറക്കി കൊണ്ടിരുന്നു ..ജീവിതം പൊലെ കറങ്ങുന്ന പന്ത് ..
ശരിയാണ് റിപ്പണ്‍ ഫാല്‍ക്കന്‍സ് അപ്പോഴെക്കും ക്ഷയിച്ചു തുടങ്ങിയിരുന്നു ..
കളിക്കളത്തിനപ്പുറമുള്ള ജീവിതം
സുധര്‍മ്മനെ മുറുക്കി തുപ്പി തുടങ്ങയിരുന്നു ..
വൃത്താകൃതിയിലുള്ള ചുവന്ന വെറ്റില കറകള്‍ അയാളുടെ ജീവിതത്തെ വലം വച്ച് കറങ്ങാന്‍ തുടങ്ങിയിരുന്നു
" മാഷെ പണി കഴിഞ്ഞല്ലേ വരാന്‍ പറ്റു ..ഇപ്പോള്‍ കബനി ആബുലേനസ് എടുക്കാന്‍ സമ്മതിക്കില്ല..
അബ്ദുക്ക കാലൊടിഞ്ഞ് കിടപ്പിലാണ്"
അരയാല്‍ തറയിലിരുന്ന് ഫാല്‍ക്കന്‍സ് ബൂട്ടു കെട്ടി.... ഗ്രൗണ്ടില്‍ നീണ്ട വിസില്‍ മുഴങ്ങി..

എട്ടു പേരുടെ ഫാല്‍ക്കന്‍സും പതിനൊന്നു പേരുടെ പുഞ്ചിരിയുമായി കളി തുടങ്ങി ..
അതൊരു തീപ്പൊരി കളിയായിരുന്നു ..
ആവേശം അലതല്ലുന്ന കളി .. ഫാല്‍ക്കനസിന്റെ എല്ലാരും ബാക്കിലേക്ക് ഇറങ്ങി കളിച്ച് ഗോള്‍ വലയത്തിന് മുന്‍പില്‍ കോട്ട കെട്ടി .. പുഞ്ചിരി നന്നായി കളിച്ചു കയറുന്നുണ്ട് ഗോളടിക്കാന്‍ മാത്രം പുഞ്ചിരിക്ക് പറ്റുന്നില്ല ..
ഒരു ഇരുപത്തഞ്ച് മിനിട്ടോളം മൈനസ് പാസും പരുക്കന്‍ ഡിഫെനസുമായി ഫാല്‍ക്കന്‍സ് പിടിച്ചു നിന്നു ... സ്വന്തം കാണികളെ ആവേശത്തിലാഴത്തി കൊണ്ട് പുഞ്ചിരി ലീഡ് എടുത്തു .. പക്ഷെ വെറും അഞ്ചു മിനിട്ടില്‍ ഫാല്‍ക്കന്‍സ് തിരിച്ചടിച്ചു .. ബത്തേരി പൊതു മൈതാനം ഒരു നിമിഷത്തെക്ക് നിശ്ചലമായി ..
ഒരു പുലി കുട്ടിയെ പോലെ കുതിച്ചു പാഞ്ഞ് വല ചലിപ്പിച്ചത് സുധര്‍മ്മനാണ് .മീഡ് ഫീല്‍ഡില്‍ നിന്നറങ്ങി വന്ന് ഫാഫ് ബാക്കില്‍ നിന്ന് പാസ് മേടിച്ച് കുതിച്ചു പായുന്ന സുധര്‍മമന്‍..കാലില്‍ ഒരു കാന്തത്തെ പോലെ പറ്റി പിടിച്ചിരിക്കുന്ന ബോള്‍. ഒരു മൈതാനത്തിന്റെ മാപ്പ് മുഴുവന്‍ സ്വന്തം കാലില്‍ വരച്ചിരിക്കുന്ന പൊലെ നാലഞ്ചു പെരെയെങ്കിലും വെട്ടിച്ച് വെട്ടിച്ച് കയറി ഗോള്‍ പോസ്റ്റിന്റെ പത്തു വാര അകലെ നിന്ന് വലത്തു കാല്‍ കൊണ്ട് ലക്ഷ്യമെടുത്ത് ഇടത്തു പോസ്റ്റിന്റെ ഒരു മൂലയിലേക്ക് നിസാരമായി തട്ടിയിട്ട ഗോള്‍ ..സുധര്‍മ്മനും ആ ഫൂട്‌ബോളും ഇത്തിരി നേരത്തേക്ക് ഒന്നായി തീര്‍ന്ന എകാന്ത നിമിഷങ്ങള്‍ ..
സുധര്‍മ്മന്റെ ബുദ്ധി മുഴുവന്‍ ആ കാലുകളിലാണ്... ആ കളിയില്‍ പുഞ്ചിരി മൂന്നു ഗോളടിച്ചു .. ആവേശ തിരമാലകള്‍ തീര്‍ത്ത് സൂധര്‍മ്മന്‍ മൂന്നു ഗോളും തിരിച്ചടിച്ചു .. ഗ്രൗണ്ടില്‍ കളി കാണുവാന്‍ വന്നവരും സംഘാടകരും കളി കണ്ട് കൂറ് മാറി ..അവര്‍ റിപ്പണ്‍ ഫാല്‍ക്കന്‍സിനു വേണ്ടി അലറി വിളിച്ചു .. ആ കളിക്ക് താളം പകര്‍ന്നു കൊടുത്തു.. കൈയടിച്ച് നൃത്തം വെച്ചു..

കളി കഴിഞ്ഞ് പൈസ മേടിക്കുമ്പോള്‍ ഒരു കൈ കൊണ്ട് അയാളെ പിടിച്ചിരിക്കയായിരുന്നു സുധര്‍മമന്‍ .. അപ്പോള്‍ അത്ത ചെര്‍ത്തു പിടിക്കുന്ന പൊലെയാണ് അയാള്‍ക്ക് തൊന്നിയത് .. അത്തയുടെ കൈകള്‍ക്ക് എപ്പോഴും തേയിലയുടെ മണമാണ്.

"ഞാന്‍ വന്ന വിവരം സിസ്റ്ററമ്മയോട് പറയരുതുട്ടോ ചെക്കാ ..നാളെ കളിയിണ്ട് ... സീസണ്‍ കഴിഞ്ഞാല്‍ ഞാന്‍ ബിന്ദു ബേക്കറിയില്‍ നിന്നും ലഡുവും മേടിച്ച്
വരണിണ്ട് വീട്ട്ക്ക് .."
പക്ഷെ സുധര്‍മ്മന്‍ വന്നില്ല ,അതില്‍ പിന്നെ സുധര്‍മമനെ അയാള്‍ കണ്ടിട്ടില്ല ...

അതിനൊക്കെ എത്രയോ മുന്‍പ് അയാള്‍ റിപ്പണില്‍ താമസിക്കുമ്പോഴാണ് സുധര്‍മ്മനെയും അത്തയെയും അയാളുടെ അമ്മ വീട്ടിലേക്ക് വിളിച്ചു കൊണ്ട് വന്നത് .
മൂന്നു ദിവസമായുള്ള ബ്ലീഡിംഗ് കാരണമായിരുന്നു അത്തയെ ആദ്യം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത് .. ഡിസ് ചാര്‍ജ് ചെയ്തു വീട്ടില്‍ കൊണ്ടു പോയതിന്റെ പിറ്റെ ദിവസം തന്നെ ശെല്‍വന്‍ അത്തയെ തേയില നുള്ളാന്‍ പറഞ്ഞയച്ചു. എവിടെ നിന്നോ വന്ന് അത്തയുടെ കൂടെ താമസമാക്കിയതാണ് ശെല്‍വന്‍ . ആദ്യമാദ്യം ജോലിയെടുത്തും പിന്നെ മേപ്പാടി കാളിയുടെ അമ്പലത്തില്‍ ഉത്സവത്തിനു കൊണ്ടു പോയി നല്ല മൈസൂര്‍ പാക്ക് മേടിച്ചു കൊടുത്തും ആസ്വദിച്ച് വെറ്റില മുറുക്കിയിരുന്ന അത്തക്ക് തിരൂര്‍ വരെ പോയി നല്ല കരിനാടന്‍ വെറ്റില മേടിച്ചു കൊടുത്തും ശെല്‍വന്‍ അത്തയുടെ ഇഷ്ട്ടം പിടിച്ചു പറ്റി. പിന്നെ പിന്നെ ശെല്‍വന്‍ ജോലിക്ക് പോവാതെയായി .. അത്തയെ ജോലിക്ക് വിട്ട് പൈസ മേടിച്ചെടുത്ത് കടച്ചികുന്നില്‍ ചേട്ടന്‍മാര്‍ വാറ്റുന്ന ചാരയവും കുടിച്ച് വൈകുന്നേരങ്ങളുടെ നേരമ്പൊക്കിന് അത്തയെയും സുധര്‍മ്മന്‍ ചേട്ടനെയും മര്‍ദ്ദിക്കുവാന്‍ തുടങ്ങി ..

തേയില നുള്ളാന്‍ പോയ അന്നു തന്നെ അത്ത തിരിച്ചാസ്പത്രിയില്‍ എത്തി ..
തേയില നുളളുന്ന സ്ത്രീകളും റൈട്ടറും തേയില തൂക്കിയെടുക്കുന്ന ആണുങ്ങളും ചേര്‍ന്ന് അത്തയെ തൂക്കിയെടുത്ത് ട്രാക്ട്ടറില്‍ വീണ്ടും ആസ്പത്രിയില്‍ എത്തിച്ചു ...

" ഭൊമി നിങ്ങള്‍ക്ക് രക്തം ശരിക്കും കട്ട പിടിക്കാത്തതിന്റെ അസുഖമാണ് .., കുറച്ചീസം പണിക്ക് പോവരുത് എന്ന് ഡോക്ടര്‍ പറഞ്ഞതല്ലേ .. ഇനി കോഴിക്കോട്ട് മെഡിക്കല്‍ കോളെജില്‍ അഡ്മിറ്റ് ആവനാണ് പറയണത് "
ഡോകടറുടെ കുറിപ്പും മേടിച്ചു പിറ്റെ ദിവസം നന്നെ പുലര്‍ച്ചെ അത്തയെ ആബുലേന്‍സ് ഡ്രൈവര്‍ ആദം കുട്ടിയെ കൂട്ടി ആശുപത്രിക്കാര്‍ കോഴിക്കോട്ട് മെഡിക്കല്‍ കോളെജിലേക്ക് പറഞ്ഞു വിട്ടു .. രണ്ടാഴച്ച കഴിഞ്ഞ് ആദം കുട്ടി സുധര്‍മ്മനെയും കുട്ടിയാണ് അത്തയെ തിരിച്ചു കൂട്ടുവാന്‍ പോയത് ...
" ആദം കുട്ടി ഇത്തിരിയില്ലാത്ത ആ ചെക്കനെ നീ വെടക്കാക്കല്ലേ ..
ഇഞ്ഞ് പോയിട്ട് വാ "
" ഭൊമി ഇങ്ങള് ഇത്തിരി നേരം ഇവിടെ കുത്തിരിക്കീന്ന് ഞമ്മളിതാ എത്തീക്ക്"
ഡിസ്ചാര്‍ജ് ചെയ്ത അത്തയെ ആശുപത്രിയില്‍ തന്നെ ഇരുത്തിയിട്ട് കൊഴിക്കോട് മുന്‍സിപ്പല്‍ ഫുട്‌ബോള്‍ സ്റ്റേഡിയത്തിലേക്ക് സുധര്‍മമനെയും കൂട്ടി ആദം കുട്ടി വച്ചു പിടിച്ചു .
സേട്ട് നാഗ്ജി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഫൈനല്‍ !
ജെ.സി.ട്ടി മില്‍സ് ഫ്ഗ്‌വാര സാല്‍ഗോക്കര്‍ ഗോവയെ 42 ന് തകര്‍ത്ത് കീരീടം ചൂടുന്ന തകര്‍പ്പന്‍ കളി ...സുധര്‍മ്മന്‍ ചേട്ടന്‍ ആദ്യമായി കാണുന്ന ഫുട്‌ബോള്‍ കളി ...
കളിയുടെ ആവേശ തിമിര്‍പ്പ് മാറാത്ത ഞരമ്പുകളും .. ഫുട്‌ബോള്‍ സ്വപ്നങ്ങള്‍ മിന്നുന്ന കണ്ണുകളുമായി ആദം കുട്ടി പിറ്റേന്ന് പുലര്‍ച്ചെ അത്തയെയും സുധര്‍മ്മനെയും എസ്റ്റേറ്റ് ആസ്പ്രത്രിയില്‍ ഇറക്കി വിട്ടു ..

അന്ന് ഡ്യൂട്ടി കഴിഞ്ഞെത്തിയപ്പോള്‍ അയാളുടെ വീട്ടിലേക്ക് അത്തെയെയും സുധര്‍മ്മനെയും കൊണ്ടാണ് അമ്മ വന്നത് ..
"നിങ്ങളിനി തെയില നുള്ളാന്‍ പോവണ്ട, ഭാരമുള്ള തെയില ചപ്പ് തൂക്കി ഇനിയും ബ്ലീഡിംഗ് വന്നാല്‍ ആ സുധര്‍മ്മന്‍ ചെക്കന് പിന്നെ ആരാണ്"
അപ്പോള്‍ ജീവിതം എന്ന ഭാരത്തെ കുറിച്ചാണ് അത്ത ഓര്‍ത്തത് .
" പിള്ളാരെ നോക്കി വൈകുന്നേരം വരെ ഇവിടെ നിന്നോ .. ആ ശെല്‍വന്‍ ഈ പടിക്കകത്ത് കയറില്ല"
ക്വാര്‍ട്ടേര്‍സിന്റെ അടുത്ത പാടിയിലേക്ക് അത്തയുടെയും സുധര്‍മ്മന്റെയും താമസം മാറ്റി ...സുധര്‍മ്മന്‍ താഴെ അരപ്പറ്റിയില്‍ ഉച്ച വരെ സ്കൂളില്‍ പോകും പിന്നെ എസ്റ്റേറ്റ് പാടികളിലും കാപ്പി തോട്ടങ്ങളിലും അലഞ്ഞ് തിരിഞ്ഞ് നടക്കും .. കോഴിക്കോട് പോയി പന്തു കളി കണ്ടതില്‍ പിന്നെ സുധര്‍മ്മന്‍ നടപ്പ് തന്നെ മാറി . .. വെട്ടിച്ച് വെട്ടിച്ചായി നടപ്പ് .. നടക്കുമ്പോഴെല്ലാം കാലില്‍ ഒരു പന്ത് പറ്റി പിടിച്ചിരിക്കുന്ന പോലെയാണ് സങ്കല്‍പ്പം ..
അത്തക്ക് ആവലാധിയായി
"ആ ചെക്കനൊട് ഒന്ന് നേരെ നടക്കാന്‍ പറയ് അമ്മാ " അത്ത ഇടക്കിടക്കിരുന്ന് വിലപിക്കും ..

വേനലവധികളില്‍ ഒഴിഞ്ഞു കിടന്ന എസ്റ്റേറ്റ് കാപ്പി കളത്തില്‍ പുല്ലും വൈക്കോലും നിറച്ച പ്ലാസ്റ്റിക്ക് സഞ്ചി ബോളുകള്‍ കൊണ്ട് കാല്‍ പന്തു കളിയുടെ മാസ്മരിക ലോകത്തേക്ക് പിച്ച വെയ്ക്കുകയായിരുന്നു സുധര്‍മ്മന്‍.
പാടിയിലെ കുറെ കുട്ടികളും കൂടെ കൂടി ..ആസ്പത്രി വരാന്തയിലും
ആബുലേന്‍സ് ഷെഡിലും ഇരുന്ന് നെരമ്പൊക്കിന് ദിവസവും കുട്ടി കളി കണ്ടിരുന്ന ആദംകുട്ടിക്ക ഒരു ദിവസം ഫുട്‌ബോളുമായാണ് കാപ്പികളത്തില്‍ എത്തിയത് ..
"സുധര്‍മമ നീ ബോളില്‍ നോക്കി കളിക്കല്ലേ , ഗ്രൗണ്ട് നൊക്കി കളിക്ക് .. വെട്ടിച്ച് കയറി കയിഞ്ഞാല്‍ ബോള് മറയ്ക്കണം .. ആളൊയിഞ്ഞ മൂലയിലേക്ക് കീഞ്ഞ് കയറണം ... വലത്തെ കാലു കൊണ്ട് വെട്ടിച്ച് ഇടമ്മന്‍ കാല് കൊണ്ടടിക്കണം "
ആദം കുട്ടിക്ക ഫുടബോളിന്റെ ആദ്യ പാഠങ്ങള്‍ ഗ്രൗണ്ടിലിട്ട് കളിപ്പിച്ചും ആബുലേന്‍സ് ഷെഡില്‍ കളം വരച്ചും ആ കുട്ടികള്‍ക്ക് പഠിപ്പിച്ചു കൊടുത്തു ..

ബാബുവും അനിലും പിന്നെ അയല്‍വക്കങ്ങളിലെ പാടിയിലുള്ള കുറെ കുട്ടികളും കൂട്ടം കൂടി കളി തുടങ്ങി .. റിപ്പണ്‍ ഫാല്‍ക്കന്‍സ് ഒരു ടീമായി പന്തു തട്ടി തുടങ്ങി.. റിപ്പണ്‍ ഫാല്‍ക്കനസ്സിന്റെ കോച്ച് ആബുലേന്‍സ് ഡ്രൈവര്‍ ആദം കുട്ടിയായിരുന്നെങ്കില്‍ ആദം കുട്ടിയുടെ സഹായി ട്രാക്ടര്‍ ഡ്രൈവര്‍ അബ്ദുക്കയായിരുന്നു .
ഫുട്ട്‌ബോള്‍ ആദം കുട്ടിക്ക് ഹരമായിരുന്നു.. ..വണ്ടി ഓടിക്കുന്ന വിരസതയില്‍ നിന്നും ,ആബുലേന്‍സില്‍ കയറി കോഴിക്കോട് പോവുന്ന തോഴിലാളികളുടെ കദനങ്ങളില്‍ നിന്നും ഇത്തിരി നേരത്തെക്കുള്ള ഒളിച്ചോട്ടമായിരുന്നു .. പാടിയിലെ കുട്ടികള്‍ പകല്‍ എസ്റ്റേറ്റിലൂടെയും, ഇടവഴികളിലൂടെയും വീട്ടു വളപ്പിലൂടെയും അലഞ്ഞു നടക്കുന്ന പശുകളെ സായിപ്പിന്റെ പൗണ്ടില്‍ പിടിച്ചു കൊടുത്താല്‍ കിട്ടുന്ന തുട്ടു നാണയങ്ങളും ബംഗ്ലാവുകളിലേക്കുള്ള പച്ചക്കറി സാധനങ്ങള്‍ ചന്തയില്‍ നിന്ന് മേടിച്ചു കൊടുത്താല്‍ കിട്ടുന്ന പൈസയും ഒക്കെ ആദം കുട്ടിയുടെയും അബ്ദുവിന്റെയും കൈയില്‍ കൊടുത്ത് ക്ലബിന് ഫണ്ട് ഉണ്ടാക്കി തുടങ്ങി..പിന്നെയും മൂന്നു  നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റിപ്പണ്‍ ഫാല്‍ക്കനസ് കളിക്കാര്‍ ബൂട്ട് കെട്ടി തുടങ്ങിയത് ..

നിര നിരയായി നില്‍ക്കുന്ന തേയില കുന്നുകളുടെയും ചെറു ചോലവനങ്ങളുടെയും താഴവാരത്തില്‍ പരന്നു കിടന്ന പുല്‍ത്തകിടി ബംഗാളിയായ എസ്റ്റേറ്റ് മാനേജര്‍ റിപ്പണ്‍ ഫാല്‍ക്കന്‍സ്സിന് പരിശീലനത്തിനായി വിട്ടു കൊടുത്തു..

പുതുക്കാടുള്ള ബിന്ദു ബേക്കറി ഔദ്യോഗിക സ്‌പോണസറായി .മഞ്ഞ ജേര്‍സിയില്‍ പച്ച കളറു കൊണ്ട് ബിന്ദു ബേക്കറിയെന്നും താഴെ റിപ്പണ്‍ ഫാല്‍ക്കന്‍സ് എന്ന് എഴുതിയിരുന്നു. പുതുക്കാട്ടുള്ള കുറെ കടകളും എസ്റ്റേറ്റ് ജോലിക്കാരും ചേര്‍ന്ന് പിരിച്ചെടുത്ത പണം കൊണ്ട് റിപ്പണ്‍ ഫാല്‍ക്കന്‍സ് പടയോട്ടം തുടങ്ങി .. കളി കളത്തിലേക്കും ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റുകളിലേക്കുമുള്ള യാത്രകളില്‍ ആബുലേന്‍സില്‍ റിപ്പണ്‍ ഫാല്‍ക്കന്‍സ് എന്ന് ബാനര്‍ എഴുതി കെട്ടി ..

സെന്റര്‍ മിഡ് ഫീല്‍ഡില്‍ നിന്നും മാന്ത്രിക സ്പര്‍ശങ്ങളുമായി സുധര്‍മ്മന്‍ ടീമിന്റെ കടിഞ്ഞാണ്‍ കൈയിലെടുത്തു ..അനിലും ബാബുവും ഫോര്‍വേര്‍ഡുകളായി ..
ഒരോ കളിയിലും സുധര്‍മ്മന്‍ ചേട്ടന്‍ ബോള്‍ ടച്ച് ചെയ്ത് കളി തുടങ്ങുബോള്‍ ഒരാഘോഷത്തിന് തിരി കൊളുത്തുന്ന പോലെ ആദം കുട്ടിയും അബദുക്കയും ഒരോ സിഗരിറ്റിന് തിരി കൊളുത്തും ..
"മൈനസ്സ് പാസ് കൊടുത്ത് കളിക്കലെ പഹയന്‍മാരെ " ആദം കുട്ടി ചീറും ..
"സുധര്‍മ്മന് പാസ് നീട്ടി കൊടുക്ക് ആണുങ്ങളെ പോലെ അറ്റാക്ക് ചെയിനടാ" അബദുക്ക അലറും ...
ആദ്യമാദ്യം വയനാട്ടിലെ ഒരോ ടൂര്‍ണ്ണമെന്റുകളിലും ബോള്‍ തട്ടി മുന്നേറി കൊണ്ടിരുന്ന റിപ്പണ്‍ ഫാല്‍ക്കന്‍സ് പിന്നീട് കോഴിക്കോടും മലപ്പുറത്തും കളിക്കാന്‍ പോയി .. റിപ്പണ്‍ ഫാല്‍ക്കനസ്സിന്റെ പടം മലയാള പത്രത്തിന്റെ സ്‌പോര്‍ട്‌സ് പേജില്‍ വരെ വന്നു . എന്നോ കപ്പലു കയറി മാഞ്ചസ്റ്ററിലേക്ക് പോയ റിപ്പണ്‍ സായ്പ്പിന്റെ പേര് മലബാറിലെ പല ഫുട്‌ബോള്‍ മൈതാനങ്ങളിലും മുഴങ്ങി കൊണ്ടിരുന്നു ..

സുധര്‍മമന്റെ കളി കാണാന്‍ ആളുകള്‍ ആവേശ ഭരിതരായി കാത്തു നിന്നു ..
മലപ്പുറത്തെ ഒരു കളിയില്‍ സുധര്‍മ്മന്‍ ചേട്ടന്റെ കിടിലം പ്രകടനം എന്തോ ബംഗാളി കോച്ചിന് നന്നായി പിടിച്ചൂന്നും ഇപ്പോള്‍ വിളി വരുമെന്നും റിപ്പണില്‍ അക്കാലത്ത് ആളുകള്‍ പറഞ്ഞു നടന്നു .. ചുരം കയറി ആരുടെയും വിളി വന്നില്ല .. സീസണ്‍ കഴിഞ്ഞ് കര്‍ക്കട മഴയില്‍ പണിയില്ലാതെയാവുമ്പോള്‍ പുതുക്കാട്ടുള്ള കടകളില്‍ നിന്ന് പറ്റിന് ഭക്ഷണവും സാധനങ്ങളും മേടിച്ചും ചിലപ്പോള്‍ പട്ടണിയിരുന്നും റിപ്പണ്‍ ഫാല്‍ക്കന്‍സ് ഓഫ് സീസണ്‍ കഴിക്കും .. മഴ കഴിഞ്ഞ് നീലഗിരി കുന്നുകളില്‍ നിന്നും മഞ്ഞ് ഇറങ്ങുബോള്‍ തേയിലക്ക് വള്ളമിട്ടും കാപ്പിക്ക് തടമെടുത്തും വെയിലിനായ് ,അടുത്ത പന്തു കളി സീസണായി ആര്‍ത്തിയോടെ കാത്തിരിക്കും ..

റിപ്പണ്‍ ഫാല്‍ക്കനിസിന്റെ ഉദയം പോലെയായിരുന്നു അപ്രതക്ഷിതമായിരുന്നു അസ്തമയവും ..
ഒരു ദിവസം രോഗികളെയും കൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് പൊയപ്പോഴാണ് ആദംകുട്ടിക്ക് പെട്ടന്ന് ഒരു നെഞ്ച് വേദന വന്നത് ആബുലേന്‍സ് ഓടിച്ചു ചെന്ദലോട് മിഷന്‍ ആശുപത്രി വരെ എത്തി പക്ഷെ അധികം നേരം നിന്നില്ല ആ ജീവന്‍ .. കളിക്കിടയില്‍ അപ്രത്യക്ഷിതമായി റഫറി വിസില്‍ നീട്ടിയടിച്ചു ..
ഓടിച്ചു കൊണ്ടുപോയ ആബുലേന്‍സ്സില്‍ തന്നെ ആദംകുട്ടിക്കായുടെ ശരീരം തിരിച്ചു വന്നു .. മരിച്ചു പോയ ഞരബുകളില്‍ ഇപ്പോഴും പന്തുരുള്ളുന്നുണ്ട് എന്ന് റിപ്പണ്‍ക്കാര്‍ അടക്കം പറഞ്ഞു.... കളിയുടെ ഒഴുക്കിനെതിരെ വിധി വിസിലൂതി .. കാലം തൊടുത്ത പെനാല്‍റ്റി കിക്ക് ..
പിന്നെ കുറച്ച കാലം അബ്ദുക്ക ടീമിനെ കോണ്ടു പോയി .. ഒരു ദിവസം ചായ ഫാക്ടറിയില്‍ കത്തിക്കാനുള്ള മരമുട്ടികള്‍ കയറ്റി വരുകയായിരുന്ന ട്രാക്ട്ടര്‍ മറിഞ്ഞു അബദുക്കായുടെ കാലൊടിഞ്ഞു കിടപ്പലായി. ആ സീസണ്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ ഫാല്‍ക്കനസിന് പിന്നെയും ചുവപ്പ് കാര്‍ഡ്.. കൊഴിഞ്ഞു പോകുന്ന കളിക്കാരെ തിരികെ പിടിച്ചും പുതിയ കുട്ടികളെ തേടി പിടിച്ചും പിന്നെയും സുധര്‍മ്മന്‍ കുറച്ചു കാലം കൂടി ആ ടീമിനെ ചേര്‍ത്തു പിടിച്ചു ..
ഒരു സുപ്രഭാതത്തില്‍ ജോലിക്കു വരാതിരുന്ന അത്തെയെ തിരഞ്ഞ് സിസ്റ്റര്‍ പോയപ്പോള്‍ ചോരയില്‍ കുളിച്ചു കടക്കുന്നതാണ് കണ്ടത് .. വെറ്റില കൂട്ടിനെകാളും കടു ചുവപ്പുള്ള വൃത്തത്തില്‍ കുളിച്ചു നിശചലമായി കിടക്കുന്ന അത്ത .. അത്തയുടെ രക്തം സാധാരണ പോലെ കട്ട പിടിക്കുമായിരുന്നില്ല .. ആ ജീവിതം ഒരിക്കലും കട്ട പിടിച്ചില്ല ..
അയാളുടെ റിപ്പണ്‍ ബാല്യവും ആ സമയത്ത് അവസാനിച്ചിരുന്നു ..

ഒരവധിക്ക് ചെന്നപ്പോഴാണ് അയാള്‍ സുധര്‍മ്മന്‍ ആത്മഹത്യ ചെയ്തതറിഞ്ഞത് .
റിപ്പണില്‍ പോയി ഫാല്‍ക്കന്‍സില്‍ ഫോര്‍വേര്‍ഡ് കളിച്ചിരുന്ന അനിലിനൊടും ബാബുവിനോടും ചോദിച്ചു കാരണം ആര്‍ക്കും അറിയില്ല ..
"സുധര്‍മ്മന്‍ കളിക്കങ്ങനെ വരാതെയായി ..
ഇത്തിരി ചോര ആ ശരീരത്തില്‍ പൊടിഞ്ഞാല്‍ പിന്നെ നിക്കാന്‍ പാടാണ് ..
വലിയ മുറിവാക്കെ വന്നാല്‍ ആസ്പത്രിയില്‍ പോണം .." ആ ജീവതത്തിനും ശരീരത്തിനും എന്നും കൂട്ടിരുന്നത് ഒരോ മുറിവുകളാണ് ..
അനിലന്റെയും ബാബുവിന്റെ കൂടി വര്‍ഷങ്ങള്‍ക്ക് ശേഷം പുതുക്കാട് ടൗണില്‍ കൂടി നടന്നപ്പോള്‍ കുറ്റബോധം ഒരു ഇന്‍ ഡൈറകട്ട് കിക്ക് പോലെ മനസ്സിന്റെ മൂലയില്‍ പതിച്ചു ..

" അത് കണ്ടോ അതാണ് നമ്മുടെ ഗ്രൗണ്ട് ..
കഴിഞ്ഞ മഴയത്ത് തേയില കാട് ഒലിച്ചു വന്ന് ഗ്രൗണ്ടിന്റെ പകുതി ഭാഗം മൂടി പോയി , ചെക്കന്‍മാര് ഒരു മൂലക്ക് ഇപ്പഴും കളിക്കുന്നുണ്ട് .. അടുത്ത മഴയില്‍ അതും തീരും .."
ബാബു ഇപ്പോള്‍ തേയില ഫാക്ടറിയില്‍ ടീ മേക്കറാണ് .. അനില്‍ ആബുലേന്‍സ് ഡ്രൈവര്‍ ആണ് ..

റിപ്പണ്‍ ഫാല്‍ക്കണസ് ടീം നിന്നു പോയതിന് ശേഷം സുധര്‍മമന്‍ ചേട്ടന്‍ കുറച്ചു കാലം മേപ്പാടി വഡേരി ജീപ്പില്‍ ഡ്രൈവര്‍ ആയി പോയി.. പിന്നെ കുറച്ചു കാലം പുതുക്കാട് ടൗണില്‍ ഓട്ടോ റിക്ഷ ഓടിച്ചു നടന്നു ..എപ്പോഴാണാവോ ആ ജീവിതം മടുത്തത്..എല്ലാവരുടെയും നമ്പറുകള്‍ ഒക്കെ കൈയിലുണ്ടായിരുന്നെങ്കിലും ആരെയും വിളിച്ചില്ല..

ആരെയും വിഷമിപ്പിച്ചില്ല...അത്തയുടെ ചുവന്ന വെറ്റില കറകള്‍ പറ്റി പിടിച്ചിരുന്ന പാടിയില്‍ , ജീവിതത്തെ ദ്രവിച്ചു തൂടങ്ങിയ ഒരു കുഴുക്കോലില്‍ കെട്ടിയിട്ടു ..
ആ മരണ കാരണം ഇന്നും അയാള്‍ക്ക് രഹസ്യമാണ് . ചില രഹസ്യങ്ങള്‍ സ്വാന്തനമാണ് . ഇപ്പോഴും പുതുക്കാട് ടൗണില്‍ ബിന്ദു ബേക്കറിയുണ്ട് ..അവര്‍ ഇന്നും ലഡു പായ്ക്ക് ചെയുന്നത് ശിവകാശി വര്‍ണ്ണ കടലാസില്‍ ആണ്. ഒരു കാലത്ത് ഫാല്‍ക്കനസ് ചായ കുടിച്ചിരുന്ന ചായിപ്പിലെ ബഞ്ച് ഇന്ന് അനാഥമാണ് ..ചാവിബാര്‍ അലക്ക് സോപ്പിന്റെ പരസ്യം ഭിത്തികളില്‍ ഇപ്പഴും പതിച്ചിരപ്പുണ്ട് .. നിന്നു പോയ ഒരു ഫുട്‌ബോള്‍ ക്ലബിന്റെ അടയാളങ്ങള്‍ റിപ്പണില്‍ കാലം ബാക്കി വെച്ചിട്ടുണ്ട് ..വഴി നീളെ മെസ്സിയുടെയും നെയ്മറിന്റെയും കട്ട് ഔട്ടുകളുണ്ട് .. ഫുട്‌ബോള്‍ നെഞ്ചിലേറ്റിയ ഒരു തലമുറ വൈകുന്നേരങ്ങളില്‍ കട്ടന്‍ ചായ കുടിച്ച് പാടികളുടെ ഉമറത്തിരിക്കാറുണ്ട്
ശരിക്കും നടക്കാതെ വെട്ടിച്ച് വെട്ടിച്ച് ഈ എസ്റ്റേറ്റു വഴികളിലെവിടെയോ സുധര്‍മ്മന്‍ ഓടി നടക്കുന്നുണ്ട് ..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക