Image

സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ യാത്രക്കാരെ നിര്‍ത്തി യാത്ര അനുവദിക്കരുതെന്ന് പറയുന്നത് ശരിയല്ലെന്ന് കെഎസ്‌ആര്‍ടിസി ഹൈക്കോടതിയില്‍

Published on 23 August, 2019
സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ യാത്രക്കാരെ നിര്‍ത്തി യാത്ര അനുവദിക്കരുതെന്ന് പറയുന്നത് ശരിയല്ലെന്ന് കെഎസ്‌ആര്‍ടിസി ഹൈക്കോടതിയില്‍

കൊച്ചി: സൂപ്പര്‍ ഫാസ്റ്റ് പോലുള്ള സര്‍വീസുകളില്‍ ഉയര്‍ന്ന നിരക്കു നല്‍കുന്നതിനാല്‍ യാത്രക്കാരെ ബസില്‍ നിര്‍ത്തി യാത്ര അനുവദിക്കരുതെന്നു പറയുന്നതു ശരിയല്ലെന്നു കെഎസ്‌ആര്‍ടിസി ഹൈക്കോടതിയില്‍ അറിയിച്ചു. പ്രളയ, ദുരന്ത വേളകളില്‍ ട്രെയിന്‍, വ്യോമ ഗതാഗതം മുടങ്ങുമ്ബോഴും മറ്റും കെഎസ്‌ആര്‍ടിസി സര്‍വീസുകളില്‍ നിന്നുകൊണ്ട് യാത്ര ചെയ്യാന്‍ ആളുകള്‍ തയാറാണെന്ന് കെഎസ്‌ആര്‍ടിസി ഡപ്യൂട്ടി ലോ ഓഫിസര്‍ പി.എന്‍. ഹേന അറിയിച്ചു.


സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ യാത്രക്കാരെ നിര്‍ത്തിക്കൊണ്ട് സര്‍വീസ് അനുവദിക്കുന്നതിനെതിരെ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യൂക്കേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു വിശദീകരണം. നിരക്ക് കൂടുതലുള്ള ദീര്‍ഘദൂര സൂപ്പര്‍ ഫാസ്റ്റ് ട്രയിനുകളില്‍ പോലും പകല്‍നേരങ്ങളില്‍ സ്ലീപ്പര്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്കു കിടക്കാന്‍ ബെര്‍ത്തോ ഇരിക്കാന്‍ സീറ്റോ കിട്ടാറില്ലെന്നു സത്യവാങ്മൂലത്തില്‍ പറയുന്നു.

സൂപ്പര്‍ ക്ലാസ് സര്‍വീസിന് ചട്ടപ്രകാരമുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കിയാണ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. കെഎസ്‌ആര്‍ടിസി ബസുകള്‍ രാത്രി സമയങ്ങളില്‍ സ്ത്രീ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ നിര്‍ത്തിക്കൊടുക്കാന്‍ നിര്‍ദേശമുണ്ട്. രാത്രി സമയങ്ങളില്‍ ഹ്രസ്വദൂര യാത്രയ്ക്കു വേണ്ടി പോലും സൂപ്പര്‍ ഫാസ്റ്റിലും മറ്റും കയറുന്നവരുണ്ട്. ഇത്തരക്കാരെ സീറ്റില്ലെന്നു പറഞ്ഞ് കയറ്റിയില്ലെങ്കില്‍ ആക്ഷേപത്തിന് ഇടയാക്കും.


പ്രളയം, പ്രകൃതി ദുരന്തം തുടങ്ങിയ സാഹചര്യങ്ങളില്‍ വിമാനം, ട്രെയിന്‍ സര്‍വീസുകള്‍ മുടങ്ങുമ്ബോള്‍ എയര്‍പോര്‍ട്ട്, റയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം പ്രത്യേക ബസ് സര്‍വീസുകള്‍ നടത്താറുണ്ട്. തിരക്ക് കൂടുതലുള്ള ഇത്തരം സമയങ്ങളില്‍ യാത്രക്കാര്‍ നിന്നുകൊണ്ട് യാത്ര ചെയ്യാന്‍ തയാറാണ്. ചിലപ്പോള്‍ 2 സീറ്റ് മാത്രം ഒഴിവുള്ളപ്പോള്‍ നാലംഗ കുടുംബം ബസില്‍ കയറാനെത്തിയേക്കാം. സീറ്റില്ലാത്തവര്‍ നിന്നുകൊണ്ട് യാത്ര ചെയ്യാന്‍ തയ്യാറാണെങ്കില്‍ ഇത്തരക്കാര്‍ക്കു യാത്ര നിഷേധിക്കുന്നതു ശരിയല്ല. പ്രസക്തമായ വസ്തുതകളെല്ലാം കണക്കിലെടുത്താണ് നിന്നുകൊണ്ടുള്ള യാത്ര അനുവദിച്ചതെന്നും ബന്ധപ്പെട്ട ഉത്തരവ് നിയമവിരുദ്ധമല്ലെന്നും കെഎസ്‌ആര്‍ടിസി വിശദീകരിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക