Image

ഇന്ന് ജന്‍മാഷ്ടമി, ശ്രീകൃഷ്ണന്റെ 5246-ാം പിറന്നാള്‍ (ശ്രീനി)

ശ്രീനി Published on 23 August, 2019
 ഇന്ന് ജന്‍മാഷ്ടമി, ശ്രീകൃഷ്ണന്റെ 5246-ാം പിറന്നാള്‍ (ശ്രീനി)
ഇന്ന് (ചിങ്ങം 7, ഓഗസ്റ്റ് 23) ശ്രീകൃഷ്ണ ജയന്തി ദിനം. ശ്രാവണ മാസത്തില്‍ അഷ്ടമി തിഥിയും രോഹിണി നക്ഷത്രവും ഒത്തുചേര്‍ന്ന ഈ അപൂര്‍വ ദിനത്തിലാണ്, ഹൈന്ദവ വിശ്വാസ പ്രകാരം ത്രിമൂര്‍ത്തികളില്‍ മധ്യമനായ ഭഗവാന്‍ മഹാവിഷ്ണു ധര്‍മ്മം പുനസ്ഥാപിക്കാന്‍ ശ്രീകൃഷ്ണനായി അവതരിച്ചത്. ഈ വര്‍ഷം ശ്രീകൃഷ്ണന്റെ 5246-ാം ജന്മദിനമാണ്. കൃഷ്ണാഷ്ടമി, അഷ്ടമി രോഹിണി എന്നീ പേരുകളിലും ഈ അവതാര ദിനം ആഘോഷിക്കപ്പെടുന്നുണ്ട്. ശ്രീകൃഷ്ണ ജയന്തിക്ക് പുറകില്‍ നിരവധി ഐതിഹ്യങ്ങളുണ്ട്. പരമ്പരാഗത വിശ്വാസപ്രമാണവും ജ്യോതിഷകല്പനകളുമനുസരിച്ച് നോക്കുമ്പോള്‍ കൃഷ്ണന്റെ ജനനം ക്രിസ്തുവിനു മുന്‍പ് 3228 ജൂലൈ എട്ടിനാണ്.

ത്രേതായുഗത്തിലെ ദേവാസുര യുദ്ധത്തില്‍ കൊല്ലപ്പെട്ട അസുരന്മാര്‍ ദ്വാപരയുഗത്തില്‍ ഭൂമിയില്‍ വീണു പിറന്നുവെന്നാണ് സങ്കല്‍പ്പം. ഇവര്‍ പൂര്‍വ്വാധികം ശക്തി പ്രാപിച്ച് വംശത്തെ വര്‍ധിപ്പിക്കാന്‍ തുടങ്ങി. ഭൂമിയില്‍ അസുരന്മാരുടെ അംഗസംഖ്യ പെരുകി. ഇവര്‍ ലോകത്തെയും ഭൂമിയെയും അധര്‍മ്മത്തിലേക്ക് നയിച്ചു. എല്ലാ വിഭവങ്ങളിലും അസുരന്മാര്‍ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. ഇതോടെ ഭൂമിദേവി ക്ഷീണിതയായി. ഈ അസുരന്മാരിലെ പ്രധാനി കാലനേമി വംശത്തില്‍ ജനിച്ച കംസനായിരുന്നു.

അസുരന്മാരുടെ ചെയ്തികളില്‍ മടുത്ത ഭൂമി ദേവി പശുവിന്റെ രൂപത്തില്‍ ദേവലോകത്തെത്തി കാര്യങ്ങള്‍ വിശദീകരിച്ചു. ദേവന്മാര്‍ ഭൂമിദേവിയെയും കൂട്ടി ബ്രഹ്മലോകത്തെത്തുകയും ബ്രഹ്മാവിനെ കണ്ട് തങ്ങളുടെ പ്രശ്‌നം ബോധ്യപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ബ്രഹ്മാവ് കംസന് വരം നല്കിയിട്ടുള്ളതിനാല്‍ തനിക്ക് അയാളെ വധിക്കുവാന്‍ സാധിക്കില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് എല്ലാം കൂടി പാലാഴിയില്‍ പോയി വിഷ്ണുവിനെ കണ്ടു. വിഷ്ണു അവരുടെ ആവലാതികള്‍ കേള്‍ക്കുകയും, താന്‍ ഭൂമിയില്‍ അവതരിച്ച് ലോകോപകാരാര്‍ത്ഥം അസുരന്മാരെ നിഗ്രഹിക്കുമെന്നും ഭൂമിയുടെ അമിതഭാരം കുറയ്ക്കുമെന്നും അറിയിച്ചു. ഇങ്ങനെ മഹാവിഷ്ണു ശ്രീകൃഷ്ണവതരാം സ്വീകരിച്ച് ഭൂമിയില്‍ ജനിച്ച ദിവസമാണ് ജന്മാഷ്ടമി.

മഥുരയിലെ രാജകുടുംബത്തിലെ വസുദേവരുടേയും ദേവകിയുടേയും എട്ടാമത്തെ പുത്രനായാണ് ശ്രീകൃഷ്ണന്‍ ജനിക്കുന്നത്. മഥുര കൃഷ്ണന്റെ മാതാപിതാക്കളുള്‍പ്പെടുന്ന യദുവംശത്തിന്റെ തലസ്ഥാനമാണ്. ദേവകിയുടെ സഹോദരനായ കംസന്‍ പിതാവായ ഉഗ്രസേന മഹാരാജാവിനെ തടവിലാക്കി അധികാരം പിടിച്ചെടുത്തു. വിവാഹഘോഷയാത്ര സമയത്ത് ദേവകിയുടെ എട്ടാമത്തെ പുത്രന്‍ തന്നെ കൊല്ലുമെന്ന അശരീരി കേട്ട കംസന്‍ ദേവകിയേയും ഭര്‍ത്താവ് വസുദേവരേയും തടവിലാക്കുന്നു. തുടര്‍ന്ന് ദേവകി പ്രസവിച്ച ആറ് കുട്ടികളേയും കംസന്‍ നിഷ്‌കരുണം വധിച്ചു. ഏഴാമത്തെ പുത്രനായ ബലരാമന്റെ ഗര്‍ഭം ദേവകിയുടെ ഉദരത്തില്‍ നിന്നും രോഹിണിയിലേക്ക് മാറ്റപ്പെടുകയാണുണ്ടായത്. അലറിത്തിമിര്‍ത്ത്  പെയ്യുന്ന പേമാരിയും, അഗ്‌നിത്തൂണുകള്‍പ്പോലെ പ്രകമ്പനംകൊണ്ട ഭൂമിയും, അരിച്ചിറങ്ങുന്ന കോടമഞ്ഞും, ആടിത്തിമര്‍ക്കുന്ന കൊടുംകാറ്റും ഭീതിതമാക്കിയ ഒരു ഘോരരാത്രിയിലാണ് ഭഗവാന്‍ മഹാവിഷ്ണു സമ്പൂര്‍ണ്ണാവതാരമായി കൃഷ്ണന്റെ രൂപത്തില്‍ പിറവി കൊണ്ടത്.

കൃഷ്ണന്‍ പിറന്ന ഉടന്‍ തന്നെ വസുദേവര്‍ അമ്പാടിയിലുള്ള നന്ദഗോപരുടേയും യശോദയുടേയും അടുത്ത് കുട്ടിയെ എത്തിച്ചു. നന്ദഗോപരുടെ പത്‌നിയായ യശോദ പ്രസവിച്ച പെണ്‍കുഞ്ഞിനെ തിരികെക്കൊണ്ട് കിടത്തി. കുഞ്ഞ് പ്രസവിച്ചുവെന്ന കാര്യം അറിഞ്ഞ കംസന്‍ സാക്ഷാല്‍ മായാദേവിയായ ആ ശിശുവിനെ വിധിക്കുവാന്‍ വേണ്ടി തുനിഞ്ഞു. എന്നാല്‍ ബാലിക ആകാശത്തിലേക്ക് പറന്ന് ''നിന്റെ അന്തകന്‍ ഭൂമിയില്‍ ജനിച്ചു...'' എന്ന് കംസനോട് പറഞ്ഞു. ഇത് കേട്ട ഭയചകിതനായ കംസന്‍ ആയിടയ്ക്ക് ജനിച്ച എല്ലാ കുട്ടികളെയും വധിക്കാന്‍ പൂതന എന്ന രാക്ഷസിയെ നിയോഗിച്ചു.

അമ്പാടിയിലാണ് ശ്രീകൃഷ്ണന്‍ കളിച്ചുവളര്‍ന്നത്. ഇവിടെ എത്തിയ പൂതന വിഷംപുരട്ടിയ മുലപ്പാല്‍ കൃഷ്ണന് നല്‍കി. എന്നാല്‍ കൃഷ്ണനാകട്ടെ മുലപ്പാല്‍ കൂടാതെ രക്തവും കുടിച്ച് പൂതനയുടെ പ്രാണനെയും വലിച്ചെടുത്തു. ഇതിന് ശേഷം കൃഷ്ണനെ കൊല്ലാനായി തൃണാര്‍ത്തന്‍ എന്ന അസുരനെ കംസനയച്ചു. കൊടുങ്കാറ്റായി എത്തിയ അസുരന്‍ ശ്രീകൃഷ്ണനെയും എടുത്തുകൊണ്ട് പറന്നു. കഴുത്തില്‍ ഞെരുക്കി തൃണാര്‍ത്തനെ ശ്രീകൃഷ്ണന്‍ വധിച്ചു. പിന്നീട് കംസനയച്ച ശകടാസുരന്‍, വല്‍സന്‍, ബകന്‍, അഘന്‍, എന്നീ അസുരന്മാരെയെല്ലാം ശ്രീകൃഷ്ണന്‍ വധിച്ചു. എല്ലാ നീക്കങ്ങളും പരാജയപ്പെട്ടപ്പോള്‍ കംസന്‍ ധനുര്‍യാഗം നടത്താന്‍ തീരുമാനിച്ചു. മധുരാപുരിയിലെ യാഗത്തില്‍ എത്തിയ ബലരാമനും കൃഷ്ണനും പൂജിച്ച് വച്ചിരുന്ന വില്ല് മുറിച്ചുകളഞ്ഞു. തുടര്‍ന്ന് എതിരിടാന്‍ വന്ന കംസനെ കൃഷ്ണന്‍ വധിച്ചു. കൃഷ്ണന്റെ പന്ത്രണ്ടാം വയസ്സില്‍, ഒരു ശിവരാത്രി ദിവസമായിരുന്നു കംസവധം നടന്നതേ. വാസ്തവത്തില്‍ കൃഷ്ണനെ വധിക്കുവാനായി ചാപപൂജ (വില്ലിനെ പൂജിക്കല്‍) എന്ന വ്യാജേന കംസന്‍ അവരെ ക്ഷണിച്ചു വരുത്തി മരണം സ്വയം ഇരന്നു വാങ്ങുകയായിരുന്നു.

ശ്രീകൃഷ്ണ ജയന്തിയെക്കുറിച്ചുള്ള ചില വിശ്വാസങ്ങള്‍ ഇങ്ങനെ...അഷ്ടമി രോഹിണി വളരെ വിപുലമായി തന്നെ ആഘോഷിക്കുന്നവരാണ് നമ്മളെല്ലാവരും. ഭക്തിയോട് കൂടി ഭഗവല്‍ മന്ത്രങ്ങള്‍ ഉരുവിടുന്നതിലും പുണ്യം വേറൊന്നും ഇല്ലെന്ന് തന്നെ പറയാം. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞും സന്താനങ്ങള്‍ ഇല്ലാത്തവര്‍ക്ക് അഷ്ടമി രോഹിണി ദിവസം കുളിച്ച് ഭഗവാനെ പ്രാര്‍ത്ഥിച്ച് സന്താനഗോപാലം മന്ത്രങ്ങള്‍ ഉരുവിട്ടാല്‍ സന്താന സൗഭാഗ്യം ലഭിക്കുമെന്നാണ് വിശ്വാസം. കുട്ടികളുടെ ബുദ്ധിശക്തിയും ഓര്‍മ്മശക്തിയും വര്‍ദ്ധിപ്പിക്കുന്നതിന് ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ വിദ്യാഗോപാല മന്ത്രം ഉരുവിടുന്നതും നല്ലതാണ്. ആയുസും ആരോഗ്യവും വര്‍ദ്ധിപ്പിക്കാനും ദശാകാല ദോഷങ്ങള്‍ക്ക് പരിഹാരം കാണാനും ഏറ്റവും ഫലപ്രദമായി ഉരുവിടാവുന്ന മന്ത്രമാണ് ആയുര്‍ഗോപാല മന്ത്രം. ജന്മാഷ്ടമി ദിനത്തില്‍ തന്നെയാണ് ഇതിന്റെ പ്രത്യേകതയും. ഐശ്വര്യവും സമ്പത്തും തന്നെയാണ് ഏതൊരു മനുഷ്യന്റേയും നിലനില്‍പ്പിന്നാധാരം. ഇവ വര്‍ദ്ധിക്കാനും രാജഗോപാലമന്ത്രം ജന്മാഷ്ടമി ദിനത്തില്‍ ഉരുവിടണം. ഭഗവാന്റെ അനുഗ്രഹവും ആശിസുകളും ലഭിക്കാന്‍ അഷ്ടാക്ഷര മന്ത്രമായ 'ഓം നമോ നാരായണായ...' ജപിക്കുന്നതും നല്ലതാണ്. ഇത് ജപിച്ച് ക്ഷേത്ര ദര്‍ശനം നടത്തുന്നത് എന്തുകൊണ്ടും ഭഗവാന്റെ അനുഗ്രഹം ലഭിക്കുന്നതിന് കാരണമാകും.

''ന വാമുകുന്ദഹരേ ഗോപാലക പാഹിമുകുന്ദഹരേ...
വരദായക യദുനന്ദനസുന്ദര
നാവാമുകുന്ദഹരേ...''

ഏവര്‍ക്കും ശ്രീകൃഷ്ണജയന്തി ആശംസകള്‍...

 ഇന്ന് ജന്‍മാഷ്ടമി, ശ്രീകൃഷ്ണന്റെ 5246-ാം പിറന്നാള്‍ (ശ്രീനി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക