Image

പേ റോള്‍ ടാക്‌സ് കുറക്കാന്‍ ആലോചിക്കുന്നതായി പ്രസിഡന്റ് ട്രംപ്

ഏബ്രഹാം തോമസ് Published on 22 August, 2019
പേ റോള്‍ ടാക്‌സ് കുറക്കാന്‍ ആലോചിക്കുന്നതായി പ്രസിഡന്റ്  ട്രംപ്
ഇപ്പോഴുള്ള 6.2 % പേ റോള്‍ ടാക്‌സ് കുറക്കാന്‍ ആലോചിക്കുന്നതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പേ റോള്‍ ടാക്‌സ് കുറച്ചേക്കുമെന്ന് അഭ്യൂഹം കുറെ നാളായി നിലനിന്നിരുന്നു. ഈ വാര്‍ത്തകള്‍ ട്രംപ് ഇതു വരെ നിഷേധിച്ചിരുന്നു. കുറെയധികം ആളുകള്‍ തന്നോട് ഈ നികുതിയെ കുറിച്ച് സംസാരിച്ചുവെന്നും ഇത് അമേരിക്കയില്‍ വേതനം വാങ്ങുന്നവരെ ബാധിക്കുന്ന കാര്യമാണെന്നും ട്രംപ് പറഞ്ഞു.

സാമ്പത്തികാവസ്ഥ ശക്തമാണ് എന്ന പ്രചരണത്തിലൂടെ തിരഞ്ഞെടുപ്പില്‍ രണ്ടാമതൊരു ഊഴം ഉറപ്പിക്കാമെന്ന് ട്രംപ് കരുതുന്നു.

ഇതിനിടയില്‍ സാമ്പത്തികാവസ്ഥ മാന്ദ്യത്തിലേയ്ക്ക് നീങ്ങുകയാണെന്ന് ശക്തമായ വിമര്‍ശകരുടെ പ്രചരണം ഉണ്ട്. ട്രംപിന്റെ ശക്തയായ വിമര്‍ശകയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് ടിക്കറ്റ് പ്രത്യാശിയുമായ സെനറ്റര്‍ എലിസബെത്ത് വാറന്‍ ട്രംപിന്റെ നയങ്ങള്‍ നിരുത്തരവാദപരമാണെന്നും യുഎസിനെ സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് തള്ളിവിടുമെന്നും ആരോപിച്ചു.

മുന്‍ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് ടിക്കറ്റിന്റെ മറ്റൊരു പ്രത്യാശിയുമായ ജോ ബൈഡന്‍ ട്രംപ് ചൈനയുമായി ആരംഭിച്ച വാണിജ്യയുദ്ധം പല യുഎസ് വ്യവസായങ്ങളെയും ഹനിക്കും എന്നാരോപിച്ചു.
എന്നാല്‍ ചൈനയ്‌ക്കെതിരായ നടപടികള്‍ ആവശ്യമായിരുന്നു എന്ന് ട്രംപ് വാദിച്ചു. ആരെങ്കിലും ചൈനയെ എതിര്‍ക്കേണ്ടതായിരുന്നു. ഇത് ചെയ്തില്ലായിരുന്നെങ്കില്‍ എന്റെ ജീവിതം സുഗമമാകുമായിരുന്നു. പക്ഷെ ഞാന്‍ ഇത് ഇഷ്ടപ്പെടുന്നു. ഇത് യുഎസിനെ ഒരു ചെറിയ കാലത്തേയ്ക്ക് ബുദ്ധിമുട്ടിലേയ്ക്ക് നയിക്കും. എന്നാല്‍ രാഷ്ട്രത്തിന് ഇതു കൊണ്ട് ഗുണമേ ഉണ്ടാകൂ. ഇതുമൂലം സാമ്പത്തിക മാന്ദ്യം ഉണ്ടാകും എന്ന് പറയുന്നത് അസംബന്ധമാണ് ട്രംപ് പറഞ്ഞു.

യുഎസ് ഉപഭോക്താക്കളെയും വ്യവസായികളെയും ചൈന തങ്ങളുടെ കറന്‍സിയില്‍ കൃത്രിമം കാട്ടി കബളിപ്പിച്ചു വരികയാണ്. സ്വന്തം കമ്പനികള്‍ക്ക് സബ്‌സിഡികള്‍ നല്‍കി അമേരിക്കന്‍ കമ്പനികളില്‍ നിന്ന് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ചൂഷണം ചെയ്യുകയാണ് ചൈന. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കൂടുതല്‍ സാധനങ്ങളുടെ മേല്‍ തീരുവകള്‍ ചുമത്തുന്നത് തല്‍ക്കാലം മാറ്റിവച്ചിരിക്കുകയാണ്. ക്രിസ്മസ് ഷോപ്പിംഗില്‍ അമേരിക്കക്കാര്‍ക്ക് ഉയര്‍ന്ന വില നല്‍കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇത്.

ചൈന യുഎസിന്റെ ബില്യണ്‍ കണക്കിന് ഡോളറിന്റെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ വാങ്ങണം എന്ന ആവശ്യം ഇതു വരെ നിറവേറ്റിയിട്ടില്ല. വ്യാപാര യുദ്ധം മുറുകിയതിനാല്‍ ചൈന യുഎസില്‍ നിന്ന് വാങ്ങുന്ന കാര്‍ഷിക ഉല്‍പന്നങ്ങള്‍ വെട്ടിക്കുറച്ചു. ഇത് നേരിടാന്‍ അമേരിക്കന്‍ കര്‍ഷകര്‍ക്ക് 20 ബില്യണ്‍ ഡോളറിന്റെ സഹായം ട്രംപ് നല്‍കി.
വ്യവസായികള്‍ ചെലവ് കുറച്ചു. ചൈനയുമായുള്ള വാണിജ്യ യുദ്ധം മൂര്‍ച്ഛിക്കുമോ എന്ന ഭയം മൂലമാണിത്. എന്നാല്‍ ഉപഭോക്താക്കളുടെ ആത്മവിശ്വാസം അതുപോലെ നിലനില്ക്കുന്നു. അവര്‍ പഴയതുപോലെ തങ്ങള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങുന്നു. തുടര്‍ന്നുള്ള മാസങ്ങളില്‍ അമേരിക്കക്കാര്‍ ചെലവ് ചുരുക്കാന്‍ തുടങ്ങിയാല്‍ സാമ്പത്തികാവസ്ഥയെ ഇതു ബാധിക്കും.

അമേരിക്കക്കാര്‍ വരുമാനത്തിന്റെ 6.2% വിവിധ സോഷ്യല്‍ സെക്യൂരിറ്റി പദ്ധതികള്‍ക്കായി ഓരോ പേ ചെക്കില്‍ നിന്നും നല്‍കുന്നു. ബരാക്ക് ഒബാമയുടെ ഭരണകാലത്ത് 2011 ലും 2012 ലും ഇത് 4.2% ആയി കുറച്ച് താണ വരുമാനക്കാര്‍ക്ക് ആശ്വാസമായിരുന്നു. എന്നാല്‍ 2013 മുതല്‍ ഇത് പഴയപടി ആയി. പേറോള്‍ ടാക്‌സ് കുറഞ്ഞാല്‍ അത്രയും പണം കൂടി ഉപഭോക്താക്കള്‍ ചെലവഴിക്കുമെന്നും സാമ്പത്തികാവസ്ഥയ്ക്ക് ഇത് ഗുണകരമായിരിക്കും എന്നാണ് ഒരു നിഗമനം. സാമ്പത്തിക വിദഗ്ദ്ധര്‍ 2021 ആകുമ്പോള്‍ ലോക രാഷ്ട്രങ്ങള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നതു പോലെ യുഎസും ഒരു സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നീങ്ങാന്‍ സാധ്യത ഉണ്ടെന്ന് പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക