Image

തലാഖ് ചൊല്ലാതെ നിയമത്തിന് മുന്നില്‍ ഫിറോസ്, വഫയ്ക്ക് മൗനം (ശ്രീനി)

Published on 22 August, 2019
തലാഖ് ചൊല്ലാതെ നിയമത്തിന് മുന്നില്‍ ഫിറോസ്, വഫയ്ക്ക് മൗനം (ശ്രീനി)
നരേന്ദ്ര മോദി സര്‍ക്കാര്‍ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ പശ്ചാത്തലത്തില്‍ നടന്ന ആദ്യത്തെ അറസ്റ്റും ശ്രീറാം വെങ്കിട്ടരാമന്‍ എപ്പിസോഡിലെ നായിക വഫ ഫിറോസിനെ മൊഴിചൊല്ലാനുള്ള ഭര്‍ത്താവ് ഫിറോസിന്റെ നിയമപരമായ നീക്കവും ചര്‍ച്ചയാവുകയാണ്. മൂന്നു തവണ തലാഖ് ചൊല്ലി മുസ്ലീം പുരുഷന്‍ മുസ്ലീം സ്ത്രീയെ വിവാഹമോചനം ചെയ്യുന്ന പരമ്പരാഗത രീതി ഇപ്പോള്‍ ക്രിമിനല്‍ കുറ്റമായി മാറിയിരിക്കുകയാണ്. അങ്ങനെ ചെയ്താല്‍ മൂന്ന് വര്‍ഷം തടവും പിഴയുമാണ് ഭര്‍ത്താവിന് ശിക്ഷ ലഭിക്കുക.

മുത്തലാഖ് നിരോധന നിയമം ലംഘിച്ച് ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്തിതിന് കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലെ ചുള്ളിക്കാപറമ്പ് കണ്ടത്തില്‍ വീട്ടില്‍ ഇ.കെ ഹുസാം അറസ്റ്റിലായത് ഓഗസ്റ്റ് 16നാണ്. ബന്ധം വേര്‍പെടുത്തിയതായി കാണിച്ച് മുക്കം സ്വദേശിയായ യുവതി താമരശേരി കോടതിയില്‍ നല്‍കിയ പരാതിയിലായിരുന്നു യുവാവായ ഹുസാമിനെ അറസ്റ്റ് ചെയ്തത്. മുത്തലാഖ് നിരോധന നിയമപ്രകാരം കേരളത്തിലെ ആദ്യ അറസ്റ്റാണിത്. മുസ്ലീം വിമെന്‍ പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്‌സ് ഇന്‍ മാര്യേജ് ആക്ടിലെ മൂന്ന്, നാല് വകുപ്പുകള്‍ പ്രകാരം കേസെടുത്ത് താമരശേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഹുസാമിനെ ജാമ്യത്തില്‍ വിടുകയുണ്ടായി. 

ഇങ്ങനെ മുത്തലാഖ് നിയമം കര്‍ശനമാക്കിയതിനാലാണ് വഫയുടെ ഭര്‍ത്താവ് ഫിറോസ് കരുതലോടെ കാര്യങ്ങള്‍ നീക്കിയത്. വഫയ്ക്കും വഫയുടെ സ്വദേശമായ  തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ വള്ളൂര്‍കോണത്തെ മുസ്ലീം ജമാ അത്തിനും വഫയുടെ രക്ഷിതാക്കള്‍ക്കും ആണ് വിവാഹമോചനത്തിനുള്ള നോട്ടീസിന്റെ പകര്‍പ്പ് ഫിറോസ് അയച്ചിട്ടുള്ളത്. ഇങ്ങനെ ഒരു നോട്ടീസ് ലഭിച്ച കാര്യം പള്ളി കമ്മിറ്റി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട കേസില്‍ ഒന്നാം പ്രതിയായ ശ്രീറാമിന്റെ സഹയാത്രികയും രണ്ടാം പ്രതിയുമാണ് വഫ ഫിറോസ്. ഇതിനിടെ ശ്രീറാമിന്റെ ഡ്രൈവിങ് ലൈസന്‍സ് ഒരുവര്‍ഷത്തേയ്ക്കും വഫയുടേത് മൂന്ന് മാസത്തേയ്ക്കും മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്റ് ചെയ്തു. തനിക്ക് ഭര്‍ത്താവിന്റേയും കുടുംബത്തിന്റേയും പിന്തുണയുണ്ടെന്ന വഫയുടെ വാദങ്ങളെ പൂര്‍ണമായും തള്ളിക്കളഞ്ഞുകൊണ്ടുള്ള ഗുരുതര ആരോപണങ്ങളാണ് ഫിറോസ് ഏഴ് പേജുള്ള വക്കീല്‍ നോട്ടീസില്‍ ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ വഫയുടെ പ്രതികരണം ഇതുവരെ പുറത്ത് വന്നിട്ടില്ല.

അര്‍ധരാത്രി അപകട സമയത്ത് വഫ ഫിറോസ് എങ്ങനെ ശ്രീറാമിനൊപ്പം ഉണ്ടായി എന്ന രീതിയില്‍ ആയിരുന്നു ആദ്യം ചര്‍ച്ചകള്‍. വഫയെ പ്രവാസി മോഡല്‍ എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. താന്‍ ജീവിതത്തില്‍ ഒരിക്കലേ മോഡല്‍ ചെയ്തിട്ടുള്ളൂവെന്ന് വഫ പറഞ്ഞിരുന്നു. എന്നാല്‍ എല്ലാ വിവാദങ്ങളിലും തനിക്ക് പിന്തുണയുമായി ഭര്‍ത്താവും കുടുംബവും ഉണ്ടെന്നായിരുന്നു വഫ പ്രതികരിച്ചത്. തന്നെ മോശമായി ചിത്രീകരിക്കുന്നവര്‍ തനിക്കൊരു കുടുംബമുണ്ടെന്നോര്‍ക്കണമെന്നും വഫ പറഞ്ഞിരുന്നു. പക്ഷേ, ഭര്‍ത്താവ് ഫിറോസ് നിലപാട് കടുപ്പിച്ചതോടെ വഫയുടെ വാദങ്ങളെല്ലാം അപ്രസക്തമായിരിക്കുകയാണ്. 45 ദിവസത്തിനുള്ളില്‍ നോട്ടീസിന് മറുപടി നല്‍കണമെന്നാണ്  ആവശ്യപ്പെട്ടിട്ടുള്ളത്.

പരപുരുഷ ബന്ധം, അനിസ്ലാമികമായ ജീവിത രീതി, അനുമതിയില്ലാതെ വിദേശ യാത്രകള്‍ തുടങ്ങിയ ആരോപണങ്ങളാണ് വക്കീല്‍ നോട്ടീസില്‍ ഉള്ളതത്രേ. വഫയുടെ പ്രവൃത്തികൊണ്ട് സ്വസ്ഥത നശിച്ച തന്റെ ബഹ്‌റൈനിലെ ബിസിനസ് നഷ്ടത്തിലായി. പിന്നീട് അബുദാബിയില്‍ ജോലികിട്ടി പോയപ്പോള്‍ വഫയേയും കൂടെ കൂട്ടി. സ്ഥിരമായി തിരുവനന്തപുരത്തേക്ക് വന്ന് അന്യ പുരുഷന്‍മാര്‍ക്കൊപ്പം ഉല്ലസിച്ച് ജീവിച്ചു, നിശാക്ലബ്ബുകളില്‍ അന്യപുരുഷന്‍മാര്‍ക്കൊപ്പം നൃത്തം ചെയ്തു. ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചും ഇസ്ലാമിന് അനുവദനീയമല്ലാത്ത രീതിയിലും ആയിരുന്നു വഫ സ്വദേശത്തും വിദേശത്തും ജീവിച്ചത്. തന്റെ സമ്മതം കൂടാതെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ വച്ച് മൂന്നാം മാസം ഗര്‍ഭം അലസിപ്പിച്ചതായും ഫിറോസ് ആരോപിക്കുന്നുണ്ട്. 

വഫയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കാര്‍ ആയിരുന്നു അപകടത്തില്‍ പെട്ടത്. എന്നാല്‍ ആ കാര്‍ തന്റെ ചെലവില്‍ ആണ് വാങ്ങിയത് എന്ന വാദമാണ് ഫിറോസ് മുന്നോട്ട് വയ്ക്കുന്നത്. തന്റെ പണം കൊണ്ട് വാങ്ങിയ കാര്‍ വഫ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്തു. രഹസ്യ യാത്രകള്‍ നടത്തി. വഫ തന്നെ പലവട്ടം ഭീഷണിപ്പെടുത്തി. വഫയുടെ ജീവിത രീതികള്‍ ചോദ്യം ചെയ്തപ്പോള്‍ ഉന്നത ബന്ധങ്ങള്‍ ഉണ്ടെന്ന് പറഞ്ഞായിരുന്നു ഭീഷണി. തന്റെ കാര്യത്തില്‍ ഇടപെട്ടാല്‍ പാഠംപഠിപ്പിക്കുമെന്ന് വഫ ഭീഷണിപ്പെടുത്തിയിരുന്നു. തന്റെ വാഹനം ഇടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട വിവരം ഫോണില്‍ കൂടി പോലും അറിയിക്കാന്‍ വഫ തയ്യാറായില്ല. ഇതിന് ശേഷം താന്‍ തിരുവനന്തപുരത്ത് എത്തിയിട്ടും തന്നെ കാണാനോ സംസാരിക്കാനോ വഫ തയ്യാറായില്ല. ഒരുതവണ ഫോണില്‍ വിളിച്ച സമയത്ത് അപകട വിവരം ആരാഞ്ഞപ്പോള്‍ അസഭ്യം പറഞ്ഞു എന്നും ഫിറോസ് പറയുന്നുണ്ട്.

ഇവിടെ മുത്തലാഖ് നിയമത്തെ സാക്ഷിനിര്‍ത്തി ഒരുചോദ്യം. ഈ കേസില്‍ ആരാണ് ഇര, ആരാണ് വേട്ടക്കാരന്‍..? സംഭവത്തില്‍ നാല് കക്ഷികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അപകടത്തില്‍ കൊല്ലപ്പെട്ട ബഷീറായിരുന്നു ഒരാള്‍. ജീവിച്ചിരിക്കുന്നത് ശ്രീറാം വെങ്കിട്ടരാമനും വഫയും ഫിറോസും. വിവാഹമാചന കേസ് വഫയും ഫിറോസും മമ്മിലായതിനാല്‍ ഇക്കര്യത്തില്‍ ശ്രീറാമിനെതിരെ നിയമപരമായ നടപടികള്‍ക്ക് വകുപ്പില്ല. എന്നാല്‍ വഫയും ഫിറോസും വിവാഹ മോചിതരായാല്‍, അതിന്റെ കാരണക്കാരന്‍ താനാണെന്ന ധാര്‍മികമായ തലത്തില്‍ നിന്ന് ശ്രീറാമിന് ഒഴിഞ്ഞുനില്‍ക്കാനാവില്ല. കുറ്റബോധം അയാളെ വേട്ടയാടിക്കൊണ്ടിരിക്കും. സ്വന്തം മനസാക്ഷിയെ മുന്‍നിര്‍ത്തി വഫയ്ക്കും തന്റെ ചെയ്തികള്‍ക്ക്, ഫിറോസ് ആരോപിക്കുന്നത് ശരിയാണെങ്കില്‍ വലിയ വില കൊടുക്കേണ്ടിവരും. അപ്പോള്‍ ഫിറോസ് മാപ്പ് കൊടുക്കാത്ത സാക്ഷിയാവും.  വലിയ കള്ളങ്ങള്‍ മനസില്‍ ഒളിപ്പിച്ച് വച്ചവര്‍ക്കറിയാം ആരാണ് ജീവിച്ചിരിക്കുന്ന ഇരയെന്നും ആരാണ് വേട്ടക്കാരെന്നും. യഥാര്‍ത്ഥ ഇര കൊല്ലപ്പെട്ട നിരപരാധിയായ ബഷീര്‍ തന്നെ.
Join WhatsApp News
അമേരിക്കൻ മൊല്ലാക്ക കുടുങ്ങി 2019-08-23 18:34:10
"മൂന്നു തവണ തലാഖ് ചൊല്ലി മുസ്ലീം പുരുഷന്‍ മുസ്ലീം സ്ത്രീയെ വിവാഹമോചനം ചെയ്യുന്ന പരമ്പരാഗത രീതി ഇപ്പോള്‍ ക്രിമിനല്‍ കുറ്റമായി മാറിയിരിക്കുകയാണ്. അങ്ങനെ ചെയ്താല്‍ മൂന്ന് വര്‍ഷം തടവും പിഴയുമാണ് ഭര്‍ത്താവിന് ശിക്ഷ ലഭിക്കുക."
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക