Image

കെവിന്‍ കേസ്‌: ദുരഭിമാനക്കൊലയെന്ന്‌ കോടതി; പത്ത്‌ പേര്‍ കുറ്റക്കാര്‍, നീനുവിന്റെ പിതാവിനെ വെറുതെ വിട്ടു

Published on 22 August, 2019
കെവിന്‍ കേസ്‌: ദുരഭിമാനക്കൊലയെന്ന്‌ കോടതി; പത്ത്‌ പേര്‍ കുറ്റക്കാര്‍, നീനുവിന്റെ പിതാവിനെ വെറുതെ വിട്ടു


കെവിന്‍ കേസില്‍ പത്ത്‌ പ്രതികള്‍ കുറ്റക്കാരെന്ന്‌ കോടതി. പതിനാല്‌ പ്രതികളില്‍ 5,10,13,14 കുറ്റക്കാരല്ലെന്ന്‌ കണ്ടെത്തി. നീനുവിന്റെ സഹോദരനടക്കം ബാക്കിയുള്ള പത്ത്‌ പേരെയാണ്‌ കുറ്റക്കാരെന്ന്‌ കണ്ടെത്തിയിരിക്കുന്നത്‌.

അതേസമയം നീനുവിന്റെ അച്ഛന്‍ ചാക്കോയെ കോടതി വെറുതെ വിട്ടു. ചാക്കോയെ 302 ല്‍ ഉള്‍പ്പടുത്തിയിട്ടില്ല. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതിയാണ്‌ പത്ത്‌ പ്രതികള്‍ കുറ്റക്കാരെന്ന്‌ കണ്ടെത്തിയത്‌. കേസില്‍ വിധി 24ന്‌ ശനിയാഴ്‌ച പ്രഖ്യാപിക്കും.

കെവിന്റേത്‌ ദുരഭിമാനക്കൊലയെന്ന്‌ കോടതി കണ്ടെത്തി. കേസില്‍ പ്രതികളായ പത്ത്‌ പേര്‍ക്കും വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ്‌ ചുമത്തിയിരിക്കുന്നത്‌. കേസ്‌ അപൂര്‍വങ്ങളില്‍ അപൂര്‍വം എന്ന്‌ വിലയിരുത്തിയ കോടതി പ്രോസിക്യൂഷനെയും അന്വേഷണ ഉദ്യോഗസ്ഥനെയും അഭിനന്ദിച്ചു.

നീനുവിന്റെ സഹോദരന്‍ സാനു ചാക്കോ, നിയാസ്‌ മോന്‍, ഇഷാന്‍ ഇസ്‌മായില്‍, റിയാസ്‌ ഇബ്രാഹിംകുട്ടി, നീനുവിന്റെ അച്ഛന്‍ ചാക്കോ ജോണ്‍, മനു മുരളീധരന്‍
ഷിഫിന്‍ സജാദ്‌, എന്‍ നിഷാദ്‌, ടിറ്റു ജെറോം, വിഷ്‌ണു, ഫസില്‍ ഷെരീഫ്‌, ഷാനു ഷാജഹാന്‍, ഷിനു ഷാജഹാന്‍, റെമീസ്‌ ഷെരീഫ്‌ എന്നിവരാണ്‌ കേസിലെ പതിനാല്‌ പ്രതികള്‍. 

ഇതില്‍ നീനുവിന്റെ പിതാവ്‌ ചാക്കോ ജോണ്‍, വിഷ്‌ണു, ഷിനു ഷാജഹാന്‍, റെമീസ്‌ ഷെരീഫ്‌ എന്നീ നാലുപേരെയാണ്‌ കോടതി വെറുതെ വിട്ടത്‌.

അതേസമയം നീനുവിന്റെ പിതാവ്‌ ചാക്കോ ഉള്‍പ്പെടെ നാല്‌ പ്രതികളെ വെറുതെ വിട്ട നടപടി ശരിയല്ലെന്ന്‌ കെവിന്റെ പിതാവ്‌ പ്രതികരിച്ചു. നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും ശിക്ഷ വിധിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും കെവിന്റെ പിതാവ്‌ മാധ്യമങ്ങളെ അറിയിച്ചു.

മൂന്നുമാസം കൊണ്ട്‌ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയാണ്‌ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതി കേസ്‌ വിധി പറയുന്നത്‌. പതിനാലാം തീയതി വിധിപറയാന്‍ തീരുമാനിച്ചിരുന്നെങ്കിലും ദുരഭിമാനക്കൊലയാണോ എന്ന കാര്യത്തില്‍ വ്യക്തത ഇല്ലാത്ത സാഹചര്യത്തില്‍ കേസ്‌ മാറ്റി വെക്കുകയായിരുന്നു. 

പതിനാലാം തീയതി കേസ്‌ പരിഗണിച്ചപ്പോള്‍ ദുരഭിമാന കൊലയില്‍ ഇരുഭാഗവും ഒരിക്കല്‍കൂടി നിലപാടുകള്‍ വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന്‌ പ്രതിഭാഗവും വാദി ഭാഗവും അവരുടെ നിലപാടുകള്‍ അറിയിച്ചു.

നീനുവിന്റെയും കെവിന്റെ അച്ഛന്റെയും മൊഴികള്‍ ഉയര്‍ത്തിക്കാട്ടി പ്രോസിക്യൂഷന്‍ ദുരഭിമാനക്കൊലയെന്ന്‌ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ വിവാഹം നടത്തിക്കൊടുക്കാന്‍ നീനുവിന്റെ അച്ഛന്‍ തയ്യാറായിരുന്നുവെന്നാണ്‌ പ്രതിഭാഗം വാദിക്കുന്നു. മൂന്നു മാസം നീണ്ട വിചാരണ വേളയില്‍ 113 സാക്ഷികളെ കോടതി വിസ്‌തരിച്ചു. 238 പ്രമാണങ്ങളും 55 തൊണ്ടിമുതലുകളും കോടതി അംഗീകരിച്ചു. 

നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ ഒന്നാം പ്രതിയായ കേസില്‍ 14 പ്രതികളാണുള്ളത്‌. നിനുന്റെ അച്ഛന്‍ ചാക്കോ അഞ്ചാം പ്രതിയാണ്‌. കൊലപാതകം ഗൂഢാലോചന എന്നിവ ഉള്‍പ്പെടെ പത്തു വകുപ്പുകളാണ്‌ പ്രതികള്‍ക്ക്‌ മേല്‍ ചുമത്തിയിരിക്കുന്നത്‌.

2018 മെയ്‌ 28നാണ്‌ കെവിന്‍ പി ജോസഫിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌. നീനുവിന്റെ സഹോദരനും സുഹൃത്തുക്കളും കെവിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പിറ്റേന്ന്‌ കൊല്ലം തെന്മല ചാലിയക്കര തോട്ടില്‍ നിന്ന്‌ കെവിന്റെ മൃതദേഹം കണ്ടെത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക