Image

ആറന്മുള വളളസദ്യ; സദ്യകളുടെ രാജാവ് (ഉഷ എസ്)

Published on 21 August, 2019
ആറന്മുള വളളസദ്യ; സദ്യകളുടെ രാജാവ് (ഉഷ എസ്)
കഴിഞ്ഞ വര്‍ഷത്തെ രൗദ്രം ഇത്തവണ ആറന്മുളയില്‍ പമ്പാനദിയ്ക്കില്ല. നിറയെ വളളക്കാരുമായി പളളിയോടങ്ങള്‍ പമ്പാനദിയില്‍ ചാഞ്ചാടി നിറയുന്നത് മനോഹരമായ കാഴ്ച തന്നെ! വഞ്ചിപ്പാട്ടിന്റെ താളം നിറഞ്ഞ ഒരു മദ്ധ്യാഹ്നം. സദ്യകളുടെ രാജാവെന്നു വിശേഷിപ്പിക്കപ്പെടുന്ന ആറന്മുളയിലെ വളളസദ്യയാണ് സംഭവം!

ഭഗവാന്‍ മഹാവിഷ്ണു ആറുമുളകള്‍ ചേര്‍ത്തുണ്ടാക്കിയ ചങ്ങാടത്തില്‍ നാരായണപുരത്തുനിന്ന് വന്നു ചേര്‍ന്ന സ്ഥലമത്രേ ആറന്മുള. അര്‍ജുനന്‍ കൃഷ്ണനു സമര്‍പ്പിച്ച ക്ഷേത്രം. പാര്‍ത്ഥസാരഥിയായി ഭക്തവത്സലന്‍ പ്രഭചൊരിയുന്ന ദേശം! കര്‍ക്കിടകം 15മുതല്‍ കന്നി15വരെയാണ് പതിവായി വള്ളസദ്യ നടക്കുന്നത്.

വഴിപാട് സമര്‍പ്പിക്കുന്ന ഭക്തന്‍ രാവിലെ കൊടിമരച്ചുവട്ടില്‍ രണ്ടു പറ സമര്‍പ്പിക്കും. ഒന്ന് ഭഗവാനും മറ്റേത് പളളിയോടത്തിനും. പൂജാരി പൂജിച്ചു നല്‍കുന്ന പൂമാലയും വെറ്റിലയും പുകയിലയുമായി വഴിപാടുകാരന്‍ കരയിലേയ്ക്ക് യാത്രയാകും. കരനാഥനു ദക്ഷിണ നല്‍കുന്നതോടെ വളളക്കാര്‍ വളളംകളിപാട്ടോടെ പളളിയോടത്തില്‍ കേറി ആറന്മുളത്തപ്പന്റെ കടവിലേയ്ക്ക് യാത്രയാകും. അതാതുദിവസത്തെ വഴിപാടിലെ പങ്കാളികളായ പളളിയോടങ്ങളെ കൊണ്ട് പമ്പ നിറയുകയായി.

കടവില്‍ നിന്നും പളളിയോടങ്ങളെ മുത്തുക്കുട, താലപ്പൊലി, അഷ്ടമംഗല്യം, വായ്ക്കുരവകളോടെ സ്വീകരിച്ച് വളളക്കാരെ ആനയിക്കുകയായി. വഞ്ചിപ്പാട്ടു പാടി ക്ഷേത്രത്തിനു പ്രദക്ഷിണം വച്ച് കൊടിമരത്തിനടുത്തെത്തുകയായി. നടയ്ക്കു നിന്ന് ആവേശത്തോടെയുളള വഞ്ചിപ്പാട്ടിനൊപ്പം ആയത്തില്‍ ചലിക്കുന്ന മുത്തുക്കുട ചേതോഹരമായ കാഴ്ചയാണ്. മുത്തുക്കുടയും തുഴയും ഭഗവാനു സമര്‍പ്പിച്ച് സദ്യസ്ഥലത്തേയ്ക്കു നീങ്ങുകയായി.കുചേലവൃത്തം വഞ്ചിപ്പാട്ട്, ഭഗവത്ദൂത്, ഭീഷ്മപര്‍വ്വം, സന്താനഗോപാലം, നളചരിതം എന്നിവയാണ് പ്രധാനമായി പാടുന്നത്. ഓരോസംഘവും വ്യത്യസ്തമായ പാട്ടുകളാണ് പാടുന്നത്.

ഓരോ കരക്കാര്‍ക്കും സദ്യയ്ക്കായ് നിര്‍ദ്ദിഷ്ട സ്ഥലമുണ്ട്. വളളക്കാരെ ആദ്യം കയറ്റിയിരുത്തിയതിനു ശേഷം മറ്റുളളവരെ സദ്യ്ക്കിരുത്തുന്നു. എല്ലാവരും സുഭിക്ഷമായി ഉണ്ടതിനു ശേഷം വളളക്കാരെ കടവില്‍ കൊണ്ടുപോയി യാത്രയാക്കിയതിനു ശേഷമേ വഴിപാടുകാര്‍ ഊണു കഴിക്കൂ. അറുപത്തിമൂന്നു തരം വിഭവങ്ങളാണ് സദ്യയില്‍ വിളമ്പുക. പിന്നെ വളളക്കാര്‍ ചോദിയ്ക്കുന്ന എന്തും കൊടുക്കണം. ഭക്തനിലൂടെ ഭഗവാന്‍ തന്നെ ചോദിക്കുന്നുവെന്നാണ് വിശ്വാസം.

വിളക്കത്ത് ഇളയിട്ട് വിഭവങ്ങള്‍ ഭഗവാനു നേദിക്കുന്നതും അതു പാടിയുളള വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെയാണ്. 'ഭദ്രദീപം കൊളുത്തിവെച്ച്
..... ഭഗവാനായി വിളക്കത്തു വിളമ്പിടുന്നു.'
'അഭിഷേകതീര്‍ത്ഥം വേണം
കളഭകുസുമം വേണം'
'ഉണ്ണിയുണ്ടതിന്‍ശേഷം....' അങ്ങനെ പാട്ടിലൂടെ ഓരോ വിഭവങ്ങള്‍ ആവശ്യപ്പെടുകയായി.
'പഴങ്ങളില്‍ നല്ല പഴം തിത്തിതാതിത്തൈ തെയ്
ചക്കപഴം കൊണ്ടുവായോ' എന്നു പാടുന്ന ആളിനും 'ങ്ഹാ.... കൊണ്ടുവാ... 'എന്ന് കൂടെ വായ്ത്താരിയിടുന്നവര്‍ക്കും ചക്കപഴം എത്തുകയായി. പാളത്തെര്, ഉപ്പുമാങ്ങ, നെല്ലിക്കാ, കദളിപഴം, രസകദളി അങ്ങനെ ചോദിക്കുന്നതെന്തും വരികയായി. ചോദിക്കുന്ന സാധനം ഒരു നീണ്ട വര്‍ണ്ണനയോടെയാണ് ചോദിക്കുന്നതെന്നതാണ് രസകരം!

സദ്യ കഴിഞ്ഞ് ഭഗവാനെ നമസ്‌ക്കരിച്ച് പറ മറിക്കുകയായി. പറ തെളിയ്ക്കുക എന്നാണ് ഈ ചടങ്ങ്. വീണ്ടും വളളപ്പാട്ടു പാടി അഷ്ടമംഗല്യത്തിന്റെ അകമ്പടിയോടെ കടവിലേയ്ക്കു യാത്രയാകും. കടവിലെത്തി ഓരോ സംഘവും തങ്ങളുടെ പളളിയോടങ്ങളില്‍ യാത്രയാകുന്നതോടെ ചടങ്ങുകളവസാനിക്കുകയായി.

വളളംകളിപ്പാട്ടില്‍ കുട്ടനാടന്‍ ശൈലിയും ആറന്മുള ശൈലിയും തമ്മില്‍ നല്ല വ്യത്യാസമുണ്ട്. ഈ വ്യത്യാസം സാഹിത്യചരിത്രവിദ്യാര്‍ത്ഥികള്‍ക്ക് നല്ല പഠനവിഷയം തന്നെ!
ആറന്മുള വളളസദ്യ; സദ്യകളുടെ രാജാവ് (ഉഷ എസ്) ആറന്മുള വളളസദ്യ; സദ്യകളുടെ രാജാവ് (ഉഷ എസ്) ആറന്മുള വളളസദ്യ; സദ്യകളുടെ രാജാവ് (ഉഷ എസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക