Image

മോദി സര്‍ക്കാര്‍ ചിദംബരത്തെ വ്യക്തിഹത്യ ചെയ്യുന്നുവെന്ന്‌ രാഹുല്‍ ഗാന്ധി

Published on 21 August, 2019
മോദി സര്‍ക്കാര്‍ ചിദംബരത്തെ വ്യക്തിഹത്യ ചെയ്യുന്നുവെന്ന്‌ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ്‌ മീഡിയാ അഴിമതിക്കേസില്‍ കേന്ദ്രഏജന്‍സികളെ ഉപയോഗിച്ച്‌ മോദി സര്‍ക്കാര്‍ മുന്‍കേന്ദ്രമന്ത്രി പി.ചിദംബരത്തെ വ്യക്തിഹത്യ ചെയ്യുകയാണെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ രാഹുല്‍ ഗാന്ധി ആരോപിച്ചു. 

സഹോദരി പ്രിയങ്കാ ഗാന്ധി അടക്കമുള്ള നേതാക്കള്‍ ചിദംബരത്തെ പിന്തുണച്ച്‌ രംഹത്തെത്തിയതിന്‌ പിന്നാലെയാണ്‌ രാഹുലിന്റെ ആരോപണം. അതിനിടെ കേസില്‍ ജ്യാമം തേടി ചിദംബരം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിക്കെതിരെ സി.ബി.ഐ രംഗത്തെത്തി. 

ഗുരുതര പിഴവുകളുണ്ടെന്ന്‌ കാട്ടി സുപ്രീം കോടതി ഹര്‍ജി ഡിഫക്‌ട്‌ ലിസ്‌റ്റില്‍ ഉള്‍പ്പെടുത്തിയതിന്‌ പിന്നാലെയാണ്‌ സി.ബി.ഐയുടെ രംഗപ്രവേശം. 

തങ്ങളെ കേള്‍ക്കാതെ കേസില്‍ ഒരു തീരുമാനവും എടുക്കരുതെന്നും സി.ബി.ഐ കോടതിയോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഹര്‍ജി സുപ്രീം കോടതി ചീഫ്‌ ജസ്‌റ്റിസ്‌ ഉടന്‍ പരിഗണിക്കാന്‍ ഇരിക്കെയാണ്‌ നാടകീയ സംഭവങ്ങളുണ്ടായത്‌.

എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌, സി.ബി.ഐ തുടങ്ങിയ കേന്ദ്ര ഏജന്‍സികളെയും നട്ടെല്ലില്ലാത്ത ഒരു വിഭാഗം മാദ്ധ്യമങ്ങളെയും ഉപയോഗിച്ച്‌ കേന്ദ്രസര്‍ക്കാര്‍ ചിദംബരത്തെ വ്യക്തിഹത്യ ചെയ്യുകയാണെന്ന്‌ രാഹുല്‍ ആരോപിച്ചു. 

അധികാരം ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നതിനെ താന്‍ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

 നേരത്തെ കേസില്‍ ജ്യാമം അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ചിദംബരം കോടതിയെ സമീപിച്ചെങ്കിലും ഇക്കാര്യം ഉടന്‍ പരിഗണിക്കണമോയെന്ന കാര്യം ചീഫ്‌ ജസ്‌റ്റിസ്‌ തീരുമാനിക്കുമെന്നായിരുന്നു കോടതിയുടെ നിലപാട്‌. അതുവരെ ചിദംബരത്തെ അറസ്‌റ്റ്‌ ചെയ്യുന്നത്‌ തടയണമെന്ന്‌ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി ഇക്കാര്യം അനുവദിച്ചില്ല.

അഴിമതിക്കേസില്‍ ചോദ്യം ചെയ്യലിനായി ചിദംബരത്തെ അറസ്റ്റ്‌ ചെയ്യാമെന്നായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ വിധി. ഇത്‌ പ്രകാരം ഇന്നലെ അര്‍ദ്ധരാത്രി ചിദംബരത്തിന്റെ വീട്ടില്‍ രണ്ട്‌ മണിക്കൂറിനുള്ളില്‍ ഹാജരാകണം എന്നാവശ്യപ്പെട്ട്‌ കൊണ്ടുള്ള നോട്ടീസ്‌ സി.ബി.ഐ പതിച്ചിരുന്നു. 

ചിദംബരത്തെ ചോദ്യം ചെയ്യുന്നതിനായി ജോര്‍ബാഗിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ സി.ബി.ഐ നാല്‌ തവണ എത്തിയിരുന്നു. അദ്ദേഹത്തെ കണ്ടെത്താനാകാതെ നാല്‌ തവണയും സി.ബി.ഐയ്‌ക്ക്‌ മടങ്ങേണ്ടി വന്നു. ഇന്ന്‌ രാവിലെ 10.30 വരെ നടപടി പാടില്ലെന്ന്‌ ചിദംബരം അറിയിച്ചെങ്കിലും സി.ബി.ഐ വീട്ടിലെത്തുകയായിരുന്നു. 

സുപ്രീംകോടതി തീരുമാനം വരുന്നത്‌ വരെ അറസ്റ്റ്‌ അടക്കമുള്ള നടപടികളിലേക്ക്‌ കടക്കരുതെന്ന്‌ ചിദംബരത്തിന്റെ അഭിഭാഷകന്‍ അര്‍ഷദീപ്‌ ഖുരാന സി.ബി.ഐയ്‌ക്ക്‌ കത്തു നല്‍കിയിരുന്നു. 

ഏത്‌ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്‌ ചിദംബരത്തിന്‌ രണ്ടു മണിക്കൂറിനുള്ളില്‍ ചോദ്യം ചെയ്യലിന്‌ ഹാജരാകണം എന്ന നോട്ടീസ്‌ നല്‍കിയതെന്നും അഭിഭാഷകന്‍ ചോദിച്ചു. 

ചിദംബരത്തിന്റെ വീട്ടില്‍ ഇന്നലെ വൈകിട്ടാണ്‌ ആദ്യം സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റും എത്തിയത്‌. ചിദംബരം വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ മടങ്ങിയ ഇവര്‍ അര്‍ദ്ധരാത്രി തിരികെയെത്തി നോട്ടീസ്‌ പതിക്കുകയായിരുന്നു. ഇന്ന്‌ രാവിലെ വീണ്ടും ചിദംബരത്തെ തേടി ഇവര്‍ രണ്ടുതവണ എത്തുകയായിരുന്നു.

ഐ.എന്‍.എക്‌സ്‌ മീഡിയ എന്ന മാദ്ധ്യമ കമ്‌ബനിയ്‌ക്ക്‌ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം അനധികൃതമായി വിദേശഫണ്ട്‌ സ്വീകരിക്കാന്‍ സഹായിച്ചുവെന്നും പ്രതിഫലമായി കാര്‍ത്തി കോഴപ്പണം വാങ്ങിയെന്നും പദവികള്‍ ലഭിച്ചുവെന്നുമാണ്‌ കേസ്‌



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക