Image

കൈ കെട്ടിയാല്‍ ആ കൈ വെട്ടും (ചിന്താധാര- 1)

Published on 20 August, 2019
കൈ കെട്ടിയാല്‍ ആ കൈ വെട്ടും (ചിന്താധാര- 1)

ആശയങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദേശങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യാനായി ഇ-മലയാളി പുതിയ പംക്തി അവതരിപ്പിക്കുന്നു- ചിന്താധാര.

നമുക്കുണ്ടായ അനുഭവങ്ങളില്‍ മറ്റുള്ളവര്‍ക്കും പ്രയോജനപ്രദമായ എന്തെങ്കിലും ഉണ്ടാകാം. അതുമല്ലെങ്കില്‍ സമൂഹത്തിലെ മാറ്റങ്ങളില്‍ നമ്മുടെ അസ്വസ്തതയും ദുഖവുമാകാം.
അവ പങ്കു വയ്ക്കാം. ചര്‍ച്ച ചെയ്യാം. പുതിയൊരു ലോകത്തിനായി കൈ കോര്‍ക്കാം. editor@emalayalee.com

***** ***** ***** ***** *****

കേള്‍ക്കുമ്പോള്‍ ഞെട്ടണ്ട. അക്രമത്തിനുള്ള ആഹ്വാനമൊന്നുമല്ല. കേരളത്തിലെ ആശുപത്രിയിലെ കാര്യമാണ്.

ഫോമാ നേതാവ് തോമസ് ടി. ഉമ്മന്‍ പറഞ്ഞതാണ്. അമ്മയെ തിരുവല്ലയില്‍ ആശുപത്രിയിലാക്കി. മൂക്കിലും മറ്റും ട്യൂബ്ബ് ഇടുമ്പോള്‍ ന്യായമായും അതു പറിച്ചു കളയാന്‍ രോഗി അബോധാവസ്ഥയിലും ശ്രമിക്കും. അങ്ങനെയുള്ള രോഗികളുടെ കൈ കട്ടിലില്‍ കെട്ടി വയ്ക്കും.

ഇത്രയും ഓകെ. പക്ഷെ എത്ര നേരം കെട്ടി വയ്ക്കാം.? കുറെ നേരം കഴിയുമ്പോള്‍ കയ്യിലേക്കുള്ള രക്ത ഓട്ടം നിലക്കും. കൈ അനക്കാന്‍ പറ്റാതാകും.

അമ്മയുടെ കൈ പുറകോട്ടു വച്ച് കെട്ടിയതു കണ്ടപ്പോള്‍ തോമസ് ടി ഉമ്മന്റെ ജ്യേഷ്ടന്‍ ആശുപത്രിക്കാരോടു പറഞ്ഞു. കൈ കെട്ടി വച്ചാല്‍ കെട്ടുന്നവന്റെ   കൈ വെട്ടുമെന്നാണു അമേരിക്കയില്‍ നിന്നു അനിയന്‍ വിളിച്ചു പറഞ്ഞത്. അവന്‍ വരുന്നുണ്ട്. പറഞ്ഞാല്‍ പറഞ്ഞതു പോലെ ചെയ്യും.

എന്തായാലും ആശുപത്രിക്കാര്‍ കെട്ടഴിച്ചു. പരിചരണം കൂട്ടി.

പക്ഷെ ഈ ധൈര്യം ഈയുള്ളവനുണ്ടായില്ല. ഏറ്റുമാനൂരിനടുത്ത് വമ്പന്‍ കത്തോലിക്കാ ആശുപത്രിയില്‍ ഭാര്യയുടെ അമ്മയെ വീഴ്ചയെത്തുടര്‍ന്ന് പ്രവേശിപ്പിച്ചതാണ്.

ഐ.സി.യു.വില്‍ കിടക്കുന്ന ആളെ കാണാന്‍ എത്തി. ഐ.സി.യു. എന്നു പറഞ്ഞാല്‍ കൂടുതല്‍ ശ്രദ്ധ കിട്ടാന്‍ കൂടിയ സൗകര്യമുള്ള സ്ഥലം എന്നാണു മനസിലാക്കിയിരുന്നത്. എന്നാല്‍ ഇവിടെ ഐ.സിയുവില്‍ ചെന്നപ്പോള്‍ ജനറല്‍ വാര്‍ഡിലേക്കാള്‍ തിരക്കും ബഹളവും. അതിനിടയില്‍ എന്തു അടിയന്തര ശുശ്രൂഷ ആണു നല്‍കുന്നതെന്നു പിടി കിട്ടിയില്ല.

കേരളത്തില്‍ ഏതെങ്കിലും ഐ.സിയുവില്‍ കയറിയാല്‍ ജീവനോടെ തിരിച്ചു പോരില്ലെന്നു ആരോ പറഞ്ഞത് ഓര്‍ത്തു. ന്യുമോണിയ ഇല്ലെങ്കില്‍ അതു പിടിക്കുകയും ചെയ്യും.

ചെന്നപ്പോള്‍ അമ്മയുടെ കൈകള്‍ കെട്ടി വച്ചിരിക്കുന്നു. മൂന്നു ദിവസം അത് അങ്ങനെ തുടര്‍ന്നു. അപ്പോഴേക്കും കൈകള്‍ ഫലത്തില്‍ നിര്‍ജീവമായി. അപ്പോഴത് ചോദ്യംചെയ്യാനുള്ള മാനസികാവസ്ഥ ഉണ്ടായില്ല. അതാണല്ലോ കേരളത്തിലെ പാരമ്പര്യം. എല്ലാം സഹിക്കുക. ഡോക്ടര്‍ എന്നാല്‍ ദിവ്യന്‍. പറയുന്നതൊക്കെ അനുസരിക്കുക.

ഡോക്ടര്‍മാരോട് ലേഖകനു ബഹുമാനക്കുറവൊന്നും ഇല്ല. എങ്കിലും ഇടക്കിടക്ക് കേരളത്തിലെ ഡോക്ടര്‍മാരെ രോഗിയുടെ ബന്ധുക്കള്‍ കയ്യേറ്റം ചെയ്തതായി വാര്‍ത്ത കണുമ്പോള്‍ അതത്ര മോശമല്ലല്ലോ എന്ന തോന്നലാണുണ്ടാകാറുള്ളത്.

ചെയ്യുന്ന ജോലി എന്തായാലും അതിനോടു ആത്മാര്‍ഥത കാണിക്കാന്‍ ഏവരും ബാധ്യസ്ഥരാണ്. ഡോക്റ്റര്‍ പിഴവ് കാണിച്ചാല്‍ അമേരിക്കയില്‍ കേസിനു പോകാം. ഡോക്ടര്‍മാര്‍ക്ക് മാല്പ്രാക്ടീസ് ഇന്‍ഷുറന്‍സ് ഒക്കെ ഉണ്ടെന്നതു വിസ്മരിക്കുന്നില്ല.

ഇന്ത്യയില്‍ എന്തു ചെയ്യും? സഹിക്കണം, അത്ര തന്നെ. വേറെ വഴിയില്ല. അപ്പോഴാണു ഇടക്ക് ഇങ്ങനെയുള്ള കയ്യേറ്റ വാര്‍ത്തകള്‍. അത്  അത്ര മോശമോ?

ചുരുക്കം രോഗികളും സദാ സമയം ഒരു നഴ്‌സും എന്ന സൗകര്യമില്ലെങ്കില്‍ ഐ.സി.യു. എന്ന മരണക്കെണി ഒരുക്കുന്നത് എന്തിന്? അവരെ റൂമിലോ വാര്‍ഡിലോ കിടത്തുക. ബന്ധുക്കള്‍ സദാസമയം പരിചരിക്കുമല്ലോ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക