Image

ബലിയാടായ മഞ്ഞുപാളിക്ക് ഐസ്‌ലാന്‍ഡിന്റെ അപൂര്‍വ ചരമഗീതം (ശ്രീനി)

Published on 19 August, 2019
ബലിയാടായ മഞ്ഞുപാളിക്ക് ഐസ്‌ലാന്‍ഡിന്റെ അപൂര്‍വ ചരമഗീതം (ശ്രീനി)
''ഇനി ആര്‍ക്കും നിന്നെ കേള്‍ക്കാനോ കാണാനോ കഴിയില്ല...കാരണം നീ മരിച്ചു കഴിഞ്ഞു...പക്ഷേ മരണത്തെ അംഗീകരിക്കാന്‍ ആര്‍ക്കും കഴിയില്ല...മരണം ക്ഷണിക്കപ്പെടാതെ വരുന്ന അഥിതി ആണല്ലോ....പൊയ്‌ക്കൊള്ളുക...'' ഇതൊരു യാത്രയയപ്പാണ്...കണ്ണീരില്‍ കുതിര്‍ന്ന യാത്രയയപ്പ്. എന്നാല്‍ ഇവിടെ മരിച്ചത് ഒരു വ്യക്തിയല്ല, ഒരു മഞ്ഞുപാളി അഥവാ ഹിമാനിയാണ്. പ്രകൃതി സ്‌നേഹികളായ ഒരുപറ്റം ആള്‍ക്കാര്‍ ഐസ്‌ലാന്‍ഡിലെ, ഓര്‍മയിലേയ്ക്ക് മറഞ്ഞ ഒക്യോകുല്‍ മഞ്ഞുപാളിക്ക് സ്മാരകഫലകം സ്ഥാപിച്ച് അന്ത്യാഞ്ജലിയര്‍പ്പിച്ചു. വികാര നിര്‍ഭരമായിരുന്നു ആ ചടങ്ങുകള്‍. വിലാപ കാവ്യവും പ്രസംഗവും ഒരുപാട് മൗനപ്രാര്‍ത്ഥനയുമായി അവര്‍ അനുശോചനം രേഖപ്പെടുത്തി.

'ഭൂമിക്കൊരു ചരമഗീതം' എഴുതിയത് മലയാളത്തിന്റെ മണ്‍മറഞ്ഞ പ്രിയ കവി ഒ.എന്‍.വി കുറുപ്പാണ്.
''ഇനിയും മരിക്കാത്ത ഭൂമി..! നിന്നാസന്ന
മൃതിയില്‍ നിനക്കാത്മശാന്തി..!
ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം...'' ഇങ്ങനെ തുടങ്ങുന്നു ആ വിലാപ ഗീതം. മലയാള കാവ്യസരണിയില്‍ പാരിസ്ഥിതിക ദര്‍ശനത്തിന്റെ അനന്യമായ അനുഭൂതിയും ആത്മഭാവവുമുണര്‍ത്തിയ വിഖ്യാത കവിതകളുടെ സമാഹാരമാണ് ഭൂമിക്കൊരു ചരമഗീതം.

അതേസമയം, ഒക്യോകുല്‍ മഞ്ഞുപാളിക്കുള്ള സ്മാരകഫലകത്തില്‍ 'ഭാവിക്കൊരു കത്ത്' എന്നാണ് കുറിച്ചിരിക്കുന്നത്. കാരണം കാലാവസ്ഥാ വ്യതിയാനത്തിന്റെ ആദ്യ ബലിയാടാണീ ഹിമാനി. രക്തസാക്ഷിയായ ഒരു മഞ്ഞുപാളിക്ക് സ്മാരകം പണിയുന്നത് ലോകത്ത് ഇതാദ്യമാണ്. പ്രശസ്തമായ ഹിമാനികളിലൊന്നായ ഒക്യോകുല്‍ ഹിമാനിയുടെ നഷ്ടത്തെ കുറിച്ചോര്‍ത്ത് വിലപിക്കുകയാണിപ്പോള്‍ ഐസ്‌ലാന്‍ഡ്. അന്തിമോപചാര ചടങ്ങില്‍ ഐസ്‌ലാന്‍ഡിന്റെ പ്രധാനമന്ത്രി കാട്രിന്‍ ജാക്കോബ്‌സ്‌ഡോട്ടിറും ഐക്യരാഷ്ട്ര മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ മേരി റോബിന്‍സണും യു.എസിലെ റൈസ് യൂണിവേഴ്‌സിറ്റിയിലെയും ഐസ്‌ലാന്‍ഡിലെയും ഗവേഷകരും ഉണ്ടായിരുന്നു. ''കാലാവസ്ഥാ പ്രതിസന്ധിയുടെ അനന്തരഫലങ്ങളാണ് നാം കാണുന്നത്, നമുക്ക് നഷ്ടപ്പെടുത്താന്‍ സമയമില്ല...'' എന്നാണ് ജാക്കോബ്‌സ്‌ഡോട്ടിര്‍ പറഞ്ഞത്. ''ഹിമാനിയുടെ പ്രതീകാത്മക മരണം നമുക്കുള്ളൊരു മുന്നറിയിപ്പാണ്, അടിയന്തിരമായ നടപടിയാണ് വേണ്ടത്...'' എന്ന് മേരി റോബിന്‍സണും അഭിപ്രായപ്പെട്ടു.

ഭാവിക്കൊരു കത്ത് എന്ന കുറിപ്പില്‍, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് മുന്നറിയിപ്പുണ്ട്. അടുത്ത 2000 വര്‍ഷത്തിനുള്ളില്‍ ലോകമെമ്പാടുമുള്ള മഞ്ഞുപാളികളെ കാത്തിരിക്കുന്നത് ഇതേ വഴിയാണ്. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാനും എന്താണ് നാം ചെയ്യെണ്ടതെന്ന് ഓര്‍മ്മപ്പെടുത്താനുമാണ് ഈ സ്മാരകം. ഇതു നമ്മള്‍ ഇന്ന് ചെയ്‌തെങ്കില്‍ മാത്രമേ നാളെ നിങ്ങള്‍ക്കതറിയാനാകൂ...'' എന്ന് കുറിപ്പില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മെയ്മാസത്തില്‍ രേഖപ്പെടുത്തിയ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ റെക്കോഡ് അളവായ '415 പി.പി.എം' എന്നും ഫലകത്തിലുണ്ട്.

ഒക്യോകുല്‍ ഹിമാനി 'മരിച്ച'തായി പ്രഖ്യാപിച്ചത് 2014ലാണ്. 16 ചതുരശ്ര കിലോമീറ്റര്‍ പരന്നുകിടന്ന ഒക്യോകുല്‍ മഞ്ഞുപാളി 2012ഓടെ 0.7 ചതുരശ്ര കിലോമീറ്ററായി ഉരുകി ചുരുങ്ങി. തുടര്‍ന്നാണ് 2014ല്‍ മഞ്ഞുപാളിയുടെ പട്ടികയില്‍ നിന്ന് ഒക്യോകുലിനെ നീക്കം ചെയ്തത്. ഹിമാനിയുടെ പിണ്ഡത്തിലെ ഈ മാറ്റത്തിന് കാരണം ആഗോള താപനമാണെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. ഒക്യോകുല്‍ ഹിമാനിയെ 'ഡെഡ് ഐസ്' എന്നാണിപ്പോള്‍ വിളിക്കുന്നത്. ഹിമാനിയുടെ ചലനം നിന്നുവെന്നും, കളിമണ്ണ്, മണല്‍, ചരല്‍ തുടങ്ങിയവയുടെ സ്വാധീനത്തിന്റെ ഫലമായി 'മൊറെയ്ന്‍' എന്ന വ്യത്യസ്ത തരം ഭൂപ്രദേശങ്ങളായി ഉരുകി മാറിയെന്നുമാണിതിനര്‍ത്ഥം.

ആഗോളതാപനം പരിഹരിക്കാവുന്നതിന് അപ്പുറത്തേക്ക് പോയതായുള്ള പഠനമാണ് കാരണം. ലോകം അതിവേഗം കാലാവസ്ഥാ വ്യതിയാനത്തിന് വിധേയമാകുകയാണെന്നും ഇനി പരിഹാര ക്രിയകള്‍ക്ക് നേരമില്ലെന്നുമാണ് ശാസ്ത്രജ്ഞര്‍ ഓര്‍മ്മിപ്പിക്കുന്നത്. ഇതുവരെയുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലങ്ങള്‍ കൃത്യമായി ശാസ്ത്രജ്ഞര്‍ക്ക് കണക്കാക്കാനും കഴിഞ്ഞിട്ടില്ല. മണ്ണില്‍ നിന്നുള്ള കാര്‍ബണ്‍ ബഹിര്‍ഗമനമാണ് ഏറ്റവും കൂടുതല്‍ പ്രകൃതിയെ ബാധിക്കുന്നതെന്നും പഠനത്തില്‍ നിന്ന് മനസ്സിലായി. 2050 ആകുന്നതോടെ മൊത്തം താപനിലയില്‍ ഒരു ഡിഗ്രിയുടെ വര്‍ധന പ്രതീക്ഷിക്കാം.

അന്റാര്‍ട്ടിക്കയിലെ, ഫ്‌ളോറിഡയുടെ അത്രയും വലിപ്പമുള്ള തൈ്വറ്റ്‌സ് ഹിമാനി ഇപ്പോള്‍ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നുണ്ട്. ഈ ഹിമാനി ഉരുകിയാല്‍ സമുദ്രനിരപ്പ് ഗണ്യമായി ഉയരും. ഐസ്‌ലാന്‍ഡില്‍ മാത്രം നാനൂറോളം ഹിമാനികളുണ്ട്. അവയ്‌ക്കെല്ലാം 2200 ഓടെ ഒക്യോകുല്‍ ഹിമാനിയുടെ വിധിയായിരിക്കും ഉണ്ടാവുകയെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 1100 കോടി ടണ്‍ മഞ്ഞാണ് ഐസ് ലാന്‍ഡില്‍ മാത്രം ഓരേ വര്‍ഷവും ഉരുകിത്തീരുന്നത്. 2200ഓടെ ഐസ്‌ലാന്‍ഡിലെ നാനൂറോളം മഞ്ഞുപാളികള്‍ ഇല്ലതാവുമെന്ന മുന്നറിയിപ്പുകള്‍ ഏവരെയും ആശങ്കപ്പെടുത്തുന്നുണ്ട്.

ഇതിനിടെ, ലോകം കാലാവസ്ഥാ വിവേചനത്തിന്റെ പിടിയിലാണെന്ന് യു.എന്‍ മനുഷ്യാവകാശ വിദഗ്ദ്ധന്‍ ഫിലിപ്പ് ആല്‍സ്റ്റണ്‍ പറയുന്നു. വര്‍ദ്ധിച്ചുവരുന്ന കാലാവസ്ഥാ പ്രതിസന്ധി മൂലം ഉണ്ടാകുന്ന ചൂടില്‍ നിന്നും, പട്ടിണിയില്‍ നിന്നും സമ്പന്നര്‍ പണം നല്‍കി രക്ഷപ്പെടുന്നു. ബാക്കിയുള്ളവരെല്ലാം കഷ്ടപ്പെടുകയാണ്. ആഗോള താപനത്തിന്റെ പ്രത്യാഘാതങ്ങള്‍ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍, വെള്ളം, ഭക്ഷണം, പാര്‍പ്പിടം എന്നിവയടക്കമുള്ള അടിസ്ഥാന അവകാശങ്ങളെ മാത്രമല്ല, ജനാധിപത്യത്തെയും നിയമവാഴ്ചയെയും ദുര്‍ബലപ്പെടുത്തുമെന്ന് കടുത്ത ദാരിദ്ര്യത്തെയും മനുഷ്യാവകാശത്തെയും കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ യു.എന്‍ നിയോഗിച്ച ഫിലിപ്പ് ആല്‍സ്റ്റണ്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ 50 വര്‍ഷംകൊണ്ട് ആരോഗ്യ രംഗത്തും, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന രംഗത്തും നമ്മള്‍ നേടിയ പുരോഗതിയാണ് ഇല്ലാതാകാന്‍ പോകുന്നതെന്ന് ആല്‍സ്റ്റണ്‍ പറയുന്നു. ലോക ജനസംഖ്യയുടെ പകുതിയോളംവരുന്ന ഏറ്റവും ദരിദ്രരായവര്‍ 10 ശതമാനം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് മാത്രമാണ് പുറന്തള്ളുന്നത്. എന്നാല്‍, അതിന്റെ 75 ശതമാനം വഹിക്കുന്നത് വികസ്വര രാജ്യങ്ങളാണെന്ന് ആല്‍സ്റ്റന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ വിഷയത്തില്‍ ഐക്യരാഷ്ട്ര സംഘടനയടക്കമുള്ള ഏജന്‍സികള്‍ കൈക്കൊള്ളുന്ന തീര്‍ത്തും അപര്യാപ്തമായ നടപടികളെ ആല്‍സ്റ്റണ്‍ രൂക്ഷമായി വിമര്‍ശിക്കുന്നു. ''വരാനിരിക്കുന്ന പ്രക്ഷോഭങ്ങളെ അതിജീവിക്കാന്‍ മനുഷ്യാവകാശങ്ങള്‍ക്ക് കഴിഞ്ഞെന്നുവരില്ല..'' എന്നാണ് യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അദ്ദേഹം ഉപസംഹരിക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക