Image

നോത്ര് ഡാമിന്റെ കഥാകാരന്‍ (ഡോ. സലീമ അബ്ദുള്‍ ഹമിദ്, കാനഡ)

Published on 19 August, 2019
നോത്ര് ഡാമിന്റെ കഥാകാരന്‍ (ഡോ. സലീമ അബ്ദുള്‍ ഹമിദ്, കാനഡ)
2019 ഏപ്രില്‍ 15ന് പാരീസിലെ നോത്ര് ഡാം (Our Lady) കത്തീഡ്രലില്‍ തീപിടുത്തമുണ്ടായി എന്ന് കേട്ടപ്പോള്‍ ലോകമെമ്പാടുമുള്ള മനുഷ്യര്‍ അതീവ ദുഃഖിതരായി. ഫ്രഞ്ചുകാരുടെ ദേശീയ സ്മാരകങ്ങളില്‍ ഏറ്റവുമധികം സന്ദര്‍ശകര്‍ എത്തുന്നത് ഈ പള്ളിയിലാണ്-ഒരു കൊല്ലം ഏകദേശം പതിമൂന്നു മില്യണ്‍! 1160-ല്‍ നിര്‍മ്മിക്കപ്പെടുകയും പലപ്രാവശ്യം പുനരുദ്ധരിക്കപ്പെടുകയും ചെയ്ത ഈ പള്ളി അതിന്റെ ചരിത്രവും നിര്‍മ്മാണ വൈശിഷ്ട്യവും കൊണ്ട് ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയില്‍ ആദ്യം തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്. 2013 ഇവിടം സന്ദര്‍ശിക്കാന്‍ ലഭിച്ച അവസരം ഒരു ഭാഗ്യമായി തന്നെ കരുതുന്നു.

പാരീസിന്റെ ജീവനാഡിയായ സീന്‍ നദിയിലെ ഒരു ചെറു ദ്വീപിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. ഗോഥിക് ശൈലിയിലുള്ള ഇതിന്റെ നിര്‍മ്മാണം 1345-ലാണ് പൂര്‍ത്തിയായത്. 1792 ലെ ഫ്രഞ്ച് വിപ്ലവ കാലത്തു ഇതിനു കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. ഇന്നും പലഭാഗത്തും കോടാലി കൊണ്ടും ചുറ്റിക കൊണ്ടും ഉണ്ടാക്കിയ കേടുപാടുകളുടെ അടയാളങ്ങള്‍ കാണാം. പള്ളിയുടെ അകത്തേക്കുള്ള പ്രവേശനം സൗജന്യമാണ്. എന്നാല്‍ ടവറിനകത്തു കടക്കാനായി 8.5 യൂറോയുടെ ടിക്കറ്റ് എടുക്കേണ്ടതുണ്ട്. പള്ളിയുടെ ഏറ്റവും സുന്ദരമായ ഭാഗം അതിന്റെ പ്രവേശനദ്വാരവും തെക്കും വടക്കും പടിഞ്ഞാറും ഭാഗത്തുള്ള മൂന്ന് റോസ് ജനാല (rose windows) കളുമാണ്. മുന്‍ഭാഗത്തുള്ള മതിലുകളിലും വാതിലുകളിലും ധാരാളമായി കാണുന്ന ഓരോ ചെറുപ്രതിമയുമായും ബന്ധപ്പെട്ടു ഓരോ കഥകളുണ്ട്. ഏഴുത്തും വായനയും സാധാരണമല്ലാതിരുന്ന അക്കാലത്തു സാധാരണക്കാര്‍ക്ക് ബൈബിള്‍ കഥകള്‍ പരിചയപ്പെടുത്തുവാനും കൂടി ഉദ്ദേശിച്ചായിരുന്നു ഈ നിര്‍മ്മാണം. അള്‍ത്താരയില്‍ കന്യാമറിയത്തിന്റെയും യേശുക്രിസ്തുവിന്റെയും പ്രതിമയ്ക്ക് ഇരുവശത്തുമായി കയ്യില്‍ കിരീടവുമായി മുട്ടുകുത്തി നില്‍ക്കുന്ന ലൂയി പതിമൂന്നാന്റെയും പതിനാലാമന്റെയും പ്രതിമകള്‍ കാണാം. നിറമുള്ള ഗ്ലാസ് പതിച്ച ധാരാളം ജനാലകള്‍ പള്ളിയുടെ അകം പ്രകാശപൂര്‍ണ്ണമാക്കുന്നു. ഈയം കൊണ്ടുണ്ടാക്കിയ മേല്‍ക്കൂരയുടെ ഭാരം കൊണ്ടു ഭിത്തികള്‍ കേടുവരാതിരിക്കാനായി കോണ്‍ക്രീറ്റ് താങ്ങുകള്‍ (Flying Butress) തൂണുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഹാളിന്റെ മദ്ധ്യഭാഗത്ത് ആരാധനയ്ക്കായി എത്തുന്നവരുന്നവരുടെ ഇരിപ്പിടങ്ങളാണ്. നാലു ചുറ്റും പുണ്യ വാളന്മാരുടെ പ്രതിമകളോടു കൂടിയ ചാപ്പലുകള്‍ കാണാം. ക്രിസ്തുവിനെ കുരിശില്‍ തറച്ചപ്പോള്‍ അദ്ദേഹത്തെ അണിയിച്ചതെന്നു പള്ളിഅധികാരികള്‍ അവകാശപ്പെടുന്ന മുള്‍ക്കിരീടം ഒരു സുതാര്യമായ പേടകത്തിനുള്ളില്‍ സൂക്ഷിച്ചിട്ടുണ്ട്. കൂടാതെ അന്നുപയോഗിച്ച കുരിശിന്റെ കഷ്ണവും ഒരു ആണിയും ഇവരുടെ ശേഖരത്തില്‍പ്പെടുന്നു. ഒരോ മാസത്തേയും ആദ്യവെള്ളിയാഴ്ച്ച 3 മണിക്കുള്ള പ്രാര്‍ത്ഥനയില്‍ ഈ കിരീടം വിശ്വാസികള്‍ക്കായി പ്രദര്ശിപ്പിചിരുന്നു. ആവശ്യമുള്ളവര്‍ക്ക് ഇത് തൊടുകയോ ചുംബിക്കുകയോ ചെയ്യാം. 

432 പടികളോടു കൂടിയ ഒരു ചുറ്റു ഗോവണി (Spiral Staircase) കയറി വേണം മുകളിലെത്താന്‍. പകുതി വഴിയില്‍ ഇമ്മാനുവേല്‍ എന്ന് പേരുള്ള ഭീമാകാരനായ ഒരു മണി കാണാം. ഇന്ന് ബാക്കിയുള്ള ഏക മണി ഇത് മാത്രമാണ് . മറ്റു മണികളെല്ലാം വിപ്ലവത്തിന്റ കാലത്തു യുദ്ധോപകരണങ്ങള്‍ ഉണ്ടാക്കാനായി ഉരുക്കി. ഇന്ന് ഇലക്രോണിക് സംവിധാനം ഉപയോഗിച്ചാണ് പള്ളിമണി അടിക്കുന്നത്. ചില വിശേഷാവസരങ്ങളില്‍ മാത്രം ഇമ്മാനുവേലിനെ ഉപയോഗിക്കുന്നുള്ളൂ. ഇതു അടിക്കുന്ന അവസരത്തില്‍ ഗോപുരം വിറ കൊള്ളുമെന്ന് പറയപ്പെടുന്നു . മുകളിലെത്തിയാല്‍ ഗോപുരവും അതിനു സമീപത്തായി പ്രതിഷ്ഠിച്ചിരിക്കുന്ന പ്രതിമകളെയും കാണാം . ഗര്‍കോയല്‍സ് (Gargoyles) എന്ന വിചിത്രരൂപികളുടെ വായില്‍ കൂടിയാണ് മഴവെള്ളം താഴേക്ക് പതിക്കുന്നത്. ഏറ്റവും മുകളിലെത്തിയാല്‍ ഗോപുരവും അതിനു ചുററുമുള്ള ഇളംപച്ചനിറത്തിലുള്ള പ്രതിമകളും, ഈഫല്‍ ടവര്‍ ഉള്‍പ്പടെയുള്ള പാരീസിന്റെ സുന്ദരമായ ആകാശക്കാഴ്ചകളും കാണാം. പള്ളിയുടെ മുറ്റത്തു സീറോ പോയിന്റ് എന്ന് വിളിക്കപ്പെടുന്ന ലോഹനിര്‍മ്മിതമായ ഒരു അടയാളം കാണാം. ഇത് പാരീസിന്റെ കേന്ദ്ര ബിന്ദുവായി കണക്കാക്കപ്പെടുന്നു. പാരീസില്‍ നിന്നു എവിടേക്കും ഉള്ള ദൂരം ഈ പോയിന്റില്‍ നിന്നാണ് കണക്കാക്കപ്പെടുന്നത് .

6 മില്യണ്‍ യൂറോയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് വരുന്നതിനിടയിലാണ് തീപിടുത്തമുണ്ടായത്. 15 മണിക്കൂര്‍ നീണ്ടുനിന്ന അഗ്‌നിയുടെ വിളയാട്ടം ഗോപുരത്തിനും തടികൊണ്ട് ഉണ്ടാക്കിയ പള്ളിയുടെ മേല്‍ക്കൂരയ്ക്കും വളരെയധികം കേടുപാടുകള്‍ ഉണ്ടാക്കി. ഇതേത്തുടര്‍ന്ന് ദിവസങ്ങള്‍ക്കകം പലയിടങ്ങളില്‍ നിന്നും വ്യക്തികളും കമ്പനികളും ഏകദേശം ഒരു ബില്യണ്‍ ഡോളര്‍ ഇതിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഒരു ആരാധനാലയം മാത്രമല്ല അതിനുമപ്പുറം ജാതിമതങ്ങള്‍ക്ക് അതീതരായി ലോകമെമ്പാടുമുള്ള എഴുത്തും വായനയും അറിയാവുന്ന മനുഷ്യര്‍ക്ക് മറ്റെന്തൊക്കെയോ ആണ്, നോത്ര് ഡാം പള്ളി. ഇതിന് പ്രധാന പങ്കു വഹിച്ചത് കോടിക്കണക്കിനു ആളുകളുടെ ആരാധനാപാത്രമായ വിക്ടര്‍ ഹ്യൂഗോ എന്ന എഴുത്തുകാരനാണ്. ലോകക്ലാസ്സിക്കുകളായ നോത്ര് ഡാമിലെ കൂനന്‍, Les Miserables (പാവങ്ങള്‍), എന്നിവയടക്കം അസംഖ്യം നോവലുകളും കവിതകളും ഓര്‍മ്മക്കുറിപ്പുകളും. നാടകങ്ങളും ലേഖനങ്ങളും മാത്രമല്ല അദ്ദേഹം രചിച്ചത്; ഒരു നല്ല ചിത്രകാരനും ഫോട്ടോഗ്രാഫറും കൂടിയായിരുന്നു ഹ്യൂഗോ.

ഫ്രാന്‍സിലെ ബെസാന്‍ങ്കോ (Besanco) എന്ന പട്ടണത്തില്‍ 1802 ഫെബ്രുവരി 26 നു അദ്ദേഹം ജനിച്ചു. നെപ്പോളിയന്‍ ഒന്നാമന്റെ ആര്‍മിയിലെ ജനറല്‍ ആയിരുന്നു അച്ഛന്‍ ജോസഫ് ലിയോപോള്‍ഡ് ഹ്യൂഗോ . അമ്മ സോഫി രാജഭരണത്തെ അനുകൂലിക്കുന്ന ഒരു തികഞ്ഞ കത്തോലിക്കാ മതവിശ്വാസിയായിരുന്നു. രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് അവര്‍ വേര്‍പിരിയുകയാണ് ഉണ്ടായത്. അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ട് അദ്ദേഹം അന്ന് യൂറോപ്പില്‍ എമ്പാടും സഞ്ചരിച്ചു. അദ്ദേഹത്തിന്റെ കവിതകളില്‍ വളരെ വ്യക്തമായി കാണപ്പെടുന്ന പ്രകൃതിയുമായുള്ള മാനസികമായ കൊടുക്കല്‍ വാങ്ങലുകള്‍ ഇതില്‍ നിന്നുണ്ടായതാണ്. സഹപാഠിയും സുഹൃത്തുമായിരുന്ന അഡേലിനെ വിവാഹം ചെയ്യണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്, എന്നാല്‍ അദ്ദേഹത്തിന്റെ അമ്മയ്ക്ക് ഇത് സമ്മതമായിരുന്നില്ല. ഇക്കാലത്താണ് രാജാവിനെ സ്തുതിച്ചുകൊണ്ട് ഒരു ഗീതം എഴുതുന്നത്. ഇതില്‍ സംപ്രീതനായ ഫ്രഞ്ച് രാജാവ് അദ്ദേഹത്തിന് ഓരോ കൊല്ലവും ആയിരം ഫ്രാങ്ക് പെന്‍ഷന്‍ അനുവദിച്ചു. അമ്മയുടെ സ്വാധീനം നിമിത്തം ആദ്യകാലത്ത് അദ്ദേഹം കടുത്ത രാജ ഭക്തനും കത്തോലിക്കാ മതവിശ്വാസിയും ആയിരുന്നു. 1848-ലെ ഫ്രഞ്ച് വിപ്ലവത്തിലേക്ക് നയിച്ച സംഭവങ്ങളെ തുടര്‍ന്നാണ് അദ്ദേഹം സ്വതന്ത്രചിന്തകന്‍ (freethinker) ആയി സ്വയം പ്രഖ്യാപിക്കുന്നത്.

1821 അദ്ദേഹത്തിന്റെ അമ്മ മരിച്ചശേഷം ഒരു കൊല്ലത്തിനുള്ളില്‍ അഡേലിനെ വിവാഹം ചെയ്തു. അവര്‍ക്ക് അഞ്ചു കുട്ടികള്‍ ഉണ്ടായി. എന്നാല്‍ ജൂലിയറ്റ് എന്ന് ഒരു നടിയുമായി ഉള്ള ബന്ധം ഇതോടൊപ്പം തുടര്‍ന്നു. ഏകദേശം 50 കൊല്ലം അവര്‍ അദ്ദേഹത്തിന്റെ സെക്രട്ടറിയായും കൂട്ടുകാരിയായും ഒപ്പമുണ്ടായിരുന്നു. ജൂലിയറ്റ് ഇരുപതിനായിരം പ്രേമലേഖനങ്ങള്‍ വിക്ടര്‍ ഹ്യൂഗോക്കായി എഴുതിയിട്ടുണ്ട്.

1831-ലാണ് നോത്ര് ഡാമിലെ കൂനന്‍ എന്ന കൃതി പ്രസിദ്ധീകരിക്കുന്നത്. വികൃതനും ഒറ്റക്കണ്ണനും ആയ ഒരു കൂനനാണ് ഇതിലെ നായകനായ ക്വാസിമോദോ. ഇയാള്‍ നോത്രദാം പള്ളിയിലെ മണിയടിക്കാരനാണ്. അത്തരത്തിലുള്ള ഒരു നായകന്‍ ആദ്യമായാണ് സൃഷ്ടിക്കപ്പെടുന്നത്. പള്ളിയുടെ മുമ്പില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞായി വായനക്കാരന്റ മുമ്പിലെത്തുന്ന ഇയാളുടെ ഇരുപതാം വയസ്സില്‍ ആണ് കഥ സംഭവബഹുലം ആകുന്നത്. തന്റേതല്ലാത്ത കുറ്റത്തിന് എല്ലാവരാലും തിരസ്‌കരിക്കപ്പെട്ട അയാള്‍ തുടര്‍ച്ചയായ പള്ളി മണിയൊച്ചകള്‍ മൂലം ബധിരനും കൂടിയാണ്. അവിടുത്തെ ഏറ്റവും വലിയ മണിയുടെ ഏറ്റവും വലിയ ശബ്ദം മാത്രമേ അയാള്‍ക്ക് കേള്‍ക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. അയാളുടെ വീടും രാജ്യവും ലോകവും എല്ലാം ആ പള്ളിയായി. അവിടുത്തെ രാജാക്കന്മാരുടെയും പുണ്യവാളന്മാരുടെയും ചെകുത്താന്മാരുടെയും പ്രതിമകള്‍ അവന്റെ സുഹൃത്തുക്കളായി. അവര്‍ പരസ്പരം നിശബ്ദമായ സംസാരിച്ചു; പള്ളിമണികളെ അവന്‍ സ്വന്തം സഹോദരിമാരായി കണക്കാക്കി. എല്ലാ വിധത്തിലും ഏകാകിയായ ഒരു മനുഷ്യന്റെ ജീവിതം ഇതിനേക്കാള്‍ നന്നായി എങ്ങനെയാണ് വരച്ചുകാട്ടുക?

പതിനഞ്ചാം നൂറ്റാണ്ടില്‍ നടക്കുന്ന ഈ കഥയിലെ സംഭവങ്ങള്‍ക്ക് മൂകസാക്ഷിയാണ് ഈ പള്ളി. മധ്യകാല ഗോഥിക് ശൈലിയില്‍ നിര്‍മ്മിച്ച മന്ദിരങ്ങളുടെ പുനരുദ്ധാരണത്തിന്റെ ആവശ്യകതയിലേക്ക് പാരീ സുകാരുടെ ശ്രദ്ധ തിരിക്കലും അദ്ദേഹത്തിന്റെ ഉദ്ദേശങ്ങളില്‍ ഒന്നായിരുന്നു. അദ്ദേഹം ഇതെഴുതുന്ന കാലത്തു് ഈ പള്ളി വളരെ ദയനീയമായ അവസ്ഥയിലായിരുന്നു. ഇത് പൊളിച്ചു മാറ്റണമെന്ന ആവശ്യം ശക്തമായി. ഇക്കാലത്താണ് യൂജിന്‍ വോയ്ലെറ് ലഡുക് എന്ന ആര്‍ക്കിടെക്‌ററ് ഇതിനെ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയത്. അദ്ദേഹം സുഹൃത്തായ വിക്ടര്‍ ഹ്യൂഗോയോട് ഇത് സംരക്ഷിക്കേണ്ടതിനെ ആവശ്യം ഊന്നിപ്പറഞ്ഞു കൊണ്ടു സാഹിത്യസൃഷ്ടി നടത്തണമെന് ആവശ്യപ്പെട്ടു. പിന്നീട് അദ്ദേഹം എഴുതിയ ' നോത്ര് ഡാമിലെ കൂനന്‍'' എന്ന കൃതിയിലെ പത്തു പേജുള്ള പതിനാലാമത്തെ അദ്ധ്യായം ഇതിനു വേണ്ടി തന്നെ മാറ്റി വച്ചു. അവിടെ നായകനും നായികയും ഒന്നുമില്ല, പള്ളി മാത്രം ! ആ പത്തു പേജുകളാണ് ഇന്ന് കാണുന്ന പള്ളിയുടെ രക്ഷകനായത് എന്ന് ചരിത്രം പറയുന്നു. നോവലിലെ പള്ളിയുടെ അവസ്ഥയ്പ്പറ്റിയുള്ള വിവരണം കഥ ആവശ്യപ്പെടുന്നതിനേക്കാള്‍ വളരെ അധികമായിരുന്നു. അത്ഭുതകരമായ സ്വീകരണമാണ് ഈ നോവലിന് ലോകമാസകലം ലഭിച്ചത്. 'Thoughts written in stone ' എന്നാണ് അദ്ദേഹം ഈ സൗധത്തെപ്പറ്റി ഒരിക്കല്‍ പറഞ്ഞത്. പിന്നീട് ഈ പുസ്തകം ലോകത്തിലെ പല ഭാഷകളിലേക്കും പരിഭാഷപ്പെടുത്തുകയും സിനിമയായും നാടകമായും മ്യൂസിക്കല്‍ ആയും ടിവി സീരിയല്‍ ആയും പലപ്രാവശ്യം പുനര്‍നിര്‍മ്മിക്കപ്പെടുകയും ചെയ്തു. പ്രസിദ്ധീകരിച്ചതിനു ശേഷമുള്ള രണ്ട് നൂറ്റാണ്ടുകള്‍ക്കിടയില്‍ ലോകത്താകമാനമുള്ള മനുഷ്യരുടെ ചിന്തയെയും പെരുമാറ്റത്തെയും ഇത് പലവിധത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. വികൃതശരീരത്തിനകത്തെ ധീരവും കനിവാര്‍ന്നതുമായ ഹൃദയത്തെയാണ് ലോകം കണ്ടത്. ഓരോ മനുഷ്യന്റെയും രൂപത്തിനും പാരമ്പര്യത്തിനും മുകളിലായി അയാളിലെ നന്മയെ വിലമതിക്കേണ്ടതിന്റെ പ്രാധാന്യം ഈ കൃതി വായനക്കാരന് ഇന്നും ബോദ്ധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ആധുനിക യൂറോപ്പിന്റെ മനസാക്ഷി രൂപീകരിക്കുന്നതില്‍ വിക്ടര്‍ ഹ്യൂഗോയുടെ പങ്ക് വളരെ വലുതാണ്.

1831 പഴയ രീതിയിലുള്ള രാജഭരണം മാറി കോണ്‍സ്റ്റിറ്റിയൂഷണല്‍ മൊണാര്‍ക്കി (ഭരണഘടന അനുസരിച്ചുള്ള ഭരണവും ഏറ്റവും മുകളില്‍ രാജാവ് രാഷ്ട്രത്തലവനായി തുടരുകയും ചെയ്യുന്നു രീതി) ആയി മാറി. ഇക്കാലത്ത് അദ്ദേഹം ഇടതുപക്ഷത്തായിരുന്നു. അതിഥിസല്‍ക്കാരപ്രിയനായ അദ്ദേഹം അതിഥികളും ആരാധകരുമായി എത്തുന്നു എണ്ണമറ്റ ആളുകളെ സ്വന്തം വീട്ടില്‍ സ്വീകരിച്ചു. ചെറിയ അര കാളക്കുട്ടിയെ ഒറ്റയിരിപ്പിന് തിന്നാനും ഒരാഴ്ചയോളം തുടര്‍ച്ചയായി ഉറങ്ങാതെ എഴുതാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു എന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കാലക്രമേണ അദ്ദേഹം ഫ്രഞ്ച് ദേശീയതയുടെ അടയാളം ആയി മാറി. ഫ്രഞ്ച് അക്കാദമിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ''ലോര്‍ഡ് ' എന്ന പദവി അദ്ദേഹത്തിന് നല്‍കപ്പെടുകയും ചെയ്തു. ഇതുമൂലം അദ്ദേഹം പാര്‍ലമെന്റിലെ ഉപരിസഭയിലെ അംഗമായി മാറി.

പിന്നീട്  ഒരു പ്രശസ്ത ചിത്രകാരന്റെ ഭാര്യയോടൊപ്പം അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. വ്യഭിചാരം അക്കാലത്ത് ഫ്രാന്‍സില്‍ കുറ്റകരമായിരുന്നു. ശിക്ഷയുടെ ഭാഗമായി ഇതില്‍ ഉള്‍പ്പെട്ട സ്ത്രീ ജയിലിലടയ്ക്കപ്പെട്ടു. ലോഡ് എന്ന സ്ഥാനപ്പേര് ഉണ്ടായിരുന്നതു നിമിത്തം നിയമപരമായി ഹ്യൂഗോയെ വിചാരണ ചെയ്യാന്‍ അസാദ്ധ്യമായിരുന്നു. അങ്ങനെ അദ്ദേഹം ഇതില്‍ നിന്നും രക്ഷപ്പെട്ടു. ഇതിനെപ്പറ്റി തുറന്നു കുറ്റസമ്മതം അദ്ദേഹം എവിടെയും നടത്തിയിട്ടില്ല, എന്നാല്‍ അതിനുശേഷം അദ്ദേഹം എഴുതിയ പാവങ്ങള്‍ എന്ന കൃതിയില്‍ പ്രതികാരബുദ്ധിയോടെ കൂടി നിസ്സഹായരായ വ്യക്തികള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്ന ഭരണകൂട സ്ഥാപനങ്ങളെ വിമര്‍ശിക്കുന്നുണ്ട്. പിന്നീട് ജയില്‍ മോചിതയായ അവരെ അദ്ദേഹം സാമ്പത്തികമായി സഹായിച്ചിരുന്നു. ബാലവേലയ്‌ക്കെതിരെയും ജയില്‍ പരിഷ്‌കരണത്തിന് വേണ്ടിയും ഭവനരഹിതരായവരുടെ പുനരധിവാസത്തിന് വേണ്ടിയും അദ്ദേഹം എഴുത്തിലൂടെയും അല്ലാതെയും ശബ്ദമുയര്‍ത്തി.

ഇക്കാലത്ത് നെപ്പോളിയന്‍ ദ ഗ്രേറ്റിനെ കളിയാക്കികൊണ്ട് ' Nepolean the little 'എന്ന് പേരില്‍, ഒരു നാടകം വിക്ടര്‍ ഹ്യൂഗോ എഴുതി. പതിയിരുന്ന് ആക്രമിക്കുന്നതും കുറ്റകൃത്യങ്ങളും കളവുകളും നിയമവാഴ്ച നിലനിര്‍ത്തുന്നതിനുള്ള നടപടിയുടെ ഭാഗമാണെന്ന് വ്യാഖ്യാനിക്കുന്ന കാപട്യത്തെ അദ്ദേഹം തുറന്നുകാട്ടി. ഈ പുസ്തകത്തിന്റെ ആയിരക്കണക്കിന് കോപ്പികള്‍ ലോകമെമ്പാടും വിറ്റഴിഞ്ഞു. ഫ്രാന്‍സ്, മെക്‌സിക്കോയില്‍ മാക്‌സ്മില്യന്‍ രാജാവിനെ അവിടുത്തെ പാവ ഗവണ്‍മെന്റിന്റെ തലവനായി നിയമിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. ഈ നാടകത്തിലെ പല വരികളും ഫ്രഞ്ച് ആര്‍മിയുടെ ആത്മവീര്യം കെടുത്താനായി ഉപയോഗിച്ചു. നെപ്പോളിയന്‍ ആവശ്യപ്പെട്ട പിന്‍തുണ ഹ്യൂഗോ നിരസിച്ചപ്പോള്‍ അദ്ദേഹത്തെ ''അരക്കിറുക്കന്‍'' എന്ന് മുദ്രകുത്തി.

1851 ഡിസംബറില്‍ അദ്ദേഹത്തിന് നെപ്പോളിയന്മായുള്ള അഭിപ്രായ വ്യത്യാസം മൂലം ഫ്രാന്‍സ് വിടേണ്ടി വന്നു. ഈ അവസരത്തില്‍ കാമുകിയായ ജൂലിയറ്റ് തന്റെ കരിയര്‍ ഉപേക്ഷിച്ച് അദ്ദേഹത്തോടൊപ്പം പോയി. ഒരു സാധാരണ തൊഴിലാളിയെ പോലെ വേഷംമാറി ഫ്രാന്‍സിന് പുറത്തുകടന്നു, ബ്രസ്സല്‍സില്‍ എത്തിയ അദ്ദേഹം ലണ്ടന്‍ വഴി ചാനല്‍ ഐലന്‍ഡില്‍ എത്തിച്ചേരുകയായിരുന്നു. ഇവിടെ    താമസിയ്ക്കുന്ന കാലത്താണ് അദ്ദേഹം ലോകത്തോട് നേരിട്ട് സംസാരിച്ചു തുടങ്ങിയത്. ലോകം മുഴുവനുള്ള പീഡിപ്പിക്ക പ്പെടുന്ന മനുഷ്യര്‍ക്കായി അദ്ദേഹം നടത്തിയ ഇടപെടലുകളില്‍ തന്റെ റോളിനെപ്പറ്റി അദ്ദേഹത്തിന് നല്ല വ്യക്തതയുണ്ടായിരുന്നു. നിസ്സഹായരും ദുര്‍ബലരുമായ മനുഷ്യര്‍ക്ക് വേണ്ടി ആയിരുന്നു അദ്ദേഹം എന്നും ശബ്ദമുയര്‍ത്തിയത്.

പാവങ്ങള്‍ 1842 ലാണ് എഴുതാന്‍ തുടങ്ങുന്നത്. എന്നാല്‍ 1845 ലെ വിപ്ലവം നിമിത്തം അത് പിന്നെയും നീണ്ടു പോയി. ഇംഗ്ലീഷ് ചാനലിലെ ജഴ്‌സി എന്ന ദ്വീപിലാണ് അദ്ദേഹം ആദ്യം താമസിച്ചത്. വളരെ കുറച്ചു വര്‍ഷങ്ങളേ അവിടെ താമസിക്കാന്‍ സാധിച്ചുള്ളൂ. അദ്ദേഹം അവിടെ നിന്നും പല കാരണങ്ങള്‍ കൊണ്ട് പുറത്താക്കപ്പെട്ടു. ഇംഗ്ലീഷ് ചാനലില്‍ തന്നെയുള്ള മറ്റൊരു ദ്വീപായ ഗണ്‍സി (Guernsey)യില്‍ ആണ് തുടര്‍ന്നുള്ള 16 വര്‍ഷം താമസിച്ചത്. നെപ്പോളിയന്റെ ഭരണം അവസാനിക്കുന്നതു വരെ ഫ്രാന്‍സിലേക്ക് മടങ്ങി പോവുകയില്ല എന്ന് അദ്ദേഹം തീരുമാനിച്ചിരുന്നു. 1862 ല്‍ പുറത്തിറങ്ങിയ പാവങ്ങള്‍ അതിവേഗം ഒരു ലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞു. അതിനുശേഷം ഈ കൃതി എത്രയോ പ്രാവശ്യം പുന:പ്രസിദ്ധീകരിക്കുകയും പല ഭാഷകളിലേക്കും തര്‍ജ്ജിമ ചെയ്യപ്പെടുകയും ഉണ്ടായിട്ടുണ്ട്. വിക്ടര്‍ യൂഗോ നാടുവിട്ടു പോയ ശേഷം ഇക്കാലത്ത് അദ്ദേഹത്തിന്റെ കൃതികള്‍ മിക്കവയും ഫ്രാന്‍സില്‍ സെന്‍സര്‍ഷിപ്പിന് വിധേയമായിരുന്നു. നെപ്പോളിയന്റ വിരോധത്തിന് പാത്രമാകാതിരിക്കാനായി ധാരാളം ബുദ്ധിജീവികള്‍ മൗനം അവലംബിച്ചു. അടുത്ത 50 വര്‍ഷത്തേക്ക് സാഹിത്യം ഹ്യൂഗോയെ അനുകൂലിക്കുന്നവര്‍ എന്നും എതിര്‍ക്കുന്നവര്‍ എന്നും രണ്ടു ചേരിയായി മാറി. അക്കാലത്തെ ഫ്രാന്‍സിലെ സ്‌കൂള്‍ ചരിത്രപുസ്തകങ്ങളില്‍ ''ചാടിപ്പോയ ഒരു കുറ്റവാളി'' ആയിട്ടാണ് വിക്ടര്‍ ഹ്യൂഗോയെ ചിത്രീകരിച്ചിരിക്കുന്നത്.

വിചിത്ര സ്വഭാവിയിരുന്ന വിക്ടര്‍ യൂഗോയുടെ പല പ്രവര്‍ത്തനങ്ങളും അക്കാലത്ത് അദ്ദേഹത്തിന് കിറുക്കന്‍ എന്നുള്ള പേര് നേടിക്കൊടുത്തു. 'Victor Hugo was a mad man who thought he was Victor Hugo' ( താനാണ് വിക്ടര്‍ ഹ്യൂഗോ എന്ന് കരുതിയ ഒരു ഭ്രാന്തനാണ് വിക്ടര്‍ഹ്യഗോ ) എന്ന് അക്കാലത്ത് പരക്കെ വിശ്വസിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ കൃതികള്‍ അക്കാലത്ത് ഒരു ഭാഷയില്‍ നിന്ന് മറ്റൊരു ഭാഷയിലേയ്ക്കും ഒരു ഭൂഖണ്ഡത്തില്‍ നിന്നും മറ്റൊരു ഭൂഖണ്ഡത്തിലേയ്ക്കും പിന്നീട് ഒരു നൂറ്റാണ്ടില്‍ നിന്ന് മറ്റൊരു നൂറ്റാണ്ടിലേയ്ക്കും യാത്ര ചെയ്തു. അജ്ഞതയിലും, അടിച്ചമര്‍ത്തലിലും, ചൂഷണത്തിനും വിധേയരായി ജീവിച്ചിരുന്ന സാധാരണ മനുഷ്യര്‍ക്ക് വേണ്ടി യൂറോപ്പില്‍ ആദ്യമായി സാഹിത്യരചന നടത്തിയ എഴുത്തുകാരില്‍ പ്രധാനി ആയിരുന്നു അദ്ദേഹം. പത്തൊമ്പതാം നൂറ്റാണ്ടില്‍ വിക്ടര്‍ യൂഗോയുടെ ഒരു പുസ്തകം ബുക്ക് ഷെല്‍ഫില്‍ ഉണ്ടാകുന്നത് ബൈബിളിലെ ഒരു കോപ്പി ഉണ്ടാകുന്നതിന് തുല്യമായി കണക്കാക്കിയിരുന്നു. ചില ആളുകള്‍ മതപരമായ അര്‍ത്ഥത്തില്‍ അല്ലെങ്കിലും അദ്ദേഹത്തെ ജീസസ ക്രൈസ്റ്റിന്റെ പിന്‍ഗാമിയായി കരുതി. അമേരിക്കന്‍ ആഭ്യന്തര യുദ്ധകാലത്ത് പരസ്പരം പൊരുതിയ കോണ്‍ഫെഡറേറ്റ്കളും യൂണിയനിസ്റ്റുകളും യുദ്ധത്തിന്റെ ഇടവേളകളില്‍ ഒരുപോലെ ''പാവങ്ങള്‍ ''വായിച്ചു. അവര്‍ക്കു വേണ്ടി ഓരോ ചാപ്റ്റര്‍ വീതം പ്രത്യേകമായി അച്ചടിച്ച ചെറിയ ഖണ്ഡങ്ങള്‍ അന്ന് ലഭ്യമായിരുന്നു.

ഇംഗ്ലീഷ് തീരെ അറിയാതെ 19 കൊല്ലം അദ്ദേഹം ഇംഗ്ലണ്ടില്‍ ജീവിച്ചു. ഈ കാലത്താണ് അദ്ദേഹം പാവങ്ങളും മറ്റ് അനേകം കവിതകളും എഴുതിയത്. ഇംഗ്ലീഷുകാരെ തീരെ ഇഷ്ടമില്ലാതിരുന്ന അദ്ദേഹം താന്‍ താമസിച്ചിരുന്ന ചാനല്‍ ഐലന്‍ഡ്, ഫ്രാന്‍സിന്റെ ഒരു കഷണം പൊട്ടി കടലില്‍ വീണത് ബ്രിട്ടീഷുകാര്‍ എടുത്ത് സ്വന്തമാക്കിയതാണ് എന്നാണ് വിശ്വസിച്ചിരുന്നത് . നല്ല തെളിച്ചമുള്ള ദിവസം ചാനല്‍ ഐലന്‍ഡിലെ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നാല്‍ ദൂരെ ഫ്രാന്‍സ് കാണാമായിരുന്നു. ഇത് അദ്ദേഹത്തിന് വളരെ ആനന്ദം നല്‍കി. എല്ലാകാര്യത്തിലും അംഗീകൃതമായ സാമൂഹിക പെരുമാറ്റ  രീതിക്ക് വളരെ പ്രാധാന്യം കൊടുത്തിരുന്ന. ബ്രിട്ടീഷുകാര്‍ക്ക് അദ്ദേഹത്തിന്റെ രീതികള്‍ തീരെ ദഹിക്കുന്നതായിരുന്നില്ല. നല്ലപോലെ ടൈ കെട്ടാന്‍ അറിയാത്ത, തൊട്ടു മുറ്റത്തുള്ള ബാര്‍ബറുടെ ഷോപ്പില്‍ നിന്നും മുടി വെട്ടിക്കുന്ന, കത്തോലിക്കനാണോ അവിശ്വാസി ആണോ എന്നു തിട്ടപ്പെടുത്താന്‍ പറ്റാത്ത വിധത്തിലുള്ള എഴുത്തും പെരുമാറ്റവും കൊണ്ടു നടക്കുന്ന അദ്ദേഹത്തോട് ബ്രിട്ടീഷുകാര്‍ക്ക് താല്‍പ്പര്യം തോന്നാതിരുന്നതില്‍ അത്ഭുതമില്ല. അദ്ദേഹം ചാനല്‍ ഐലന്‍ഡില്‍ താമസിക്കുന്ന കാലത്ത് തുടര്‍ച്ചയായ രഹസ്യ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. അത്ഭുതകരമായ ജനപിന്തുണ മൂലം ആര്‍ക്കും അദ്ദേഹത്തിന് എതിരായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഈ രഹസ്യ പോലീസ് റിപ്പോര്‍ട്ടുകള്‍ പലതും ഇന്നും ലണ്ടനിലെ ആര്‍ക്കൈവ്‌സില്‍ ഉണ്ട്. ചാനല്‍ ഐലന്‍ഡ് ബ്രിട്ടീഷുകാരുടെതാണോ അതോ വിക്ടര്‍ ഹ്യൂഗോയുടെതാണോ എന്ന് ഒരു ചോദ്യം ഒരു ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍ എഴുതിയിരിക്കുന്നത് ഫയലില്‍ കാണാം. അത്രമാത്രം അവര്‍ സഹികെട്ടിരുന്നു.

പ്രാര്‍ത്ഥനാ പുസ്തകങ്ങളുടെ രൂപത്തിലും വാക്കിംഗ് സ്റ്റിക്കിന് അകത്ത് ഒളിച്ചുവച്ച ചുരുളുകളായും മുഴുവന്‍ കോഴിയുടെ വയറ്റിനകത്ത് ഒളിച്ചുവെച്ചും ആണ് പല കൃതികളും ഫ്രാന്‍സിലേക്ക് എത്തിയിരുന്നത്. മീന്‍പിടുത്തബോട്ടുകളും വൈക്കോല്‍ കൂനകളുടെ പാക്കറ്റുകളും ഒക്കെ ഇത്തരം കള്ളക്കടത്തിനായി ഉപയോഗിക്കപ്പെട്ടു. പലപ്പോഴും ബലൂണുകള്‍ വഴി ഈ പുസ്തകങ്ങള്‍ ഫ്രാന്‍സിന്റെ പലഭാഗത്തും ആകാശത്തു നിന്ന് താഴേക്ക് നിക്ഷേപിക്കപ്പെട്ടു. ടെലഗ്രാഫ് വന്നതോടുകൂടി ഈ പുസ്തകങ്ങളുടെ പ്രചാരം കുറെക്കൂടി എളുപ്പമായി. പല രാജ്യങ്ങളും തങ്ങളുടെ ന്യായമായ ജനകീയ സമരങ്ങള്‍ക്ക് അദ്ദേഹത്തിന്റെ സഹായം അഭ്യര്‍ത്ഥിക്കുകയും അദ്ദേഹം അത് നല്‍കുകയും ചെയ്തു. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള സമരത്തില്‍ അയര്‍ലന്‍ഡിനും റഷ്യക്കാര്‍ക്കെതിരെയുള്ള സമരത്തില്‍ പോളണ്ട്കാര്‍ക്കും ഈ പിന്‍തുണ ലഭിച്ചു. ജനീവ, പോര്‍ച്ചുഗല്‍, കൊളംബിയ എന്നിവിടങ്ങളില്‍ മരണശിക്ഷ നിര്‍ത്തലാക്കിയതില്‍ വിക്ടര്‍ ഹ്യൂഗോക്കു വലിയൊരു പങ്കുണ്ട് 1870 അദ്ദേഹം ഫ്രാന്‍സിലേക്ക് മടങ്ങി. അതിനുശേഷം അവിടെ അദ്ദേഹം ഒരു വിഗ്രഹത്തിന് തുല്യമായ അവസ്ഥയിലായിരുന്നു ജീവിച്ചത്.

1885 മാര്‍ച്ച് 22 നു എണ്‍പത്തി മൂന്നാമത്തെ വയസ്സില്‍ അദ്ദേഹം മരണമടഞ്ഞു . അദ്ദേഹത്തിന്റെ മുതദേഹം പൊതു ദര്‍ശനത്തിന് വച്ച പാരീസിലെ ''ആര്‍ക്ക് ഡി ട്രയംഫ്'' മുതല്‍ മുതദേഹം സൂക്ഷിച്ചിരിക്കുന്ന പാന്തിയോണ്‍ (Pantheon) വരെയുള്ള വിലാപയാത്രയില്‍ 2 മില്യണ്‍ ആളുകള്‍ പങ്കെടുത്തു. പാന്തിയോണില്‍ എമിലി സോളാ, അലക്‌സാണ്ടര്‍ ഡ്യൂമാസ് തുടങ്ങിയവരുടെ സമീപത്തായിട്ടാണ് അദ്ദേഹത്തിന്റെ അന്ത്യവിശ്രമം. മരണശേഷം അദ്ദേഹത്തിന്റെ ചിത്രം ധാരാളം നിത്യോപയോഗ സാധനങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. പ്ലേറ്റുകള്‍ മുതല്‍ വോള്‍പേപ്പര്‍ വരെയുള്ള ഈ ലിസ്റ്റ് വളരെ നീണ്ടതാണ്. വന്‍കിട കമ്പനികള്‍ അദ്ദേഹത്തിന്റെ ജനപ്രീതി വിറ്റഴിക്കാന്‍ ഒട്ടും മടി കാണിച്ചില്ല. അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഒരു പാര്‍ക്കോ റോഡോ ഇല്ലാത്ത ഒരു പട്ടണം പോലും ഫ്രാന്‍സില്‍ ഇല്ല.

ഹ്യൂഗോ മരിച്ചു 41 കൊല്ലം കഴിഞ്ഞതിനു ശേഷം, 1926ല്‍ വിയറ്റ്‌നാമില്‍ ക്രിസ്തുമതം, ബുദ്ധമതം,സോഷ്യലിസം എന്നിവയിലെ ആദര്‍ശങ്ങള്‍ കൂട്ടിച്ചേര്‍ത്തു കൊണ്ട് കാവോ ദായ് (Cao Dai) എന്ന ഒരു പുതിയ മതം സൃഷ്ടിക്കപ്പെട്ടു. ''The Contemplation' എന്ന കൃതിയില്‍ മനുഷ്യാവകാശങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള ഇത്തരം ഒരു മതത്തെപ്പറ്റി അദ്ദേഹം വിശദമായി എഴുതിയിട്ടുണ്ട്.  തുടര്‍ന്ന് വിക്ടര്‍ ഹ്യൂഗോ ഇവരുടെ സെയിന്റ് ആയി അവരോധിക്കപ്പെട്ടു. വിയറ്റ്‌നാമില്‍ ഈ മതത്തിന് ഏകദേശം നൂറ് ക്ഷേത്രങ്ങളും പാരീസ് മുതല്‍ കാലിഫോര്‍ണിയ വരെ പ്രദേശങ്ങളില്‍ ഈ മതത്തെ പിന്‍പറ്റുന്ന ഏകദേശം മൂന്ന് മില്യന്‍ ആളുകളും ഉണ്ട്.

എല്ലാകാലത്തും എല്ലായിടത്തുമുള്ള നിസ്സഹായരായ മനുഷ്യരുടെ നിശബ്ദമായ നിലവിളികളുടെ ഉച്ചഭാഷിണിയായി അദ്ദേഹത്തിന്റെ ശബ്ദം അക്ഷരങ്ങളുള്ള കാലത്തോളം നിലനില്‍ക്കും !

(Dr. Saleema Abdul Hameed is a family physician in Belle River, Ontario, Canada)

നോത്ര് ഡാമിന്റെ കഥാകാരന്‍ (ഡോ. സലീമ അബ്ദുള്‍ ഹമിദ്, കാനഡ)നോത്ര് ഡാമിന്റെ കഥാകാരന്‍ (ഡോ. സലീമ അബ്ദുള്‍ ഹമിദ്, കാനഡ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക