Image

അമേരിക്കയില്‍ തുടങ്ങി മദ്യവിമുക്തര്‍ക്ക് ആവേശമായ ആഗോള 'എ.എ' (ശ്രീനി)

ശ്രീനി Published on 19 August, 2019
അമേരിക്കയില്‍ തുടങ്ങി മദ്യവിമുക്തര്‍ക്ക് ആവേശമായ ആഗോള 'എ.എ' (ശ്രീനി)
കേരളത്തില്‍ ലഹരി മരുന്നുകള്‍ പിടിച്ചെടുക്കുന്നത് ഇന്ന് വാര്‍ത്തയല്ലാതായി മാറിയിരിക്കുന്നു. ലഹരിമരുന്ന് ഉപയോഗത്തില്‍ ഇന്ത്യയില്‍ കേരളം രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നുവെന്നാണ് കണക്കുകള്‍. മയക്കുമരുന്ന് ഉപയോഗിക്കുന്നവരിലും അവ വിതരണം ചെയ്യുന്നതിലും മുന്നില്‍ നില്‍ക്കുന്നത് കൗമാര പ്രായക്കാരും യുവജനങ്ങളുമാണെന്നതാണ് സങ്കടകരമായ സത്യം. വ്യക്തിയുടെ ആരോഗ്യത്തിനും സാമൂഹ്യസാമ്പത്തിക ഭദ്രതയ്ക്കും ഹാനികരമാംവിധം സാധാരണ നിലവാരങ്ങള്‍ക്ക് അതീതമായി മദ്യപിക്കുവാനുള്ള ആസക്തിയെ രോഗമായി കണക്കാക്കുന്നു. ഇവിടെയാണ് അമേരിക്കയില്‍ രൂപീകൃതമായ 'എ.എ' എന്ന ആല്‍ക്കഹോളിക്‌സ് അനോണിമസ് കൂട്ടായ്മയുടെ പ്രസക്തി. ''ഒരു കാലത്ത് മദ്യത്തിന് അടിമകളായിരുന്നവര്‍, മോചനം നേടിയവര്‍ ഒരുമിച്ച് ചേരുന്നു. അവര്‍ തങ്ങളുടെ അനുഭവം പങ്കുവയ്ക്കുന്നു. അങ്ങനെയുള്ള എ.എ കൂട്ടായ്മകളിലൂടെ അവര്‍ മദ്യ വിമുക്ത ജീവിതം കെട്ടിപ്പടുക്കുന്നു...'' കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടായുള്ള ലഹരി വിമുക്ത പ്രവര്‍ത്തനത്തിന് മദര്‍ തെരേസ ദേശീയ പുരസ്‌കാരം നേടിയ എന്‍.എം സെബാസ്റ്റ്യന്‍ പറയുന്നു.

ചികിത്സയിലൂടെ പരിപൂര്‍ണ മദ്യവര്‍ജകരായിത്തീര്‍ന്നവരുടെ ആഗോള സംഘടനയാണ് ആല്‍ക്കഹോളിക് അനോണിമസ്. അമിത മദ്യാസക്തിയെന്നത് തനിക്കുമാത്രം പറ്റിയ ഒരു തെറ്റല്ലെന്നും അതില്‍നിന്ന് വിമുക്തിനേടാന്‍ സാധ്യമാണെന്നും മദ്യപനായിരുന്ന തന്നെ സമൂഹത്തിലെ ഒരംഗമായി സ്വീകരിക്കാന്‍ തയ്യാറുള്ളവരുണ്ടെന്നും ഉള്ള അറിവ് ഈ സംഘടനയിലെ അംഗത്വം മൂലം രോഗിക്ക് ലഭിക്കുന്നു. തന്നെ അതിമദ്യാസക്തനാക്കിത്തീര്‍ത്ത സാഹചര്യങ്ങളിലേക്ക് ചികിത്സയ്ക്കുശേഷം രോഗി തിരിച്ചു പോകാത്തവണ്ണം ആരോഗ്യകരമായ പുതിയ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അയാളെ സഹായിക്കുകയെന്നതും ചികിത്സയുടെ ഒരു ഭാഗമാണ്. നിയമനിര്‍മ്മാണംമൂലം മദ്യവര്‍ജ്ജനം ഏര്‍പ്പെടുത്തുകയും അങ്ങനെ അതിമദ്യാസക്തിയെ തടയുകയും ചെയ്യാന്‍ കഴിഞ്ഞ കാലങ്ങളില്‍ പല രാജ്യങ്ങളിലും നടത്തിയ സംരംഭങ്ങള്‍ വിജയപ്രദമായില്ല. മദ്യത്തിന്‍മേലുള്ള നികുതി വര്‍ധിപ്പിക്കുക, മദ്യവില്പനയുടെ സമയവും സ്ഥലവും നിയന്ത്രിക്കുക എന്നീ മാര്‍ഗങ്ങള്‍ പല സ്ഥലങ്ങളിലും ഇപ്പോള്‍ സ്വീകരിച്ചു വരുന്നുണ്ട്. കേരളത്തില്‍ മദ്യവര്‍ജനമാണ് പ്രായോഗികമെന്ന് ഭരണകക്ഷിയായ എന്‍.ഡി.എഫ് പറയുമ്പോള്‍ ഘട്ടംഘട്ടമായ മദ്യനിരോധനമാണ് പ്രതിപക്ഷമായ യു.ഡി.എഫിന്റെ അജണ്ട.

ലഹരി ഉപയോഗത്തിന്റെ ഞെട്ടിക്കുന്ന  ചില കണക്കുകള്‍ ഇങ്ങനെ... ഈ വര്‍ഷം മെയ് ആദ്യ ആഴ്ചയില്‍ തമിഴ്‌നാട്ടില്‍ നടന്ന ഒരു ലഹരി മരുന്ന് പാര്‍ട്ടിയില്‍ പിടിക്കപ്പെട്ടവരില്‍ 90 മലയാളി വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. ഇവരില്‍ പെണ്‍കുട്ടികളും ഉണ്ടായിരുന്നുവെന്നതാണ് വിവരം. ഇതേ മാസം അവസാനം 11 കോടി രൂപയുടെ മയക്കുമരുന്നുമായി മൂന്നു പേര്‍ തിരുവനന്തപുരത്ത് അറസ്റ്റ് ചെയ്യപ്പെട്ടു. മദ്യത്തിന്റയും മയക്കുമരുന്നിന്റെ അമിത ഉപയോഗം മൂലം ഇന്ത്യയില്‍ ഒന്‍പതിനായിരത്തിലേറെ കുട്ടികള്‍ പ്രതിവര്‍ഷം ആത്മഹത്യ ചെയ്യുന്നു. 64,000 ലേറെ കുട്ടികള്‍ വീടുപേക്ഷിച്ച് പോകുന്നു. 2018ല്‍ ലഹരി മരുന്നു കടത്തുമായി ബന്ധപ്പെട്ട് അന്‍പതിനായിരത്തോളം പേരെ അറസ്റ്റ് ചെയ്തു. 12,000 ലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഇന്ത്യയില്‍ ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്ത സംസ്ഥാനവും കേരളമായിരുന്നു. 2018ല്‍ ആയിരം കോടി രൂപയുടെ ലഹരിമരുന്നുകളാണ് പിടിച്ചെടുത്തത്. 500 കോടി രൂപയുടെ ഹാഷിഷ് ഓയിലും ഒന്നരലക്ഷം കിലോഗ്രാം പുകയില ഉല്‍പ്പന്നങ്ങളും പിടികൂടി.

മദ്യനിരോധന നടപടിയില്‍ ശ്രദ്ധേയമായത് എ.കെ ആന്റണി സര്‍ക്കാര്‍ 1996 നവംബര്‍ ഒന്നാം തീയതി മുതല്‍ ചാരായം നിരോധിച്ചതാണ്. എന്നാല്‍ ഘട്ടംഘട്ടമായി മദ്യ നിരോധനം നടപ്പാക്കുമെന്ന് പിന്നീട് അധികാരത്തിലേറിയ യു.ഡി.എഫ് സര്‍ക്കാരുകള്‍ തീരുമാനിച്ചെങ്കിലും നടപ്പായില്ല. ടൂറിസം മേഖലയ്ക്ക് പ്രോത്സാഹനമെന്ന നിലയില്‍ യഥേഷ്ടം ബിയര്‍-വൈന്‍ പാര്‍ലറുകളും തുറക്കപ്പെട്ടു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭാറുകള്‍ പൂട്ടിയെങ്കിലും ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന ഇടതു സര്‍ക്കാര്‍ ബാറുകള്‍ ഓന്നിനുപുറകെ ഒന്നായി തുറന്നുകൊടുത്തുകൊണ്ടുമിരിക്കുന്നു. മദ്യപാനത്തേക്കാള്‍ അനവധി മടങ്ങ് അപകടകാരികളാണ് മയക്കു മരുന്നുകള്‍. ഇതിന്റെ ഉപയോഗം കേരളത്തിലിപ്പോള്‍ നിയന്ത്രണാതീതമാം വിധം വര്‍ധിച്ചിരിക്കുകയാണ്. പുകയായും ക്യാപ്‌സൂളായും പാനീയമായും സ്റ്റാമ്പായും സ്റ്റിക്കറായുമൊക്കെ ലഹരിക്ക് പുതിയ ബ്രാന്‍ഡുകള്‍ വരുമ്പോള്‍ ലഹരിക്കടിമപ്പെട്ടവരും ലഹരിവസ്തുക്കളുടെ വിപണനം നടത്തുന്നവരും ദിനംപ്രതി വര്‍ദ്ധിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

നിദ്രകങ്ങള്‍, ശമനകങ്ങള്‍, 3. ഉത്തേജകങ്ങള്‍, ശമന വിരോധികള്‍, വിഭ്രമജനകങ്ങള്‍ എന്നിങ്ങനെ മയക്കുമരുന്നുകളെ പൊതുവേ അഞ്ചായി തരം തിരിച്ചിട്ടുണ്ട്. ഇതില്‍ മദ്യം, കഞ്ചാവ്, കഞ്ചാവിന്റെ വിവിധ ഉല്‍പ്പന്നങ്ങള്‍ നിദ്രകങ്ങളുടെ പട്ടികയിലുള്‍പ്പെടുന്നു. കേരളത്തില്‍ ശമനക ഉപഭോഗക്കാരായിരുന്നു കൂടുതലും. എന്നാലിപ്പോള്‍ ഉത്തേജകങ്ങള്‍ക്കും വിഭ്രമജനകങ്ങള്‍ക്കുമാണ് ഏറെ പ്രിയം വൈറ്റ്‌നറും സ്റ്റെയിനറും നെയില്‍ പോളീഷും റിമൂവറും പാന്‍മസാലകളുമൊക്കെ കൊണ്ട് ലഹരിയനുഭവിച്ചവര്‍ വില കൂടിയ ഹെറോയിനിലേക്കും ബ്രൗണ്‍ ഷുഗറിലേക്കും ചുവടു മാറ്റി. മോര്‍ഫിന്‍ കൊക്കെയ്ന്‍ എന്നിവ സസ്യജന്യമയക്കുമരുന്നുകളാണ്. മെത്തലിന്‍ ഡൈ ഓക്‌സിമെതാം ഫിറ്റമിന്‍ (എം.ഡി.എം. എ), എല്‍.എസ്.ഡി, ആംഫിറ്റമിന്‍ മുതലായ കെമിക്കലുകള്‍ വീര്യം കൂടിയ മയക്കുമരുന്നുകളാണ്. യുവാക്കളും യുവതികളുമൊക്കെ മതിമറന്ന് ഉല്ലസിക്കുന്ന ഡാന്‍സ് പാര്‍ട്ടികളിലെ സ്‌പെഷല്‍ വിഭവങ്ങളാണിവ. കൊക്കെയ്‌നും ആംഫിറ്റമിനും കേന്ദ്ര നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുന്നവയാണ്. തലച്ചോറിലുണ്ടാകുന്ന മോണോ അമിനോ ഓക്‌സിഡൈസിനെ തടഞ്ഞ് വിഷാദം അകറ്റി ഉന്മേഷം കൊടുക്കുന്നതാണ് ശമനവിരോധികള്‍.

കഞ്ചാവ് സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ ലഭ്യമായ ലഹരിയാണ്. സ്‌കൂള്‍, കോളേജ് പരിസരങ്ങളില്‍ കഞ്ചാവിന്റെ ചില്ലറവില്‍പനക്കാര്‍ മടിക്കുത്തിലും മറയ്ക്കപ്പെടുന്നിടത്തുമെല്ലാം കൊച്ചുകൊച്ച് കഞ്ചാവ് പൊതികളുമായി ഇന്നും കറങ്ങി നടപ്പുണ്ട്. വന്‍കിട മയക്കുമരുന്ന് മാഫിയയുടെ ഏറ്റവും താഴത്തെ കണ്ണികളാണിവര്‍. കഞ്ചാവ് കണ്‍ട്രി ഡ്രഗ്ഗായി യുവജനം തള്ളിയപ്പോള്‍ പാര്‍ട്ടി ഡ്രഗ്ഗായ എല്‍.എസ്.ഡി ഇഷ്ടലഹരി മരുന്നായി. വന്‍നഗരങ്ങളില്‍ സമ്പന്നരുടെ നൈറ്റ് പാര്‍ട്ടികളില്‍ ലഹരി പകരുന്നത് 'മാക്‌സ് ജെല്ലി എക്സ്റ്റസി' എന്ന കിടിലന്‍ സാധനമാണ്. ഇതിന്റെ മൈക്രോഗ്രാം ഉപയോഗിച്ചാല്‍ 40 മണിക്കൂറോളം ഉന്മാദാവസ്ഥ ലഭിക്കും. 1988ല്‍ 'നര്‍കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോയിക് സബ്സ്റ്റന്‍സ് ആക്ട്' കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയെങ്കിലും കഞ്ചാവ് കൃഷിയും വിപണനവും വലിയും കേരളത്തില്‍ വര്‍ധിച്ചു. കേന്ദ്ര നിയമം മൂലം കേരളത്തില്‍ കഞ്ചാവ് കൃഷി കുറഞ്ഞെങ്കിലും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒഴുക്ക് വര്‍ധിക്കുകയായിരുന്നു. 

ലഹരിയുടെ ആലസ്യത്തില്‍ നാം സ്വയം അഭിരമിക്കുന്നതോടൊപ്പം മറ്റുള്ളവരിലേക്കു കൂടി എത്തിച്ച്, മായാ പ്രപഞ്ചത്തിലേയ്ക്കുള്ള സുഖസഞ്ചാരത്തിന്റെ പ്രചാരകരും വാഹകരുമായി മാറുമ്പോള്‍ ഉന്മാദത്തോടൊപ്പം ന്യൂജെന്നിന്റെ പോക്കറ്റും നിറയുന്നു. ആര്‍ഭാടജീവിത്തോട് ആസക്തി കൂടുമ്പോള്‍ ലഹരി ഉപയോഗത്തിനും കച്ചവടത്തിനും താത്പര്യം വര്‍ധിക്കും. രതിവൈകൃതങ്ങളും പീഡനങ്ങളും കൊള്ളയും കൊലയുമൊക്കെ നിത്യസംഭവങ്ങളാവുന്നു. ഭാവിയുടെ വാഗ്ദാനങ്ങളായ കുട്ടികള്‍ ലഹരിയില്‍ മയങ്ങുന്ന കാഴ്ച ഹൃദയഭേദകമാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ചേക്കേറിയ തൊഴിലാളികള്‍ വഴി കേരളത്തിലേയ്ക്ക് ഒഴുകിയെത്തുന്ന ലഹരി വസ്തുക്കളുടെ പേരുകള്‍ പോലും ഉച്ചരിക്കാന്‍ കഴിയാനാവില്ല. ലഹരി വസ്തുക്കളുടെ നിയന്ത്രണത്തില്‍ നിയമം പലപ്പോഴും നോക്കുകുത്തിയാവുന്ന കാഴ്ചയാണ്.

ഇനി ആല്‍ക്കഹോളിക് അനോണിമസ് എന്ന സംഘടനയെക്കുറിച്ച് പറയുകയാണെങ്കില്‍ 1935ല്‍ ഒഹായോയിലെ ആക്‌റോണിലാണിത് രൂപീകൃതമായത്. അതിന് കാരണക്കാര്‍ അമിത മദ്യപാന സുഹൃത്തുക്കളായ ബില്‍ വില്‍സണും ഡോ. ബോബ് സ്മിത്തുമാണ്. ബില്‍ വില്‍സണ്‍ ബിസിനസുകാരനായിരുന്നു. ബോബ് സ്മിത്താകട്ടെ പേരുകേട്ട സര്‍ജനും. ഇരുവര്‍ക്കും മദ്യപിക്കുന്നതിന്റെ കാരണങ്ങള്‍ പരസ്പരം അറിയാമായിരുന്നു. ഒരു ദിവസം ബില്‍ ഡോ. ബോബിനെ കാണാനെത്തി. താന്‍ മദ്യപാനം നിര്‍ത്തിയെന്നും തന്‍മൂലം തനിക്ക് ഗുണകരമായ പല മാറ്റങ്ങല്‍ ഉണ്ടായെന്നും ബില്‍ ബോബിനോട് പറഞ്ഞു. തനിക്കുള്ളതുപോലെ പ്രശ്‌നങ്ങളുള്ള ബിസിനസുകാരന്‍ ബില്ലിന് മദ്യമുപേക്ഷിക്കാമെങ്കില്‍ ഡോക്ടറായ തനിക്കെന്തുകൊണ്ട് ആയിക്കൂടാ എന്ന് ബോബ് ചിന്തിച്ചു. 

അങ്ങനെ ഇരുവരും പരസ്പരം കൈകോര്‍ത്തു. അവര്‍ പിന്നെ മദ്യപരായ സുഹൃത്തുക്കളുടെ അടുത്തെത്തി തങ്ങളുടെ അനുഭവങ്ങല്‍ പങ്കുവച്ചു. ഇവര്‍ക്കിത് സാധിക്കുമെങ്കില്‍ എന്തുകൊണ്ട് തങ്ങള്‍ക്കും പറ്റില്ല എന്ന് അവരും വിചാരിച്ചു. ഇങ്ങനെയാണ്  ഒരു പ്രതിജ്ഞയോടെ എ.എയുടെ ആരംഭം. ഇന്ന് എല്ലാ രാജ്യങ്ങളിലും ഈ കൂട്ടായ്മ സജീവമായി പ്രവര്‍ത്തിക്കുന്നു. പ്രാര്‍ത്ഥന ചൊല്ലിയാണ് എ.എ കൂട്ടായ്മ തുടങ്ങുന്നത്. ''ദൈവമേ, മാറ്റുവാന്‍ പറ്റാത്തവയെ സ്വീകരിക്കാനുള്ള പ്രശാന്ത മനസ്ഥിതിയും മാറ്റുവാന്‍ പറ്റുന്നവയെ മാറ്റുവാനുള്ള ധൈര്യവും ഇവയെത്തമ്മില്‍ തിരിച്ചറിയുന്നതിനുള്ള വിവേകവും എനിക്ക് നല്‍കണമേ...'' എന്നാതാണ് എ.എ പ്രാര്‍ത്ഥന.

പുനപതനത്തെ അതായത് റിലാപ്‌സിനെ തടയാന്‍ എ.എ കൂട്ടായ്മ സഹായിക്കുന്നു. മദ്യപിച്ചിരുന്ന കാലത്തെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നത് വീണ്ടും മദ്യപിക്കാതിരിക്കുന്നതിനെ സഹായിക്കുമെന്നാണ് മുമ്പ് കടുത്ത മദ്യപാനികളായിരുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഇവര്‍ മദ്യപിക്കുന്നില്ലെന്ന് മാത്രമല്ല, ജീവിതത്തിന്റെ എല്ലാ തെറ്റായ തലങ്ങളിലും മാറ്റം വരുത്താനും തയ്യാറായി. അതാണ് 'സോബര്‍' എന്ന അവസ്ഥ.


അമേരിക്കയില്‍ തുടങ്ങി മദ്യവിമുക്തര്‍ക്ക് ആവേശമായ ആഗോള 'എ.എ' (ശ്രീനി)
Join WhatsApp News
സ്പിരിറ്റ് 2019-08-19 15:34:08
ഒരു സ്പിരിറ്റില്ലാത്ത ഒരു കൂട്ടായ്മ
Jack Daniel 2019-08-20 00:06:00
The spirit will soon come upon you bro and you will be taken to seventh heaven. One pint of me will do the work 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക