Image

സാമ്പത്തിക പ്രതിസന്ധി; വാഹന വില്‍പനയില്ല; രണ്ട്‌ ലക്ഷത്തിലധികം തൊഴിലാളികളെ പിരിച്ചുവിട്ടു

Published on 18 August, 2019
 സാമ്പത്തിക പ്രതിസന്ധി; വാഹന വില്‍പനയില്ല; രണ്ട്‌ ലക്ഷത്തിലധികം തൊഴിലാളികളെ പിരിച്ചുവിട്ടു
കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന്‌ രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കള്‍ ഫാക്ടറികള്‍ അടച്ചിടുന്നെന്ന്‌ റിപ്പോര്‍ട്ട്‌. 

അശോക്‌ ലെയ്‌ലാന്റ്‌, ടി.വി.എസ്‌, ഹീറോ, മാരുതി സുസുക്കി, ടാറ്റാ മോട്ടോഴ്‌സ്‌ തുടങ്ങിയ വന്‍കിട കമ്പനികള്‍ തെരഞ്ഞെടുത്ത നിര്‍മ്മാണ യൂണിറ്റുകള്‍ താല്‍ക്കാലികമായി അടച്ചു.

വാഹനനിര്‍മ്മാണ മേഖലയില്‍ താല്‍ക്കാലിക ജീവനക്കാരെ വന്‍കിട കമ്പനികളടക്കം കൂട്ടത്തോടെ പിരിച്ചുവിടുകയാണ്‌. തുടര്‍ച്ചയായ പത്ത്‌ മാസങ്ങളിലെ വാഹന വില്‍പന ക്രമാനുഗതമായി കുറയുന്ന സാഹചര്യത്തിലാണ്‌ നടപടി.


രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന്‌ വാഹന വില്‍പ്പനയില്‍ സമീപ വര്‍ഷങ്ങളില്‍ വന്‍ ഇടിവാണ്‌ ഉണ്ടാവുന്നത്‌. 

ഇതോടെ ഉല്‍പാദനം കുറയ്‌ക്കാനാണ്‌ കമ്പനികളുടെ തീരുമാനം. മാന്ദ്യം തുടര്‍ന്നാല്‍ കൂടുല്‍ നിര്‍മ്മാണ യൂണിറ്റുകള്‍ അടച്ചേക്കുമെന്നാണ്‌ സൂചന

സ്‌പെയര്‍പാര്‍ട്‌സ്‌ കമ്പനികളും നിര്‍മ്മാണം വന്‍തോതില്‍ കുറച്ചെന്നാണ്‌ റിപ്പോര്‍ട്ട്‌.

ഹീറോ കമ്പനിയുടെ നിര്‍മ്മാണ യൂണിറ്റുകള്‍ കഴിഞ്ഞ നാലുദിവസമായി അടച്ചിട്ടിരിക്കുകയാണ്‌. ടാറ്റയുടെ ജംഷഡ്‌പൂരിലെ പ്ലാന്റ്‌ കഴിഞ്ഞ രണ്ടുദിവസമായി അടച്ചിട്ടിരിക്കുകയാണ്‌. 

ഈ മാസംതന്നെ മൂന്നാം തവണയാണ്‌ ടാറ്റയുടെ പ്ലാന്റുകള്‍ രണ്ടുദിവസം വീതം അടച്ചിടുന്നത്‌. മൂവായിരത്തലധികം താല്‍ക്കാലിക ജീവനക്കാരെ സമീപ ദിവസങ്ങളിലായി പിരിച്ചുവിട്ടെന്ന്‌ മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍ ഭാര്‍ഗവ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക