Image

കണ്‍ട്രോള്‍ വിട്ട് സ്വര്‍ണവില, വിശേഷങ്ങള്‍ക്കും പൊന്‍തിളക്കം (ശ്രീനി)

ശ്രീനി Published on 17 August, 2019
 കണ്‍ട്രോള്‍ വിട്ട് സ്വര്‍ണവില, വിശേഷങ്ങള്‍ക്കും പൊന്‍തിളക്കം (ശ്രീനി)
കേരളത്തില്‍ സ്വര്‍ണ്ണവില പിടിച്ചുനിര്‍ത്താനാവാതെ അനിയന്ത്രിതമായി കുതിച്ച് കയറുകയാണ്. പവന് 28,000 രൂപയെന്ന റെക്കോഡിലെത്തിയിരിക്കുകയാണിപ്പോള്‍. 3500 രൂപയാണ് ഗ്രാമിന്. ഓഗസ്റ്റ് ഒന്നിന് 25,680 രൂപയായിരുന്നു പവന്റെ വിലയെങ്കില്‍ 15 ദിവസത്തിനിടെ പവന്‍ വിലയിണ്ടായ വര്‍ധനവ് 2,320 രൂപയാണ്.  ജൂലായ് രണ്ടിനാകട്ടെ 24,920 രൂപയായിരുന്നു ഒരു പവന്റെ വില. നാലുവര്‍ഷം കൊണ്ട് പവന് 9280 രൂപയുടെ അവിശ്വസനീയമായ വര്‍ധനവാണുണ്ടായത്. സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ വിപണിയില്‍ പ്രകടമായതും സുരക്ഷിത നിക്ഷേപമെന്നനിലയില്‍ ആഗോളതലത്തില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് വര്‍ധിച്ചതുമാണ് വിലവര്‍ധനയ്ക്ക് പിന്നില്‍. മകര മാസം കേരളത്തില്‍ കല്യാണ സീസണാണ്. അതുകൊണ്ടുതന്നെ സ്വര്‍ണവില വര്‍ദ്ധനവ് ഇടത്തരക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

മലയാളികളുടെ സ്വര്‍ണ ഭ്രമത്തിന് ഒരിക്കലും അതിരുകളില്ല. വിലയെത്ര കൂടിയാലും വാങ്ങിക്കൂട്ടാനും സ്ത്രീകള്‍ക്ക് മടിയില്ല. സാധാരണക്കാരും നിര്‍ധനരും ട്രെന്‍ഡ് അനുസരിച്ച് അവുംവിധം സ്വര്‍ണാഭരണങ്ങള്‍ തങ്ങളുടെ ഇല്ലായ്മയിലും വല്ലായ്മയിലും സ്വന്തമാക്കാറുണ്ട്. സ്വര്‍ണം ഒരു അഡിക്ഷനാണെന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. മോഹിപ്പിക്കുന്ന ഈ മഞ്ഞലോഹത്തിന്റെ ഗതകാല ചരിത്രവുമതാണ്.

ചരിത്രാതീത കാലം മുതല്‍ക്കേ ഈ അമൂല്യലോഹം മനുഷ്യരെ വശീകരിച്ചിരുന്നു. മനുഷ്യന്‍ ആദ്യമായി ഉപയോഗിച്ച ലോഹം സ്വര്‍ണമാണെന്ന് പറയപ്പെടുന്നു. ഖനനം ചെയ്‌തെടുത്ത ആദ്യത്തെ ലോഹമാണ് സ്വര്‍ണ്ണം. ക്രിസ്തുവിന് മുമ്പ് 2600 ലെ ഈജിപ്ഷ്യന്‍ ഹീറോഗ്ലിഫിക്‌സ് ലിഖിതങ്ങളില്‍ ഈജിപ്തില്‍ സ്വര്‍ണ്ണം സുലഭമായിരുന്നെന്ന് പരാമര്‍ശിക്കുന്നുണ്ട്. ഈജിപ്തും മധ്യ സുഡാനിലെ നുബിയയുമാണ് ലോകത്തില്‍ ഏറ്റവുമധികം സ്വര്‍ണ്ണം ഉല്പ്പാദിപ്പിച്ചിരുന്ന മേഖലകള്‍. ബൈബിളിലെ പഴയ നിയമത്തില്‍ സ്വര്‍ണ്ണത്തെപ്പറ്റി 417 തവണ പരാമര്‍ശിക്കുന്നുണ്ട്. ''ആ ദേശത്തിലെ പൊന്നു മേത്തരമാകുന്നു; അവിടെ ഗുല്ഗുലുവും ഗോമേദകവും ഉണ്ടു...'' (ഉല്‍പത്തി 2:12). ''അതിലെ പാറകള്‍ നീലരത്‌നത്തിന്റെ ഉല്പത്തിസ്ഥാനം; കനകപ്പൊടിയും അതില്‍ ഉണ്ടു...'' (ഇയ്യോബ് 28:6). കനകം എന്നാല്‍ സ്വര്‍ണം.

പൗരാണികകാലം മുതല്‍ ആഭരണങ്ങള്‍, നാണയങ്ങള്‍ എന്നിവയ്ക്ക് പുറമെ ചികിത്സാരംഗത്തും സ്വര്‍ണ്ണം ഉപയോഗിച്ചിരുന്നു. സ്വര്‍ണ്ണത്തെ ഏറ്റവും പവിത്രമായത്, മൂല്യവത്തായത്, വിലപിടിപ്പുള്ളത് എന്നാണ് നാം വിശ്വസിക്കുന്നത്. ഭൂമിയുടെ അമൂല്യതയുടെ പ്രതിരൂപമെന്നാണ് രാസശാസ്ത്രജ്ഞര്‍ സ്വര്‍ണ്ണത്തെ കണക്കാക്കുന്നത്. ചരിത്രത്തിലും പുരാവൃത്തങ്ങളിലും മിത്തുകളിലുമൊക്കെ ഇഴപിരിക്കാനാവാത്തവിധമുള്ള സ്വര്‍ണ സാന്നിധ്യമുണ്ട്. ഋഷികള്‍ ഉപദേശിച്ച നാല് വേദങ്ങളില്‍ യജുര്‍വേദത്തിന്റെ അനുബന്ധമായ ശതപഥ ബ്രാഹ്മണത്തില്‍ അഗ്‌നിയുടെ വിത്താണ് സ്വര്‍ണ്ണമെന്ന് പറഞ്ഞിരിക്കുന്നു. കാമത്താല്‍ കത്തിക്കാളിയ അഗ്‌നി ദേവന്‍ തന്റെ ബീജങ്ങളെ നദിയില്‍ ഒഴുക്കിയെന്നും അത് സ്വര്‍ണ്ണമായി മാറിയെന്നുമാണ് കഥ.

അസ്തമന സൂര്യന്റെ നിറംപോലെ കെട്ടതിനുശേഷം അഗ്‌നി സ്വര്‍ണ്ണത്തില്‍ വസിക്കുന്നു. ഇന്ദ്രബീജവും സ്വര്‍ണ്ണമാണെന്ന് പുരാണത്തില്‍ പറയുന്നു. സ്വര്‍ണ്ണത്തിന് ഹിരണ്യമെന്നും അഗ്‌നിക്കു ഹിരണ്യകന്‍ എന്നുമാണ് പേര്. ബ്രഹ്മാവിന്റെ പേര് ഹിരണ്യഗര്‍ഭന്‍ എന്നുമായിരുന്നു. ഇങ്ങനെ വിവിധ ജനതകളുടെ വിശ്വാസ പ്രമാണങ്ങള്‍ക്കനുസരിച്ച് സ്വര്‍ണത്തിന് പല  വിശേഷണങ്ങളുണ്ട്. ഇതിഹാസ കാലഘട്ടത്തിലെ സ്വര്‍ണാഭരണങ്ങള്‍ അതീവ സുന്ദരങ്ങളും വൈവിധ്യമുള്ളവയും ആയിരുന്നു. സീതയുടെ ചൂഡാമണിയും ശ്രീരാമന്റെ മുദ്രമോതിരവും കര്‍ണ്ണന്റെ കവചകുണ്ഡലങ്ങളും ഇതിനുദാഹരണങ്ങളാണ്.

ഈജിപ്ഷ്യന്‍ ഉള്‍പ്പെടെയുള്ള മനുഷ്യ സംസ്‌കാരങ്ങളുടെ കാലത്തോളം തന്നെ പഴക്കമുണ്ട് സ്വര്‍ണ നിര്‍മാണത്തിന്. നദീതടങ്ങളില്‍ നിന്നുള്ള മണലും ചരലും അരിച്ചെടുത്താണ് അക്കാലത്ത് സ്വര്‍ണ്ണം നിര്‍മ്മിച്ചിരുന്നത്. പുരാതനകാലം മുതല്‍ ഇന്ത്യയിലും മദ്ധ്യേഷ്യയിലും തെക്കന്‍ യുറല്‍ പര്‍വ്വത പ്രദേശങ്ങളിലും കിഴക്കന്‍ മെഡിറ്ററേനിയന്‍ തീരങ്ങളിലും സ്വര്‍ണ്ണം നിര്‍മ്മിച്ചിരുന്നു. പ്രാചീനകാലം മുതല്‍ തന്നെ ഇന്ത്യക്കാര്‍ ആഭരണഭ്രമമുള്ളവരായിരുന്നു. പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത്, സൗരാഷ്ട്ര, ദക്ഷിണേന്ത്യ തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ നടത്തിയ ഉദ്ഘനനങ്ങളില്‍ ക്രിസ്തുവിന് 3500 വര്‍ഷം മുന്‍പ് വരെയുള്ള ആഭരണങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

ഇന്ത്യയില്‍ സ്വര്‍ണ്ണഖനനം ആരംഭിക്കുന്നത് എ.ഡി രണ്ടോടെയാണ്. അക്കാലത്ത് കര്‍ണാടകത്തിലെ കോലാറില്‍ നിന്ന് ചെറിയ തോതില്‍ ഖനനം തുടങ്ങി. എ.ഡി ഒന്‍പതോടെ ഭാരതത്തിലെ സ്വര്‍ണ്ണ ഖനനം കൂടുതല്‍ വികാസം പ്രാപിച്ചു. പതിനൊന്നാം നൂറ്റാണ്ടോടെ ദക്ഷിണേന്ത്യയില്‍ ഖനനം കൂടുതല്‍ വ്യാപകമായി.  ലോകത്തെ രണ്ടാമത്തെ സ്വര്‍ണ്ണഖനിയായി കരുതുന്ന കോലാറിലെ ഖനനം ബ്രിട്ടീഷ് ഭരണകാലത്ത് കൂടുതല്‍ കാര്യക്ഷമമായി. 1802ല്‍ ലെഫ്റ്റനന്റ് ജോണ്‍ വാറന്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കായി സര്‍വേ നടത്തുന്നതിനിടയിലാണ് ഈ മേഖലയിലെ സ്വര്‍ണ നിക്ഷേപത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കുന്നത്. 1873ഓടെയാണ് ഇവിടെ ആധുനികരീതിയിലുള്ള ഖനനം ആരംഭിച്ചത്.1953 ജൂണ്‍ മാസത്തില്‍ ഇവിടത്തെ ഊറെഗം ഖനിയുടെ ആഴം 9876 അടി വരെയെത്തി. അക്കാലത്ത് ഏറ്റവും ആഴമേറിയ ഖനിയായിരുന്നു ഇതെന്ന് കരുതപ്പെടുന്നു. പക്ഷേ, കുറഞ്ഞുവരുന്ന ധാതുനിക്ഷേപം മൂലവും, വര്‍ദ്ധിച്ച ഉല്പാദനച്ചെലവുമൂലവും 2004ഓടെ വിവിധ കാരണങ്ങളാല്‍ ഖനിയുടെ പ്രവര്‍ത്തനം നിര്‍ത്തി.

പതിനാറാം നൂറ്റാണ്ടു മുതല്‍ സ്‌പെയിനിന്റെ ആധിപത്യത്തിലായിരുന്ന തെക്കേ അമേരിക്കയും മെക്‌സിക്കോയും ആയിരുന്നു സ്വര്‍ണ്ണത്തിന്റെ ഏറ്റവും വലിയ ഉല്‍പ്പാദകര്‍. പതിനാറാം നൂറ്റാണ്ടിലെ ലോകത്തെ ആകെ സ്വര്‍ണ്ണ ഉല്പ്പാദനത്തിന്റെ ഒല്‍പത് ശതമാനം മെക്‌സിക്കോയില്‍ നിന്നായിരുന്നു. 1851 ഫെബ്രുവരിയില്‍ ഓസ്‌ട്രേലിയയില്‍ വന്‍ സ്വര്‍ണ്ണനിക്ഷേപങ്ങള്‍ കണ്ടെത്തി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയോടെ ലോകത്തിലെ സ്വര്‍ണ ഉല്പാദനത്തിന്റെ നല്ലൊരു ശതമാനം അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്നായിരുന്നു. സ്വര്‍ണ്ണം ശുദ്ധരൂപത്തില്‍ തന്നെ പ്രകൃതിയില്‍ ലഭ്യമാകുന്നു. ഏറ്റവും നന്നായി രൂപഭേദം വരുത്താന്‍ സാധിക്കുന്നതാണ് സ്വര്‍ണം.

ജനതയുടെ സൗന്ദര്യബോധത്തില്‍നിന്നാണ് ആഭരണങ്ങളുടെ തിളക്കവും ഭംഗിയും ഡിസൈനുമൊക്കെ ക്രമാനുഗതമായി രൂപപ്പെട്ടുവന്നത്. മാനവ സംസ്‌കാരത്തിന്റെ സവിശേഷമായ ഘട്ടങ്ങളെ അടയാളപ്പെടുത്തുന്നവയായതിനാല്‍ ആഭരണങ്ങള്‍ സാംസ്‌കാരിക പഠനത്തിന്റെ ഭാഗവുമാണ്. പ്രാചീനകാലത്ത് പുരുഷന്മാരും സ്ത്രീകളും ഒരുപോലെ ആഭരണങ്ങള്‍ ധരിച്ചിരുന്നു. ഓരോ നാടും അവിടത്തെ സാംസ്‌കാരികയും സാമൂഹികവുമായ സവിശേഷതകളെ അടിസ്ഥാനപ്പെടുത്തിയും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത അനുസരിച്ചും സ്വര്‍ണ്ണവും വെള്ളിയും കൊണ്ടുള്ള ആഭരണങ്ങള്‍ ധരിച്ചിരുന്നു. സ്വര്‍ണാഭരണത്തില്‍ മുത്തുകളും രത്‌നക്കല്ലുകളും പവിഴവുമൊക്കെ പതിപ്പിച്ച് പണ്ടും മോടികൂട്ടിയിരുന്നു. പ്രാചീന സമൂഹത്തില്‍ നിന്ന് പരിഷ്‌കൃത സമൂഹത്തിലേക്കുള്ള വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ സ്വര്‍ണത്തിന്റെ പരിണാമസ്വരൂപം ആഭരണ സംസ്‌കാരത്തില്‍ ആഴത്തില്‍ കാണാം.

മലയാളികളെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് സ്വര്‍ണം. സത്യം പറഞ്ഞാല്‍ ഒരു നിത്യോപയോഗ സാധനം. സ്വര്‍ണ്ണവും രത്‌നങ്ങളും കേരളീയരുടെ സംസ്‌കാരവുമായി സവിശേഷമായി ബന്ധപ്പെട്ടിരിക്കുന്നു. കേരളത്തിലെ ജൂവലറികളുടെ എണ്ണപ്പെരുക്കവും അവിടുത്തെയൊക്ക തകൃതിയായ കച്ചവടവും ഇത് തെളിയിക്കുന്നു. മാധ്യമങ്ങളില്‍ ജൂവലറികളുടെ കണ്ണഞ്ചിപ്പിക്കുന്ന പരസ്യപ്പെരുമഴയാണെപ്പോഴും. വഴിയരുകില്‍ വലിയ ഹോര്‍ഡിങ്‌സുകളും കാണാം. അനേക കോടികള്‍ ചെലവഴിച്ചാണ് പരസ്യങ്ങല്‍ എന്നതിനാല്‍ ലാഭത്തിന്റെ കാര്യം ഊഹിക്കാമല്ലോ. മതപരമായ വിശ്വാസപ്രമാണങ്ങളും കേരളീയരുടെ ആഭരണ നിര്‍മാണത്തില്‍ ഏറെ സ്വാധീനത ചെലുത്തിയിട്ടുണ്ട്. കുട്ടികളുടെ കാത് കുത്തുന്നതില്‍ നിന്ന് തുടങ്ങുന്നു ആഭരണ പ്രിയം.

ജൂവലറികളുടെ മറ്റൊരു ബിസിനസ് തന്ത്രമാണ് 'അക്ഷയ തൃതീയ'. വൈശാഖ മാസത്തിലെ വെളുത്ത പക്ഷത്തിലെ തൃതീയ, അതായത് മേടമാസത്തിലെ കറുത്ത വാവു കഴിഞ്ഞുവരുന്ന തൃതീയയാണിത്. അക്ഷയ എന്നാല്‍ ക്ഷയിക്കാത്തത്. തൃതീയ എന്നാല്‍ മൂന്നാമത്തേത് എന്നാണ് അര്‍ത്ഥം. അന്നത്തെ 24 മണിക്കൂറും ശുഭമുഹുര്‍ത്തമാണ്. നക്ഷത്രങ്ങളെ നോക്കി ശുഭമുഹുര്‍ത്തത്തിന് കാത്തിരിക്കേണ്ട എന്നര്‍ത്ഥം. പുതിയ കാര്യങ്ങള്‍ തുടങ്ങുന്നതിന് ഇത്രയും നല്ല ശുഭ മുഹുര്‍ത്തം വെറെ ഇല്ല എനാനണ് പറയപ്പെടുന്നത്. ഐശ്വര്യ ദേവതയുടെ കടാക്ഷം കൊണ്ട് ഈ ദിവസം വാങ്ങിയ വസ്തു ക്ഷയിക്കില്ലെന്നും അത് ദിനം പ്രതി ഏറി വരുമെന്നുമാണ് വിശ്വാസം. ജീവിതത്തില്‍ അഭിവൃദ്ധി പ്രതീക്ഷിക്കുന്നവരുടെ, കാംക്ഷിക്കുന്നവരുടെ ദിനമാണ് അക്ഷയ തൃതീയ. അക്ഷയ പാത്രം പോലെയാണ് ഈ ദിവസത്തെ കണക്കാക്കുന്നത്. എന്ത് വാങ്ങിയാലും അത് ഇരട്ടിക്കും എന്നാണ് വിശ്വാസം. അതുകൊണ്ടാണ് ജുവലറിക്കാര്‍ ഈ ദിവസം സമര്‍ത്ഥമായി മാര്‍ക്കറ്റ് ചെയ്യുന്നത്. അക്ഷയ തൃതീയ നാളില്‍ സ്വര്‍ണക്കടകളില്‍ സൂചികുത്താന്‍ ഇടമുണ്ടാവില്ല.

സ്വര്‍ണ്ണത്തിന്റെ ചെറിയ അംശമെങ്കിലും ശരീരത്തില്‍ അണിയേണ്ടത് ശരീരശാസ്ത്രപരമായി പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നായി കേരളീയര്‍ കരുതിവരുന്നു. നവജാത ശിശുക്കള്‍ക്ക് തേനിനും വയമ്പിനുമൊപ്പം സ്വര്‍ണവും അരച്ച് നാവില്‍ തൊട്ടുകൊടുക്കാറുണ്ട്. ഇത്തരത്തില്‍ വിശ്വാസവും ആരോഗ്യവുമായി ചേര്‍ന്നുനില്‍ക്കുന്ന ആഭരണ സംസ്‌കാരമാണ് കേരളത്തിലുള്ളത്. സ്വര്‍ണ്ണപ്പല്ല് വയ്ക്കുന്നവരെയും ധാരാളം കാണാം. 'കനകം മൂലം കാമിനി മൂലം കലം ബഹുവിധമുലകില്‍ സുലഭം...' എന്നാണല്ലോ കുഞ്ചന്‍ നമ്പ്യാര്‍ ചൊല്ലിയിട്ടുള്ളത്. ഇനി വില കൂടിയെന്ന് വിചാരിച്ച് സര്‍ണം വാങ്ങിക്കൊടുത്തില്ലെങ്കില്‍ സ്ത്രീകള്‍ കുടുംബ കലഹമുണ്ടാക്കുമെന്നുറപ്പ്.


 കണ്‍ട്രോള്‍ വിട്ട് സ്വര്‍ണവില, വിശേഷങ്ങള്‍ക്കും പൊന്‍തിളക്കം (ശ്രീനി)
Join WhatsApp News
josecheripuram 2019-08-17 17:24:52
There is no Black Girls in the commercial,That shows It's only for White Girls.(White means Superiority}.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക