Image

രൂപക്ക്‌ വീണ്ടും വിലയിടിഞ്ഞു; ഒരു ദിര്‍ഹം = 15.53 രൂപ

Published on 04 May, 2012
രൂപക്ക്‌ വീണ്ടും വിലയിടിഞ്ഞു; ഒരു ദിര്‍ഹം = 15.53 രൂപ
ദുബായ്‌: ഇന്ത്യന്‍ രൂപക്ക്‌ റെക്കോര്‍ഡ്‌ വിലയിടിവ്‌. നാല്‌ മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്‌ ഇന്നലെ രേഖപ്പെടുത്തിയത്‌. ഒരു യു.എ.ഇ ദിര്‍ഹത്തിന്‌ 15.53 ഇന്ത്യന്‍ രൂപയായിരുന്നു ഇന്നലത്തെ നിരക്ക്‌. അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ രൂപയുമായി മാറ്റുരക്കുമ്പോള്‍ അമേരിക്കന്‍ ഡോളറും ഏറെ കരുത്താര്‍ജിച്ചിട്ടുണ്ട്‌. ഇന്നലെ രൂപയൂടെ മൂല്യം ഒരു ഡോളറിന്‌ 53.33 എന്ന നിലയിലെത്തി. കഴിഞ്ഞ ജനുവരിയിലും രൂപ ഇതേ നിലയിലേക്ക്‌ താഴ്‌ന്നിരുന്നു. 2011 ഡിസംബറില്‍ ഡോളറിനെതിരെ വിനിമയ നിരക്ക്‌ 53.70 കടന്നതാണ്‌ രൂപയുടെ എക്കാലത്തെയും ഏറ്റവും കുറഞ്ഞ നിരക്ക്‌. ഡിസംബറിലെ സര്‍വകാല റെക്കോഡിനെ വരും ദിവസങ്ങളില്‍ രൂപയുടെ തകര്‍ച്ച മറകടക്കുമോയെന്നാണ്‌ ഇപ്പോള്‍ സാമ്പത്തിക നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്‌.

ഇന്ത്യയുടെ ഇറക്കുമതികയറ്റുമതി മേഖലയിലെ വന്‍തോതിലുള്ള വിടവാണ്‌ ഡോളറിന്‍െറ ആവശ്യം വര്‍ധിപ്പിക്കുന്നതും മൂല്യം വര്‍ധിപ്പിക്കുന്നതും. കയറ്റുമതിയെക്കാള്‍ ഇറക്കുമതി തോത്‌ ഗണ്യമായി ഉയയുന്ന സാഹചര്യത്തില്‍ ഡോളറിന്‍െറ ആവശ്യം ഇനിയും വര്‍ധിക്കാനാണത്രെ സാധ്യത. ഇത്‌ രൂപയുടെ തകര്‍ച്ചക്ക്‌ ആക്കം കൂട്ടും. രാജ്യത്തേക്കുള്ള വിദേശ നിക്ഷേപത്തിന്‍െറ വരവ്‌ കുറഞ്ഞതോടൊപ്പം ഇതിന്‍െറ അനന്തര ഫലങ്ങളെ മറികടക്കാന്‍ ആഭ്യന്തര നിക്ഷേപകര്‍ ഡോളര്‍ സ്വരൂപിക്കുന്നതും രൂപക്ക്‌ തിരിച്ചടിയാവുകയാണ്‌. പെട്രോളിയം ഉല്‍പന്നങ്ങളുടെ ഏറിയ പങ്കും ഇറക്കുമതി ചെയ്യുന്നതിനാല്‍ ഇന്ത്യയുടെ ഇറക്കുമതി തോത്‌ എളുപ്പത്തില്‍ നിയന്ത്രിക്കാന്‍ കഴിയില്ല.
ഇന്ത്യക്ക്‌ ആവശ്യമുള്ള പെട്രോളിയം ഉല്‍പന്നത്തിന്‍െറ 80 ശതമാനവും ഇറക്കുമതിയാണ്‌. പുതിയ പ്രതിസന്ധി മറികടക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ വന്‍തോതില്‍ ഡോളര്‍ വിറ്റഴിക്കുന്നുണ്ടെങ്കിലും ഇത്‌ രൂപയുടെ തകര്‍ച്ചക്ക്‌ പരിഹാരമാകുന്നില്ല. നിലവിലെ സാമ്പത്തികസ്ഥിതി തുടരുകയാണെങ്കില്‍ സര്‍വകാല റെക്കോഡുകള്‍ മറികടന്ന്‌ രൂപയുടെ മൂല്യം ഡോളറിനെതിരെ 55 വരെ എത്തിയേക്കുമെന്നാണ്‌ മുന്നറിയിപ്പ്‌്‌. രൂപക്കെതിരെ ഡോളര്‍ കുത്തനെ ഉയര്‍ന്നതോടെ ഡോളര്‍ ബന്ധിത ഗള്‍ഫ്‌ കറന്‍സികളും മൂല്യം മെച്ചപ്പെടുത്തി. യു.എ.ഇ ദിര്‍ഹം 15.53, സൗദി റിയാല്‍ 14.24, ഖത്തര്‍ റിയാല്‍ 14.67, കുവൈത്ത്‌ ദീനാര്‍ 193.09, ഒമാന്‍ റിയാല്‍ 138.81രൂപ എന്നിങ്ങനെയാണ്‌ ഗള്‍ഫ്‌ കറന്‍സികളുടെ വ്യാഴാഴ്‌ചത്തെ രാജ്യാന്തര നിരക്ക്‌.

മാസാരംഭത്തില്‍ ഗള്‍ഫ്‌ കറന്‍സികളുടെ മൂല്യം വര്‍ധിച്ചത്‌ ഇവിടങ്ങളില്‍ തൊഴിലെടുക്കുന്ന ഏഷ്യന്‍ രാജ്യക്കാര്‍ക്ക്‌ വലിയ ആശ്വാസമാവുകയാണ്‌. ശമ്പളം ലഭിച്ച ആദ്യ ദിവസങ്ങളായതിനാല്‍ ഇന്നലെ പല മണി എക്‌സ്‌ചേഞ്ചുകളിലും നാട്ടിലേക്ക്‌ പണമയക്കുന്നവരുടെ വന്‍ തിരക്കാണ്‌ അനുഭവപ്പെട്ടത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക