Image

അമേരിക്കന്‍ മലയാളികളോട് ഒരു അഭ്യര്‍ത്ഥന - നമ്മുടെ സഹായം സര്‍ക്കാര്‍ വഴിയാകട്ടെ (ജെയിംസ് കുരീക്കാട്ടില്‍)

Published on 16 August, 2019
അമേരിക്കന്‍ മലയാളികളോട് ഒരു അഭ്യര്‍ത്ഥന - നമ്മുടെ സഹായം  സര്‍ക്കാര്‍ വഴിയാകട്ടെ (ജെയിംസ് കുരീക്കാട്ടില്‍)
കേരളം വീണ്ടുമൊരു പ്രളയ കെടുതിയിലാണ്. എങ്കിലും ഈ ദുരന്തത്തെ മലയാളി ഒന്നിച്ചു നിന്ന് നേരിടുന്ന നന്മയുടെ കാഴ്ചകളാണ് നാം എങ്ങും കാണുന്നത്. നാട്ടിലുള്ളവര്‍ ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങളിലും,  റിലീഫ് ക്യാമ്പുകളില്‍ ഉള്ളവര്‍ക്ക് ഭക്ഷണവും വസ്ത്രവും എല്ലാം എത്തിക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും   വ്യാപൃതരായിരിക്കുമ്പോള്‍, ലോകമെങ്ങുമുള്ള മലയാളികള്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ തങ്ങള്‍ക്കാവുന്ന വിധത്തില്‍  ജന്മനാടിനെ സഹായിക്കാന്‍ ഫണ്ട് ശേഖരിക്കാന്‍ ആരംഭിച്ചു കഴിഞ്ഞു. കോടിക്കണക്കിന് രൂപയാണ് വിദേശ മലയാളികള്‍ നേരിട്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും കഴിഞ്ഞ വര്‍ഷം അയച്ചത്. അമേരിക്കന്‍ മലയാളികള്‍ മാത്രം വളരെ വലിയ സംഖ്യാ സമാഹരിക്കുകയുണ്ടായി. ചിക്കാഗോയിലെ രണ്ട് മലയാളി ചെറുപ്പക്കാര്‍ ഓണ്‍ലൈനിലൂടെ മാത്രം സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചത്  ഏകദേശം ഒരു മില്യണ്‍ ഡോളര്‍ (ഏഴ് കോടിയോളം രൂപ ) ആയിരുന്നു. പിന്നെ അമേരിക്കയിലുള്ള നൂറു കണക്കിന് മലയാളി ക്‌ളബ്ബുകളും അതിനേക്കാളേറെയുള്ള ആരാധനാലയങ്ങളും മത സഘടനകളും മത്സരിച്ചു ഫണ്ട് ശേഖരണം നടത്തുകയുണ്ടായി. അതിനായി അവര്‍ നടത്തിയ പ്രയത്‌നങ്ങളെ അഭിനന്ദിക്കുകയാണ്. വളരെ വലിയ തുകകള്‍ സമാഹരിക്കുന്നതില്‍ നമ്മള്‍ വിജയിച്ചുവെങ്കിലും ആ പണം വിനിയോഗിക്കുന്നതിലും അര്‍ഹരായവരിലേക്ക് എത്തിക്കുന്നതിലും ഉണ്ടായ ചില വീഴ്ചകള്‍  ശ്രദ്ധയില്‍ കൊണ്ടുവരികയും ഇത്തവണ ആ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ വേണമെന്ന് ഓര്‍മ്മപെടുത്തുകയുമാണ്.
കഴിഞ്ഞ വര്‍ഷത്തെ ചില സംഭവങ്ങള്‍ നമ്മള്‍ ഏറെ ചര്‍ച്ച ചെയ്തതാണ്. അതിലൊന്ന് നമ്മുടെ ഒരു മത വിഭാഗത്തിന്റെ തലവന്‍ അമ്പത് ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറാന്‍ തന്റെ പരിചാരിക വൃന്ദത്തോടൊപ്പം പതിനായിരത്തോളം ഡോളര്‍ (ഏഴ്  ലക്ഷം രൂപ ) ചിലവാക്കി നാട്ടിലേക്ക് നടത്തിയ ഫ്‌ലൈറ്റ് യാത്രയായിരുന്നു. തിരുമേനി അമ്പത് ലക്ഷത്തിന്റെ ചെക്ക് മുഖ്യമന്ത്രിക്ക് കൊടുക്കുന്ന ഫോട്ടോ കണ്ട് നമുക്ക് കുളിര് കോരിയെങ്കിലുംഇവിടെനിന്ന് ഓണ്‍ലൈനായി കൊടുക്കാവുന്ന അമ്പത് ലക്ഷം നേരിട്ട് എത്തിച്ചു കൊടുക്കാന്‍ ഏഴ്   ലക്ഷം ചിലവാക്കണോ എന്ന് നമ്മള്‍ ആലോചിക്കണം. വേറൊരു മത വിഭാഗത്തിന്റെ തലവന്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് ഒരു കോടി രൂപയായിരുന്നു. പക്ഷെ എഴുപതോളം ആരാധനാലയങ്ങള്‍ ഉള്ള ആ മത വിഭാഗത്തിന്റെ ഓരോ ആരാധനാലയത്തില്‍ നിന്നും സമാഹരിച്ച പണത്തിന്റെ അനൗദ്യോഗിക കണക്കുകള്‍ പറയുന്നത് മൊത്തം 3  കോടിയോളം സമാഹരിച്ചു എന്നാണ്. മൂന്ന്  കോടിയില്‍  നിന്ന് ഒരു കോടി മാത്രമാണ് കൊടുക്കുന്നതെങ്കില്‍, നാട്ടിലെ പ്രളയം  ചിലര്‍ക്കെങ്കിലും ഒരു ലാഭ കച്ചവടമാണ്.

മറ്റൊരു പ്രധാന പ്രശ്‌നം നമ്മള്‍ സമാഹരിച്ച തുക അര്‍ഹിക്കുന്നവരിലേക്ക് എത്തിക്കുന്നതില്‍ ഉടലെടുത്ത തര്‍ക്കങ്ങള്‍ ആയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (CMDRF) അയച്ചാല്‍ തുക വക മാറ്റി ചിലവഴിക്കാന്‍ ഇടയുണ്ടന്ന തരത്തിലുള്ള  തെറ്റിദ്ധാരണകള്‍ ചിലര്‍ പ്രചരിപ്പിച്ചതു മൂലം പല സംഘടനകളും സഹായം നേരിട്ട് കൊടുക്കാന്‍ ശ്രമിക്കുകയുണ്ടായി. എങ്കിലും സഹായം കൊടുക്കേണ്ട സ്ഥലങ്ങള്‍ തിരഞ്ഞെടുക്കന്നതിലും, അര്‍ഹരായവരെ കണ്ടെത്തുന്നതിലും വ്യക്തി താത്പര്യങ്ങള്‍ ഉടലെടുത്തത് പല പ്രശ്‌നങ്ങളും സ്രഷ്ടിച്ചത് നമുക്കറിയാം. വീട് നഷ്ടപ്പെട്ടവര്‍ക്ക് നേരിട്ട് വീട് വച്ച് കൊടുക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഇവിടെ നിന്ന് കൊണ്ട് മേല്‍നോട്ടം വഹിക്കാന്‍ ബുദ്ധിമുട്ടുകള്‍ മൂലം  ഒരു വര്ഷം കഴിഞ്ഞിട്ടും,  പല പ്രസ്ഥാനങ്ങള്‍ക്കും ഇതുവരെ വീട് പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല.എല്ലാവരുടെയും കാര്യമല്ല. ചില സംഘടനകള്‍ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു.  ഇവിടെയാണ് നമ്മള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ( Chief Ministers Distress Relief Fund) CMDRF ന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയേണ്ടതും തെറ്റിദ്ധാരണകള്‍ മാറ്റേണ്ടതും.
ഇന്നത്തെ നിലയില്‍ നമുക്ക് ഏറ്റവും വിശ്വസിക്കാവുന്നതും സുതാര്യമായതും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തന്നെ (CMDRF) ആണ്. അര്‍ഹരായവരെ കണ്ടെത്തുന്നതും സഹായം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് സാക്ഷ്യപെടുത്തുന്നതും, വില്ലേജ് ഓഫീസര്‍ മാരും തഹസീല്‍ദാറുമൊക്കെയാണ്. നിശ്ചിത പരിധി വരെയുള്ള തുകകള്‍ അനുവദിക്കുന്നത്ജില്ലാ കളക്ടര്‍മാരുമാണ്.

പിന്നെയുള്ളൊരു തെറ്റിദ്ധാരണ CMDRF ഫണ്ട് വകമാറ്റി ചിലവഴിക്കുന്നുവെന്നാണ്. ഇങഉഞഎ പ്രളയത്തിന് മാത്രമായുള്ള  ഫണ്ട് അല്ല. എല്ലാത്തരം ദുരിതമനുഭവിക്കുന്നവരെയും സഹായിക്കാന്‍ ഉള്ളതാണ്. ഗവണ്‍മെന്‍റ് ഒരു വലിയ തുക എല്ലാ വര്‍ഷവും ബഡ്ജറ്റില്‍ അതിനായി മാറ്റിവെയ്ക്കുന്നുമുണ്ട്. എങ്കിലും നമ്മള്‍ പ്രളയ ദുരിതാശ്വാസത്തിനായി കൊടുക്കുന്ന തുക ഒരു പ്രത്യേക ഫണ്ടാക്കി  മാറ്റി, പ്രളയ കെടുതിയില്‍ പെട്ടവര്‍ക്ക് സഹായിക്കാന്‍ മാത്രമായാണ് ചിലവഴിക്കുന്നത്. പിന്നെ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഒരു ആരോപണം, CMDRF ല്‍ കഴിഞ്ഞ വര്‍ഷത്തെ ചിലവഴിക്കാത്ത ധാരാളം പണം ഉണ്ടെന്നാണ്. ശരിയാണ്.ചിലവഴിക്കാന്‍ ഇനിയും  പണം ബാക്കി  ഉണ്ട്. പക്ഷെ ആ പണം ഒറ്റ വര്‍ഷംകൊണ്ട് അടിച്ചു തീര്‍ക്കാന്‍ പറ്റുന്നതല്ല.. ദീര്‍ഘകാല പുനരധിവാസ പദ്ധതികള്‍ക്കായിക്കൂടി പ്ലാന്‍ ചെയ്തിരിക്കുന്നത് കൊണ്ടാണ്. ഇനിയുമുള്ള ഒരു ആക്ഷേപം, കഴിഞ്ഞ വര്‍ഷം ലഭിച്ച തുക വേണ്ട പോലെ ചിലവഴിച്ചില്ലായെന്നതാണ്. ലഭിച്ച തുകയും ചിലവഴിച്ച തുകയുടെയും സിഎജി ഓഡിറ്റ് ചെയ്ത കണക്കുകള്‍ CMDRF ന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എങ്കിലും ചുരുക്കി പറയാം. ഇതുവരെ 457 കോടിയുടെ ധന സഹായം 7.37 ലക്ഷം പേര്‍ക്ക് കൊടുത്തു കഴിഞ്ഞു. 4 ലക്ഷം രൂപ മുടക്കി 6664 പേര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി കഴിഞ്ഞു. ഇനിയും ഏതാണ്ട് 4000 വീടുകള്‍ കൂടി നിര്‍മ്മിച്ച് നല്‍കാനുണ്ട്. ഭാഗീകമായി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ച മൂന്നര ലക്ഷത്തിലധികം വീടുകള്‍ക്ക് കേടുപാടുകള്‍ പരിഹരിക്കാനുള്ള ധന സഹായവും നല്‍കി കഴിഞ്ഞു. പിന്നെ പ്രളയം തകര്‍ത്ത 7602 കി, മി, റോഡ് പുനര്‍നിര്‍മ്മിച്ചു. 127 പാലങ്ങള്‍, 656 കലുങ്കുകള്‍, പണി പൂര്‍ത്തിയാക്കി. 25 ലക്ഷം  വൈദ്യുതി കണക്ഷനുകള്‍ പുനഃസ്ഥാപിച്ചു. 5000 കി, മി, വൈദ്യുതി ലൈന്‍ മാറ്റി സ്ഥാപിച്ചു. 16158 ട്രാന്‍സ്‌ഫോര്‍മറുകള്‍ പ്രവര്‍ത്തന സജ്ജമാക്കി. 67 ലക്ഷം ആളുകള്‍ക്കുള്ള കുടിവെള്ള ശ്രഖല പുനഃസ്ഥാപിച്ചു.  വിളനാശം സംഭവിച്ച കൃഷിക്കാര്‍ക്ക് 287 കോടി നല്‍കി. ഇനിയുമുണ്ട് കണക്കുകള്‍. എല്ലാം ഇവിടെ വിവരിക്കുന്നില്ല. ഏതൊരു  ഗവണ്‍മെന്റിനും  ഒരു വര്‍ഷത്തിനുള്ളില്‍ ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്തു കഴിഞ്ഞു. അപ്പോഴേക്കുമാണ് പ്രളയം വീണ്ടും എത്തിയത്. സഹായിക്കേണ്ടത് നമ്മുടെ ധര്‍മ്മമാണ്. നമ്മുടെ നാട്ടുകാരാണ് പ്രളയ കെടുതിയില്‍ പെട്ടിരിക്കുന്നത്. നമ്മുടെ സഹോദരങ്ങളാണവര്‍. നമ്മുടെ സുഹൃത്തുക്കളാണവര്‍. സഹായിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ് . നമ്മുടെ സാമ്പത്തിക സഹായങ്ങള്‍ എങ്ങനെ നാട്ടിലെത്തിക്കണമെന്ന് ഇനിയും നിങ്ങള്‍ക്ക് തീരുമാനിക്കാം. ഒരു കാര്യം ശ്രദ്ധയില്‍ പെടുത്തട്ടെ. നമ്മള്‍ പലരും  പണം നേരിട്ട് സഹായമായി നല്‍കാറുണ്ട്. നമ്മുടെ സംഘടനകള്‍  വീട് നിര്‍മ്മിച്ച് നല്‍കാറുണ്ട്. പക്ഷെ ചെക്ക് നല്‍കുന്നതിന്റെയും, വീടിന്റെ കീ കൈമാറുന്നതിന്റെയും ഒക്കെ ഫോട്ടോ എടുത്ത് നമ്മുടെ പബ്ലിസിറ്റിയും,  ധാന ധര്‍മ്മ മാഹത്മ്യവും (Virtue Signalling) കാണിക്കാന്‍ എല്ലായിടത്തും പ്രസിദ്ധീകരിക്കുമ്പോള്‍,  അത് സ്വീകരിക്കാന്‍ വിധിക്കപെട്ടവന്റെ ദൈന്യതയും നിസ്സഹായതയും കാണാതെയിരിക്കരുത്. അവനും നിസ്സഹായനാണെങ്കിലും ആത്മാഭിമാനമുള്ള ഒരു മനുഷ്യനാണെന്ന് കൂടി ഓര്‍ക്കണം. നമ്മള്‍ ഒരാളെ നേരിട്ട് സഹായിക്കുമ്പോള്‍ നമ്മള്‍ കാണിക്കുന്ന ഔദാര്യത്തോട് അയാള്‍ കടപ്പെട്ടവനാകുകയാണ്. മറിച്ച് നമ്മള്‍ ആ പണം സര്‍ക്കാര്‍ വഴി നല്‍കുമ്പോള്‍ അത്  സ്വീകരിക്കുന്നതില്‍ അയാളുടെ ആത്മാഭിനത്തിന് ക്ഷതമേല്‍ക്കുന്നില്ല. കാരണം ഓരോ പൗരന്റെയും ജീവനും സ്വത്തിനും സുരക്ഷ നല്‍കേണ്ടത് സ്‌റ്റേറ്റിന്റെ കടമയാണ്. സ്വത്ത് നഷ്ടപെട്ട ഒരാള്‍ നഷ്ട പരിഹാരം ഗവണ്‍മെന്റില്‍ നിന്ന് സ്വീകരിക്കുന്നത് ആ പൗരന്റെ അവകാശമാണ്.

സഹജീവികള്‍ ആപത്തില്‍ പെട്ടാല്‍ സഹായിക്കുകയെന്നത് ഭൂമിയിലെ ഒട്ടുമിക്ക ജീവി വര്‍ഗ്ഗങ്ങളുടെയും അടിസ്ഥാന സ്വഭാവമാണ്. മനുഷ്യരില്‍ മാത്രമല്ല ഈ സഹായ ത്വര (Atlruism) യുള്ളത്. ആന കൂട്ടത്തില്‍ ഒന്ന് വാരികുഴിയില്‍ വീണ് പോയാല്‍ എങ്ങനെയും രക്ഷിക്കാന്‍ മറ്റ് ആനകള്‍ ചെയ്യാവുന്നതെല്ലാം ചെയ്യും. (When Elephants Weep by Dr. Jeffrey Masson) എല്ലാ ജീവികളിലും അത് ജന്മസിദ്ധമാണ്. ആനകളില്‍ മാത്രമല്ല, ഉറുമ്പുകളിലും തേനീച്ചകളിലും കാക്കകളിലുമെല്ലാമുണ്ട്, സഹജീവികള്‍ അപകടത്തില്‍ പെട്ടാല്‍ സഹായിക്കാന്‍ പറന്നെത്തുന്ന സവിശേഷത. ഇതേ നൈസര്‍ഗ്ഗികമായ സഹായത്വര തന്നെയാണ് നമ്മിലുമുള്ളത്.  നമ്മുടെ നാട്ടിലെ സഹജീവികളോട് അത് നമ്മള്‍ കാണിക്കേണ്ട സമയവുമാണിത്. സങ്കുചിത മത രാഷ്ട്രീയ താത്പര്യങ്ങളുടെ പേരില്‍ തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുന്നവരെ നമുക്ക് അവഗണിക്കാം. നമുക്കൊന്നിച്ച് നിക്കാം. നമ്മള്‍ വ്യക്തിപരമായും സംഘടനകളിലൂടെയും സമാഹരിക്കുന്ന പണം ഏറ്റവും വിശ്വസനീയമായ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കാം. അത് നമ്മുടെയോ നമ്മുടെ സംഘടനകളുടെയോ പേരിനും പബ്ലിസിറ്റിക്കുമായി ഉപയോഗിക്കാതിരിക്കാന്‍ ശ്രമിക്കാം. ദുരിതത്തിലായിരിക്കുന്നവരുടെ ആത്മാഭിമാനത്തെ ആദരിച്ചുകൊണ്ടാവട്ടെ നമ്മുടെ സഹായങ്ങള്‍. നമ്മുടെ നാടിനെ പുനര്‍നിര്‍മ്മിക്കാന്‍ നമുക്ക് ഒന്നിച്ച് കൈ കോര്‍ക്കാം.


Join WhatsApp News
Korah Cherian 2019-08-16 13:50:07
Good writing. Please mention the name of the Bishop or the Religious Leader, who misused the
Charity amount. The writer appeared to be a party worker. The best way to utilize the charity
amount to find out the desiring family or individual and give it personally or through a dependable
friend or relative.

Patt 2019-08-16 14:56:43
പ്രശ്നങ്ങൾക്കു  പരിഹാരം അനേഷിക്കാതെ, എത്ര തവണ ഇങ്ങനെ മറ്റുള്ളവരുടെ ദയാ ദാക്ഷിണ്യത്തിൽ  ഒരു ജനതയ്ക്ക്  സുരക്ഷയായീ ജീവിക്കാൻ കഴിയുന്നത്.
tom 2019-08-16 15:23:05
DO NOT DONATE THROUGH YOUR CHURCH ESPECIALLY WHEN YOU KNOW YOUR CHURCH HAS A MAJOR PROJECT/ FINANCIALCOMMITMENT HERE IN THE US. THEY WILL DIVERT THE FUNDS. THIS IS THE TRUTH.
വിദ്യാധരൻ 2019-08-16 17:27:02
ഒരു ട്രില്യൺ ഡോളറിന്റ സ്വർണ്ണം ശ്രീ പത്മനാഭ ക്ഷേത്രത്തിൽ പൂഴ്ത്തി വച്ചിട്ട്, ജനങ്ങളെ കഷ്ടപ്പെടുത്തുന്ന മതരാഷ്‌ടീയ വഞ്ചകൻമാർക്കോ വീണ്ടും വീണ്ടും കട്ടു മുടിക്കാൻ കൊടുക്കാൻ കൊടുക്കുന്നത് , പൂഴ്ത്തി വച്ച വിറ്റ പണത്തിന്റെ ഒരംശം എടുത്ത്  'പാറ്റ് ' പറഞ്ഞതുപോലെ ഒരു ശ്വാശത പരിഹാരം കണ്ടെത്താൻ നോക്ക് .  അല്ലെങ്കിൽ എല്ലാ വർഷവും ഈ പിച്ച പാത്രവും മായി റോഡിൽ ഇറങ്ങി നിൽക്കേണ്ട ഗതികേട് വരും . കേരളത്തിൽ വെള്ളപ്പൊക്ക കെടുതിയിൽ കഷ്ടപ്പെടുന്ന ഏതെങ്കിലും കുടുംബങ്ങൾ, അവരുടെ കയ്യിൽ ഇതുപോലെ സ്വർണ്ണമോ പണമോ ഉണ്ടായിരുന്നെങ്കിൽ, അത് പൂഴ്ത്തി വച്ചിട്ട് പിച്ച ചട്ടിയുമായി നിരത്തിൽ ഇറങ്ങുമായിരുന്നോ ? ഇല്ല ഒരിക്കലും ചെയ്യില്ല എന്നാണ് എന്റെ അഭിപ്രായം . ചെയ്യുന്നവർ ഒരു കൂട്ടരേയുള്ളു . മതരാഷ്ട്രീയ കൃമി കീടങ്ങൾ. അവരുടെ ഉപജീവനമാർഗ്ഗമാണിത് . മറ്റുള്ളവരെ വഞ്ചിച്ചും ചതിച്ചും , ശരീരം അനങ്ങാതെ പണം ഉണ്ടാക്കിയവർ . അവർക്ക് നാടിനോ ജനങ്ങളോക്കോ വേണ്ടി ഒന്നും ചെയ്യാൻ കഴിയില്ല.  കൊടുക്കേണ്ട എന്ന് ഞാൻ പറയില്ല . പക്ഷെ ഇന്നോളമുള്ള രാഷ്ട്രീയക്കാരുടെയും മത നേതാക്കളുടെയും ചരിത്രം പരിശോധിച്ചാൽ അവരാരും സ്വന്ത കുടുംബത്തെയും ബന്ധുക്കളെയും വെള്ളത്തിലാക്കി ആരെയും നന്നാക്കാൻ പോകില്ല .   വെള്ളത്തിൽ ഒലിച്ചു പോകുന്നവരിൽ ഇവർ കാണില്ല . അവർക്ക് കേരളത്തിന് പുറത്ത് സുരക്ഷിതമായ സ്ഥലങ്ങളിൽ പാർപ്പിടങ്ങൾ ഉണ്ട് . 

പാറ്റിന്റെ വാക്കുകളെ ഒരിക്കൽകൂടി ഉദ്ധരിക്കുന്നു 

"പ്രശ്നങ്ങൾക്കു  പരിഹാരം അനേഷിക്കാതെ, എത്ര തവണ ഇങ്ങനെ മറ്റുള്ളവരുടെ ദയാ ദാക്ഷിണ്യത്തിൽ  ഒരു ജനതയ്ക്ക്  സുരക്ഷയായീ ജീവിക്കാൻ കഴിയുന്നത്."
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക