Image

കോടാമ്പക്കത്തെ താരറാണിമാർ (ജിനു സെബാസ്റ്റ്യൻ)

ജിനു സെബാസ്റ്റ്യൻ Published on 16 August, 2019
കോടാമ്പക്കത്തെ താരറാണിമാർ (ജിനു സെബാസ്റ്റ്യൻ)
ഒരു  പുനർവായനയ്ക്കു വേണ്ടി എന്റെ പുസ്തക ശേഖരത്തിൽ  തിരഞ്ഞപ്പോൾ കിട്ടിയത് ഈ പുസ്തകങ്ങളാണ്. ഒരു കൈയ്യിൽ ഷക്കീലയുടെ ആത്മകഥ, മറു കൈയ്യിൽ 'ഡ്യൂപ്പ് ' എന്ന സുരയ്യാ ബാനുവിന്റെ ആത്മകഥ .രണ്ടു പുസ്തകങ്ങളിലെയും കാതൽ സ്ത്രീയുടെ കദന കഥകൾ തന്നെയാണ്. രണ്ടു പേർക്കും സാദൃശ്യങ്ങൾ അനവധിയാണ്. ഇരുവരും കോടമ്പാക്കത്തു നിന്നും വരുന്നവർ.

പിന്നെ ഇവരെ ബന്ധിപ്പിക്കുന്ന കണ്ണി എന്താണ് ???

രണ്ടു പേരും നിരവധി രതിചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് .ഒരു കാലത്ത് മലയാളികളുടെ സ്വപ്ന രതിറാണിയായിരു ന്ന ഷക്കീലയെ പ്രത്യേകിച്ച് ഇവിടെ അവതരിപ്പിക്കേണ്ട  ആവശ്യകത ഉണ്ടെന്നു തോന്നുന്നില്ല. ഷക്കീലയെ അറിയാത്ത മലയാളികൾ വിരളമായിരിക്കും .

സുരയ്യാ ബാനു ആരായിരുന്നു ?

പ്രേക്ഷകർ കണ്ട നൂറോളം ഷക്കീല ചിത്രങ്ങളിൽ  ഷക്കീലയ്ക്ക് ഡ്യൂപ്പ് ആയി അഭിനയിച്ച നടിയാണ് സുരയ്യാ ബാനു .

ഷക്കീലയ്ക്കും ഡ്യൂപ്പോ !!!

എന്ന് കേട്ടവർ കേട്ടവർ മൂക്കത്ത് വിരൽ വെയ്ക്കും .മലയാളത്തിൽ അഭിനയിക്കുമ്പോൾ ഷക്കീല ഡ്യൂപ്പിനെ വെച്ചിരുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തി.  ആദ്യം സുരയ്യാ ബാനുവിലേക്ക് തന്നെ വരാം.

                   കോടമ്പാക്കത്താണ് സുരയ്യ ബാനു ജനിച്ചു വളർന്നത്. അച്ഛൻ ആലപ്പുഴ സ്വദേശിയാണ് .വളരെ ചെറുപ്പത്തിലെ ബിസിനസ്സുമായി  ബന്ധപ്പെട്ട്  കോടമ്പാക്കത്ത് എത്തപ്പെട്ട അദ്ദേഹം അവിടുന്ന് തന്നെ വിവാഹം കഴിച്ച് അവിടെ സ്ഥിര താമസമായി. കുട്ടിക്കാലം മുതലെ കോടമ്പാക്കത്തും, വടപളനിയിലും ഒക്കെ അച്ഛനോപ്പം കറങ്ങി നടന്നിരുന്നതിനാൽ സിനിമാ താരങ്ങളെ സുരയ്യ സ്ഥിരം കണ്ടിരുന്നു. അങ്ങേയറ്റം താരാരാധന നടത്തിയിരുന്ന തമിഴ് ജനതയെ കണ്ടു വളർന്നതു കൊണ്ടാകണം വലുതായാൽ ഒരു സിനിമാ നടി ആവണം എന്ന ആഗ്രഹമായിരുന്നു സുരയ്യയ്ക്കുണ്ടായിരുന്നത്.

                  സുരയ്യ പഠനത്തിൽ മികവു പുലർത്തിയിരുന്നു . പത്താം തരം വിജയകരമായി  പൂർത്തിയാക്കിയതോടെ തന്റെ ഉള്ളിലെ അഭിനേത്രിയെ വെള്ളിത്തിരയിലെത്തിക്കാനുള്ള ശ്രമം അവൾ തുടങ്ങി വെച്ചു. കോളേജിൽ ചേർന്നതോടെ ക്ലാസ്സ് കട്ട് ചെയ്ത് ഓരോ സ്റ്റുഡിയോയുടെ മുൻപിൽ ചെന്ന് നിൽക്കും. ചാൻസ് തേടിയുളള ഈ അവസരത്തിലാണ് ജൂനിയർ ആർട്ടിസ്റ്റുകളെ വിതരണം  ചെയ്യുന്ന ഉഷയെ സുരയ്യ പരിചയപ്പെടുന്നത്. ആ സൗഹൃദത്തിൽ ചെറിയ ചില വേഷങ്ങൾ സിനിമയിൽ ചെയ്യാൻ അവൾക്ക് സാധിച്ചു.

                     കോളേജ് പഠനം പൂർത്തീകരിച്ചതോടെ ഇനി സിനിമ തന്നെ തന്റെ വഴി എന്നുറച്ച് അവൾ അതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചു .പക്ഷെ അവളെ കാത്തിരുന്നത് ചതിയുടെ ഒരു ലോകം തന്നെയായിരുന്നു. നായികയാക്കാം എന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് ആദ്യം നിർമ്മാതാവ് അവളുമായി ലൈംഗീക ബന്ധത്തിലേർപ്പെട്ടു . പുറകെ സംവിധായകനും. അഭിനയിച്ച് നോക്കീട്ട് ശരിയാകുന്നില്ല എന്ന കാരണം പറഞ്ഞ് അവളെ ആ ചിത്രത്തിൽ നിന്ന് അവർ ഒഴിവാക്കി. പിന്നീട് തിരക്കിയപ്പോൾ അങ്ങനെ ഒരു സംവിധായകൻ ഇല്ലെന്നറിഞ്ഞു .ഇതിനകം അവൾക്ക് എല്ലാം നഷ്ടപ്പെട്ടിരുന്നു.

                ഹിന്ദിയിൽ പണ്ഡിറ്റ് നേടിയതിനാൽ ആ വഴിയ്ക്ക് അവൾ ജോലിയ്ക്കു ശ്രമിച്ചു. സിനിമയിൽ ഇനി അവസരങ്ങളൊന്നും പ്രതീക്ഷിച്ച് കാലം കളയാതെ ഒരു ഹോട്ടലിൽ റിസപ്ഷനിസ്റ്റായി അവൾ ജോലി നോക്കി. അവിടെ ധാരാളം സിനിമാക്കാർ വന്നിരുന്നു. ചാൻസ് ചോദിച്ച് മുൻപ് നടന്നിരുന്ന സമയത്ത് പരിചയപ്പെട്ട പല ടെക്നീഷ്യൻമാരും വീണ്ടും കാണുകയും അവളുമായി  സൗഹൃദത്തിലാകുകയും ചെയ്തു. അവരിലൊരാൾ അവൾക്ക് ഒരു ചാൻസ് തരാൻ തയ്യാറായി. അവരുമായി സഹകരിച്ചാൽ പുതിയ ബന്ധങ്ങളുണ്ടാക്കി മറ്റു സിനിമയിലേക്ക് കേറാം എന്ന് മാത്രമേ അവൾ ചിന്തിച്ചുള്ളൂ. ബി ഗ്രേഡ് മൂവിയാണ് മുഖം കാണിക്കണ്ട എന്ന രീതിയിൽ അവൾ അഭിനയിക്കാൻ തയ്യാറായി. പിന്നീട് നിരവധി അവസരങ്ങൾ അവൾക്ക് ലഭിച്ചു. എങ്ങനെ അഭിനയിച്ചാലും മുഖം കാണില്ലല്ലോ. കൈ നിറയെ പണം ലഭിച്ചതോടെ അവൾ ഷക്കീലയ്ക്ക്  ഡ്യൂപ്പ് വേഷങ്ങൾ നിരവധി ചെയ്തു തുടങ്ങി. നല്ല വേഷങ്ങൾ കിട്ടിയുമില്ല.

             ഷക്കീലാക്കാലം അവസാനിച്ചതോടെ അവളുടെ ചാൻസ് കുറഞ്ഞു. വീണ്ടും പഴയ തൊഴിലുകളിലേക്ക് . ഒടുവിൽ അവളുടെ വിവാഹവും കഴിഞ്ഞു.  ഇപ്പോൾ സുരയ്യാ സ്ക്കൂൾ അധ്യാപികയാണ്. കുടുംബത്തോടൊപ്പം  സുഖമായി ചെന്നൈയിൽ ജീവിക്കുന്നു .സിനിമാ സ്വപ്നം കണ്ട് പെൺക്കുട്ടികൾ കെണിയിൽ വീഴാതിരിക്കാനാണ്  ഈ ആത്മകഥ അവർ രചിച്ചത്. സിനിമയിലേക്കിറങ്ങുന്നവർക്ക് ഒരു ഗുണപാഠമാണ്  സുരയ്യാ ബാനുവിന്റെ 'ഡ്യൂപ്പ് ' എന്ന ഈ പുസ്തകം. സിനിമ വിജയം മാത്രമല്ല പരാജയവും സമ്മാനിക്കുന്നുവെന്ന് സുരയ്യായുടെ ജീവിതം അടിവരയിട്ടു പറയുന്നു .

                     പത്താംതരം കഴിഞ്ഞ്  ഞാൻ കലൂരിലെ ടൂ വീലർ  സ്പ്രേ പെയിൻറിങ്ങ് വർക്ക് ഷോപ്പിൽ ജോലിക്കു കയറിയ നാളുകളിലാണ് കേരളത്തിൽ ഷക്കീല തരംഗം ആഞ്ഞടിക്കുന്നത്.  [സ്പ്രേ പെയ്ന്റിംങ്ങ് എന്ന് കേട്ട് ഞാൻ വല്യ സംഭവമാണെന്ന് തെറ്റിദ്ധരിക്കണ്ട. കൈ തൊഴിൽ  പഠിക്കാനായി ചേട്ടൻ കൊണ്ടു വിട്ട താണ്. നാലു മാസം കഴിഞ്ഞ് മതിയാക്കി പോന്നു ]  അന്ന് സ്ഥിരമായി സിനിമാ മാസികകൾ വാങ്ങുമായിരുന്നു. അതിലൊരിക്കൽ കണ്ട 'കിന്നാരത്തുമ്പികൾ ' എന്ന ചിത്രത്തിലെ സ്റ്റിൽസുകളിലൊന്നായ ഷക്കീലയുടെ ചിത്രം എന്നെ ഏറെ ആകർഷിച്ചു . ഇറക്കി വെട്ടിയ ബ്ലൗസിലെ മുഴുത്ത മാർവിടത്തിലേക്ക് കൗമാരക്കാരനായ എന്റെ ശ്രദ്ധ അറിയാതെ പതിഞ്ഞു .മനോഹരമായ കണ്ണുകളിലേക്കും ,വശ്യതയാർന്ന ചിരിയിലേക്കും ഏറെ നേരം ഞാൻ നോക്കി നിന്നു. പിന്നീട് കൗമാര സ്വയംഭോഗ ഓർമ്മകളിൽ ആ ചിത്രം നിറഞ്ഞു നിന്നു.

         അന്നത്തെ കൂട്ടുകാർക്കിടയിൽ
നിന്ന് ഷക്കീല ചിത്രവിശേഷങ്ങൾ ഞാനറിയുന്നുണ്ടായിരുന്നു. പക്ഷെ ആ ചിത്രങ്ങൾ കാണാൻ പോകാൻ ധൈര്യമുണ്ടായിരുന്നില്ല.  15 വയസ്സുകാരന് നിഷിദ്ധമായ ഒന്നായിരുന്നു അന്നത്തെ A സർട്ടിഫിക്കറ്റ് സിനിമകൾ. കാക്കനാട് അന്ന് രണ്ടു  സി- ക്ലാസ്സ്  തീയറ്ററുകളുണ്ടായിരുന്നു. വീടിനടുത്തുള്ള ജിനി മൂവീസിൽ ഇത്തരം ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നില്ല. കാരണം അവിടെ കുടുംബവുമായി ധാരാളം ആളുകൾ എത്തിയിരുന്നു. പക്ഷെ കാക്കനാടിനു അടുത്തുള്ള  കുന്നുംപുറത്ത്  N.A .മൂവീസ് കൊട്ടകയിൽ  ഇത്തരം ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിൽ യാതൊരു പിശുക്കും അവർ കാണിച്ചില്ല.പോരാത്തതിന് എല്ലാ വ്യാഴായ്ച്ചയും  പ്രത്യേക 'ബിറ്റുകൾ' ചേർ ത്തുള്ള നൂൺഷോയും.

ആനന്ദലബ്ധിക്കിനിയെന്തു വേണം!!!

                കൗമാരക്കാലത്തെ ഹരം കൊളളിച്ച രതിയോർമ്മകൾ നിറഞ്ഞു നിന്നത് 'പമ്മൻ ' പുസ്തകങ്ങളിലായിരുന്നു .തമ്പുരാട്ടിയും, ഭ്രാന്തും, ചട്ടക്കാരിയും ഒക്കെ വായനശാലയിൽ നിന്നെടുത്ത് വായിച്ചു കോരിത്തരിച്ച നാളുകളിലാണ് ഷക്കീല രംഗ പ്രവേശനം ചെയ്യുന്നത്. സിനിമാ മാസികകളിലെ  വിശേഷങ്ങൾ നോക്കുമ്പോൾ ഷക്കീലയുടേതായി നിരവധി ചിത്രങ്ങൾ അപ്പോളിറങ്ങിയിരുന്നു എന്ന് വിഷമത്തോടെ ഞാനോർത്തു. ഒന്നും കാണാൻ പറ്റാത്തതിൽ അതീവ ദുഃഖവുമുണ്ടായിരുന്നു . ബസ്സിലെ യാത്രകളിൽ N.A .മൂവീസിനു മുൻപിലെ ബസ്സ് സ്റ്റോപ്പിൽ എത്തുമ്പോൾ എത്ര നിയന്ത്രിച്ചാലും ഷക്കീല പോസ്റ്ററിലേക്ക് കണ്ണുകൾ പായും .ആ സ്റ്റോപ്പിൽ ഇറങ്ങുന്നവരെ ആളുകൾ സംശയത്തോടെ നോക്കിയിരുന്നു. കലൂരിലെ സ്പ്രേ പെയ്ന്റിംങ്ങ് പണി മതിയാക്കി ഞാൻ വീട്ടിലിരിപ്പായ സമയത്താണ്  N.A .മൂവീസിൽ ഷക്കീലയുടെ പ്രശസ്തമായ 'കാതര' പ്രദർശിപ്പിക്കുന്നു എന്ന് ഞാനറിഞ്ഞത് .മതിലിൽ ഒട്ടിച്ച പോസ്റ്ററിൽ നിന്ന് ഷക്കീലയെക്കൂടാതെ മറ്റൊരു രതിറാണിയായ മറിയയും ആ ചിത്രത്തിൽ ഉണ്ടെന്ന് ഞാൻ മനസ്സിലാക്കി .

"ഒരു വെടിക്ക് രണ്ടു പക്ഷി"

എന്ന് ഞാൻ മനസ്സിൽ പറഞ്ഞു. തീർച്ചയായും ഇതെങ്കിലും കാണണം. ഇതും മുടങ്ങി കൂടാ. പോസ്റ്ററിലെ  പ്രലോഭനത്തെ മറികടക്കുവാൻ ആകുമായിരുന്നില്ല എനിക്ക് .രണ്ടും കൽപ്പിച്ച് ഞാൻ വീട്ടിൽ നിന്നിറങ്ങി.

                              ബസ്സിൽ പരിചയക്കാർ ഉണ്ടാകാം .അവിടെ ഇറങ്ങിയാൽ  കാണും എന്ന ചിന്തയാൽ ഒരു സറ്റോപ്പ് മുന്നേ ഇറങ്ങി മുന്നോട്ടു നടന്നു. തീയറ്ററിലെത്തി. നിറയെ ആളുകളാണ് .പരിചയമുള്ള ഒരു മുഖവും കാണരുതേ എന്നാഗ്രഹിച്ചു. ഭാഗ്യത്തിന് അന്നവിടെ ഞാനറിയുന്ന ഒരാൾ പോലും ഉണ്ടായിരുന്നില്ല. ടിക്കറ്റ് കൗണ്ടറിൽ കയറിയതും പുറകിൽ നിന്നവർ എന്നെ നോക്കി ചിരിക്കാൻ തുടങ്ങി .മുൻപിൽ നിന്നവർ തിരിഞ്ഞു നോക്കാനും  തുടങ്ങി. ഞാനാകെ അസ്ത്ര പ്രഞ്ജനായി നിൽക്കുകയാണ്. പുറകിൽ നിന്ന് അശ്ലീല കമന്റുകളും കേൾക്കാം. എന്റെ ഊഴമെത്തി .

" ഒരെണ്ണം "

പത്തു രൂപാ നോട്ട് നീട്ടി ഞാൻ പറഞ്ഞു. ടിക്കറ്റ് കൊടുക്കുന്ന വ്യക്തി അത്ഭുത ജീവിയെ കാണുന്ന പോലെ എന്നെ നോക്കി ടിക്കറ്റ് തന്നു.

ഒരു പക്ഷെ 15 വയസ്സുള്ള കുട്ടികളാരും മുൻപ് വന്നിട്ടില്ലായിരിക്കും !!!

സിനിമ തുടങ്ങി. ഒരു മൂലയ്ക്കു പോയി ഞാൻ സ്ഥാനം പിടിച്ചു.കൈയടിച്ചും, കൂവിയും ,കമൻറുകൾ പറഞ്ഞും ആളുകൾ ' കാതര' കാതിനിമ്പമുള്ള സുഖകരമായ ഓർ മ്മയാക്കി  മാറ്റി. തുറിച്ചു നോട്ടങ്ങളും ,അശ്ലീല കമൻറുകളും സഹിക്കാൻ പറ്റാത്തതു ക്കൊണ്ടാവാം പിന്നീട്  തീയേറ്ററിൽ പോയി Aപടം കാണാനുള്ള ആവേശം ഒക്കെ കെട്ടടങ്ങി. എങ്കിലും സുഹൃത്തുക്കൾക്കൊപ്പം അവരുടെ റൂമുകളിൽ അതീവ രഹസ്യമായി ഞങ്ങൾ വീഡിയോ സി.ഡി.ഇട്ട് ഷക്കീല ചിത്രങ്ങൾ കണ്ടിരുന്നു.

              *********  ******** ********

                               കുറച്ച് വർഷം മുൻപ് പുസ്തക മേളയിൽ വെച്ച് ഷക്കീലയുടെ ആത്മകഥ കൈയ്യിൽ കിട്ടി. ഒന്നും നോക്കാതെ അതു വാങ്ങി. വായിച്ചു തുടങ്ങിയതും എന്റെ കണ്ണുനീർ ഗ്രന്ഥികൾ സജീവമായി . ഭൂതകാലത്തെ സത്യസന്ധമായി വരച്ചിടുകയാണ് ഷക്കീല .ആദ്യ ലൈംഗീകാനുഭവം വിവരിച്ചപ്പോൾ കണ്ണു നിറഞ്ഞു .തുടർന്നു വായിക്കാൻ കഴിയാതെ ഞാൻ പുസ്തകം മടക്കി.

                ഒരു ദിവസം രാവിലെ ഷക്കീലയെ അമ്മ ഒരുക്കി സുന്ദരിയാക്കി എന്നിട്ടു പറഞ്ഞു .

" ഷക്കീ നിനക്കറിയാലോ നമ്മുടെ കഷ്ടപ്പാടുകൾ .നിനക്ക് മാത്രമേ ഈ കുടുംബത്തെ രക്ഷിക്കാൻ പറ്റൂ .ഒരാളിന്റെ കൂടെ നീ പോണം .പറയുന്നതെല്ലാം അനുസരിക്കണം .അയാൾ കൈ നിറയെ പണം തരും ."

അയാളൊടൊപ്പം അവൾ പോയി .പിന്നീട് അവളുടെ ജീവിതത്തിൽ ഓരോ പുരുഷൻമാരും അതുപോലെയെത്തി .കുടുംബത്തിന് സാമ്പത്തിക ഭദ്രത ലഭിച്ചു. പിന്നീട് വിശ്രമമില്ലാതെ രതിചിത്രങ്ങളിലഭിനയിച്ച് ഷക്കീല കുടുംബാംഗങ്ങളെ ഉയർന്ന നിലയിലെത്തിച്ചു. അന്നത്തെ താരപ്രഭയിൽ ഒരു ദിവസം ഒരു ലക്ഷം രൂപ വരെ അഭിനയിക്കാൻ അവർ വാങ്ങിയിരുന്നു . ഷക്കീലയുടെ പണം സ്വീകരിച്ച കുടുംബക്കാർ തന്നെ ഷക്കീലയെ തള്ളി പറഞ്ഞു. സിനിമ അവസാനിപ്പിച്ച്  തിരികെയെത്തിയപ്പോൾ സമ്പാദിച്ച സ്വത്തുക്കളെല്ലാം സഹോദരി തട്ടിയെടുത്തു. എല്ലാവരാലും ഒറ്റപ്പെട്ട് ഷക്കീല മദ്യത്തിനടിമയായി. പിന്നീടവർ അതിൽ നിന്നും മുക്തി നേടി.

                   ദീപ നിശാന്തിന്റെ 'ഒറ്റമര പെയ്ത്ത് പുസ്തകത്തിൽ ഷക്കീലയെക്കുറിച്ച്  ഒരദ്ധ്യായം ഉണ്ട്. അതു വായിച്ചപ്പോൾ ഷക്കീലയെ നേരിൽ കാണണം എന്ന് തോന്നി. യൂ ട്യൂബിൽ പരതി ഷക്കീലയുടെ ഇൻറർവ്യൂകൾ ഞാൻ കണ്ടു. ചാനൽ ഷോയിലെ പരിപാടികളിൽ വിളിച്ച് വരുത്തി അവരെ പലരും പരിഹസിക്കുന്നതും കണ്ടു .തമാശക്കാരുടെ തമാശകളിൽ ചിരിക്കണോ ,കരയണോ എന്നറിയാതെ ഞാൻ വിഷമിച്ചു.  ഷക്കീലയെ ആരും മനസ്സിലാക്കിയിട്ടുണ്ടാകില്ല .ഉണ്ടെങ്കിൽ നിലവാരം കുറഞ്ഞ ഈ തമാശകൾക്ക് ചിരിക്കാൻ സാധിക്കുമോ??? ആത്മകഥയിലൂടെ ഷക്കീലയുടെ ജീവിതം അറിഞ്ഞവർക്കും ജീർണ്ണിച്ച ആ തമാശകൾ ദഹിക്കുകയില്ല.

              വർഷങ്ങൾക്ക് മുൻപ് പത്രത്തിൽ വായിച്ച കാര്യമാണ് .' ഷക്കീല ' എന്ന് പേരുള്ളവർ ആ പേരു മാറ്റുന്നു . അത്രമാത്രം വെറുപ്പോടെയും ,അറപ്പോടെയും ഷക്കീലയെ പലരും കണ്ടിരുന്നു. ഷക്കീലയെ പകൽ വെളിച്ചത്തിൽ പരിഹസിച്ചവർ രാത്രിയായാൽ ആരും കാണാതെ അവരുടെ ശരീര സൗന്ദര്യം ആസ്വദിച്ചു .
എല്ലാവരുടേയും കണ്ണിൽ ഷക്കീല പിഴച്ചവളാണ് .മുൻപ്  എവിടെയോ വായിച്ച ഒരു കവിതയുടെ വരികൾ ഓർമ്മ വരുന്നു.

" നടുവിരൽ ക്കൊണ്ടാർക്കും ഗർഭമുണ്ടായിട്ടില്ല
ഒരുത്തിയും ഒറ്റയ്ക്ക്
വ്യഭിചരിച്ചിട്ടുമില്ല"

എത്ര അർത്ഥവത്താണ് ആ വരികൾ അല്ലെ???

ഷക്കീല ചിത്രങ്ങളിൽ അഭിനയിച്ച പുരുഷൻമാർ എവിടെ ? അവർക്കില്ലെ ഈ അവഗണയും ഒറ്റപ്പെടലും ???

എവിടെയും പിഴച്ചവർ എന്ന് മുദ്രകുത്തുന്നത് പൊതുവെ സ്ത്രീകളെയാണ് .
വേശ്യാവൃത്തിയിൽ പിടിക്കപ്പെട്ടാൽ അവളെ ലോകം വേശ്യയെന്നു വിളിക്കും. പങ്കാളികളായ പുരുഷൻമാർ നല്ലവരാകും .

ജനങ്ങളാൽ അവഗണിക്കപ്പെട്ട് യേശുവിന്റെ അടുക്കൽ ഓടിയണഞ്ഞ വേശ്യാസ്ത്രീയെ നോക്കി ജനക്കൂട്ടത്തോട് യേശു പറഞ്ഞതിങ്ങനെ

" നിങ്ങളിൽ പാപം ചെയ്യാത്തവർ ഇവളെ കല്ലെറിയൂ"

ഷക്കീലയെ കുറ്റപ്പെടുത്തിയവരിൽ ഭൂരിഭാഗവും അവരുടെ ശരീര സൗന്ദര്യാരാധകരായിരുന്നു  .അവരിൽ ചിലരുടെ  രാവുകൾ ഷക്കീല നിദ്രാവിഹീനമാക്കിയിരുന്നു.
ആരോരുമില്ലാത്ത ഒരു ട്രാൻസ്ജെൻഡർ വ്യക്തിയെ സ്വന്തം മകളായി സ്വീകരിക്കാൻ ഷക്കീല തയ്യാറായി.  ആ ഒരൊറ്റ ക്കാര്യം മതി അവരുടെയുളളിലെ നൻമ തിരിച്ചറിയാൻ. മഴവില്ലഴക് എന്നൊക്കെ പറഞ്ഞ് നമ്മൾ മുഖപുസ്തകത്തിൽ പല വർണ്ണങ്ങൾ നിരത്തി കാട്ടി  പോസ്റ്റുകളൊക്കെ ഇടുന്നുണ്ടല്ലോ. അവർക്കും തുല്യത വേണം എന്ന്  പുരോഗമനപരമായി പ്രഖ്യാപിക്കുന്നുണ്ടല്ലോ .നമ്മളിൽ എത്ര പേർക്ക് കഴിയും ഒരു ട്രാൻസ്ജെൻഡറിനെ സ്നേഹിക്കാൻ !!!

സ്വന്തം കുടുംബത്തിന് വേണ്ടി ബലിയാടായ വ്യക്തിയാണ് ഷക്കീല. അതി ജീവനത്തിന്റെ പാതയിലാണവരിന്ന്.ഭൂതക്കാലം ഏൽപ്പിച്ച മുറിവിൽ നിന്ന് മുക്തി നേടാനാനാണ് ഷക്കീലയുടെ ഇപ്പോഴത്തെ പരിശ്രമം .

പക്ഷെ ആ മുറിവിൽ കുത്തിയിളക്കി വേദനിപ്പിക്കുന്നവരാണ് ഇന്ന് സമൂഹത്തിൽ കൂടുതലായുള്ളത് .

കുടുംബം എന്ന സുരക്ഷിത താവളത്തിലിരുന്ന് കുടുംബത്തിൽ നിന്നും പുറത്തായ ഷക്കീല ഉൾപ്പെടുന്ന വലിയൊരു വിഭാഗത്തെ കപട സദാചാരവാദികൾ  നിരന്തരം  കല്ലെറിയുന്നു . പുച്ഛിക്കുന്നു .തരം താഴ്ത്തുന്നു. കാരണമുണ്ട് സംസ്ക്കാരം നിലനിർത്തി യുവതലമുറയെ വാർത്തെടുക്കേണ്ടത് അവരുടെ ബാധ്യതയാണ്.      

 അല്ലെങ്കിൽ തന്നെ സദാചാരം സംരക്ഷിക്കേണ്ടത് മാന്യൻമാരുടെ കടമയാണല്ലോ ....

           24 ന്യൂസ് ചാനലിലെ 'ജനകീയ കോടതി' എന്ന പ്രോഗ്രാമിലൂടെ  ഷക്കീല അടുത്തിടെ വീണ്ടും ശ്രദ്ധാകേന്ദ്രമായി . കോടതി മുറിയെ അനുസ്മരിപ്പിക്കുന്ന രീതിയിൽ പ്രതിക്കൂട്ടിലിരുത്തി ഷക്കീലയെ വിചാരണ ചെയ്യുകയാണ്  അവതാരകൻ. ഇതിനിടയിൽ ഷക്കീലയോടു സംവദിക്കാൻ  നടിയും, അവതാരകയും , സാമൂഹ്യ പ്രവർത്തകയുമൊക്കെയായ രഞ്ജിനി മേനോൻ എത്തുന്നു. മലയാളികളെ പ്രതിനിധീകരിച്ച്  അവർ ഷക്കീലയെ വിചാരണ ചെയ്യുന്നു .ചോദ്യങ്ങൾ പലതും വിഡ്ഢിത്തരമായി തോന്നി എനിക്ക്.

" ഷക്കീല അഭിനയിച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് വളരെ തെറ്റായ സന്ദേശമാണ് നൽകിയത് "

" ഷക്കീല ചിത്രങ്ങൾക്ക് പ്രത്യേകിച്ച് കഥയൊന്നുമില്ല  "

"ഒരു സ്ത്രീ എന്ന നിലയിലും ,ഒരു നടി എന്ന നിലയിലും ഷക്കീല തെറ്റു ചെയ്തു"

മലയാളി പുരുഷൻമാർക്ക്  പ്രണയിക്കാൻ മെലിഞ്ഞ  സ്ത്രീ , ഭോഗിക്കാൻ തടിച്ച സ്ത്രീ എന്ന രീതിയാണ്  .ഒരു പരിധി വരെ തടിച്ച സ്ത്രീകളെ യുവാക്കൾ ഇഷ്ടപ്പെടുന്നത്  ഷക്കീല കാരണമാണ്  എന്ന രീതിയിൽ വരെയെത്തി അവരുടെ വിചാരണ .

            ചോദ്യങ്ങൾക്കെല്ലാം ഷക്കീല സത്യസന്ധമായി മറുപടി പറഞ്ഞു . പലപ്പോഴും ബിരുദധാരിയായ  രഞ്ജിനി മേനോൻ പത്താം തരം തോൽവി മാത്രമായ ഷക്കീലയുടെ മുന്നിൽ അടിപതറുന്നത് പുഞ്ചിരിയോടെ ഞാൻ കണ്ടു.  

പേരിനൊപ്പം വാലു പോലെ  ജാതി ചേർക്കുന്നതിനേക്കാൾ മോശമായതൊന്നും ഷക്കീല ചെയ്തിട്ടില്ല .

19 വർഷം മുൻപുണ്ടായിരുന്ന കാര്യങ്ങൾ ഇന്ന് പറയുന്നതിൽ എന്തു യുക്തി യാണുള്ളത്?

ജീവിക്കാൻ വേണ്ടി അന്ന് അത്തരം ചിത്രങ്ങളിൽ അവർക്ക് അഭിനയിക്കേണ്ടി വന്നു അതു അത്ര വലിയ തെറ്റാണോ?

നിയമം അനുശാസിക്കുന്ന ചിത്രങ്ങളല്ലെ തീയേറ്ററിൽ പ്രദർശിപ്പിക്കൂ?

പ്രോഗ്രാം മുഴുവൻ കണ്ടു  തീർന്നപ്പോൾ ഷക്കീലയോടു ബഹുമാനമാണ് തോന്നിയത് രഞ്ജിനിയോടു പുച്ഛവും.  

അല്ലയോ രഞ്ജിനി മേനോൻ ,

മലയാളികളെ മൊത്തം പ്രതിനിധീകരിച്ചുള്ള ചോദ്യകർത്താവായി നിങ്ങൾ വന്നതിനാൽ അതിലുൾപ്പെടുന്ന ഒരാളെന്ന നിലയ്ക്ക് ഞാനും ചോദിച്ചോട്ടെ ?

മലയാളി പുരുഷൻമാരുടെ ലൈംഗീക താൽപര്യം നിങ്ങൾക്കാരാണ് പറഞ്ഞ് തന്നത് ?

ജീവിക്കാൻ വേണ്ടി മുറുക്കാൻ കട ഇടുകൂടായിരുന്നോ എന്ന നിങ്ങളുടെ പരിഹാസവും ,പുച്ഛവും കലർന്ന  ചോദ്യത്തിന് എന്ത് പ്രസക്തിയുണ്ട് ?

ഷക്കീലയുടെ ജീവിത മാർഗ്ഗം അവരല്ലെ തിരഞ്ഞെടുക്കേണ്ടത് ?

ഷക്കീല സമൂഹത്തോട് എന്തു തെറ്റാണ് ചെയ്തത്?

സകല പ്രിവിലേജുകളിലും അഭിരമിച്ചു ജീവിച്ച നിങ്ങൾക്ക്  ഷക്കീലയുടെ  ജീവിതം മനസ്സിലാവണമെന്നില്ല . അതു തിരിച്ചറിയാൻ മനുഷ്യത്തം വേണം. ആദ്യം നിങ്ങൾ സ്വന്തം പേരിലെ സവർണ്ണത എടുത്തു മാറ്റു. എന്നിട്ട് ഷക്കീലയെ വിചാരണ ചെയ്യൂ.

  യൂട്യൂബിലെ പ്രേക്ഷക പ്രതികരണങ്ങൾ മുഴുവനും ഷക്കീലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുള്ളതായിരുന്നു . രഞ്ജിനിയ്ക്ക് ആകട്ടെ പ്രേക്ഷകരുടെ അസഭ്യവർഷങ്ങളും .വൈകിയെങ്കിലും  ഷക്കീലയെ ജനങ്ങൾ മനസ്സിലാക്കി എന്നതിൽ എനിക്കേറെ സന്തോഷമുണ്ട്.

"ഞാൻ മരിച്ചാൽ എനിക്കായി നിലവിളിക്കാൻ ആയിരക്കണക്കിന് ട്രാൻസ്ജെൻഡേഴ്സ് ഉണ്ടാകും "
 
എന്ന് ഷക്കീല പറയുന്നു . എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ഷക്കീലയ്ക്ക് ഇപ്പോൾ കൂട്ടിന് അവരുണ്ട്  .അവരോടൊപ്പമുള്ള നിമിഷങ്ങളിൽ  ഷക്കീല ആശ്വാസം കണ്ടെത്തുന്നു  .ഭൂതക്കാലത്തിലെ മുറിവുകൾ ഏറെക്കുറെ ഉണങ്ങി തുടങ്ങിയിരിക്കുന്നു . അല്ലെങ്കിൽ തന്നെ കാലം മായ്ക്കാത്ത മുറിവുകളില്ലല്ലോ ...

കോടാമ്പക്കത്തെ താരറാണിമാർ (ജിനു സെബാസ്റ്റ്യൻ)കോടാമ്പക്കത്തെ താരറാണിമാർ (ജിനു സെബാസ്റ്റ്യൻ)കോടാമ്പക്കത്തെ താരറാണിമാർ (ജിനു സെബാസ്റ്റ്യൻ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക