Image

ദോഹയില്‍ വാഹനം മറിഞ്ഞ്‌ തിരൂര്‍ സ്വദേശി മരിച്ചു; നാല്‌ മലയാളികള്‍ക്ക്‌ പരിക്ക്‌

Published on 04 May, 2012
ദോഹയില്‍ വാഹനം മറിഞ്ഞ്‌ തിരൂര്‍ സ്വദേശി മരിച്ചു; നാല്‌ മലയാളികള്‍ക്ക്‌ പരിക്ക്‌
ദോഹ: ജോലി കഴിഞ്ഞ്‌ താമസസ്ഥലത്തേക്ക്‌ മടങ്ങുകയായിരുന്ന മലയാളി യുവാവ്‌ വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം തിരൂര്‍ മംഗലം താന്നിക്കാട്ട്‌ സുലൈമാന്‍െറ മകന്‍ സവാദ്‌ റഹ്മാന്‍ (26) ആണ്‌ മരിച്ചത്‌. സവാദിന്‍െറ സഹോദരനടക്കം നാല്‌ പേര്‍ക്ക്‌ പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്‌. ബുധനാഴ്‌ച രാത്രി 9.30ഓടെ ശമാല്‍ റോഡിലാണ്‌ അപകടം.

ആറ്‌ വര്‍ഷമായി ഖത്തറിലുള്ള സവാദ്‌ റഹ്മാന്‍ എയര്‍പോര്‍ട്ട്‌ റോഡിലെ ക്രെയ്‌സി കണ്‍സ്‌ട്രക്ഷന്‍ കമ്പനിയില്‍ ഫോര്‍മാനായി ജോലി ചെയ്യുകയായിരുന്നു. ശമാലിലെ ജോലി സ്ഥലത്തുനിന്ന്‌ നിസാന്‍ പിക്കപ്പില്‍ മദീന ഖലീഫയിലെ താമസസ്ഥലത്തേക്ക്‌ പോകുമ്പോള്‍ സുബാറയില്‍ വെച്ച്‌ വാഹനം റോഡരികിലെ താഴ്‌ചയിലേക്ക്‌ നിയന്ത്രണം വിട്ട്‌ മറിഞ്ഞാണ്‌ അപകടം.

ഗുരുതരമായി പരിക്കേറ്റ സവാദിനെ ഉടന്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന സവാദിന്‍െറ സഹോദരന്‍ ഷബീബ്‌, ബന്ധു ഷരീഫ്‌, ചാവക്കാട്‌ സ്വദേശി ശ്രീമോന്‍, തിരൂര്‍ സ്വദേശി യാസര്‍ അറഫാത്ത്‌ എന്നിവര്‍ക്കാണ്‌ പരിക്ക്‌. ഷരീഫാണ്‌ വാഹനം ഓടിച്ചിരുന്നത്‌.

ഗുരുതരമായി പരിക്കേറ്റ ഷരീഫ്‌ ഹമദ്‌ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്‌. നിസ്സാര പരിക്കേറ്റ ഷബീബിനെ പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു. ശ്രീമോന്‍, യാസര്‍ അറഫാത്ത്‌ എന്നിവരെ അല്‍ഖോര്‍ ഹമദ്‌ ആശുപത്രിയിലാണ്‌ പ്രവേശിപ്പിച്ചിരിക്കുന്നത്‌. സവാദ്‌ അവിവാഹിതനാണ്‌. മാതാവ്‌: സുലൈഖ. മറ്റ്‌ സഹോദരങ്ങള്‍: സക്കരിയ്യ (ഖത്തര്‍), ഷഫീഖ്‌. ഹമദ്‌ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക