Image

കവളപ്പാറയില്‍ നിന്ന് 4 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി, മരണസംഖ്യ 37 ആയി

Published on 16 August, 2019
കവളപ്പാറയില്‍ നിന്ന് 4 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി, മരണസംഖ്യ 37 ആയി
മലപ്പുറം:  കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയില്‍ നിന്ന് നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ കവളപ്പാറ ദുരന്തത്തില്‍ മരണസംഖ്യ 37 ആയി. ഇനി 22 പേരെ കൂടി കണ്ടെത്താനുണ്ട്.

വെള്ളിയാഴ്ച രാവിലെ 10.30 മണിയോടെ രണ്ട് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. അരമണിക്കൂറിന് ശേഷം സ്ത്രീയുടെ മൃതദേഹവും രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തു. പിന്നീട് ഉച്ചയോടെയാണ് നാലാമത്തെ മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങളായി മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച മഴമാറി നില്‍ക്കുന്നതിനാല്‍ ഊര്‍ജിത തെരച്ചിലാണ് കവളപ്പാറയില്‍ നടക്കുന്നത്.

നാല് സംഘങ്ങളായി തിരിഞ്ഞ് 16 മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് വെള്ളിയാഴ്ച തെരച്ചില്‍ പുരോഗമിക്കുന്നത്. പ്രദേശവാസികളുടെ സഹായത്തോടെ അപകടമുണ്ടായ പ്രദേശത്തിന്റെ മാപ്പ് എന്‍ഡിആര്‍എഫ് സംഘം തയാറാക്കിയിട്ടുണ്ട്. ഇത് തെരച്ചിലിന് സഹായകമാകുന്നുണ്ട്. അതേസമയം തിരച്ചില്‍ നിര്‍ത്തുന്നുവെന്ന സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത് തെറ്റാണെന്നും റഡാര്‍ സംവിധാനം ഉപയോഗിച്ചുള്ള തെരച്ചില്‍ നടത്താന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക