Image

കാശ്‌മീരില്‍ നിയന്ത്രണങ്ങളില്‍ ഇളവ്‌ വരുത്തുന്നു.. തിങ്കളാഴ്‌ച മുതല്‍ സ്‌കൂളുകള്‍ തുറക്കും

Published on 16 August, 2019
കാശ്‌മീരില്‍ നിയന്ത്രണങ്ങളില്‍ ഇളവ്‌ വരുത്തുന്നു.. തിങ്കളാഴ്‌ച മുതല്‍ സ്‌കൂളുകള്‍ തുറക്കും
ശ്രീനഗര്‍: കാശ്‌മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഘട്ടം ഘട്ടമായി അയവ്‌ വരുത്തുമെന്ന്‌ ജമ്മു കാശ്‌മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിവിആര്‍ സുബ്രഹ്മണ്യം. 

താഴ്വരയിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത്‌ മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ്‌ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്‌. മേഖലയില്‍ സമാധാനം നിലനിര്‍ത്താന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്‌. 

വിഘടനവാദികളുടേയും തീവ്രവാദികളുടെയും പലവിധ ശ്രമങ്ങള്‍ക്കിടയിലും താഴ്വരയില്‍ ഒരു അനിഷ്ട സംഭവങ്ങളും ഉണ്ടായിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി പറഞ്ഞു.

തിങ്കളാഴ്‌ച മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിച്ച്‌ തുടങ്ങും. ജില്ലാ അടിസ്ഥാനത്തിലാകും നടപടി. ഇന്ന്‌ വൈകീട്ടോടെ തന്നെ ശ്രീനഗറിന്‍റെ വിവിധ ഭാഗങ്ങളില്‍ ലാന്‍ഡ്‌ ഫോണ്‍ സര്‍വ്വീസുകള്‍ പുനസ്ഥാപിക്കും. 

തീവ്രവാദ സംഘടനകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യത ഉള്ളതിനാല്‍ ഇന്‍റര്‍നെറ്റ്‌ ഉള്‍പ്പെടെയുള്ള ടെലികോം സേവനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ കുറച്ച്‌ ദിവസങ്ങള്‍ കൂടി തുടരും. 

എന്നാല്‍ ഇവയും ഘട്ടം ഘട്ടമായി പുനസ്ഥാപിക്കും. പൊതുഗതാഗതം പ്രവര്‍ത്തനക്ഷമമാക്കും. സര്‍ക്കാര്‍ ഓഫീസുകളും തുറക്കുമെന്നും അദ്ദേഹം അറിയിച്ചു.

കാശ്‌മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കുറച്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പിന്‍വലിക്കുമെന്ന്‌ കേന്ദ്രം ഇന്ന്‌ രാവിലെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. 

കാശ്‌മീരിലെ കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്‌ത ഹരജികള്‍ പരിഗണിക്കണവേയായിരുന്നു കേന്ദ്രം കോടതിയെ ഇക്കാര്യം അറിയിച്ചത്‌. 

നിലവില്‍ കാശ്‌മീരിലെ സാഹചര്യങ്ങള്‍ നിയന്ത്രിക്കാന്‍ സുരക്ഷാ ഏജന്‍സികളെ അനുവദിക്കണമെന്നും സുരക്ഷാ ഏജന്‍സികളെ കോടതി വിശ്വാസത്തിലെടുക്കണമെന്നും സോളിസിറ്റി ജനറല്‍ തുഷാര്‍ മെഹ്‌ത പറഞ്ഞിരുന്നു.

ഓഗസ്റ്റ്‌ അഞ്ചിന്‌ കാശ്‌മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കുന്നതിന്‌ തൊട്ട്‌ മുന്‍പാണ്‌ കാശ്‌മീര്‍ താഴ്വര പൂര്‍ണമായും സൈന്യത്തിന്‍റെ നിയന്ത്രണത്തിലായത്‌. തീവ്രവാദ ഭീഷണി എന്ന പേരിലായിരുന്നു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്‌. 

പിന്നാലെയായിരുന്നു കാശ്‌മീരിനെ വിഭജിച്ചും പ്രത്യേക പദവി റദ്ദാക്കികൊണ്ടുമുള്ള പ്രഖ്യാപനം വന്നത്‌. പിന്നീട്‌ പ്രതിഷേധങ്ങളെ തടയാനായി നിയന്ത്രണങ്ങള്‍ തുടരുകയായിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക