Image

വാല്മീകി രാമായണം മുപ്പത്തി ഒന്നാം ദിനം- അവസാന ദിവസം (ദുര്‍ഗ മനോജ്)

Published on 16 August, 2019
വാല്മീകി രാമായണം മുപ്പത്തി ഒന്നാം ദിനം- അവസാന ദിവസം (ദുര്‍ഗ മനോജ്)
ഉത്തരകാണ്ഡം നൂറ്റിനാലാം സര്‍ഗ്ഗം മുതല്‍ നൂറ്റിപ്പതിനൊന്നുവരെ

താപസന്‍ ശ്രീരാമനോട് പറഞ്ഞു തുടങ്ങി, 'മഹാബലാ.. ബ്രഹ്മദേവന്‍ അയച്ചതാണ് എന്നെ. പൂര്‍വ്വഭാവത്തില്‍ അങ്ങയുടെ പുത്രനായ കാലനാണു ഞാന്‍. അങ്ങാണല്ലോ എനിക്ക് തേജസ്സ് നല്‍കിയത്. ദേവകള്‍ക്ക് തുണയായ വിഷ്ണു തന്നെയല്ലോ അങ്ങ്. രാവണവധത്തിനായി മര്‍ത്യജന്മം പൂണ്ട് പതിനൊന്നായിരം വര്‍ഷം ഭൂമിയില്‍ ജീവിച്ച് പ്രജാപരിപാലനം നടത്തി തിരികെ സ്വര്‍ഗത്തില്‍ ദേവകള്‍ക്ക് പരിരക്ഷകനായി എത്തുമെന്നാണല്ലോ അങ്ങ് ആദ്യം ധരിപ്പിച്ചിരുന്നത്. ആ കാലം അടുത്തിരിക്കുന്നു. അങ്ങ് വീണ്ടും പൃഥ്വിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നപക്ഷം അങ്ങനെ തുടരാം. അങ്ങയുടെ കല്പന പോലെ എന്നാണ് ബ്രഹ്മദേവന്‍ നിശ്ചയിച്ചിരിക്കുന്നത്.'

ഇത് കേട്ട് രാമന്‍ പറഞ്ഞു, 'നിന്റെ ഈ ആഗമനം എനിക്ക് അറിയാവുന്നത് തന്നെ. ഈ വരവില്‍ എനിക്ക് അതിയായ പ്രീതിയുണ്ട്. ഞാന്‍ പോന്ന ഇടത്തേക്ക് തന്നെ മടങ്ങിപ്പോകുന്നുണ്ട്. അതിനാല്‍ ബ്രഹ്മദേവന്‍ ആവശ്യപ്പെട്ടതു പോലെ സംഭവിക്കണം.'

അവര്‍ അങ്ങനെ സംസാരിച്ചുകൊണ്ടിരിക്കേ ദുര്‍വാസാവ് മഹര്‍ഷി കൊട്ടാരദ്വാരത്തില്‍ എത്തി. അദ്ദേഹം സൗമിത്രിയോട് ഉടനെതന്നെ രാമനെ കാണണം എന്നാവശ്യപ്പെട്ടു. അങ്ങേക്ക് എന്താണ് വേണ്ടത് എന്ന് ചോദിച്ചപ്പോള്‍ ദുര്‍വാസാവിന് കോപം വന്നു. രാമനെ ഉടന്‍ തന്നെ കാണാന്‍ സാധിച്ചില്ലെങ്കില്‍ കുലം മുടിയട്ടെയെന്ന് ശപിക്കും എന്ന് മഹര്‍ഷി പറഞ്ഞു. അതുകേട്ട് സൗമിത്രി, തന്റെ ജീവന്‍ പോയാലും കുലം മുടിയരുത് എന്ന് നിശ്ചയിച്ച് രാമസവിധത്തിലെത്തി കാര്യം ഉണര്‍ത്തിച്ചു. കാലന്‍ അപ്പോള്‍ തന്നെ മടങ്ങിപ്പോയി. ദുര്‍വാസാവ് രാമനു മുന്നിലെത്തി. തന്റെ ആയിരം വര്‍ഷം നീണ്ട വ്രതത്തിന്റെ അവസാന ദിനമാണ്, രാമന്റെ കൈ കൊണ്ട് ഭക്ഷണം ലഭിക്കണം, അതിനായി മാത്രം വന്നതാണ് എന്നറിയിച്ചു.

രാമന്‍ മുനിയെ സംതൃപ്തനാക്കി മടക്കി അയച്ചു. പക്ഷേ അതോടെ തന്റെ വാക്കുകള്‍ ആരെയാണ് ഇല്ലാതാക്കുക എന്നോര്‍ത്ത് ദുഃഖിതനായി.
സൗമിത്രി ഇതറിഞ്ഞ് രാമസവിധത്തിലെത്തി.
വാക്ക് പാലിക്കുവാനായി സൗമിത്രിയെ വധിക്കുകയോ ത്യജിക്കുകയോ ചെയ്യണം എന്ന് ഗുരു വസിഷ്ഠന്‍ അറിയിച്ചു. അങ്ങനെ രാമന്‍ സൗമിത്രിയെ ത്യജിച്ചു.

ലക്ഷ്മണന്‍ കണ്ണീരോടെ അവിടെ നിന്നും മടങ്ങി, നേരെ സരയുതീരത്ത് ചെന്ന് ധ്യാനനിമഗ്‌നനായി ശ്വാസരോധം ചെയ്ത് നിലകൊണ്ടു. ഈ സമയം ദേവകള്‍ പുഷ്പവൃഷ്ടി നടത്തി. ഇന്ദ്രന്‍ ലക്ഷ്മണനെ ഉടലോടെ സ്വര്‍ഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. ദേവകള്‍ മോദരായി.

ലക്ഷ്മണന്‍ പോയതോടെ രാമനും പ്രാണ ത്യാഗത്തിന് തയ്യാറായി. ഭരതന് രാജ്യം നല്‍കുവാന്‍ തീരുമാനിച്ചപ്പോള്‍ അദ്ദേഹം അത് എതിര്‍ത്തു. പകരം കുശനെ കോസലത്തിലും ലവനെ വടക്കും വാഴിക്കാന്‍ തീരുമാനിച്ച്, അവരെ അതാത് പുരികളിലേക്ക് അയക്കുകയും ചെയ്തു. അപ്പോഴേക്കും ദൂതര്‍ വഴി അയോധ്യയിലെ വിശേഷങ്ങള്‍ അറിഞ്ഞ ശത്രുഘ്‌നനും മക്കള്‍ സുബാഹുവിനു മധുരയും, ശത്രുഘാതിക്ക് വൈദിശവും നല്‍കി അഭിഷേകം ചെയ്ത് അയോധ്യയിലെത്തി. ഈ സമയം കിഷ്‌കിന്ദയില്‍ നിന്ന് സുഗ്രീവനും എത്തി രാമനൊപ്പം ജീവന്മുക്തി നേടുവാന്‍ ആഗ്രഹിക്കുന്നതായി അറിയിച്ചു.
അപ്പോള്‍ രാമന്‍, വിഭീഷണനോട് രാമകഥ നിലനില്‍ക്കുന്നിടത്തോളം കാലം ലങ്ക പാലിക്കുവാനും ഇക്ഷ്വാകു പരദൈവമായ ജഗന്നാഥനെ പൂജിക്കുവാനും ആവശ്യപ്പെട്ടു. എല്ലാം കേട്ടുനിന്ന ഹനുമാനോട് രാമനാമം ഉള്ള കാലം വരെ ഭൂമിയില്‍ നിലകൊള്ളുക എന്നറിയിച്ചു.

ഊഴിയില്‍ ഉള്ള കാലം രാമാനുവര്‍ത്തിയായി തുടരുമെന്ന് ഹനുമാനും അറിയിച്ചു. ജാംബവന്‍ മുതലായ അഞ്ച് വാനരപ്രമുഖര്‍ കലികാലം തീരും വരെ ഭൂമിയില്‍ വാഴുക എന്ന് രാമന്‍ അനുഗ്രഹിച്ചു.

രാമന്‍ ദേഹത്യാഗത്തിന് ഒരുങ്ങുന്ന വാര്‍ത്തകേട്ട് അയോധ്യാ നിവാസികളും അതിനൊരുങ്ങി.

നേരം പുലര്‍ന്നു. സൂര്യനെപ്പോലെ തേജസുറ്റ രാമന്‍ സരയൂ തീരത്തേക്ക് നടന്നു. ഭരതനും ശത്രുഘ്‌നനും അനുഗമിച്ചു. അയോധ്യയിലെ സര്‍വ്വ ജീവജാലങ്ങളും രാമനെ അനുഗമിച്ചു. പ്രാണനുള്ള യാതൊന്നും അയോധ്യയില്‍ ഇല്ലാതായി.

സരയൂ തീരത്തണഞ്ഞ രാമന്‍, മെല്ലെ ആ സലിലത്തിലേക്ക് പ്രവേശിച്ചു. ഈ സമയം വാനില്‍ ബ്രഹ്മദേവനും മറ്റെല്ലാ ദേവതകളും വന്നെത്തി. ബ്രഹ്മാവിന്റെ ആവശ്യപ്രകാരം രാമന്‍ മഹാവിഷ്ണുരൂപം ധരിച്ചു. പിന്നെ ഏവരും സരയുവില്‍ പ്രവേശിച്ച് മര്‍ത്യരൂപം വെടിഞ്ഞ് സ്വര്‍ഗസ്ഥരായി.

ഫലശ്രുതി

വാല്മീകീ രചിതമായ രാമായണം, ദേവലോകത്തില്‍ ദേവന്മാരും ഗന്ധര്‍വ്വന്മാരും പരമര്‍ഷികളും സിദ്ധന്മാരും നിത്യേന കേള്‍ക്കുന്നു. വേദസമമായ ഈ ആഖ്യാനം ആയുഷ്യകരവും സൗഭാഗ്യകരവും പാപനാശകവും ആകുന്നു.

രമ്യമായ അയോധ്യാപുരി വളരെക്കാലം ശൂന്യമായിക്കിടന്ന ശേഷം ഋഷഭനെ രാജാവായി ലഭിച്ച് ജനവാസയോഗ്യമാകും.

രഘുനാഥ ചരിതം മുഴുവന്‍ വായിക്കുന്നവര്‍ പ്രാണാവസാനത്തില്‍ വിഷ്ണുലോകം പ്രാപിക്കും. നിങ്ങള്‍ക്ക് മംഗളം ഭവിക്കട്ടെ.

ഉത്തരകാണ്ഡം സമാപ്തം.
ശ്രീമദ് വാല്മീകീയ രാമായണം സമ്പൂര്‍ണ്ണം.

ശ്രീ സീതാ ലക്ഷ്മണ ഭരത ശത്രുഘ്‌ന ഹനുമത് സമേത
ശ്രീ രാമചന്ദ്ര പരബ്രഹ്മണേ നമഃ
ശുഭം ഭൂയാത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക