Image

മഴയുടെ തീവ്രത കുറയുന്നു; ജാഗ്രതാ നിര്‍ദ്ദേശം രണ്ട് ജില്ലകളില്‍ മാത്രം

Published on 15 August, 2019
മഴയുടെ തീവ്രത കുറയുന്നു; ജാഗ്രതാ നിര്‍ദ്ദേശം രണ്ട് ജില്ലകളില്‍ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്ക് മാത്രമായി ജാഗ്രത നിര്‍ദ്ദേശം ചുരുക്കിയിട്ടുണ്ട്. ഒരാഴ്ച തകര്‍ത്ത് പെയ്തതോടെ സംസ്ഥാനത്ത് കാലവര്‍ഷക്കാലത്തെ മഴക്കുറവിന് പരിഹാരമായി.

ഓഗസ്റ്റ് എട്ട് മുതലാണ് സംസ്ഥാനത്ത് മഴ വീണ്ടും കനത്തത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് കേരളത്തില്‍ അതിതീവ്രമഴയ്ക്ക് വഴി വച്ചത്. ന്യൂനമര്‍ദ്ദം ദുര്‍ബലമായി പടിഞ്ഞാറന്‍ മേഖലയിലേക്ക് നീങ്ങുകയാണ്. ഇന്ന് കണ്ണൂരും കാസര്‍കോടും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മറ്റ് 12 ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശമില്ല. നാളെ ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. മറ്റന്നാള്‍ മുതല്‍ ഒരു ജില്ലയിലും ശക്തമായ മഴ മുന്നറിയിപ്പില്ല.

ഒരാഴ്ച കൊണ്ട് സംസ്ഥാനത്തെ മഴക്കുറവിന് പരിഹാരമായി. ജൂണ്‍ ഒന്ന് മുതല്‍ ഇന്നലെ വരെ സംസ്ഥാനത്ത് 1588.2 മില്ലി മീറ്റര്‍ മഴ കിട്ടേണ്ട സ്ഥാനത്ത് 1593.7 മില്ലി മീറ്റര്‍ മഴ ലഭിച്ചു. എന്നാല്‍ ഇടുക്കിയില്‍ 20 ശതമാനവും വയനാട്ടില്‍ 15 ശതമാനവും മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ മുപ്പത് വരെയാണ് കേരളത്തില്‍ കാലവര്‍ഷം. അതുകൊണ്ടുതന്നെ ഈ ജില്ലകളിലെ മഴക്കുറവ് നികത്തപ്പെട്ടേക്കാം. 

മഴ കനിഞ്ഞെങ്കിലും വലിയ അണക്കെട്ടുകള്‍ നിറഞ്ഞിട്ടില്ല. ഇടുക്കിയില്‍ 44 ശതമാനം വെളളമാണ് ഇപ്പോഴുളളത്. വൈദ്യുതി ബോര്‍ഡിന്‍റെ പ്രധാന അണക്കെട്ടുകളിലെല്ലാം കൂടി സംഭരണ ശേഷിയുടെ 49 ശതമാനം വെള്ളമുണ്ട്. മാലി തീരത്തിനടുത്ത് ഒരു ന്യൂനമര്‍ദ്ദം വരും ദിവസങ്ങളില്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടെങ്കിലും അത് ശക്തമാകില്ലെന്നാണ് സൂചന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക