Image

എബോള പ്രതിരോധ മരുന്ന് വിജയം കാണുന്നു

Published on 14 August, 2019
എബോള പ്രതിരോധ മരുന്ന് വിജയം കാണുന്നു


ബര്‍ലിന്‍: എബോള വൈറസിനു പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുക്കാനുള്ള ശ്രമം വിജയം കാണുന്നു. രണ്ടു മരുന്നുകള്‍ 90 ശതമാനവും ഫലപ്രദമാണെന്ന് പരീക്ഷണങ്ങളില്‍ തെളിഞ്ഞതായി ഗവേഷകര്‍ അവകാശപ്പെട്ടു. 

എബോള പടര്‍ന്നുപിടിച്ച ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ രോഗികളിലാണ് മരുന്നുകള്‍ പരീക്ഷിച്ചത്. രോഗം നേരത്തേ കണ്ടുപിടിക്കാനാകുകയും ഈ മരുന്ന് ഉപയോഗിക്കുകയും ചെയ്താല്‍ രോഗബാധയുണ്ടായ 90 ശതമാനംപേരെ രക്ഷിക്കാനാകുമെന്നും ഗവേഷണം നടത്തിയ യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് (എന്‍ഐഎച്ച്) പറഞ്ഞു. ആര്‍ഇജി എന്‍ഇബി3, എംഎബി 114 എന്നീ മരുന്നുകളാണ് ഫലപ്രദമാണെന്ന് തെളിഞ്ഞത്. 

ഈ മരുന്നുപയോഗിച്ച രോഗികളില്‍ മരണനിരക്ക് താഴേക്കുകൊണ്ടുവരാനായിട്ടുണ്ടെന്നും എന്‍ഐഎച്ചിന്റെ നിയന്ത്രണത്തിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസ് ഡയറക്ടര്‍ ആന്റണി ഫൗസി പറഞ്ഞു. എബോളയ്‌ക്കെതിരേ ഫലപ്രദമായി ഉപയോഗിക്കാവുന്നതെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ആദ്യമരുന്നുകളാണിത്. പരീക്ഷണഫലം സന്തോഷം നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 

2018 ഓഗസ്റ്റു മുതല്‍ കോംഗോയില്‍ എബോള ബാധിച്ച് ആയിരത്തിയെണ്ണൂറിലേറെപ്പേരാണ് മരിച്ചത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക