Image

സ്വാതന്ത്ര്യദിനത്തില്‍ വീരചക്രയുമായി അഭിമാനമായ അഭിനന്ദന്‍ (ശ്രീനി)

ശ്രീനി Published on 14 August, 2019
സ്വാതന്ത്ര്യദിനത്തില്‍ വീരചക്രയുമായി അഭിമാനമായ അഭിനന്ദന്‍ (ശ്രീനി)
ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിക്കാനുള്ള പാകിസ്ഥാന്റെ ശ്രമം തടയുന്നതിനിടെ മിഗ്-21 വിമാനം തകര്‍ന്ന് പാകിസ്ഥാാന്‍ പിടിയിലായി, ഒടുവില്‍ വിട്ടയയ്ക്കപ്പെട്ട ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍  അഭിനന്ദന്‍ വര്‍ധമാന് വീരചക്ര. ബലാകോട്ട് വ്യോമാക്രമണത്തിന് പിന്നാലെ പാകിസ്ഥാന്റെ യുദ്ധവിമാനം വെടിവെച്ചിട്ട വര്‍ത്തമാന് ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സൈനിക ബഹുമതിയാണ് സമ്മാനിക്കുന്നത്. യുദ്ധസാഹചര്യത്തില്‍ ശത്രുവിനെതിരെ പ്രകടിപ്പിച്ച ധീരത കണക്കിലെടുത്താണ് സൈനികര്‍ക്ക് വീരചക്ര സമ്മാനിക്കുന്നത്. നാളെ 73-ാമത് സ്വാതന്ത്ര്യദിനത്തില്‍ രാഷ്ട്രപതി പുരസ്‌ക്കാരം സമ്മാനിക്കും.

പുല്‍വാമ ആക്രമണത്തിന് പ്രതികാരമായാണ് 2019 ഫെബ്രുവരി 26ന് വ്യോമസേന ബലാകോട്ടിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തത്. ഇതിന് പിന്നാലെ ഫെബ്രുവരി 27ന് നിയന്ത്രണരേഖ മറികടന്നെത്തിയ പാക് യുദ്ധവിമാനങ്ങളെ ഇന്ത്യ തുരത്തിയിരുന്നു. അതിര്‍ത്തി ലംഘിച്ച പാക് യുദ്ധവിമാനം എഫ്-16നെ ഇന്ത്യന്‍ വിമാനം മിഗ്-21 വെടിവെച്ചിട്ടിരുന്നു. ഈ വിമാനം നിയന്ത്രിച്ചത് അഭിനന്ദന്‍ ആയിരുന്നു. ഇതിന് പിന്നാലെ ഈ വിമാനം ആക്രമണത്തില്‍ തകരുകയും അഭിനന്ദന്‍ പാകിസ്ഥാന്റെ പിടിയിലാകുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യ നിലപാട് കര്‍ക്കശമാക്കിയതോടെ അഭിനന്ദനെ മാര്‍ച്ച് ഒന്നിന് പാകിസ്ഥാന്‍ വിട്ടുതരികയായിരുന്നു.

പാക് പിടിയില്‍ നിന്ന് അഭിനന്ദന്‍ സാഭിമാനം ഇന്ത്യയില്‍ തിരിച്ചെത്തിയത് ചരിത്രത്തിലെ ഒരു സുവര്‍ണ നിമിഷം തന്നെയാണ്. യുദ്ധസമാനമായ സാഹചര്യത്തില്‍ ശത്രുപാളയത്തില്‍ തടവുകാരനായപ്പോഴും ആത്മസംയമനം കൈവിടാതെ നിലകൊണ്ട ധീരസൈനികന്റെ കുടുംബത്തെയോര്‍ത്തും അഭിമാനിച്ചു ഇന്ത്യന്‍ ജനത. അഭിനന്ദന്റെ അച്ഛനും മുത്തച്ഛനും ഇന്ത്യന്‍ വ്യോമസേനയില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. അച്ഛന്‍ റിട്ട. എയര്‍ മാര്‍ഷല്‍ സിങ്കക്കുട്ടി വര്‍ധമാനും വ്യോമസേനയ്ക്കായി പറത്തിയത് മിഗ്-21 വിമാനമാണെന്നതാണ് മറ്റൊരു അപൂര്‍വത. അഞ്ച് വര്‍ഷം മുമ്പാണ് അച്ഛന്‍ സിങ്കക്കുട്ടി വര്‍ധമാന്‍ വിരമിച്ചത്. ഇതൊരു മിഗ് ഫാമിലി തന്നെ. മിഗ്-21 വിമാനത്തെക്കാള്‍ സാങ്കേതികമായി മികച്ചതെന്ന് കരുതപ്പെടുന്ന എഫ്-16 വിമാനത്തെ പിന്തുടര്‍ന്ന് വീഴ്ത്തുക എന്നത് ഏറെ വിദഗ്ദനായ ഒരു പൈലറ്റിന് മാത്രം കഴിയുന്ന കാര്യമാണെന്നാണ് വിദഗ്ദരുടെ പക്ഷം. 

ഇന്ത്യയുടെ തന്ത്രപ്രധാനമായ സേനാകേന്ദ്രങ്ങള്‍ പാകിസ്ഥാന്‍ ആക്രമിക്കുന്നത് ഒഴിവാക്കാനായത് അഭിനന്ദന്‍ കാണിച്ച സ്ഥൈര്യം ഒന്നുകൊണ്ട് മാത്രമാണ്. അതിന് കാരണമായത് അദ്ദേഹത്തിന്റെ കറതീര്‍ന്ന രാജ്യസ്‌നേഹവും. ഇന്ത്യന്‍ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുന്നത് ഒഴിവാക്കാന്‍ വേണ്ടി, പാക് അധീന കശ്മീരിലേക്ക് പാകിസ്ഥാന്റെ എഫ്-16 വിമാനങ്ങളെ തുരത്തുക എന്ന അപകടസാധ്യതയേറിയ വഴി തിരഞ്ഞെടുത്തു അദ്ദേഹം.

2018 ഫെബ്രുവരി 27 രാവിലെ 9.45. അതിര്‍ത്തി വളരെ ജാഗരൂകമായിരുന്നു. പത്ത് മണിയോടെ പാകിസ്താന്റെ മൂന്ന് എഫ്-16 വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്ന് നൗഷേരയിലെത്തി ബോംബ് വര്‍ഷിക്കാന്‍ തുടങ്ങി. ഇന്ത്യന്‍ വ്യോമസേന ഉടന്‍ തന്നെ മിഗ്-21 വിമാനങ്ങളുപയോഗിച്ച് പ്രതിരോധം തുടങ്ങി. മിഗ്-21 പറത്തിയ അഭിനന്ദന്‍ തങ്ങള്‍ സജ്ജരാണ് എന്ന സന്ദേശം കൈമാറി. നൂതന സാങ്കേതിക വിദ്യയുള്ള എഫ്-16 വിമാനങ്ങള്‍ക്ക് മുന്നില്‍ മിഗ്-21 പറത്തിക്കൊണ്ട് പ്രതിരോധത്തിനെത്തിയ അഭിനന്ദന്റെ ദൗത്യം ഒട്ടും അനായാസകരമായിരുന്നില്ല.

ഇന്ത്യന്‍ സേനാ കേന്ദ്രങ്ങളും ബ്രിഗേഡ് ആസ്ഥാനവുമായിരുന്നു പാകിസ്ഥാന്റെ ലക്ഷ്യം. ഫൈറ്റര്‍ ജെറ്റുകളെ പ്രതിരോധിക്കാനായി വ്യോമസേന ജെറ്റുകള്‍ ഉപയോഗിച്ചു. ശ്രീനഗറിലേക്ക് രണ്ട് മിഗ്-21 വിമാനങ്ങളെ നിയോഗിച്ചു. കമാന്‍ഡര്‍ അഭിനന്ദന്‍ പറത്തിയ മിഗ്-21 വിമാനത്തിന് പാകിസ്ഥാന്റെ എഫ്-16 വിമാനത്തെ പ്രതിരോധിക്കാന്‍ സാധിച്ചു. നാല് മിറാഷ്-3 വിമാനങ്ങളും നാല് ചൈനീസ് നിര്‍മിത ജെ.എഫ്-17 തണ്ടര്‍ വിമാനങ്ങളുമാണ് പാകിസ്ഥാന്‍ എഫ്-16 ന് അകമ്പടിയായി നിയോഗിച്ചിരുന്നത്. 

ക്യത്യമായും വലിയൊരു അപകടത്തിലേക്കാണ് താന്‍ പോകുന്നത് എന്ന് അഭിനന്ദന് അറിയാമായിരുന്നു. എന്നാല്‍ സ്വന്തം രാജ്യത്തോടുള്ള സ്‌നേഹത്തിന് മുന്നില്‍ അദ്ദേഹം രണ്ടാമതൊന്ന് ആലോചിച്ചില്ല. ഇന്ത്യന്‍ വ്യോമസേനയിലെ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിന് മുന്നറിയിപ്പ് കൊടുക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അഭിനന്ദന്‍ പിന്‍തിരിഞ്ഞില്ല. തന്റെ ദൗത്യവുമായി മുന്നോട്ട് പോയ അദ്ദേഹം പാകിസ്ഥാന്റെ എഫ്-16നെ റഡാറില്‍ കുരുക്കുക തന്നെ ചെയ്തു. എയര്‍ മിസൈല്‍ ഉതിര്‍ത്ത് എഫ്-16നെ വീഴ്ത്തുന്നതിനിടെ അദ്ദേഹവും നിലംപതിച്ചു. നിയന്ത്രണ രേഖയ്ക്ക് അപ്പുറത്ത് പാകിസ്ഥാനില്‍ വീണ അദ്ദേഹത്തെ പാക് സൈനികര്‍ പിടികൂടുകയായിരുന്നു. 

ഇന്ത്യന്‍ സേനയുടെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളായിരുന്നു പാകിസ്താന്റെ ലക്ഷ്യം. എന്നാല്‍ അഭിനന്ദന്റെ ചങ്കൂറ്റം പാകിസ്ഥാന്റെ ലക്ഷ്യം തെറ്റിച്ചു. പിടിയിലാകും എന്ന് ഉറപ്പായ ശേഷവും സാധ്യമാകും വിധം ചെറുത്തുനിന്ന അദ്ദേഹം തന്റെ പക്കലുണ്ടായിരുന്ന തന്ത്രപ്രധാനമായ വിവരങ്ങളും ഭൂപടവും വിഴുങ്ങുകയാരുന്നു. ബാക്കിയുണ്ടായവ വെള്ളത്തില്‍ നശിപ്പിച്ചു. തന്റെ പക്കല്‍ നിന്നും ശത്രുക്കള്‍ക്ക് ഒരു തെളിവും ലഭിക്കരുതെന്ന നിശ്ചയദാര്‍ഢ്യമായിരുന്നു അദ്ദേഹത്തെ നയിച്ചത്. അപകടത്തില്‍പ്പെട്ട് രക്തം ഒലിപ്പിച്ചുനില്‍ക്കവേയാണ് അഭിനന്ദന്‍ ഇതെല്ലാം ചെയ്തത്. അദ്ദേഹത്തിന് ചുറ്റും ആക്രണകാരികളായി നാട്ടുകാര്‍ തടിച്ചുകൂടിയിരുന്നു. ശത്രുക്കള്‍ക്ക് നേരെ അദ്ദേഹം വെടിയുതിര്‍ത്തു. ഒടുവില്‍ ഇന്ത്യയുടെ നയതന്ത്ര മികവില്‍ പാകിസ്താന് അഭിനന്ദനെ നിരുപാധികം മോചിപ്പിക്കേണ്ടി വന്നു.

ചെന്നൈ സ്വദേശിയായ അഭിനന്ദന് ഇന്ത്യന്‍ വ്യോമസേനയില്‍ 17 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുണ്ട്.  2000ല്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചേര്‍ന്ന അഭിനന്ദന്‍ 2004ല്‍ ഫൈറ്റര്‍ പൈലറ്റായി. മിഗ്-21 പറത്തുന്നതിന് മുന്‍പ് അദ്ദേഹം ടൗ30ങഗക പൈലറ്റായിരുന്നു. അച്ഛനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു അഭിനന്ദന്റെ ജീവിതം. 1973ലാണ് സിങ്കക്കുട്ടി വര്‍ധമാന്‍ ഫൈറ്റര്‍ പൈലറ്റാകുന്നത്. നാലായിരത്തിലധികം മണിക്കൂറുകള്‍ യുദ്ധവിമാനം പറപ്പിച്ച പരിചയസമ്പത്തുണ്ട് അദ്ദേഹത്തിന്. 2001ലെ പാര്‍ലമെന്റ് ആക്രമണത്തിന് പിന്നാലെയുണ്ടായ ഓപ്പറേഷന്‍ പരാക്രമയില്‍ പശ്ചിമ മേഖലയുടെ കമാന്‍ഡറായിരുന്നു സിങ്കക്കുട്ടി.

അഭിനനന്ദന്റെ അമ്മ ശോഭ വര്‍ധമാന്‍ ലോകമെങ്ങും അറിയപ്പെടുന്ന ഡോക്ടറാണ്. ലോകത്തിലെ പലവിധമായ സംഘര്‍ഷ മേഖലകളില്‍ കടന്നുചെന്ന് ശുശ്രൂക്ഷ നല്‍കിയിട്ടുണ്ട് അവര്‍. പ്രസിദ്ധമായ മദ്രാസ് മെഡിക്കല്‍ കോളേജില്‍ നിന്നുമാണ് ശോഭ വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടുന്നത്. അതിനുശേഷം ലണ്ടനിലെ റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സില്‍ നിന്നും അനസ്‌തേറ്റോളജിയില്‍ എം.ഡിയും അവര്‍ കരസ്ഥമാക്കി. തുടര്‍ന്ന് ആദ്യം കുറച്ചു കാലം ഇന്ത്യയില്‍ തന്നെയായിരുന്നു ഡോ. ശോഭ പ്രാക്ടീസ് ചെയ്തിരുന്നത്.  

അഭിനന്ദന്റെ ഭാര്യ തന്‍വി മാര്‍വയും ഇന്ത്യന്‍ വ്യോമസേനയുടെ സ്‌ക്വാഡ്രണ്‍ ലീഡറായി പ്രവര്‍ത്തിച്ച് തന്റെ ധീരത പലവട്ടം തെളിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് രണ്ട് മക്കളാണ്. കോയമ്പത്തൂര്‍ അമരാവതി നഗറിലെ സൈനിക് വെല്‍ഫെയര്‍ സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു അഭിനന്ദന്‍. ദേശീയ പ്രതിരോധ അക്കാദമി അലുമ്‌നിയാണ്. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അഭിനന്ദനെ സിംഹം എന്നാണ് വിളിക്കുന്നത്. വീരചക്ര നേടിയ അഭിനന്ദന്‍, നിങ്ങള്‍ യഥാര്‍ഥത്തില്‍ ഇന്ത്യയുടെ ഹീറോയാണ്.

സ്വാതന്ത്ര്യദിനത്തില്‍ വീരചക്രയുമായി അഭിമാനമായ അഭിനന്ദന്‍ (ശ്രീനി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക