Image

ഗാഡ്ഗില്‍ ചാരനാണ്, വിദേശഫണ്ട് വാങ്ങി ദ്രോഹിക്കാനെത്തിയ ആളാണ് എന്നു പറഞ്ഞ പിസി ജോര്‍ജ് ഇപ്പോള്‍ അപേക്ഷിക്കുന്നു (സി.ആര്‍. നീലകണ്ഠന്‍)

Published on 14 August, 2019
ഗാഡ്ഗില്‍ ചാരനാണ്, വിദേശഫണ്ട് വാങ്ങി ദ്രോഹിക്കാനെത്തിയ ആളാണ് എന്നു പറഞ്ഞ പിസി ജോര്‍ജ് ഇപ്പോള്‍ അപേക്ഷിക്കുന്നു (സി.ആര്‍. നീലകണ്ഠന്‍)

  ഇന്ന് രാവിലെ ഉണര്‍ന്നപ്പോള്‍ ആദ്യം കേട്ട ശബ്ദം വാട്ട്‌സാപ്പില്‍ കിട്ടിയ ഒരു വോയിസ് ക്ലിപ്പായിരുന്നു. വിശ്വസിക്കാനായില്ല അത് രാഷ്ട്രീയത്തിലെ ഗര്‍ജിക്കുന്ന സിംഹം പിസി ജോര്ജിന്റേതാണെന്നു. അദ്ദേഹം തുടക്കത്തില്‍ അത് പറയുന്നതിനാല്‍ മാത്രം മനസ്സിലായി. എന്തൊരു വിനയം. താണു കേണു അപേക്ഷിക്കുകയാണ്. പൂഞ്ഞാര്‍ തെക്കേക്കര, തീക്കോയി, കൂട്ടിക്കല്‍ എന്നി പഞ്ചായത്തുകളിലെ ജനങ്ങളോടാണ് അവര്‍ ജയിപ്പിച്ചു വിട്ട ജനപ്രതിനിധി കരയുന്ന സ്വരത്തില്‍ അപേക്ഷിക്കുന്നത്. ആഗസ്റ്റ് 14 ,15 തീയതികളില്‍ രാത്രി വീട്ടില്‍ കിടന്നുറങ്ങരുതെന്നാണ് അദ്ദേഹത്തിന്റെ അപേക്ഷ.

ഈ പിസിയെ നമുക്കോര്‍മിക്കാന്‍ ഒരുപാട് അവസരങ്ങളുണ്ട്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ ചര്‍ച്ചകള്‍ നടന്ന കാലത്ത് ഇദ്ദേഹം പറഞ്ഞ അഭിപ്രായങ്ങള്‍ സഭ്യമായി പരിഭാഷപ്പെടുത്തിയാല്‍ പോലും എഴുതാന്‍ ബുദ്ധിമുട്ടാണ്. ഗാഡ്ഗില്‍ ചാരനാണ്, വിദേശ ഫണ്ട് വാങ്ങി കേരളത്തെയും പശ്ചിമഘട്ടത്തിലെ കര്‍ഷകരെയും ദ്രോഹിക്കാന്‍ എത്തിയ ആളാണ്. അയാളെ അറബിക്കടലില്‍ താഴ്ത്തണം.... അന്വേഷിച്ചപ്പോള്‍ കാര്യം വ്യക്തമായി ചരിഞ്ഞ പ്രദേശങ്ങളില്‍, പാരിസ്ഥിതിക ദുര്‍ബലമേഖലകളില്‍ ഖനനവും നിര്‍മ്മാണപ്രവര്‍ത്തത്തനങ്ങളും നിയന്ത്രിക്കണം എന്ന ആവശ്യമാണ് മറ്റു പലരെയും പോലെ പിസിയെയും ഈ നിലപാടിലെത്തിച്ചത്. പാറമട സ്വന്തം മകനില്‍ കൂടി ആകുമ്പോള്‍ അങ്ങനെ പറയാനല്ല പറ്റൂ..

കഴിഞ്ഞ കുറെ വര്ഷങ്ങളായി കൂട്ടിക്കല്‍ പഞ്ചായത്തിലെ കൊടുങ്ങ, വല്യെന്താ എന്നീ സ്ഥലത്തുള്ള ഒട്ടനവധി പാറമടകളുടെ ദുരിതം പേറുന്നവരുടെ സമരത്തെ സഹായിക്കാന്‍ പോകാറുണ്ട്. കക്ഷി രാഷ്ട്രീയത്തിനതീതമായി ജനങ്ങള്‍ അവിടെ സമരത്തിലാണ്. കേരളത്തിലെ അതിപ്രമുഖരുടെ മടകള്‍ ആണിവ. അതുകൊണ്ട് തന്നെ പോലീസും മറ്റു ഉദ്യോഗസ്ഥസംവിധാനങ്ങളും ഒരിക്കലും നിയമം പാലിക്കാന്‍ തയ്യാറാകില്ല. കളക്ടറും ആര്‍ഡിഓയും ഉത്തരവിട്ടാല്‍ പോലും തങ്ങളുടെ സംരക്ഷണയില്‍ ഖനനം നടാത്താന്‍ പോലീസ് സഹായിക്കും. ജനജീവിതം അവിടെ ദുസ്സഹമായി. റോഡുകള്‍ ഗതാഗതയോഗ്യമല്ലാതായി. കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്ക് പോലും റോഡിലൂടെ സഞ്ചരിക്കാന്‍ കഴിയാതായി. ഏതു സമയവും ടോറസ് എന്ന ഭീമന്‍ വണ്ടികള്‍ സ്വന്തം വീട്ടിനു മുകളിലേക്ക് മറിഞ്ഞു വീഴുമെന്ന ഭീതിയില്‍ അവര്‍ ജീവിക്കുന്നു. പാര്‍ക്കശങ്ങള്‍ തെറിച്ചു വീണു പരിക്കേറ്റവര്‍ പലരാണ്. സംസ്‌ക്കാര ചടങ്ങിനിടയില്‍ മൃതശരീരത്തിലേക്ക് പാറ തെറിച്ചു വീണതും അവര്‍ കണ്ടു. ഖനനത്തിലെ സ്‌ഫോടനം മൂലം വീടുകളുടെയും മനുഷ്യരുടെയും ആരോഗ്യം തകരാറിലായി. കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ മൂന്നു മുന്നണികളെയും തോല്പിച്ചുകൊണ്ട് ഒരാളെ വിജയിപ്പിക്കാന്‍ ആ ജനങ്ങള്‍ക്ക് കഴിഞ്ഞു. അപ്പോള്‍ അവരുടെ സമരാഗ്‌നി എത്ര ഉണ്ടെന്നു മനസ്സിലാക്കാമല്ലോ.

ഇതിനു തൊട്ടടുത്തുള്ള കടനാട്, ഭരണങ്ങാനം, മേലുകാവ് പഞ്ചായത്തുകളിലെ അവസ്ഥ പിസി അറിഞ്ഞു കാണില്ല. മഴ കനത്തു ..മീനച്ചില്‍ താലൂക്കിലെ മൂന്നു പഞ്ചായത്തുകളിലായി പടര്‍ന്നു കിടക്കുന്ന പ്രകൃതി രമണീയമായ നാടുകാണി മല. .പണ്ട് ഇവിടെ ചെറിയ തോതില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുള്ളതാണ്. ആ സ്ഥലവാസികളുടെ അഭ്യര്‍ത്ഥന മാനിച്ചു ഒന്ന് രണ്ട് തവണ അവിടെ പോയി. ഒടുവില്‍ പോയത് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്‍ അദ്ധ്യക്ഷ ഡോക്ടര്‍ കെജി താരയോടൊപ്പമാണ്. .നാടുകാണി മലയുടെ അടിവാരത്തില്‍ കിണറ്റുകര ഗ്രൂപ്പിന്റെ ഒരു ക്വാറി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു .15 ഖനന ക്വാറി മാഫിയകള്‍ കൂടി ഇവിടെ രജിട്രേഷന്‍ നേടിക്കഴിഞ്ഞു.

ക്വാറി പ്രവര്‍ത്തനങ്ങള്‍ എങ്ങനെ ഉരുള്‌പൊട്ടലിനും മലയിടിച്ചിലിനും കാരണമാകുന്നു എന്ന് ഇനി ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല. ഒട്ടനവധി മനുഷ്യജീവന് നഷ്ടമായ കവളപ്പാറക്കു ചുറ്റുമായി 27 ക്വാറികള്‍ ഉണ്ടായിരുന്നു എന്നത് ഞെട്ടലോടെ കേള്‍ക്കണ്ട വിഷയമാണ്.

നാടുകാണി മലയിലും ചുറ്റും ഈ ക്വാറികള്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടുകൂടി ലോകത്തിലെ ഏറ്റവും വലിയ അപകടമാവും ഇവിടെ സംഭവിക്കുക .ഇതിനോട് ചേര്‍ന്നു കിടക്കുന്ന പരിസ്ഥിതി ലോല പ്രദേശമായ ഇലവീഴാപൂഞ്ചിറ എന്ന ടൂറിസ്റ്റ് കേന്ദ്രം അപ്രത്യക്ഷമാകും .മൂലമറ്റം പവര്‍ഹൗസ് ഭീക്ഷണിയിലാവും. മലങ്കര അണക്കെട്ടിന് ഭീഷണിയാകും..നിരവധിയായ ചെറു ഗ്രാമങ്ങളും പാലാ, ഈരാറ്റുപേട്ട നഗരങ്ങളും വിസ്മൃതിയിലാവാന്‍ വെറും പത്ത് നിമിഷം മാത്രം മതി .

കൂട്ടിക്കല്‍ കൊടുങ്ങ,വല്യെന്ത, നാടുകാണി മല തുടങ്ങിയ ഇടങ്ങളില്‍ പശ്ചിമഘട്ടനിരകളെ തകര്‍ക്കാന്‍ കൂട്ട് നില്‍ക്കുന്നവരില്‍ പിസി പെടുമോ എന്നറിയില്ല. മൂന്നു പഞ്ചായത്തിലെ ജനങ്ങള്‍ രാത്രി മുഴുവനും കാമ്പില്‍ കഴിയാമെന്നു സമ്മതിച്ചാല്‍ തന്നെ കവളപ്പാറ പോലെ, പുത്തുമല പോലെ എല്ലാം തകര്‍ന്നാല്‍ പിന്നെ എന്നും കാമ്പില്‍ തന്നെ ജീവിക്കേണ്ടി വരില്ലേ? തല്‍ക്കാലം ജീവന്‍ രക്ഷപ്പെട്ടാലും ജീവിതം തകര്‍ന്നു പോകില്ലേ? ഈ കര്‍ഷകരുടെ രക്ഷക്ക് വേണ്ടിയാണോ താങ്കള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്ത്? പര്‍വ്വതനിരയെ തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുന്ന ഭരണ പ്രതിപക്ഷ പാര്‍ട്ടികളോട് ഇവിടുത്തെ ജനങ്ങളുടെ ഒരു അപേക്ഷയുണ്ട് . *കവളപ്പാറ* യില്‍ സംഭവിച്ചത് ഇവിടെ ആവര്‍ത്തിപ്പിക്കരുതേ എന്നു മാത്രമാണ് .

കൂട്ടിക്കല്‍, തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തുകളില്‍ ഇനി ക്വാറികള്‍ അനുവദിക്കില്ലെന്ന് പിസി.പ്രളയം കൊണ്ടു പൊറുതി മുട്ടിയാണെങ്കിലും പിസിക്ക് പോലും അത് പറയേണ്ടി വന്നു. കക്ഷി പിസി ആയതിനാല്‍ നാളെ രാവിലെ കോഴി കൂവുന്നതിനു മുമ്പ് മൂന്നുപ്രാവശ്യം തള്ളിപ്പറയാനും ഇത് മതി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക