Image

കണ്ണ് നനയാൻ ധനികനാകേണ്ട (ഡോ: എസ്.എസ്. ലാൽ)

Published on 12 August, 2019
കണ്ണ് നനയാൻ ധനികനാകേണ്ട (ഡോ: എസ്.എസ്. ലാൽ)
ഞാൻ കോൺഗ്രസുകാരനാണ്. എന്നും കോൺഗ്രസുകാരനായി തുടരുകയും ചെയ്യും. അതിൽ സംശയമില്ല. പതിനഞ്ച് വയസിൽ രാഷ്ട്രീയം തുടങ്ങിയതാണ്, കെ.എസ്. യു - വിലൂടെ. അന്നു മുതൽ സി.പി.എം - നെ രാഷ്ട്രീയമായി എതിർക്കുന്നു. ആ എതിർപ്പുകൾ ഇപ്പോഴും തുടരുന്നു.

ശ്രീ. പിണറായി വിജയൻ സി.പി.എം-ന്റെയോ ഇടതുമുന്നണിയുടെയോ മുഖ്യമന്ത്രിയല്ല. കേരളത്തിന്റെ മുഴുവൻ മുഖ്യമന്ത്രിയാണ്. കേരള സർക്കാർ നമ്മൾ മുഴുവൻ പേരുടേതുമാണ്, എന്റെയും നിങ്ങളുടെയും. നമ്മളുംകൂടി ചേർന്നതാണ് സർക്കാർ. ഭരിക്കുന്ന പാർട്ടികൾ മാറും. എന്നാൽ സർക്കാർ തുടർച്ചയാണ്, ജനാധിപത്യം നിലനിൽക്കുന്നിടത്തോളം !

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്യപ്പെടില്ല എന്ന വിശ്വാസം എനിക്കുണ്ട്. ഞാനും അതിലേയ്ക്ക് എന്നെക്കൊണ്ടാവുന്നത് സംഭാവന ചെയ്തു. നമ്മളെല്ലാം നമ്മളെക്കൊണ്ടാവുന്ന തുക സംഭാവന ചെയ്യണം.

ഞാൻ ധനികനല്ല. സഹജീവികൾ ദുരിതത്തിൽപ്പെടുന്പോൾ കണ്ണ് നനയാനും സഹായിക്കാനും ധനികനാകേണ്ട കാര്യമില്ല. നമുക്കാകുന്നത് ചെയ്യുക. പലതുള്ളി പെരുവെള്ളം.

രാഷ്ട്രീയത്തിലെയോ മതത്തിലെയോ ജാതിയാലെയോ കണക്കു തീർക്കാനുള്ള സമയവും ഇതല്ല. മലവെള്ളത്തിനും ഉരുൾപൊട്ടലിനും ഈ വ്യത്യാസങ്ങളൊന്നും മനസിലാകില്ല.

സ്വന്തം കാര്യങ്ങളെല്ലാം മറന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സഹോദരങ്ങൾക്ക് അഭിവാദ്യങ്ങൾ. അതിൽ കളക്ടർ ബ്രോയെപ്പോലുള്ള (Prasanth Nair) നന്മയുടെ പ്രതീകങ്ങൾ വലിയ പ്രതീക്ഷകളാണ്.

ജോലിയിലെ ഉത്തരവാദിത്തങ്ങൾ കാരണം നാട്ടിലേയക്ക് ഓടിവരാൻ പറ്റാത്തൊരു സാഹചര്യത്തിലാണ്. ശരീരം കൊണ്ട് ഇവിടെയാണെങ്കിലും എന്റെ മനസ് നാട്ടിൽ നിങ്ങൾക്കെല്ലാവർക്കുമൊപ്പമുണ്ട്.

ഞാൻ മാത്രമല്ല, നമ്മുടെ നാട്ടിലെ ചെറിയ സൗകര്യങ്ങൾ ഉപയോഗിച്ച് പഠിച്ച് പുറംനാടുകളിൽ എത്തിപ്പെടാൻ കഴിഞ്ഞ എല്ലാ നല്ല മനുഷ്യരും നിങ്ങൾക്കൊപ്പമുണ്ട്. പൊതുജനം തീപ്പെട്ടി മുതൽ കറണ്ടുവരെ ഉപയോഗിക്കുന്പോൾ, ഉപ്പു മുതൽ അരിവരെ വാങ്ങുന്പോൾ, കൊടുത്ത വിലയും നികുതിയുമൊക്കെയാണ് തുഛമായ ഫീസിൽ നമുക്കെല്ലാം നാട്ടിൽ പഠിക്കാനുള്ള അവസരുണ്ടാക്കിയത്. എം.ബി. ബി.എസ് - ന് സർക്കാർ കോളജിൽ എന്റെ വാർഷിക ഫീസ് എഴുനൂറ് രൂപയായിരുന്നു. എനിക്കത് മറക്കാൻ കഴിയില്ല. എന്നെപ്പോലെ ഒരാൾക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക