Image

ന്യൂനമര്‍ദം രൂപപ്പെടുന്നു, കനത്ത മഴയ്ക്ക് സാധ്യത

Published on 12 August, 2019
 ന്യൂനമര്‍ദം രൂപപ്പെടുന്നു, കനത്ത മഴയ്ക്ക് സാധ്യത
ന്യൂഡല്‍ഹി:  ബംഗാള്‍ ഉള്‍ക്കടലിനു വടക്കു പടിഞ്ഞാറന്‍ ഭാഗത്തു ന്യൂനമര്‍ദം രൂപപ്പെട്ടു. ഇതിന്റെ ഫലമായി ചൊവ്വാഴ്ച കേരളത്തിലും രാജ്യത്തിന്റെ മധ്യഭാഗത്തും പരക്കെ മഴ പെയ്യുമെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ഇന്നും നാളെയും അതിശക്തമായ മഴയാണു പ്രവചിക്കുന്നത്. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ചൊവ്വാഴ്ച ശക്തമായ മഴ പെയ്യാനാണു സാധ്യത.

തീവ്രമായത് മുതല്‍ അതിതീവ്രമായ അളവിലുള്ള മഴ വരെ വടക്കന്‍ ഒഡിഷ, തെക്കന്‍ ജാര്‍ഖണ്ഡ്, വടക്കന്‍ ഛത്തീസ്ഗഡ്, കിഴക്കന്‍ മധ്യപ്രദേശ് എന്നിവിടങ്ങളില്‍ അടുത്ത 48 മണിക്കൂറില്‍ മഴ പെയ്യും. 12 മുതല്‍ 14 വരെ കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ കനത്ത മഴ ലഭിക്കുമെന്നും ദേശീയ കാലാവസ്ഥാ വകുപ്പ് ഇറക്കിയ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.

കിഴക്കന്‍, മധ്യ ഇന്ത്യയുടെ ഭാഗങ്ങളിലും കേരളത്തിലും ഓഗസ്റ്റ് 13നും 14നും ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. അധികൃതര്‍ ഈ ദിവസങ്ങളില്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്നാണു നിര്‍ദേശം. ഓഗസ്റ്റ് 15 നു ശേഷം  ഇവിടങ്ങളില്‍ മഴ കുറയും. ദിവസങ്ങളായി കേരളത്തിലും കര്‍ണാടകയിലും മഹാരാഷ്ട്രയിലുമായി കനത്ത മഴ തുടരുകയാണ്.

കേരള തീര!ത്ത് മണ്‍സൂണ്‍ സജീവമായതാണ് ഇതിനു കാരണമെന്ന് സ്‌കൈമെറ്റ് വെതറിലെ വിദഗ്ധനായ മഹേഷ് പലാവട്ട് പറഞ്ഞു. വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും കേരളത്തില്‍ മരിച്ചവരുടെ എണ്ണം 79 ആയി. കഴിഞ്ഞ ആഴ്ചയില്‍ ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 150 പേരാണു മരിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക