Image

യുഎസ് ആര്‍മിയെ ജര്‍മനിയില്‍ നിന്ന് പോളണ്ടിലേക്ക് മാറ്റുമെന്ന് ട്രംപ്

Published on 12 August, 2019
യുഎസ് ആര്‍മിയെ ജര്‍മനിയില്‍ നിന്ന് പോളണ്ടിലേക്ക് മാറ്റുമെന്ന് ട്രംപ്
ബര്‍ലിന്‍: ജര്‍മനിയില്‍ ദശാബ്ദങ്ങളായി തമ്പടിച്ചിരിക്കുന്ന യുഎസ് ആര്‍മിയെ പോളണ്ടിലേക്ക് പറിച്ച് നടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ജര്‍മനിക്ക് മുന്നറിയിപ്പ് നല്‍കി. ട്രംപിന്റെ മുന്നറിയിപ്പ് ബര്‍ലിനിലെ യുഎസ് സ്ഥാനപതി റിച്ചാര്‍ഡ് ഗ്രീന്‍ ഹെലണ്‍ വഴിയാണ് ജര്‍മനിക്ക് കൈമാറിയത്.

ജര്‍മനിയില്‍ നിലവില്‍ മുപ്പത്തിഅയ്യായിരം യുഎസ് സൈനികര്‍ യൂറോപ്പിനെ കാക്കാനായി കാവല്‍ കിടക്കുന്നുണ്ടെന്ന് യുഎസ് സ്ഥാനപതി ജര്‍മന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇവരെ തീറ്റി പോറ്റാന്‍ അമേരിക്കന്‍ ജനതയുടെ നികുതി പണമാണ് യുഎസ് സര്‍ക്കാര്‍ ചിലവിടുന്നതെന്നും ഈകാര്യത്തില്‍ ജര്‍മനി എന്നും കണ്ണടയ്ക്കുകയാണെന്ന് യുഎസ് അംബാസഡര്‍  കുറ്റപ്പെടുത്തി പറഞ്ഞു.

ഇനി ചിലവ് കുറഞ്ഞ സ്ഥലം യുഎസിന് കണ്ടെത്തിയേ മതിയാവൂ. ഇതിനായി ഓഗസ്റ്റ് 31ന് ട്രംപ് പോളണ്ട് സന്ദര്‍ശിക്കുകയാണെന്ന് ട്രംപിന്റെ വിശ്വസ്ഥന്‍ കൂടിയായ യുഎസ് സ്ഥാനപതി ഗ്രീന്‍ഹെല്‍ ജര്‍മന്‍ മാധ്യമങ്ങളെ അറിയിച്ചു.

സംഭവം ജര്‍മനിയില്‍ വന്‍ വാര്‍ത്താ പ്രാധാന്യം നേടുകയും തുറന്ന ചര്‍ച്ചക്ക് കളമൊരുക്കുകയും ചെയ്തിരിക്കുകയാണ്. രണ്ടാം ലോക യുദ്ധത്തിനുശേഷമാണ് അമേരിക്കന്‍ ആര്‍മി ജര്‍മന്‍ മണ്ണില്‍ നിലഉറപ്പിച്ചത്. ലക്ഷ്യം ചാരകണ്ണുകളോടെ റഷ്യയെ നിലയ്ക്ക് നിര്‍ത്തുക, യൂറോപ്പിന്റെ സൈനിക സേനയായ നാറ്റോയെ പിന്‍താങ്ങുകയായിരുന്നു.

റഷ്യയുടെ പാശ്ചാത്യ ലോകവുമായിട്ടുള്ള ശീതസമരത്തിന്റെ പേരില്‍ യുഎസ് ആര്‍മിയുടെ അംഗസംഖ്യ രണ്ടായിരമാണ്ട് വരെ  രണ്ടരലക്ഷമായിരുന്നു ജര്‍മന്‍ മണ്ണില്‍ കിടന്ന് ജാഗ്രത പാലിച്ചത്. കാലം മാറി ഇപ്പോള്‍ സംഖ്യ 35000 മായി ചുരുങ്ങി.

ജര്‍മനിയിലെ റാംസ്റ്റയിനിലാണ് യുഎസ് ആര്‍മിയുടെ ആസ്ഥാനം. ഇവിടെ വിഖ്യാത യുഎസ് ഹോസ്പിറ്റലുണ്ട്. ഇവിടെ 75000–ത്തോളം ജര്‍മന്‍കാര്‍ അമേരിക്കന്‍ ആര്‍മിക്കാരെ സഹായിക്കാനായി ജോലി ചെയ്യുന്നു.

ലോകം എന്നും ആദരിക്കുന്ന റോക് ഇന്‍ റോള്‍ ഇതിഹാസം എല്‍വിസ് പ്രീസിലി 1958 മുതല്‍ 1960 വരെ ജര്‍മനിയില്‍ യുഎസ് ആര്‍മിയില്‍ സൈനികനായി സേവനം ചെയ്തിട്ടുണ്ട്.

ഇതിനിടയില്‍ ട്രംപിനെ കടന്നാക്രമിച്ച്  ജര്‍മന്‍ മാധ്യമങ്ങള്‍രംഗത്ത് വന്നു. ട്രംപ് അധികാരമേറ്റശേഷം ജര്‍മനിയുമായിട്ടുള്ള സഹൃദബന്ധം ഉലഞ്ഞതായും ട്രംപിന് കച്ചവട കണ്ണ് മാത്രമാണ് ഉള്ളതെന്നും മാധ്യമങ്ങള്‍ കുറ്റപ്പെടുത്തി. ചാന്‍സലര്‍ മെര്‍ക്കലിനെ തരം കിട്ടിയാല്‍ കുറ്റപ്പെടുത്തുന്ന ട്രംപിന്റെ പ്രവണത അവസാനിപ്പിക്കണമെന്നും മാധ്യമങ്ങള്‍ ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക