Image

ഇന്ത്യാ- ചൈന ബന്ധം ലോകത്തിന്റെ സ്ഥിരതയ്ക്കുള്ള കാരണമായി തീരണം; എസ്. ജയശങ്കര്‍

Published on 12 August, 2019
ഇന്ത്യാ- ചൈന ബന്ധം ലോകത്തിന്റെ സ്ഥിരതയ്ക്കുള്ള കാരണമായി തീരണം; എസ്. ജയശങ്കര്‍

ബെയ്ജിങ്: ഇന്ത്യാ- ചൈന ബന്ധം ലോകത്തിന്റെ സ്ഥിരതയ്ക്കുള്ള കാരണമായി തീരണമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. മൂന്നുദിവസത്തെ ചൈന സന്ദര്‍ശനത്തിനിടെയാണ് ജയശങ്കറിന്റെ പരാമര്‍ശം. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. മോദി- ഷി ജിന്‍പിങ് അനൗദ്യോഗിക ഉച്ചകോടിക്ക് മുന്നോടിയായുള്ള ചര്‍ച്ചകള്‍ക്കായാണ് ജയശങ്കര്‍ ചൈനയിലെത്തിയത്.


രണ്ട് വര്‍ഷം മുമ്ബ് ഇരുരാജ്യങ്ങളിലെയും നേതാക്കള്‍ കസാഖിസ്താനിലെ അസ്താനയില്‍ നടന്ന കൂടിക്കാഴ്ചയില്‍ വിവിധ വിഷയങ്ങളില്‍ അഭിപ്രായ ഐക്യത്തിലെത്തിയിരുന്നുവെന്ന് ജയശങ്കര്‍ ചൂണ്ടിക്കാട്ടി. ആ സമയത്ത് ലോകം അനിശ്ചിതത്വത്തില്‍ കൂടിയാണ് കടന്നുപൊയ്‌ക്കൊണ്ടിരുന്നത്. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം സ്ഥിരതയ്ക്കുള്ള കാരണമായെന്നും അദ്ദേഹം അറിയിച്ചു. വുഹാനില്‍ നടന്ന ഉച്ചകോടിയില്‍ അഭിപ്രായ ഐക്യം വിവിധ വിഷയങ്ങളിലേക്ക് വര്‍ധിപ്പിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ചൈന സന്ദര്‍ശിക്കുന്ന ആദ്യ മന്ത്രിയാണ് ജയശങ്കര്‍. സന്ദര്‍ശനവേളയില്‍ ജയശങ്കര്‍ നാല് ധാരണാപത്രങ്ങളില്‍ ഒപ്പിടുമെന്നാണ് സൂചന. 2009 മുതല്‍ 2013 വരെ ചൈനയിലെ ഇന്ത്യന്‍ അംബാസിഡറായിരുന്നു ജയശങ്കര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക