Image

മഴയുടെ ശക്തി കുറഞ്ഞെങ്കിലും മഴക്കെടുതികള്‍ തുടരുന്നു

Published on 12 August, 2019
മഴയുടെ ശക്തി കുറഞ്ഞെങ്കിലും മഴക്കെടുതികള്‍ തുടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും മഴക്കെടുതികള്‍ തുടരുന്നു. രണ്ട് ലക്ഷത്തി എഴുപത്തി ആറായിരം പേര്‍ ദുരിതാശ്വാസ ക്യാംപുകളിലാണ്. ഇതിനിടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപമെടുത്തു. തെക്കന്‍ജില്ലകളില്‍ അതിശ്കതമായ മഴക്ക് സാധ്യതയുണ്ട്. ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തൃശൂരിലും കോഴിക്കോട്ടും നാളെ പ്രഫഷനല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെ അവധി പ്രഖ്യാപിച്ചു. മഴക്കെടുതിയില്‍ ഇതുവരെ 80 പേരാണ് മരിച്ചത്.

ഒരാഴ്ച നീണ്ട ദുരിതപ്പെയാത്തിനൊടുവില്‍, അതിതീവ്ര മഴക്കുള്ള റെഡ് അലേര്‍ട്ട് നിലവിലില്ലാത്ത ആദ്യദിവസമാണ് ഇന്ന്. വ്യാപകമായ മഴയുണ്ടെങ്കിലും പേടിപ്പെടുത്തും വിധം പെയ്തിറങ്ങുന്നില്ല. എങ്കിലും വന്‍മഴ വരുത്തിയ കെടുതികള്‍ തുടരുകയാണ് 1667 ക്യാംപുകളിലായി രണ്ട് ലക്ഷത്തി എഴുപത്തി ആറായിരം പേരാണ് ഉള്ളത്. വടക്കന്‍ജില്ലകളില്‍കാണാതായവര്‍ക്കായുള്ള തിരച്ചിലും രക്ഷാ പ്രവര്‍ത്തനവും തുടരുകയാണ്. ഇതുവരെ 80 പേരാണ് മഴക്കെടുതികളില്‍ മരിച്ചത്. 

കവളപ്പാറയില്‍ ഒരു സ്ത്രീയുടെ മൃതദേഹം കിട്ടി, ഇനി കണ്ടെത്താനുള്ളത് 45 പേരെയാണ്. വയനാട് പുത്തുമലയില്‍ ഏഴുപേരെ കണ്ടെത്തണം. മലപ്പുറം കോട്ടക്കുന്നില്‍ മണ്ണിടിച്ചിലില്‍പെട്ട മൂന്നുപേരുടെയും മൃതദേഹം കിട്ടി. ഇന്ന് വൈകുന്നേരത്തോടെ തെക്കന്‍ജില്ലകളില്‍ മഴകനക്കുമെന്നാണ് പ്രവചനം. ബംഗാള്‍തീരത്തിന് സമീപം രൂപമെടുത്ത ന്യൂനമര്‍ദ്ദമാണ് മഴശക്തിപ്പെടുത്തുക. ഏഴ് മുതല്‍ 20 സെന്‍റി മീറ്റര്‍വരെയുള്ള ശക്തമായ മഴക്കാണ് സാധ്യത. എറണാകുളം ആലപ്പുഴ ജില്ലകളില്‍ ഒാറഞ്ച് അലേര്‍ട്ട് നിലവിലുണ്ട്. പതിനാറാം തീയതിവരെ മഴ തുടരും.. വ്യാഴം , വെള്ളി ദിവസങ്ങളില്‍കാസര്‍കോടും കണ്ണൂരും മഴ ശക്തമാകാനിടയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക