Image

നന്മയുടെ പുതിയ പാഠം പഠിപ്പിക്കുന്ന, നിസ്വാര്‍ത്ഥരായ മനുഷ്യരെക്കണ്ട്‌ മനസ്സു നിറയുന്നു : നൗഷാദിനെ പ്രശംസിച്ച്‌ നടന്‍ സിദ്ദിഖ്‌

Published on 12 August, 2019
നന്മയുടെ പുതിയ പാഠം പഠിപ്പിക്കുന്ന, നിസ്വാര്‍ത്ഥരായ മനുഷ്യരെക്കണ്ട്‌ മനസ്സു നിറയുന്നു : നൗഷാദിനെ പ്രശംസിച്ച്‌ നടന്‍ സിദ്ദിഖ്‌

കേരളം വീണ്ടും പ്രളയകാലത്തെ ഒറ്റകെട്ടായി നേരിടുമ്‌ബോള്‍ ദുരിതാശ്വാസ ക്യാമ്‌ബുകളില്‍ കഴിയുന്നവര്‍ക്കായി വില്‍ക്കാന്‍ കൊണ്ടുവന്ന വസ്‌ത്രങ്ങള്‍ ദാനം ചെയ്‌ത സാധാരണക്കാരനായ കച്ചവടക്കാരന്‍ നൗഷാദ്‌ മലയാളി മനസുകളെ നന്മയുടെ പുതിയ പാഠം പഠിപ്പിക്കുകയാണ്‌. 

ക്യാമ്‌ബുകളിലേക്ക്‌ വേണ്ട സാധന സാമഗ്രികള്‍ അന്വേഷിച്ചു വന്ന ദുരിതാശ്വാസ പ്രവര്‍ത്തകരെ തന്റെ വസ്‌ത്ര ശാലയിലേക്ക്‌ കൂട്ടികൊണ്ടുപോയി പ്രതീക്ഷകള്‍ക്കുമപ്പുറം വാരിക്കോരി വസ്‌ത്രങ്ങള്‍ ചാക്കുകളിലാക്കി നല്‍കിയ നൗഷാദിന്റെ മനോഭാവം കണ്ടു ഈ പ്രവര്‍ത്തകരുടെ മനസ്സും, കണ്ണുകള്‍ പോലും നിറഞ്ഞു. 

സഹായം ചോദിച്ച്‌ വന്നവര്‍ക്ക്‌ ബ്രോഡ്വെയിലുള്ള സ്വന്തം ഷോപ്പില്‍ നിന്നും ലാഭമോ കണക്കോ ഒന്നും നോക്കാതെ എല്ലാം സന്തോഷത്തോടെ കൊടുത്തു വിടുകയായിരുന്നു അദ്ദേഹം. 

സമൂഹമാധ്യമങ്ങളില്‍ നൗഷാദ്‌ ഇക്ക എന്ന നന്മ പടരുകയാണ്‌. ഒട്ടേറെ പേരാണ്‌ നൗഷാദിന്‌ അഭിനന്ദനങ്ങള്‍ ചൊരിയുന്നത്‌. അക്കൂട്ടത്തില്‍ നൗഷാദിനെ പ്രശംസിച്ച്‌ നടന്‍ സിദ്ദിഖ്‌ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു കുറിപ്പ്‌ ശ്രദ്ധേയമാണ്‌.

സിദ്ദിഖിന്റെ കുറിപ്പ്‌ ഇങ്ങനെ :

ഈ മനുഷ്യന്‍ നൗഷാദ്‌
ദുരിതാശ്വാസത്തിനായി തുണിത്തരങ്ങളും ചെരുപ്പുകളും തെണ്ടി ബ്രോഡ്‌വേയിലെ കടകള്‍ തോറും കയറിയിറങ്ങി നടക്കുമ്‌ബോള്‍ `നിങ്ങള്‍ക്ക്‌ കുഞ്ഞുടുപ്പുകള്‍ വേണോ` എന്നു ചോദിച്ച്‌ കൂട്ടിക്കൊണ്ടു പോയി, അഞ്ച്‌ ചാക്കു നിറയെ തുണിത്തരങ്ങള്‍ എടുത്തു തന്നൊരു മട്ടാഞ്ചേരിക്കാരന്‍. 

നിങ്ങള്‍ക്കിത്‌ വലിയ നഷ്ടം വരുത്തില്ലേ? എന്നു ചോദിച്ചപ്പോള്‍, `നമ്മള്‍ പോകുമ്‌ബോള്‍ ഇതൊന്നും ഇവിടുന്ന്‌ കൊണ്ടുപോവാന്‍ പറ്റൂല്ലല്ലോ? എനിക്ക്‌ നാട്ടുകാരെ സഹായിക്കുന്നതാണ്‌ എന്റെ ലാഭം. നാളെ പെരുന്നാളല്ലേ. എന്റെ പെരുന്നാളിങ്ങനെയാ.` എന്നുപറഞ്ഞ്‌ ചിരിച്ചൊരു മനുഷ്യന്‍.

ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നത്‌ വലിയ മനുഷ്യരുടെ കാണാന്‍ കഴിയാത്ത കൈയുകളാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്‌. നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു.

ചില നുണ പ്രചരണങ്ങള്‍ക്കിപ്പുറവും, കരുതല്‍ പങ്കു വയ്‌ക്കുന്ന, ചേര്‍ത്തു പിടിക്കുന്ന, നിസ്വാര്‍ത്ഥരായ മനുഷ്യരെക്കണ്ട്‌ മനസ്സു നിറയുന്നു
സ്‌നേഹം.
നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യും



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക