Image

എന്റെ മണ്ഡലമായ വയനാട്‌ ദുരിതത്തിലാണ്‌; സഹായിക്കണം; ഫേസ്‌ബുക്കിലൂടെ അഭ്യര്‍ത്ഥനയുമായി രാഹുല്‍ ഗാന്ധി

Published on 12 August, 2019
എന്റെ മണ്ഡലമായ വയനാട്‌ ദുരിതത്തിലാണ്‌; സഹായിക്കണം; ഫേസ്‌ബുക്കിലൂടെ അഭ്യര്‍ത്ഥനയുമായി രാഹുല്‍ ഗാന്ധി
തിരുവനന്തപുരം: വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്‌ബില്‍ കഴിയുന്നവര്‍ക്ക്‌ വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച്‌ വയനാട്‌ എംപി രാഹുല്‍ ഗാന്ധി. തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക്‌ പേജിലൂടെയാണ്‌ രാഹുല്‍ഗാന്ധി ഗാന്ധി സഹായാഭ്യാര്‍ത്ഥന നടത്തിയത്‌.

തന്റെ മണ്ഡലമായ വയനാട്ടില്‍ പ്രളയമാണെന്നും വീട്‌ നഷ്ടപ്പെട്ട ആയിരങ്ങളെ ദുരിതാശ്വാസ ക്യാമ്‌ബുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ക്യാമ്‌ബുകളിലേക്ക്‌ അടിയന്തരമായി സാധനങ്ങള്‍ ആവശ്യമുണ്ടെന്നും രാഹുല്‍ ഫേസ്‌ബുക്കില്‍ കുറിച്ചു. 

കുടിവെള്ളം, പായകള്‍, പുതപ്പ്‌, അടിവസ്‌ത്രങ്ങള്‍, ലുങ്കികള്‍, രാത്രി വസ്‌ത്രങ്ങള്‍, കുട്ടികളുടെ ഉടുപ്പുകള്‍, സ്ലിപ്പറുകള്‍, സാനിറ്ററി നാപ്‌കിന്‍സ്‌, സോപ്പ്‌, ടൂത്ത്‌ ബ്രഷ്‌, ടൂത്ത്‌ പേസ്റ്റ്‌, ഡെറ്റോള്‍, സോപ്പ്‌ പൊടി, ബ്ലീച്ചിങ്‌ പൗഡര്‍, ബ്രഡ്‌, ബേബി ഫൂഡ്‌ തുടങ്ങിയവയാണ്‌ അടിയന്തരമായി ആവശ്യമുള്ള സാധനങ്ങളെന്ന്‌ രാഹുല്‍ ഫെയ്‌സ്‌ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു.
 അതാത്‌ കലക്ഷന്‍ കേന്ദ്രങ്ങളില്‍ സാധനങ്ങള്‍ എത്തിക്കണമെന്നാണ്‌ കുറിപ്പില്‍ അഭ്യര്‍ഥിച്ചിട്ടുള്ളത്‌.

മഴയിലും ഉരുള്‍പൊട്ടലിലും കനത്ത നാശനഷ്ടങ്ങളാണ്‌ വയനാട്ടില്‍ ഉണ്ടായത്‌. കഴിഞ്ഞ ദിവസമാണ്‌ ദുരന്ത ബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ എത്തിയത്‌. കവളപ്പാറ സന്ദര്‍ശിച്ച രാഹുല്‍ ഇന്ന്‌ വയനാട്ടിലെ പുത്തുമലയിലെത്തും.

 കേരളത്തിലുണ്ടായ ദുരിതത്തെ ഒരുമിച്ച്‌ നേരിടുമെന്നും മഴക്കെടുതി വലിയ ദുരന്തമാണ്‌ ഉണ്ടാക്കിയതെങ്കിലും ഭാവിയെ കുറിച്ച്‌ ആരും ആശങ്കപ്പെടരുതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കോഴിക്കോട്‌ കൈതപ്പൊയ്‌ലിലാണ്‌ രാഹുല്‍ തിങ്കളാഴ്‌ച ആദ്യ സന്ദര്‍ശനത്തിനെത്തിയത്‌.

കഴിഞ്ഞ ദിവസം ദുരിതാശ്വാസ ക്യാമ്‌ബുകളിലെത്തിയപ്പോള്‍ ആളുകള്‍ പ്രധാനമായി പറഞ്ഞത്‌ വീടുകള്‍ പുനര്‍നിര്‍മിക്കുന്നതിനെ കുറിച്ചാണ്‌.

 വീടുകളിലേക്ക്‌ മടങ്ങുമ്‌ബോഴുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ബുദ്ധിമുട്ടുകളും പലരും പങ്കുവെച്ചുവെന്നും രാഹുല്‍ പറഞ്ഞു.

കനത്ത മഴമൂലം ദുരിതത്തിലായവര്‍ക്ക്‌ പരമാവധി സഹായം ലഭ്യമാക്കാന്‍ ശ്രമിക്കും. കേരളത്തിലെ പ്രളയ ദുരിതത്തെ കുറിച്ച്‌ പ്രധാനമന്ത്രിയുമായും മുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്തിയെന്നും രാഹുല്‍ വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക