Image

പ്രളയ ബാധിതര്‍ക്കായി ബിന്ദു ഫെര്‍ണാണ്ടസിന്റെ സ്‌നേഹവീട് തുറന്നു

അനില്‍ പെണ്ണുക്കര Published on 11 August, 2019
പ്രളയ ബാധിതര്‍ക്കായി ബിന്ദു ഫെര്‍ണാണ്ടസിന്റെ സ്‌നേഹവീട് തുറന്നു
"ഇത് കാന സ്‌നേഹ വീടാണ്. മൂന്ന് നാല് ദിവസത്തിനുള്ളില്‍ പ്രളയ ബാധിതര്‍ക്ക് അത്യാവശ്യ കാര്യങ്ങള്‍ക്കായി ഉള്ള സാധന സാമഗ്രികളുമായി ഈ വീട് തുറന്ന് വെക്കുകയാണ് . ആയിരങ്ങളെ ഊട്ടാനും ഉടുപ്പിക്കാനും കഴിവില്ല. എങ്കിലും ഉള്ളതില്‍ ഒരു പങ്ക് . ഇവിടെ നിന്നും ആവശ്യക്കാര്‍ക്ക് ലഭ്യമാകും. സ്‌നേഹ മനസ്സോടെ തരുന്നു "കാന"

ബിന്ദു ഫെര്‍ണാണ്ടസ് എന്ന സാമൂഹ്യ പ്രവര്‍ത്തക ഹ്യൂസ്റ്റണില്‍ ഇരുന്ന് തന്റെ മുഖപുസ്തകത്തില്‍ ഇങ്ങനെ കുറിച്ചു.
ഉള്ളതിന്റെ ഒരു പങ്ക് പ്രളയബാധിതര്‍ക്കായി എടുത്തു വയ്ക്കുകയാണ് ഈ അമേരിക്കന്‍ മലയാളി. അമേരിക്കയില്‍ ആതുര സേവന രംഗത്ത് ജോലി ചെയ്യുന്നതില്‍   ലഭിക്കുന്ന ശമ്പളത്തില്‍ നിന്നും മിച്ചം വച്ചും , ഫേസ് ബുക്കിലൂടെ "കാനാ'എന്ന കൂട്ടായ്മ ഉണ്ടാക്കി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേരളത്തില്‍ വിവിധ മേഖലയില്‍  ദുരിതമനുഭവിക്കുന്നവര്‍ക്ക്  എത്തിച്ചു നല്‍കുവാന്‍ ബിന്ദുവും കൂട്ടരും ശ്രമിക്കുന്നു . കഴിഞ്ഞ പ്രളയ സമയത്ത് കോഴിക്കോട് -മലപ്പുറം ജില്ലകളില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീടുകള്‍ വാടകയ്ക്ക് എടുത്തു നല്‍കി സഹായിച്ച മഹത്തായ ഒരു പ്രോജക്ടിന് തുടക്കം കുറിച്ചിരുന്നു . പല കുടുംബങ്ങളും പുതിയ വീടുകള്‍ നിര്‍മ്മിച്ച് താമസം മാറിയിട്ട് രണ്ടോ മൂന്നോ മാസങ്ങളെ ആയിട്ടുള്ളു. അപ്പോഴേക്കും അടുത്ത ദുരന്തം വടക്കന്‍ ജില്ലകളെ  തേടിയെത്തുകയായിരുന്നു.

അതുകൊണ്ടുതന്നെ ദുരന്തത്തില്‍ പെട്ടവര്‍ക്ക് അത്യാവശ്യം വേണ്ട സഹായം നല്‍കുവാന്‍ കാനയുടെ വീട് കോഴിക്കോട് സജ്ജമാക്കുകയാണ്.  ഈ ഉദ്യമത്തില്‍ അമേരിക്കന്‍ മലയാളികള്‍ക്കും പങ്കാളികളാകാം. ചെറിയ സഹായങ്ങള്‍ എത്തിക്കാം. നാട്ടിലുള്ള പ്രവാസികള്‍ക്ക് സഹായങ്ങളുമായി ഈ വീട്ടിലെത്താം. കാന പ്രവര്‍ത്തകര്‍ക്കൊപ്പം കൂടാം. നമ്മുടെ സഹജീവികളെ സഹായിക്കാം. അവര്‍ക്ക് ജീവന്‍ പിടിച്ചു നിര്‍ത്താനുള്ള സഹായങ്ങള്‍ നല്‍ക
മെന്ന് ബിന്ദു അഭ്യര്‍ത്ഥിക്കുന്നു .

ഓരോ വീട്ടിലെയും ആവശ്യമില്ലാത്ത എന്നാല്‍ മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്നതുമായ സാധനങ്ങള്‍ കാന സംഭാവനയായി സ്വീകരിക്കുന്നു. അവശരായവര്‍ക്ക്  ആ സാധനങ്ങള്‍ പുത്തന്‍കോടിയായി കാനയുടെ യുടെ പ്രവര്‍ത്തകര്‍ എത്തിക്കും. ഒരു സോപ്പ് മുതല്‍ എന്തുമാകാം. മനുഷ്യന് ആവശ്യമുള്ളതെല്ലാം കാന സ്വീകരിക്കുന്നു .

ആര്‍ക്കും സഹായങ്ങള്‍ നല്‍കാം. അവ സൂക്ഷിച്ചു വയ്ക്കാന്‍ ഒരിടമായി. ലഭിക്കുന്ന സഹായങ്ങള്‍ അത് അര്‍ഹിക്കുന്ന കൈകളില്‍ എത്തിക്കുവാന്‍ ബിന്ദുവും സംഘവും കാനയും ഉണ്ടാകും.

കോഴിക്കോട് ഗവണ്മെന്റ് സര്‍വീസില്‍ നഴ്‌സായി തുടങ്ങിയ കരിയര്‍ ജീവിതം അമേരിക്കയിലെ ഹൂസ്റ്റണില്‍ വരെ എത്തിയതിനു പിന്നില്‍ ബിന്ദു ഫെര്‍ണാണ്ടസിന്റെ  കഠിനാധ്വാനം മാത്രമല്ല ബിന്ദുവിന്റെ സഹായപ്രവര്‍ത്തനങ്ങള്‍ കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്ന ആയിരക്കണക്കിന് ജനങ്ങളുടെ പ്രാര്‍ത്ഥനകൊണ്ട് കൂടിയാണ്.

ബിന്ദു ഫെര്‍ണാണ്ടസ്  എന്ന ഒറ്റയാള്‍ പ്രവര്‍ത്തകയും നിയമങ്ങളോ ചട്ടക്കൂടുകളോ നിബന്ധനകളോ ഇല്ലാത്ത കാന എന്ന തുറന്ന കൂട്ടായ്മയുമാണ് ഇന്ന് നമ്മുടെ  കണ്ണുതുറപ്പിക്കുന്നത്.

കാന കൂട്ടായ്മ മറ്റു കൂട്ടായ്മകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. മതപരവും രാഷ്ട്രീയപരവുമായ ബന്ധങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി രേഖകളും രേഖപ്പെടുത്തലുകളുമില്ലാത്ത, സ്ഥിര അംഗങ്ങളോ ഓഫീസോ രൂപീകരിക്കാത്ത, പൂര്‍ണ്ണ സ്വതന്ത്രമായ ഒരു കൂട്ടായ്മയാണിത്. സോഷ്യല്‍ മീഡിയയിലൂടെ കാന കൂട്ടായ്മയിലേക്ക് അംഗമായി വന്നവര്‍ തങ്ങളുടെ വേതനത്തില്‍ നിന്നും ഇഷ്ടമുള്ള ഒരു പങ്ക് കൂട്ടായ്മയിലേക്ക് നല്‍കുന്നു.

കലവറയിലേക്ക് സഹായമെത്തിക്കുവാനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടാവുന്നതാണ്.

പ്രളയം അപഹരിച്ച മനസുകള്‍ക്ക് താങ്ങും തണലുമാകാന്‍ താല്പര്യമുള്ളവക്ക്  ബന്ധപ്പെടാം. എത്ര ചെറിയ സഹായവും വളരെ വിലപ്പെട്ടതാണ്
binduveetil@ hotmail.com
പ്രളയ ബാധിതര്‍ക്കായി ബിന്ദു ഫെര്‍ണാണ്ടസിന്റെ സ്‌നേഹവീട് തുറന്നുപ്രളയ ബാധിതര്‍ക്കായി ബിന്ദു ഫെര്‍ണാണ്ടസിന്റെ സ്‌നേഹവീട് തുറന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക