Image

വെസ്റ്റ് നയാക് സെന്റ് മേരീസ് ദേവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ ഓര്‍മ്മപ്പെരുന്നാള്‍

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 11 August, 2019
വെസ്റ്റ് നയാക് സെന്റ് മേരീസ് ദേവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ ഓര്‍മ്മപ്പെരുന്നാള്‍
അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട വെസ്റ്റ് നയാക് സെന്റ് മേരീസ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ ഓര്‍മ പെരുന്നാളും ഇടവകയുടെ വാര്‍ഷിക പെരുന്നാളും സംയുക്തമായി ആഘോഷിക്കുന്നു. ഓഗസ്റ്റ് 16, 17 തിയതികളില്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദോ മോര്‍ തിത്തോസ് മെത്രാപൊലീത്തായുടെ സാന്നിധ്യത്തിലാണ് ചടങ്ങുകള്‍.

ഓഗസ്റ്റ് 16ന് വെകിട്ട് ആറു മണിക്ക് കൊടിയേറ്റോടെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. വൈകിട്ട് 6.15നുള്ള സന്ധ്യാ പ്രാര്‍ഥനയെ തുടര്‍ന്ന് ഫാദര്‍ മത്തായി വര്‍ക്കി പുതുകുന്നത്ത് വചന പ്രഘോഷണം നടത്തും. 17ന് രാവിലെ  9.30ന് അഭിവന്ദ മെത്രാപൊലീത്തയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന അര്‍പ്പിക്കും. കുരിശ്, കൊടി, മുത്തുക്കുട തുടങ്ങിയ പള്ളി ഉപകരണങ്ങളുമേന്തി ചെണ്ടവാദ്യ മേളങ്ങളുടെ അകമ്പടിയോടെ വിശ്വാസികള്‍ അണിനിരക്കുന്ന ഭക്തിനിര്‍ഭരമായ ‘റാസ’ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും.

റവ ഗീവര്‍ഗീസ് ചട്ടത്തില്‍ കോര്‍എപ്പിസ്‌കോപ്പ (വികാരി), ഫാദര്‍ ഷിറില്‍ മത്തായി (അസി. വികാരി), റവ വര്‍ക്കി മുണ്ടക്കല്‍ (സീനിയര്‍ വൈദികന്‍), ലിബിന്‍ ബേബി (സെക്രട്ടറി), മാത്യു ഇത്താക്കന്‍ (ട്രസ്റ്റി),  കമ്മറ്റി അംഗങ്ങളായ ജോസഫ് ഐസക്, ലിഷി മേലേത്, മനോജ് തോമസ്, നൈനാന്‍ ഏബ്രഹാം, ഷീബാ പോള്‍, രാജു ഔസേപ്പ്, റെജി പോള്‍ എന്നിവരുടെ നേതൃത്വത്തില്‍ പെരുന്നാള്‍ ആഘോഷങ്ങളുടെ നടത്തിപ്പിനായി വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കി വരുന്നു.

പരിശുദ്ധ ദൈവമാതാവിന്റെ മഹാ മധ്യസ്ഥതയില്‍ അഭയപ്പെട്ടുകൊണ്ട് പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് അനുഗ്രഹിതരാകുവാന്‍ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നുവെന്ന് വികാരി റവ ഗീവര്‍ഗീസ് ചട്ടത്തില്‍ കോര്‍എപ്പിസ്‌കോപ്പ അറിയിച്ചു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക