Image

വാല്മീകി രാമായണം ഇരുപത്തിയാറാം ദിനം (ദുര്‍ഗ മനോജ്)

Published on 11 August, 2019
വാല്മീകി രാമായണം ഇരുപത്തിയാറാം ദിനം (ദുര്‍ഗ മനോജ്)
ഉത്തരകാണ്ഡം
ഒന്നാം സര്‍ഗ്ഗം മുതല്‍ ഇരുപത് വരെ


ശ്രീരാമന്‍ അയോധ്യ പരിപാലിച്ചു വരവെ ഒരുനാള്‍ രാജസദസ്സിലെത്തിയ കൗശികന്‍, ഗാര്‍ഗ്യന്‍, വസിഷ്ഠന്‍, വിശ്വാമിത്രന്‍, അഗസ്ത്യന്‍, ധൗമ്യന്‍, അത്രി, ഗൗതമന്‍, ജമദഗ്‌നി, ഭരദ്വാജന്‍, ആത്രേയന്‍, നമുചി, പ്രമുചി, കവയന്‍ തുടങ്ങിയ മുനിശ്രേഷ്ഠന്‍ന്മാരെയും അവരുടെ ശിഷ്യഗണങ്ങളേയും രാജസദസ്സിലേക്ക് യഥോചിതം സ്വീകരിച്ചാനയിച്ചു. അവര്‍ കുശലാന്വേഷണങ്ങള്‍ക്കു ശേഷം ചില യുദ്ധ വിശേഷങ്ങള്‍ ആരാഞ്ഞു. കൂട്ടത്തില്‍ അവര്‍, 'മഹാബാഹോ അങ്ങ് ഇന്ദ്രജിത്തിനെ വധിച്ചുവല്ലോ, മഹാഭാഗ്യം' എന്ന് ആവര്‍ത്തിച്ചു പറയുന്നത് കേട്ട് ശ്രീരാമന്‍, അതെന്താണ് അപ്രകാരം പറയുന്നത് എന്ന് ആരാഞ്ഞു. 

അതിനുത്തരമായി കുംഭയോനി എന്ന മുനി ഇപ്രകാരം പറഞ്ഞു, 'പണ്ട് ബ്രഹ്മാവിന് സമനായി പുലസ്ത്യന്‍ എന്നൊരു മുനി ഉണ്ടായിരുന്നു. പ്രകൃതി ഭംഗികൊണ്ട് അനുഗ്രഹീതമായ ആശ്രമഭൂവില്‍ കളിയാടാന്‍ അപ്‌സരസ്സുകളും കിന്നര പെണ്‍കൊടികളുമൊക്കെ എത്തുമായിരുന്നു. ആ പെണ്‍കൊടികള്‍ അദ്ദേഹത്തിന്റെ തപസ്സിന് ഭംഗം വരുത്തിത്തുടങ്ങിയപ്പോള്‍, മേലില്‍ അനുവാദം കൂടാതെ ആശ്രമ പരിസരത്ത് പ്രവേശിക്കുന്ന കന്യക ആരായാലും ഉടന്‍ ഗര്‍ഭം ധരിക്കും എന്ന് അദ്ദേഹം ശപിച്ചു. എന്നാല്‍ ശാപം അറിയാതെ അവിടെ എത്തിയ സുശ്രോണി എന്ന കന്യക ഗര്‍ഭവതിയായി. കാര്യം ഗ്രഹിച്ച അവളുടെ പിതാവ് അവളെ പുലസ്ത്യന് വിവാഹം കഴിച്ചു നല്‍കി. ആ കന്യക പ്രസവിച്ച കുഞ്ഞായ വിശ്രവസ്സിന്റെ പുത്രനാണ് വൈശ്രവണന്‍. ഉഗ്രതപസ്സിന്റ ഫലമായി വൈശ്രവണന് ഇന്ദ്രന്‍, വരുണന്‍, യമന്‍ എന്നിവര്‍ക്ക് ശേഷം നാലാമനായി സ്ഥാനവും യാത്രക്കായി പുഷ്പകവിമാനവും ലഭിച്ചു. അദ്ദേഹം അച്ഛന്‍ വിശ്രവസ്സിന്റെ ഉപദേശത്താന്‍, ദേവന്‍മാര്‍ക്ക് അമരാവതി എന്ന പോലെ അസുരന്മാര്‍ക്ക് വേണ്ടി നിര്‍മ്മിച്ചതും പിന്നീട്, അസുരന്മാര്‍ വിഷ്ണുവിനെ ഭയന്ന് ഉപേക്ഷിച്ചതുമായ, സമുദ്രത്താല്‍ ചുറ്റപ്പെട്ട ലങ്കയില്‍ നിര്‍മ്മിക്കപ്പെട്ട അതിവിശിഷ്ടമായ പുരിയെ സ്വന്തം രാജധാനിയാക്കി.

രാക്ഷസോല്‍പ്പത്തി

രാക്ഷസനായ സുകേശന്റെ മൂന്ന് മക്കള്‍, മാല്യവാന്‍, സുമാലി, മാലി എന്നിവര്‍ തപസ്സ് ചെയ്ത് ശക്തരായി ദേവകളെ ഉപദ്രവിച്ചു തുടങ്ങി. ഇന്ദ്രനൊത്ത രാജധാനി വേണം എന്ന് മോഹമുദിച്ച അവര്‍ വിശ്വകര്‍മ്മാവിനെ സമീപിച്ചു. അദ്ദേഹം പറഞ്ഞതനുസരിച്ചൂ അവര്‍ അതിമനോഹരമായി നിര്‍മ്മിക്കപ്പെട്ട ലങ്കാപുരിയില്‍ പാര്‍പ്പ് തുടങ്ങി. അവിടെ വെച്ച് മാല്യവാന്‍ സുമാലി, മാലി എന്നവര്‍ക്ക് പുത്രന്മാരും പുത്രികളുമായി അനേകം ശക്തരായ രക്ഷസര്‍ മക്കളായി ഉണ്ടായി. അവര്‍ ദേവന്മാരുമായി യുദ്ധത്തിനൊരുങ്ങി. ദേവാസുര യുദ്ധം കൊടുമ്പിരി കൊണ്ട സമയത്ത് നാരായണന്‍ ദേവരക്ഷയ്ക്കായ് എത്തി. എതിരിട്ട സുമാലിയെ നാരായണന്‍ വശംകെടുത്തി. പേടിച്ചോടിയ അസുരന്മാരെ നാരായണന്‍ പിന്നാലെ എത്തി തുരത്തി. ഇതുകണ്ട് മാല്യവാന്‍, പിന്തിരിഞ്ഞോടുന്നവരെ ആക്രമിക്കുന്നത് എന്ത് നീതി എന്ന് ചോദിച്ചു. ദേവകള്‍ക്ക് അഭയം നല്‍കുവാനാണ് ശത്രുക്കളെ ഹനിക്കുന്നതെന്ന് നാരായണനും മറുപടി പറഞ്ഞു. ആ കനത്ത യുദ്ധത്തില്‍ രാക്ഷസര്‍ ലങ്കയിലേക്ക് ഓടി ഒളിച്ചു, പിന്നെ അവിടം വിട്ട് അവര്‍ പാതാളത്തില്‍ പാര്‍പ്പാരംഭിച്ചു.

കാലം കടന്നു പോകെ, സുമാലി എന്ന രാക്ഷസന്‍ പുത്രി കൈകസിയോട് വിശ്രവസ്സിനെ വേള്‍ക്കുക എന്ന് പറഞ്ഞു. അതിന്‍ പ്രകാരം അവള്‍ വിശ്രവസ്സിനു സമീപമെത്തി അദ്ദേഹത്തോട് തന്നെ വേള്‍ക്കണം എന്ന് പറഞ്ഞു. എന്നാല്‍ ചെന്ന സമയം അശുഭമായതിനാല്‍ അവള്‍ക്ക് ജനിക്കുന്ന മക്കള്‍ രാക്ഷസരായിരിക്കും എന്നദ്ദേഹം പറഞ്ഞു. പിന്നെ കൈകസിയുടെ അപേക്ഷ മാനിച്ച് ഒരു പുത്രന്‍ സത്പുത്രനാകും എന്ന് അനുഗ്രഹിച്ചു. കൈകസിക്ക് വൈശ്രവണന്റെ പിതാവായ വിശ്രവസ്സില്‍ പിറന്ന മക്കളാണ് രാവണന്‍, കുംഭകര്‍ണ്ണന്‍, ശൂര്‍പ്പണഖ എന്നീ രാക്ഷസരും, വിഭീഷണന്‍ എന്ന സല്‍പുത്രനും.

കഠിന തപസ്സിലൂടെ രാവണന്‍ ദേവന്മാരാല്‍ വധിക്കപ്പെടില്ല എന്ന് വരവും കുംഭകര്‍ണന്‍ അബദ്ധത്തില്‍ ആറു മാസം നീണ്ട ഉറക്കവും വരമായി നേടി. പിന്നെ രാവണന്റെ നേതൃത്വത്തില്‍ അവര്‍ ലങ്കയില്‍ പാര്‍ത്തിരുന്ന വൈശ്രവണനെ ആട്ടിയോടിച്ച് ലങ്കയില്‍ തിരികെ എത്തി പാര്‍ത്ത് തുടങ്ങി.

ഈ സമയം രാവണന്‍ മയന്റെ മകള്‍ മണ്ഡോദരിയെ വിവാഹം ചെയ്തു. ആ മണ്ഡോദരിയുടെ പുത്രനാണ് മേഘനാദന്‍ എന്ന ഇന്ദ്രജിത്ത്. ജനിച്ചപ്പോള്‍ ഇടിമുഴക്കം പോലെ കരഞ്ഞതിനാല്‍ അവന്‍ മേഘനാദനായി. ഈ സമയം വൈശ്രവണന്‍ ഒരു ദൂതനെ ലങ്കക്ക് അയച്ചു. രാവണന്റെ ക്രൂരപ്രവര്‍ത്തികളില്‍ ദേവകള്‍ ക്ഷുഭിതരാണെന്നും ആയതിനാല്‍ ലങ്ക ആക്രമിക്കപ്പെട്ടേക്കും എന്നതായിരുന്നു സന്ദേശം. എന്നാല്‍ രാവണന്‍ ആ ദൂതനെ വെട്ടിക്കൊന്ന് രാക്ഷസര്‍ക്ക് തിന്നാനിട്ടു കൊടുത്തിട്ട് വീണ്ടും യുദ്ധത്തിനിറങ്ങി യക്ഷന്മാരെ തോല്‍പ്പിച്ചു. അതിന്റെ മത്തില്‍ മതിമറന്ന്, വൈശ്രവണപുരത്തിലെത്തി പുഷ്പകവിമാനം അപഹരിച്ചു മടങ്ങി. അങ്ങനെ വരും വഴി പുഷ്പകം പെട്ടന്ന് നിന്നു. കാരണം ആരാഞ്ഞപ്പോള്‍ നന്ദി വാനര രൂപത്തില്‍ പ്രത്യക്ഷനായിട്ട് പറഞ്ഞു, രാവണ, ഇവിടെ ശങ്കരനും ഉമയും പ്രണയലീലകളില്‍ മുഴുകുകയാണ്, തടസം ചെയ്യാതെ വഴിമാറുക എന്ന്. അതുകേട്ട് ക്രുദ്ധനായി നന്ദിയെ നിന്ദിച്ച രാവണനെ നന്ദി ശപിച്ചു, 'എന്റെ രൂപത്തിലുള്ള വാനരന്മാരാല്‍ നിന്റെ കുലം മുടിയും.' അത് കേട്ട് കലി കൊണ്ട രാവണന്‍ ആ കൊടുമുടി എടുത്തമ്മാനമാടി. ഭയന്ന ഉമ വേഗം ശങ്കരനെ അഭയം പ്രാപിച്ചു. കാര്യം ഗ്രഹിച്ച ശങ്കരന്‍ പെരുവിരല്‍ കൊണ്ട് ആ പര്‍വ്വതത്തില്‍ ഒന്നമര്‍ത്തി. രാവണന്റെ കൈകള്‍ അതിനിടയില്‍ പെട്ടു. അവിടെക്കിടന്ന് കരഞ്ഞ് ആയിരം വര്‍ഷം തപസ്സ് ചെയ്ത രാവണനില്‍ പ്രീതനായി ശങ്കരന്‍ അവന് ചന്ദ്രഹാസമെന്ന ദിവ്യമായ വാള്‍ വരമായ് നല്‍കി.

പിന്നേയും അഹങ്കാരം കളയാതെ രാവണന്‍ മുന്നോട്ട് പോകവേ ഒരു വനത്തില്‍ വേദവതി എന്നു പേരായ അതിസുന്ദരിയായ കന്യകയെ കണ്ട് മോഹിച്ചു. എന്നാല്‍ അവള്‍ സ്വയം മഹാവിഷ്ണുവിന്റെ പത്‌നിയാകുവാന്‍ തപസ്സ് ചെയ്യുകയാണ് എന്ന് പറഞ്ഞത് കേട്ട് രാവണന്‍ അവളുടെ മുടിക്ക് കുത്തിപ്പിടിച്ചു. അതോടെ തപസ്വിനിയായ അവള്‍ കൈതന്നെ വാളാക്കി മുടി മുറിച്ചു കളഞ്ഞ് ശപിച്ചു. 'പാപിയായ നീ എന്നെ വനത്തില്‍ വച്ച് തീണ്ടുകയാല്‍ നിന്റെ വധത്തിനായി ഞാന്‍ വീണ്ടും ജനിക്കും.'

ഇതും പറഞ്ഞ് സ്വയം ചിതയൊരുക്കി ആ അഗ്‌നിയില്‍ അവള്‍ ദേഹം വെടിഞ്ഞു. വീണ്ടും ജനിച്ച പത്മ സമപ്രഭയായി പത്മത്തില്‍ പിറന്നു. എന്നാല്‍ അവളെ രാവണന്‍ കണ്ടെത്തി കൊട്ടാരത്തില്‍ എത്തിച്ചു. എന്നാല്‍ ശരീരലക്ഷണം കണ്ട് ആ കുഞ്ഞ് രാവണവധത്തിനിടയാക്കും എന്ന് കണ്ട് എത്രയും വേഗം ഉപേക്ഷിക്കാന്‍ സചിവന്മാര്‍ അപേക്ഷിച്ചു. അങ്ങനെ രാവണ നിര്‍ദ്ദേശപ്രകാരം അവര്‍ അതിനെ കടലിലെറിഞ്ഞെങ്കിലും അവള്‍ വേദിയില്‍ അഗ്‌നി ശിഖയെന്ന പോലെ മിഥിലാപുരിയിലെ യാഗഭൂമിയിലെ ഉഴവുചാലില്‍ പ്രത്യക്ഷയായി. യാഗഭൂമി ഉഴുതപ്പോള്‍ ചാലില്‍ നിന്ന് കണ്ടെത്തിയ ആ കുഞ്ഞാണ് ജനകനന്ദിയായ സീത.

ഉത്തരകാണ്ഡം യഥാര്‍ത്ഥത്തില്‍ ഉത്തരങ്ങള്‍ നല്‍കുന്ന കാണ്ഡമായി പരിഗണിക്കാം. പല സംഭവങ്ങളുടേയും വിശദീകരണങ്ങള്‍ നമുക്ക് ഉത്തരകാണ്ഡത്തില്‍ നിന്ന് ലഭിക്കുന്നുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക