Image

മനുഷ്യനാണെന്ന് പറഞ്ഞ് നടന്നിട്ട് എന്താടോ പ്രയോജനം ? (സന്ദീപ് ദാസ്)

Published on 10 August, 2019
മനുഷ്യനാണെന്ന് പറഞ്ഞ് നടന്നിട്ട് എന്താടോ പ്രയോജനം ? (സന്ദീപ് ദാസ്)
''പ്രളയത്തില്‍ അകപ്പെട്ട െ്രെകസ്തവരെ രക്ഷിക്കാന്‍ കൈകോര്‍ക്കുക...! ''

ഒരു ഫെയ്‌സ്ബുക്ക് പേജില്‍ കണ്ട ആഹ്വാനമാണിത് ! അവര്‍ എന്താണ് ഉദ്ദ്യേശിച്ചതെന്നറിയില്ല.ചിലപ്പോള്‍ പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞതുതന്നെയാകാം.അല്ലെങ്കില്‍ തമാശയോ സര്‍ക്കാസമോ ആകാം.രണ്ടിലേതായാലും അതിനുള്ള സമയമല്ല ഇത്.അതുപോലുള്ള വൃത്തികേടുകള്‍ പടച്ചുവിടുന്നവരെ വിശേഷിപ്പിക്കാന്‍ എന്റെ പദാവലിയിലുള്ള വാക്കുകള്‍ മതിയാകില്ല.

ചില മനുഷ്യരുടെ ഉള്ളിലുള്ള ഉഗ്രവിഷത്തെ ഇല്ലാതാക്കാന്‍ പ്രകൃതിദുരന്തങ്ങള്‍ക്കുപോലും സാധിക്കില്ല.2018ലെ പ്രളയത്തിന്റെ സമയത്ത് 'അന്യമതക്കാരനായ' മത്സ്യത്തൊഴിലാളിയുടെ ബോട്ടില്‍ കയറാന്‍ ഒരു ബ്രാഹ്മണകുടുംബം വിസമ്മതിച്ചുവെന്ന് വാര്‍ത്തയുണ്ടായിരുന്നു !

ഇപ്പോള്‍ കേരളം മറ്റൊരു പ്രളയത്തിന്റെ ഭീഷണിയിലാണ്.പക്ഷേ ദുഷ്പ്രചരണങ്ങള്‍ക്ക് ഒരു കുറവും ഇല്ല !

സര്‍ക്കാരിന്റെ ദുരിതാശ്വാസനിധിയിലേക്ക് ഒരു രൂപ പോലും നല്‍കരുതെന്ന് പറയുന്നവര്‍...

അവസരം മുതലെടുത്ത് പണം തട്ടിപ്പിന് ശ്രമിക്കുന്നവര്‍...

ദൈവമില്ലെന്ന് സ്ഥാപിക്കാന്‍ വെമ്പല്‍ കൊള്ളുന്ന സോ കോള്‍ഡ് യുക്തിവാദികള്‍....

മനുഷ്യര്‍ നെട്ടോട്ടമോടുന്ന സാഹചര്യത്തിലും പ്രകൃതിയെക്കുറിച്ച് കവിതയെഴുതുന്ന കണ്ണില്‍ ചോരയില്ലാത്ത കവികള്‍....

സേഫ് സോണിലിരുന്ന് ഈ വക ഊളത്തരങ്ങള്‍ പറയാന്‍ വളരെ എളുപ്പമാണ്.അല്പനേരത്തേക്ക് വൈദ്യുതി തടസ്സപ്പെട്ടാല്‍ ഉടനെ കെ.എസ്.ഇ.ബി ഓഫീസിലേക്ക് വിളിച്ച് തെറിപറയുന്നതും ഇത്തരക്കാര്‍ തന്നെയാകണം.പാവം കെ.എസ്.ഇ.ബി ജീവനക്കാര്‍ നട്ടപ്പാതിരായ്ക്കും പുലര്‍ച്ചെയ്ക്കും വരെ ജോലി ചെയ്യുന്നുണ്ട്.അതെല്ലാം ആരു കാണാന്‍!?

ഇത്തവണ പ്രളയം മൂലം കൂടുതല്‍ ദുരിതമനുഭവിക്കുന്നത് മലബാറുകാരാണ്.''കുറേ മുസ്ലീങ്ങള്‍ തീര്‍ന്നുകിട്ടുമല്ലോ'' എന്ന ധ്വനിയില്‍ സംസാരിക്കുന്ന ചില നികൃഷ്ടജീവികളെയും സോഷ്യല്‍ മീഡിയയില്‍ കണ്ടിരുന്നു.മലപ്പുറം=മിനി പാക്കിസ്ഥാന്‍ എന്ന മട്ടിലുള്ള വാട്‌സ് ആപ് മെസേജുകള്‍ ഭക്ഷിച്ചു ജീവിക്കുന്നതിന്റെ കുഴപ്പം.മലബാറുകാരുടെ സ്‌നേഹം എന്താണെന്ന് ഇവനൊന്നും ഈ ആയുസ്സില്‍ മനസ്സിലാവുകയില്ല.അത് അനുഭവിക്കാനുള്ള യോഗവും അവറ്റകള്‍ക്കില്ല.

ഇങ്ങനെ വിഷം തുപ്പുന്നവര്‍ ഏതെങ്കിലും വിധത്തിലുള്ള രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവരായിരിക്കുമോ? ഒരു സാദ്ധ്യതയുമില്ല.അങ്ങനെ ചെയ്തവര്‍ ഈ വിധത്തില്‍ സംസാരിക്കാന്‍ വഴിയില്ല.

മണ്ണില്‍ പുതഞ്ഞുപോയ മൃതദേഹങ്ങള്‍ നേരില്‍ക്കണ്ടിട്ടുള്ള ഒരാളാണ് ഈ ലേഖകന്‍.അസഹനീയമായ കാഴ്ച്ചയാണത്.മെഡിക്കല്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ പോലും പതറിപ്പോകുന്ന സന്ദര്‍ഭം...!

മണ്ണിനടിയില്‍ നിന്ന് നിലവിളി ഉയരുന്ന സമയമാണിത്.രക്ഷാപ്രവര്‍ത്തനത്തിന്റെ സമയത്തുപോലും ഉരുള്‍പൊട്ടുന്നു.കഷ്ടപ്പെട്ടും ഒരുപാട് സ്വപ്നങ്ങള്‍ കണ്ടും പണിത വീട്ടില്‍ വെള്ളം കയറുമ്പോഴുള്ള നോവ് ഭീകരമാണ്.ഈ നാട്ടില്‍ ഗര്‍ഭിണികളും കൈക്കുഞ്ഞുങ്ങളും വൃദ്ധരുമുണ്ട്.എല്ലാവരെയും എങ്ങനെ സുരക്ഷിതരാക്കും എന്ന കാര്യത്തെക്കുറിച്ചോര്‍ത്ത് സാധുമനുഷ്യര്‍ തലപുകച്ചുകൊണ്ടിരിക്കുകയാണ്.പലര്‍ക്കും ഫോണിലൂടെയുള്ള ആശയവിനിമയം പോലും സാദ്ധ്യമാകുന്നില്ല.ഈ ഘട്ടത്തിലാണ് ചിലര്‍ വെറുപ്പ് പ്രചരിപ്പിക്കുന്നത് !

സര്‍ക്കാരിന്റെ ദുരിതാശ്വാസനിധി വളരെ സുതാര്യമാണെന്ന വസ്തുത മനോരമ ന്യൂസിലടക്കം വാര്‍ത്തയായി വന്നിട്ടും അത് വിശ്വസിക്കാത്തവരെ എന്തുചെയ്യണം? നാടിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്ന മത്സ്യത്തൊഴിലാളികളെ കണ്ടില്ലേ? അവര്‍ അങ്ങനെ ചെയ്യുന്നത് ആരുടെയും പ്രേരണ മൂലമല്ല.കഴിഞ്ഞവര്‍ഷവും അവര്‍ തന്നെയാണ് നമ്മുടെ രക്ഷകരായത്.പക്ഷേ വെള്ളം ഇറങ്ങിയപ്പോള്‍ അതെല്ലാം നാം മറന്നിരുന്നു.എന്നിട്ടും ഈ വര്‍ഷവും കടലിലെ പോരാളികള്‍ മുന്നും പിന്നും നോക്കാതെ ചാടിയിറങ്ങി.ചിലര്‍ രക്ഷപ്പെടുമ്പോള്‍ വളര്‍ത്തുമൃഗങ്ങളെയും തോളിലേറ്റുന്നു.അവരെല്ലാം മനുഷ്യരാണെന്നേ ! ചുറ്റുമുള്ളവരെ പല തട്ടുകളിലായി വേര്‍തിരിച്ചുകാണാത്ത പച്ചമനുഷ്യര്‍ !

കാലൊടിഞ്ഞവന്റെ വേദന മനസ്സിലാക്കാന്‍ നമ്മുടെ കാല്‍ ഒടിയുന്നതുവരെ കാത്തുനില്‍ക്കണമെന്നില്ല.നിങ്ങളുടെ വീട്ടുപടിയ്ക്കല്‍ വെള്ളം എത്തുന്നത് വരെ എന്തു തോന്നിവാസവും സോഷ്യല്‍ മീഡിയയിലൂടെ വിളിച്ചുപറയാം എന്നാണോ?മനുഷ്യന്റെ യുക്തി കൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്.അത് വേണ്ട രീതിയില്‍ ഉപയോഗിക്കണം.

അരയ്‌ക്കൊപ്പം വെള്ളത്തില്‍ നിന്ന്,ഒരു പാത്രത്തില്‍ നിന്ന് ആഹാരം കഴിക്കുന്ന മൂന്ന് രക്ഷാപ്രവര്‍ത്തകരുടെ ചിത്രം കണ്ടിരുന്നു.അവരെക്കുറിച്ച് എനിക്കൊന്നുമറിയില്ല.ഒരുപക്ഷേ അവരുടെ സര്‍ട്ടിഫിക്കറ്റുകളില്‍ എഴുതപ്പെട്ടിരിക്കുന്നത് വെവ്വേറെ മതങ്ങളാകാം.പക്ഷേ അവരെ ഒന്നിച്ചുകൂട്ടിയത് 'മനുഷ്യത്വം' എന്ന വികാരമാണ്.സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി അവര്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത് നമുക്കുവേണ്ടിയാണ്.

അവരെ സഹായിച്ചില്ലെങ്കിലും അപമാനിക്കരുത്.അതുപോലും ചെയ്യാന്‍ പറ്റില്ലെങ്കില്‍പ്പിന്നെ മനുഷ്യനാണെന്ന് പറഞ്ഞ് നടന്നിട്ട് എന്താടോ പ്രയോജനം!?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക