Image

ജലബോംബ് ഉരുള്‍പൊട്ടലാവുന്നു പ്രളയം വാര്‍ഷിക പ്രതിഭാസവും (ശ്രീനി)

Published on 10 August, 2019
ജലബോംബ് ഉരുള്‍പൊട്ടലാവുന്നു പ്രളയം വാര്‍ഷിക പ്രതിഭാസവും (ശ്രീനി)
കേരളത്തില്‍ കൃത്യം ഒരുവര്‍ഷത്തെ ഇടവേളകളില്‍ അനേക ജീവനുകളെടുക്കുന്ന പ്രകൃതിക്ഷോഭങ്ങള്‍ തുടര്‍ പ്രതിഭാസമാവുകയാണോ എന്ന ആശങ്ക അസ്ഥാനത്തല്ല. ദുരിത മഴയും ഉരുള്‍ പൊട്ടലും പ്രളയവുമൊക്കെ മുന്‍പും ഉണ്ടായിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷമുണ്ടായ മഹാ പ്രളയത്തിന്റെ അതേ ദിവസങ്ങളില്‍ തന്നെ വീണ്ടും കേരളം രുരിതപ്പെയ്ത്തില്‍ മുങ്ങിപ്പോവുന്നതാണ് ഈ ആശങ്കകള്‍ക്ക് ബലമേകുന്നത്. വാസ്തവത്തില്‍ ഇത് 2018ന്റെ തനിയാവര്‍ത്തനമാണ്. എന്നാല്‍ ഒരു മാസം കൊണ്ട് പെയ്യേണ്ട മഴ മൂന്ന് ദിവസം കൊണ്ട് പെയ്തതാണ് അപ്രതീക്ഷിത ദുരന്തത്തിന് കാരണമായത്. ഏഴു ജില്ലകളില്‍ ഇപ്പോഴും റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ വലിയ പ്രശ്‌നമില്ല മറ്റെല്ലാ ജില്ലകളിലും മഹാമാരി കണ്ണീര്‍ മഴയാവുന്നു.

കനത്ത അളവില്‍ മഴ പെയ്യുന്നതു മൂലം ഭൂമിയില്‍ ഒറ്റയടിക്ക് വെള്ളമിറങ്ങി അത് ജലബോംബ് കണക്കെ രൂപപ്പെട്ട് അതിശക്തമായ ഉരുള്‍പൊട്ടലുകളായി മാറുകയായിരുന്നു. സംസ്ഥാനത്ത് ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകള്‍ വര്‍ധിക്കുന്നതിന്റെ കാരണങ്ങളും ഇത്തരത്തിലുളള മഴയാണെന്നാണ് ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ പോലുള്ള ഏജന്‍സികളും വ്യക്തമാക്കുന്നത്. കഴിഞ്ഞ പ്രളയത്തിനുശേഷം ഉരുള്‍പൊട്ടല്‍ മേഖലകളിലെ മണ്ണ് ഉറയ്ക്കാത്തതും ഇത്തവണത്തെ അപകട സാധ്യത വര്‍ധിപ്പിച്ചതായുള്ള വിലയിരുത്തലുകളും വിശ്വസനീയമാണ്. ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് 2018ലെ പ്രളയകാലത്ത് ചെറുതും വലുതുമായി അയ്യായിരത്തോളം ഉരുള്‍പൊട്ടലും, മണ്ണിടിച്ചിലും ഉണ്ടായി. കേരളത്തിന്റെ 14.4 ശതമാനം മേഖലകള്‍ ഉരുള്‍പൊട്ടലിന് സാധ്യതയുള്ളതായാണ് ഭൗമ ശാസ്ത്ര ഗവേഷണ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 25 താലൂക്കുകളില്‍ ഇത്തരം അപകട സാധ്യതാ പ്രദേശങ്ങളുണ്ടെന്നത് കൃത്യമായ മുന്നറിയിപ്പാണ്.

ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രത്തിലെ കണക്കുകള്‍ പ്രകാരം കിഴക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ ഒളിച്ചു കളിക്കുകയായിരുന്നു. ജൂണിലും ജൂലൈയിലും മഴ വളരെ കുറഞ്ഞ അളവിലാണ് പെയ്തത്. പല സ്ഥലങ്ങളും വരള്‍ച്ചയുടെ പിടിയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ മഴ പെയ്യുന്നത് തീര്‍ത്തും അപ്രതീക്ഷിതമായ സമയത്തും സ്ഥലങ്ങളിലുമാണ്. അതും മാരകമായ പ്രഹരശേഷിയോടെ തന്നെ. പെയ്തിറങ്ങുന്ന വെള്ളത്തിന്റെ അളവ് വര്‍ധിച്ചിരിക്കുന്നു. തെക്കനേഷ്യയില്‍ മൊത്തത്തില്‍ തന്നെ കനത്ത മഴ പെയ്യുകയാണ് എന്നും അത് ആഗോള കാലാവസ്ഥ വ്യതിയാനം ഈ മേഖലകളിലേക്ക് വ്യാപിക്കുന്നതാണ് എന്നും കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ചൂണ്ടിക്കാട്ടിയത് അടുത്ത ദിവസമാണ്. ആഗോളതലത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കടുത്ത കാലാവസ്ഥാ വ്യതിയാനം കേരളത്തില്‍ യാഥാര്‍ഥ്യമാകുന്നതാണ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പ്രളയം സംഭവിക്കുന്നതിലൂടെ തെളിയുന്നത്.

വന വിസ്തൃതിയുടെ കുറയല്‍, ജലത്തെ ആഗിരണം ചെയ്യാനുള്ള മണ്ണിന്റെ കഴിവില്ലായ്മ, ഭൂമി കയ്യേറ്റങ്ങള്‍, പ്രകമ്പനം കൊള്ളിക്കുന്ന പാറമടകള്‍, അശാസ്ത്രീയമായ കെട്ടിട നിര്‍മ്മാണ രീതികള്‍, നീര്‍ത്തടം നികത്തലുകള്‍ തുടങ്ങി നിരവധിയായ കാരണങ്ങള്‍ പ്രകൃതിയുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ഡാമുകളുടെ പങ്കും ഉയര്‍ത്തി കാണിക്കപ്പെടുന്നു. എന്നാല്‍ ഇവയുടെ എല്ലാം പങ്ക് ഭാഗികമാണ് എന്നും യഥാര്‍ത്ഥ വില്ലന്‍ ആഗോള താപനവും അത് സൃഷ്ടിക്കുന്ന വലിയ അളവിലുള്ള കാലാവസ്ഥാ വ്യതിയാനവും ആണ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും കേരളം അതിഭീകരമായ പ്രളയത്തിന്റെ പിടിയിലമരുമ്പോള്‍ അതിന്റെ കാരണങ്ങളായി വിദഗ്ധര്‍ പറയുന്നത്.

ഓഗസ്റ്റ് 12ഓടെ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടാനിടയുണ്ടെന്നും ഓഗസ്റ്റ് 15 വരെ മഴ ശക്തമായിത്തന്നെ തുടരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമാണ് സ്ഥിതിഗതികള്‍. 2018 ഓഗസ്റ്റ് പതിന്നാലോടെ മഴ കനക്കുകയും പിന്നീടത് മഹാപ്രളയമായി മാറുകയും ചെയ്തിരുന്നു. എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് ഇത്തവണ മഴ ശക്തമാകാന്‍ സാധ്യതയുള്ളത്. നിലവില്‍ അതിതീവ്ര മഴ പെയ്യുന്ന ഇടങ്ങളില്‍ത്തന്നെ ന്യൂനമര്‍ദ്ദം കൂടി വരുന്നതോടെ കൂടുതല്‍ മഴ പെയ്യുന്നത് ഉരുള്‍പൊട്ടല്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന ആശങ്കയുണ്ട്.

 മലപ്പുറം ജില്ലയിലെ കവളപ്പാറയിലുണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ 63 പേരെ കാണാതായെന്ന ജില്ലാ ഭരണകൂടത്തിന്റെ സ്ഥിരീകരണം സ്വസ്ഥത കെടുത്തുന്നു. സംഭവം നടന്ന് രണ്ടു ദിവസത്തിന് ശേഷമാണ് കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനിടെ മണ്ണിലും ചെളിയിലും പുതഞ്ഞുപോയ മൃതദേഹങ്ങളും കണ്ടെടുക്കുന്നുണ്ട്. ഇനിയും കണ്ടെത്താനുള്ളതില്‍ ഇരുപതോളം പേര്‍ കുട്ടികളാണെന്നതാണ് സംശയിക്കുന്നത്. സംഭവം നടന്ന് രണ്ടു ദിവസം കഴിഞ്ഞതിനാല്‍ ഇവരെ കണ്ടെത്താന്‍ ഊര്‍ജിതശ്രമം തന്നെ നടത്തേണ്ടി വരും. കനത്ത മഴ തിരച്ചില്‍ ദുഷ്കരമാക്കുന്നു.  വലിയ ഉരുള്‍ പൊട്ടലുകളുണ്ടായ കവളപ്പാറയിയും വയനാട്ടിലെ പുത്തുമലയിലും എത്ര വീടുകളും എത്ര മനുഷ്യരും മണ്ണിനടിയില്‍പ്പെട്ടിട്ടുണ്ടെന്ന് കണക്കാക്കാന്‍ സാധിച്ചിട്ടില്ല. രണ്ട് ദുരന്തങ്ങളിലുമായി ഇതുവരെ ഇരുപതു മൃതദേഹങ്ങള്‍ കണ്ടെടുത്തു. കുറഞ്ഞത് നൂറിലേറെപ്പേരെ കാണാതായതായി നാട്ടുകാര്‍ പറയുന്നു.

പെരുമഴയുടെയും പ്രളയത്തിന്റെയും ഉരുള്‍പൊട്ടലിന്റെയുമൊക്ക ശാസ്ത്രീയ കാരണം എന്തായാലും അതൊക്കെപ്പറഞ്ഞ് ദുരന്തത്തിനിരയായവരെ സമാശ്വസിപ്പിക്കാനാവില്ല. അങ്ങനെയൊരു മാനസികാവസ്ഥയിലാണ് എല്ലാം നഷ്ടപ്പെട്ട അവര്‍. പ്രകൃതിക്ഷേഭം ഭൂമുഖത്തെല്ലാം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന ദുരന്തം തന്നെയാണ്. പ്രകൃതിക്ഷേഭങ്ങളെ തടയാനുള്ള കരുത്ത് മനുഷ്യനില്ല. എന്നാല്‍ ദുരന്തത്തിന്റ ആഴം കുറയ്ക്കാനുള്ള മുന്‍കരുതല്‍ എടുക്കാന്‍ നാം സജ്ജരാകുന്നില്ല എന്നതാണ് സത്യം. ദുരന്തം രംഗബോധമില്ലാതെ എത്തുമ്പോള്‍ മാത്രം മഴക്കാലത്തെക്കുറിച്ചു ചിന്തിക്കുന്ന പതിവ് രീതിക്ക്, കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തോടെയെങ്കിലും മാറ്റം വരേണ്ടതായിരുന്നു. ഇത് ആര് ആരോടാണ് പറയേണ്ടത്.

കേരളത്തേ പിടിച്ചുലച്ച ആ ദുരന്തത്തെ നേരിടാന്‍ നാടുമുഴുവന്‍ ഒന്നിച്ച് അണിനിരന്ന ദൗത്യം ഒത്തൊരുമയുടെ മകുടോദാഹരണമായിരുന്നെങ്കിലും ഭാവിയിലേയ്ക്കുള്ള കരുതലിന്റേതുകൂടിയാകേണ്ടതായിരുന്നു. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഉള്ളതിന്റെയും ഇല്ലാത്തതിന്റെയും വലുപ്പചെറുപ്പത്തിന്റെയും സങ്കുചിതമായ വേലിക്കെട്ടുകള്‍ മറന്ന് എല്ലാവരും ഒരുമയുടെ ബലത്തില്‍ കഴിഞ്ഞ പ്രളയത്തെ നേരിട്ടു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പ്രളയദുരിതത്തില്‍പ്പെട്ടവരുടെ പുനരധിവാസം 20 ശതമാനം പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് സങ്കടകരമാണ്. പക്ഷേ നാശനഷ്ടം നികത്താന്‍ ലോകവ്യാപകമായി മലയാളി സമൂഹത്തിന്റെയും ഇതര സമൂഹങ്ങളുടെയും സഹായം തേടുകയും സ്വീകരിക്കുകയും ചെയ്തു. സംസ്ഥാനത്തിനകത്തും പുറത്തും നിന്നായി കേന്ദ്ര സഹായമടക്കം ഏതാണ്ട് 5,000 കോടി രൂപ മാത്രമാണ് ആകെ സമാഹരിക്കാന്‍ കഴിഞ്ഞത്. വേണ്ടതാകട്ടെ ഈ തുകയുടെ എട്ട് ഇരട്ടിയും.

കേരളത്തിന്റെ ഭൂപ്രകൃതിയേയും കാലാവസ്ഥയേയും അതു പ്രകൃതിയില്‍ വരുത്താവുന്ന മാറ്റങ്ങളേയും അതിന്റെ തീവ്രതയേയും കുറിച്ച് മനസിക്കാനുള്ള ശാസ്ത്രീയ സമീപനത്തെക്കുറിച്ച് പഠിച്ച് മുന്‍കരുതലുകള്‍ എടുക്കേണ്ട സമയം എന്നേ അതിക്രമിച്ചിരിക്കുന്നു. പലരാജ്യങ്ങളും അവരവരുടെ ഭൂപ്രകൃതിയും കാലാവസ്ഥയും കണക്കാക്കിയാണ് പ്രകൃതിദുരന്ത നിവാരണ പദ്ധതികള്‍ മുന്‍കൂട്ടി തയാറാക്കുന്നത്. മാറുന്ന കാലാവസ്ഥയെയും അതുണ്ടാക്കുന്ന പ്രവചനാതീതമായ പ്രത്യാഘാതങ്ങളെയും സംബന്ധിച്ച ശാസ്ത്രീയമായ അന്വേഷണങ്ങള്‍ മാത്രമേ പരിഹാരമാവുകയുള്ളു.

ഇന്ത്യന്‍ കാലാവസ്ഥാ പ്രവചന കേന്ദ്രത്തിന്റെ മാനദണ്ഡം അനുസരിച്ച് ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ഒരു പ്രദേശത്ത് 204 മില്ലിമീറ്റര്‍ മഴ കിട്ടിയാല്‍ അത് പ്രളയമായി കണക്കാക്കേണ്ടതാണ് എന്നിരിക്കെ ജാഗ്രതാനിര്‍ദേശങ്ങളും നിയന്ത്രണങ്ങളും അവധികളും വേണ്ടെന്ന് പറയുന്നില്ല. പക്ഷേ, മുന്‍കരുതലും നടപടികളുമാണ് ആവശ്യം. ആരു ഭരിച്ചാലും കേരളത്തിലെ ജനത്തിനുവേണ്ടത് സുരക്ഷിതത്വവും സംരക്ഷണവുമാണ്. ആ അനിവാര്യതയുടെ ഓര്‍മ്മപ്പെടുത്തലാണ് ഓരോ പ്രകൃതി ദുരന്തവും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക