Image

ദേശീയ ചലച്ചിത്ര അവാര്‍ഡുകളെപ്പറ്റി വീണ്ടും (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 10 August, 2019
ദേശീയ ചലച്ചിത്ര അവാര്‍ഡുകളെപ്പറ്റി വീണ്ടും (ഏബ്രഹാം തോമസ്)
66-മത് ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ വ്യത്യസ്തമായ പ്രമേയങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും അംഗീകാരം ലഭിച്ചു എന്ന് കാണുന്നത് ശുഭോദര്‍ക്കമാണ്. അന്ധാധുന്‍ എന്ന ഹിന്ദിചിത്രമാണ് ഏറ്റവും മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മറ്റുള്ളവരെ മുഴുവന്‍ താന്‍ അന്ധനാണെന്ന് വിശ്വസിപ്പിക്കുന്ന ഒരു പിയാനോ വിദഗ്ധന്‍ (ആയുഷ് മാന്‍ ഖുറാന്‍) ഭര്‍ത്താവിന്റെ കൊലപാതകം ഒളിപ്പിക്കുവാന്‍ ശ്രമിക്കുന്ന സ്ത്രീ(തബ്ബു)വിന്റെ പ്രക്രിയകള്‍ക്ക് സാക്ഷ്യം വഹിക്കുന്ന പ്രമേയം ഇന്ത്യന്‍ സിനിമയില്‍ അധികമാരും കൈവച്ചിട്ടില്ലാത്തതാണ്. സംവിധായകന്‍ ശ്രീറാം രാഘവന്‍, അരിജീത് ബിശ്വാസ്, പൂര്‍ജ ലാധധൂര്‍ത്തി, യോഗേഷ് ചാന്ദേക്കര്‍, ഹേമന്ത് റാവു എന്നിവരോടൊപ്പം തയ്യാറാക്കിയ തിരക്കഥയില്‍ പിഴവുകള്‍ കാണാം. രാഘവന്റെ സംവിധാനത്തിലും.. എങ്കിലും ആകെകൂടി പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന കച്ചവട സിനിമയ്ക്ക് വലുതായി വഴങ്ങാത്ത ഈ ജൂറിക്ക് നന്നായി ബോധിച്ചു.

വ്യത്യസ്ത ചിത്രങ്ങളില്‍ വ്യത്യസ്ത നായകരെ അവതരിപ്പിച്ച് വിക്കി ഡോണര്‍ മുതല്‍ അംഗീകാരം നേടി വരുന്ന ആയുഷ്മാന്‍ ഖുറാന അന്ധാധുനിലെ മികച്ച അഭി്‌നയത്തിലൂടെ നല്ല നടനുള്ള അംഗീകാരം ഉറിയിലെ നായകന്‍ വിക്കി കൗശലുമായി പങ്കിട്ടു. ഉറി ആക്രമണത്തിലെ യുദ്ധരംഗങ്ങള്‍ യഥാതഥമായി ചിത്രീകരിച്ചതിന് ആദിത്യ ധറിന് മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിന്റെ അര്‍ഹത ചോദ്യം ചെയ്യപ്പെടാനാവില്ലെങ്കിലും രാഷ്ട്രീയ പരിഗണന ആരോപണം ചില കോണുകളില്‍ നിന്ന്  ഉയര്‍ന്നേക്കാം.

തമിഴ്‌സിനിമയിലെ ഇതിഹാസ നടി സാവിത്രിയെ താരതമ്യേന പുതുമുഖമായ കീര്‍ത്തി സുരേഷ് മഹാനടി എന്ന തെലുങ്ക് ചിത്രത്തില്‍ തന്മയത്വമായി അവതരിപ്പിച്ച് ഏറ്റവും മികച്ച നാടിയായി.  തികച്ചും പ്രയാസമേറിയ ഒരു റോളിലെ കീര്‍ത്തിയുടെ തിളക്കം (പ്രത്യേകിച്ച് ഒരു കണ്ണില്‍ നിന്ന് മാത്രം കണ്ണുനീര്‍ വരണം എന്ന സംവിധായകന്റെ നിര്‍ദേശം അസാധാരണമായി പാലിക്കുന്ന രംഗം) പ്രേക്ഷക മനസില്‍ നിറഞ്ഞു നില്‍്ക്കും. 

നല്ല നടിയായി ബഡായി ഹോവിലെ പ്രയാസമേറിയ നായികയെ അവതരിപ്പിച്ച നീനാ ഗുപ്തയെയും പരിഗണിക്കേണ്ടിയിരുന്നതാണ്.

ബഡായി ഹോ വ്യത്യമായ മറ്റൊരു കഥയാണ് പറഞ്ഞത്. മധ്യവയസ്‌കയായ അമ്മ നീന വൈകി വീണ്ടും അമ്മയാകുമ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഫലിതം കലര്‍ത്തി പറഞ്ഞപ്പോള്‍ ആസ്വാദ്യകരമായി. വീണ്ടും പിതാവാകുന്ന ഗിരിരാജ് റാവുവിനും നീനയ്ക്കും മറ്റ് ചില അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. ദേശീയ അവാര്‍ഡില്‍ നീനയുടെ അമ്മായി അമ്മയായ സുരേഖ സിക്രിക്ക് നല്ല സഹനടിക്കുളള അംഗീകാരം ലഭിച്ചു. ലഗാനില്‍ അംഗീകാരം നേടിയിട്ടുള്ള സ്വാനന്ദ് കിര്‍ക്കിരെയ്ക്കാണ് നല്ല സഹനടനുള്ള പുരസ്‌കാരം.

ബഡായി ഹോ ആണ് ഏറ്റവും ജനപ്രിയ ചിത്രം. സാമൂഹ്യപ്രശ്‌നം കൈകാര്യം ചെയ്തതിന് ചെലവ് കുറഞ്ഞ സാനിട്ടറി നാപ്കിന്‍ നിര്‍മ്മിച്ച വിപണിയിലെത്തിച്ച ഇന്ത്യന്‍ വ്യവസായിയുടെ കഥ പറഞ്ഞ പാഡ്മാന് അംഗീകാരം ലഭിച്ചു. ഏറ്റവും മികച്ച ഛായാഗ്രാഹകനുള്ള ബഹുമതി മരണാനന്തര അംഗീകാരമായി എം.ജെ.രാധാകൃഷ്ണന് ലഭിച്ചു. അഭിനയത്തിനുളള പ്രത്യേക ജൂറി പുരസ്‌കാരങ്ങള്‍ ശ്രുതി ഹരിഹരന്‍, ജോജു ജോര്‍ജ് എന്നിവര്‍ക്ക്. 

സാധാരണയായി ഭരണതലത്തില്‍ അടുത്ത് ബന്ധമുള്ളവര്‍ക്ക് ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ലഭിക്കാറുണ്ട് എന്നൊരു പരാതി ദശകങ്ങളായി നിലനില്‍ക്കുന്നുണ്ട്. ഒരു തവണ ബഹുമതി ലഭിക്കുന്ന വ്യക്തിയെ വീണ്ടും വീണ്ടും പരിഗണിക്കുന്നു എന്നും ആരോപണം ഉയരാറുണ്ട്. പുരസ്‌കാര ജേതാക്കള്‍ ഭരണതലത്തില്‍ വലിയ സ്വാധീനമില്ലാതെ അകലുമ്പോള്‍ ഇവര്‍ പരസ്പരം അകലുകയും ഭരണം കൈയാളുന്നവരെ വിമര്‍ശിക്കുകയും ചെയ്യാറുണ്ട് എന്നും ആരോപണം കേള്‍ക്കാറുണ്ട്.

ദേശീയ ചലച്ചിത്ര അവാര്‍ഡുകളെപ്പറ്റി വീണ്ടും (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക