Image

മലയാളികളെ കയറ്റുമതി ചെയ്യുന്ന പി.എസ്.സി ക്ക് റാങ്ക് കൊടുക്കണം. (കാരൂര്‍ സോമന്‍)

കാരൂര്‍ സോമന്‍ Published on 08 August, 2019
മലയാളികളെ കയറ്റുമതി ചെയ്യുന്ന പി.എസ്.സി ക്ക് റാങ്ക് കൊടുക്കണം. (കാരൂര്‍ സോമന്‍)
പത്തൊന്‍മ്പതാം നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ജാതി മതങ്ങള്‍ മനുഷ്യ പുരോഗതിക്ക് തടസ്സമായെങ്കില്‍ ഇന്ന് ആ സ്ഥാനം ഏറ്റെടുത്തിരിക്കുന്നത് സ്വാര്‍ത്ഥരായ രാഷ്ട്രീയപാര്‍ട്ടികളാണ്.  അന്ന് തിരുവിതാകൂറും, കൊച്ചിയും, മലബാറും ചേര്‍ന്ന് ഐക്യകേരളമുണ്ടാക്കിയെങ്കില്‍ ഇന്നത്തെ ഐക്യ കേരളം നിലകൊള്ളുന്നത് കൊടിയുടെ നിറത്തില്‍ സ്വജനപക്ഷവാദം, സമ്പത്തു, വര്‍ഗ്ഗിയത, അഴിമതി, ധൂര്‍ത്തു്, അധികാര സുഖവാസ ജീവിതത്തിലാണ്.   ഇംഗ്‌ളണ്ടില്‍ ഒരു മന്ത്രി സൈക്കിളില്‍ യാത്ര ചെയ്യുമ്പോള്‍ നമ്മുടെ മന്ത്രിമാര്‍ക്ക് എത്ര പോലീസ് വാഹനങ്ങളാണ് അകമ്പടി സേവിക്കുന്നത്. ഇതിനെ അധികാരദുര്‍വിനിയോഗം എന്നല്ലാതെ എന്താണ് വിളിക്കുക. ഇന്ത്യയിലെ അധികാരികള്‍ പലപ്പോഴും സോപ്പു കമ്പനിയുടെ നിര്‍മ്മാതാക്കളെപ്പോലെയാണ് പെരുമാറുന്നത്.  നമ്മുടെ പൂര്‍വ്വികര്‍ ആയിരകണക്കിന് ജീവന്‍ ബലികൊടുത്തു നേടിയ ജനാധിപത്യത്തെ അണിയിച്ചൊരുക്കി തന്നത് ഏകാധിപതികളുടെ കയ്യിലാണോ എന്നും സംശയമുള്ളവരുണ്ട്. അവര്‍ പോരാടിയത് സ്വാതന്ത്ര്യം മാത്രമല്ല  സമൂഹത്തിലെ അന്ധത, അനീതി, അതിക്രമങ്ങള്‍, അസമത്വം, വര്‍ഗ്ഗിയത മുതലായ  തിന്മകളെ വേരോട് പിഴുതെറിയാന്‍ കൂടിയാണ്. ഇന്ത്യയിലെ പൗരന്മാര്‍ ആരുടെയും മുന്നില്‍ കിഴടങ്ങാതെ അന്തസ്സോട് ജീവിക്കാന്‍ അവസരവും ഒരുക്കി തന്നു. അന്തസ്സായി ജീവിക്കാന്‍ ഒരു തൊഴില്‍ അനിവാര്യമാണ്. തൊഴില്‍ രഹിതര്‍ വിശ്വാസം അര്‍പ്പിച്ചത് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പബ്ലിക് സര്‍വീസ് കമ്മീഷനാണ്.  ഈ സ്ഥാപനം തൊഴില്‍ രഹിതര്‍ക്കു ഒരത്താണിയാണ്.  സ്വപ്നസാക്ഷാത്കാരമാണ്. ഈ സ്ഥാപനം വഴി പലര്‍ക്കും നേരായ മാര്‍ഗ്ഗത്തില്‍ തൊഴില്‍ ലഭിച്ചിട്ടുണ്ട്. അതിനയൊന്നും ആരും ചോദ്യം ചെയ്യില്ല. എന്നാല്‍ എത്ര പെട്ടന്നാണ് ആശയോട് കാത്തിരുന്നവരില്‍ ആശങ്കകള്‍ പരത്തിയത്. നീണ്ട നാളുകള്‍ ആരുമറിയാതെ കുടത്തിലെരിഞ്ഞ വിളക്ക് കരിംതിരിയായി മാറിയിരിക്കുന്നു. ആരാണ് കുടത്തില്‍ പൊടിയിട്ടത്?  
1957 ഏപ്രില്‍ 5 ന് അക്ഷരത്തെ  നെഞ്ചോട് ചേര്‍ത്തു വെച്ച എഴുത്തുകാരനായ ഇ.എം.എസിന്റ മന്ത്രിസഭ ജന്മി കുടിയാന്‍ വ്യവസ്ഥിതിയെ വേരോട് പിഴുതെറിഞ്ഞത് മലയാളിയുടെ മനസ്സില്‍ വസന്തം വിടര്‍ത്തുന്ന ഓര്‍മ്മകളാണ്.   അന്നത്തെ ജന്മി കുടിയാന്‍ ബന്ധം ഇന്ന് പല രംഗങ്ങളിലും നിഴലിച്ചു നില്‍ക്കുന്നതിന്റ തെളിവാണ് സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട ഒരു ഭരണഘടന സ്ഥാപനമായ പി.എസ്.സി പരീക്ഷയില്‍ നടന്ന അട്ടിമറികള്‍. അത്  ആരിലും അമ്പരപ്പുണ്ടാക്കുന്നു.  ഇതുപോലെ സര്‍ക്കാര്‍ ജോലികള്‍ക്കായി അട്ടിമറികള്‍ കൈക്കൂലിയുടെ മറവില്‍ പല രംഗത്തും നടക്കുന്നത് പുറംലോകമറിയുന്നില്ല.  ഈ കൈക്കൂലി കൊടുത്തവന്‍ പിന്നീട് കൈക്കൂലിക്കാരായി മാറുന്നു. സമൂഹത്തില്‍ സുതാര്യമായി പ്രവര്‍ത്തിക്കേണ്ട പി.എസ്.സിയില്‍ വിശ്വാസമര്‍പ്പിച്ചാണ് ഓരോ തൊഴില്‍ രഹിതനും  കഷ്ടപ്പെട്ടും ഉറക്കളച്ചും പഠിച്ചു പരീക്ഷയെഴുതുന്നത്. ഇപ്പോള്‍ നടന്നിരിക്കുന്നത്  ഉദ്യോഗാര്‍ത്ഥികളെ അപഹാസ്യരാക്കുക മാത്രമല്ല നിങ്ങളുടെ പരിപ്പ് ഇവിടെ വേവുകയില്ല എന്ന മുന്നറിയിപ്പുകുടി നല്കുന്നു.   ഇത് പാവപ്പെട്ട ഉദ്യോഗാര്ഥികളോട് കാട്ടുന്ന ചതിയും വഞ്ചനയുമാണ. ഇന്നത്തെ ജന്മിമാര്‍ രാഷ്ട്രീയ പാര്‍ട്ടികളിലുള്ളവരും കുടിയന്മാര്‍ ഊണും ഉറക്കളച്ചു പഠിച്ചവരുമാണ്. എന്തും സഹിക്കാന്‍ വിധിക്കപ്പെട്ടവര്‍.  സി.അച്യുതമേനോന്‍. പട്ടം തണുപ്പിള്ള, ആര്‍.ശങ്കറിന്  ശേഷം എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും  കൊടിയുടെ നിറത്തില്‍ പലരും ഒളിഞ്ഞു കയറിയിട്ടുണ്ട്. അവര്‍ ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന നിശ്ശബ്ത കൊലയാളികളാണ്.  ഇവരെ നിയന്ത്രിക്കാന്‍ ഒരു ഭരണകൂടത്തിനുമാകില്ല. കാരണം ഈ സര്‍ക്കാര്‍ ജോലിക്കാരെ അഴിമതിക്കാരാക്കി വളര്‍ത്തിയത് ഭരണകൂടങ്ങളാണ്.  ലക്ഷങ്ങള്‍ കൈക്കൂലികൊടുത്താണ് അവര്‍ ജോലി സമ്പാദിച്ചത്. അവരെ നിലക്ക് നിര്‍ത്താന്‍ കോടതികള്‍ക്ക് മാത്രമേ സാധിക്കു. കൊടതി മുന്നോട്ട് വരുമോ?   

ലക്ഷകണക്കിന് തൊഴില്‍ രഹിതര്‍ പി.എസ്.സി പരീക്ഷയെഴുതി കാത്തിരിക്കുമ്പോഴാണ് രാഷ്ട്രീയ ഗുണ്ടകള്‍ റാങ്കുള്ളവരായി രംഗപ്രവേശനം ചെയ്തത്. ഈ ഗൗരവഗുരുതര വിഷയത്തെ വളരെ ലാഘവത്തോടെ കാണുന്ന പി.എസ്. സി ചെയര്മാനടക്കമുള്ളവര്‍ നിരത്തുന്ന മുടന്തന്‍ ന്യായങ്ങള്‍ പരീക്ഷയെഴുതിയിരിക്കുന്നവരുടെ സ്വപ്നങ്ങള്‍ തകര്‍ക്കുന്നതാണ്. രാഷ്ട്രീയരംഗത്തുള്ള കുറെ പുഴുക്കുത്തുകള്‍  സര്‍ക്കാര്‍ സ്ഥാപങ്ങളിലെ അന്തേവാസികളയാല്‍ അവിടെ സത്യം നീതി നടക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ല. ഇവര്‍ രഹസ്യമായി നടപ്പാക്കുന്ന കാര്യങ്ങള്‍ പുറത്താരുമറിയില്ല.   ഇവരുടെ തലതൊട്ടപ്പന്മാരാകട്ടെ അവരെ തള്ളിപ്പറയില്ല. അതിനാല്‍ തന്നെ നീതിപൂര്‍വ്വമായ പരിശോധനകള്‍ അട്ടിമറിക്കപ്പെടുന്നു. ഇത് പൊലീസ് വകുപ്പിലും കാണാറുണ്ട്.  ഇപ്പോള്‍ പരീക്ഷയെഴുതി കാത്തിരുന്നവര്‍ കുറ്റവാളികളും പി.എസ്.സി. കുറ്റമറ്റവരുമാകുന്നു. അവര്‍ ഈ രംഗത്തെ വിശുദ്ധന്മാരെന്ന് പേര് ചാര്‍ത്തി കൊടുക്കുന്നവരുമുണ്ട്. എന്നാല്‍ ഞാനൊരു സത്യം പറയാം. എന്റെ ഒരു ബന്ധു പത്താം ക്ലാസ്സില്‍ തോറ്റവന്‍ ഒരു പ്രമുഖ രാഷ്ട്രീയമേലാളന്റെ തണലില്‍ പൊലീസില്‍  ജോലി കിട്ടി. കൈക്കൂലി കൊടുത്തതായി അറിയാം. എത്രയെന്ന് അറിയില്ല. ഇന്നവന്‍ പോലീസില്‍ നിന്ന് സബ് ഇന്‍സ്‌പെക്ടറായി വിരമിച്ചു. അതിനാല്‍ ഈ അനീതി, അഴിമതി ഇന്ന് തുടങ്ങിയതല്ല. ഈ ഒളിച്ചുകളി തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി. ഇനിയും കണ്ണടച്ചു ഇരുട്ടാക്കിയിട്ട് ഒരു കാര്യവുമില്ല.  വാസ്തവങ്ങളെ വസ്തുനിഷ്ടമായി വിലയിരുത്തി കുറ്റവാളികളെ ശിക്ഷിച്ചുകൂടെ?  

ഈ സ്ഥാപനത്തില്‍ കാലാകാലങ്ങളിലായി തുടരുന്ന തട്ടിപ്പ് പുറത്തുവരാന്‍ കാരണം ഒരാളുടെ നെഞ്ചില്‍ കത്തി കുത്തിയിറക്കിയതുകൊണ്ടാണ്. കണ്ണു കാണാത്തവന്‍ കണ്ണാടിയില്‍ നോക്കുംപോലെയായി കാര്യങ്ങള്‍. എത്ര ലാഘവത്തോടയാണ് ഈ രംഗത്തുള്ളവര്‍ പ്രതികരിക്കുന്നത്.  ഇവിടെ നടക്കുന്ന തട്ടിപ്പും വെട്ടിപ്പും മൂലം എത്രയോ മലയാളികളാണ് ഒരു തൊഴില്‍ കിട്ടാന്‍ മാര്‍ഗ്ഗമില്ലാതെ പ്രിയപെട്ടവരെ വേര്‍പിരിഞ്ഞു ജന്മനാടിനോട് വിടപറയുന്നത്. ഈ ബൂര്‍ഷ്വപരിഷ്‌ക്കരണ പ്രസ്ഥാനത്തില്‍ നിന്നും രക്ഷപെട്ടവരാണ് പ്രവാസികളായ മലയാളികള്‍. ജീവിക്കാനായി, വിശപ്പടക്കാനായി പലായനം ചെയ്ത അഭയാര്‍ത്ഥികള്‍. അവരിന്നു ലോകത്തിന്റ എല്ലാ ഭാഗത്തുമുണ്ട്. ഒരു തൊഴില്‍ കൊടുക്കാതെ  മലയാളികളെ പിഴുതെറിയുന്നതില്‍ അവരെ കയറ്റുമതി ചെയ്യുന്നതില്‍  ഭരണകൂടങ്ങള്‍ക്കും ഈ സ്ഥാപനത്തിനും നല്ലൊരു പങ്കുണ്ട്. അതിനാല്‍ തന്നെ ഈ സ്ഥാപനത്തിന് ഒരു റാങ്ക് കൊടുക്കുന്നതില്‍ തെറ്റില്ല. ഈ സ്ഥാപനം സത്യവും നീതിയും നിലനിര്‍ത്തിയിരിന്നുവെങ്കില്‍ കുറെ മലയാളികള്‍ പ്രവാസികളായി മാറില്ലായിരുന്നു.  ഈ വഞ്ചകക്കൂട്ടം കൊടിയുടെ നിറം നോക്കി ബന്ധക്കാരെയും പാദസേവ ചെയ്തവരെയും ജോലികളില്‍ തിരുകികയറ്റാനാണ് ശ്രമിച്ചത്.  ഇന്നും അത് തുടരുന്നു. നാട്ടില്‍ നിന്നും ആട്ടിപായിച്ചിട്ടും അവരെ കറവപ്പശുക്കളായി മാത്രം കാണുന്നവര്‍.  നീണ്ട വര്‍ഷങ്ങള്‍ കഴിഞ്ഞു തിരികെ നാട്ടിലെത്തിയാലും അവര്‍ക്കായി ഒന്നും ചെയ്യുന്നില്ല.  ഈ സ്ഥാപനം ജോലി നഷ്ടപ്പെട്ടു തിരികെ ചെല്ലുന്നവര്‍ക്ക് എന്താണ് ഒരു തൊഴില്‍ കൊടുക്കാത്തത്? ഒരു പൗരന് പൂര്‍ണ്ണ സംരക്ഷണം കൊടുക്കാന്‍ സാധിക്കില്ലെങ്കില്‍ ഇവര്‍ എന്തിനാണ് അധികാരത്തിലിരിക്കുന്നത്?  ഇന്ത്യന്‍  ജനാധിപത്യത്തില്‍ കണ്ടുകൊണ്ടിരിക്കുന്ന കാഴ്ചയാണ് തല്ലുകൊള്ളാന്‍ ചെണ്ട, എന്ന് പറഞ്ഞാല്‍ മുദ്രാവാക്യം വിളിക്കാന്‍, പൊലീസിന്റ തല്ലുകൊള്ളാന്‍ കുറച്ചുപേര്‍ പണം വാങ്ങാന്‍ മാരാര്‍. എന്നു പറഞ്ഞാല്‍ അധികാരത്തിലിരിക്കുന്നവര്‍.   ഇത് തന്നയാണ് ജന്മി കുടിയാന്‍ കാലത്തും സംഭവിച്ചത്. തൊഴില്‍രഹിതരെയും തൊഴിലാളികളെയും മേലാളകിഴാള അല്ലെങ്കില്‍ ജന്മി കുടിയന്‍ അധിപത്യത്തിന് കിഴില്‍ തളച്ചിരിക്കുന്നു.  

സമൂഹത്തില്‍ എങ്ങനെ വിയര്‍പ്പ് ഒഴുക്കാതെ സമ്പത്തുണ്ടാക്കാം, മറ്റുള്ളവരെ സമര്‍ത്ഥമായി കബളിപ്പിക്കാം. ചുഷണം ചെയ്യാം എന്നത് കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്ന സംഭവങ്ങളാണ് സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട ഒരു ഭരണഘടന സ്ഥാപനമായ പി. എസ്.സി പരീക്ഷയില്‍ നടന്ന അട്ടിമറികള്‍. ഇവിടെയാണ് വോട്ടുകൊടുത്തു ജയിപ്പിക്കുന്നവര്‍ കണ്ണു തുറന്നു കാണേണ്ടത്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കുത്തിനിറക്കുന്നത് കൊടിയുടെ നിറത്തിലാണ്. അല്ലാതെ യോഗ്യതകളല്ല.   അതില്‍ സാഹിത്യ സാംസ്‌കാരിക സ്ഥാപനങ്ങള്‍പോലും കേരള ഭാഷ ഇന്‍സ്റ്റിട്യൂട്ട് അടക്കം ഈ ജന്മി കുടിയാന്‍ ചട്ടക്കൂട്ടിലാണ്.  അവരുടെ വായില്‍ നിന്ന് വരുന്നതോ സോഷ്യലിസം, സമത്വം, സ്‌നേഹം, സഹകരണം അങ്ങനെ തുടരുന്നു. ഇവിടെയെല്ലാം പീഡിപ്പിക്കപ്പെടുന്നതും വഞ്ചിക്കപ്പെടുന്നതും നിരപരാധികളും കൊടികളുടെ  നിറം നോക്കാത്തവരും മതേതരവിശ്വാസികളുമാണ്.  പഠിക്കാന്‍ പോകുന്ന കുട്ടികള്‍  രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗത്വമെടുക്കണമെന്ന് നിര്‍ബന്ധബുദ്ധി എന്തിനാണ്?  അതിലൂടെ അവര്‍ പഠിപ്പിക്കുന്നത് അസഹിഷ്ണത, കല്ലേറ്, പക, കഞ്ചാവ്, മദ്യം, കത്തികുത്തു, സമരമുറകള്‍, പെണ്‍കുട്ടികളോട് അപമര്യാതയായി പെരുമാറുക മുതലാവയാണ്. ഈ കുട്ടികള്‍ക്ക് പഠിപ്പിക്കുന്ന ഗുരുക്കന്മാരെയോ മറ്റുള്ളവരെയോ ബഹുമാനിക്കാന്‍ അറിയില്ല. എതിര്‍പ്പിന്റ, അസഹിഷ്ണതയുടെ നീതി ശാസ്ത്രമാണ് അവര്‍ പഠിക്കുന്നത്. ഇതിന്റ ഗുണഭോക്താക്കള്‍ രാഷ്ട്രീയ പാര്‍ട്ടികളല്ലാതെ മറ്റാരാണ്? 

ക്ലാസ് മുറികളില്‍ നിന്നും കുട്ടികളെ പിടിച്ചിറക്കി മുദ്രാവാക്യം വിളിക്കാനും സമരങ്ങളില്‍ പങ്കെടുക്കാനും അനുവദിക്കുന്നതിലൂടെ ഒരു കുട്ടിയുടെ ഭാവിയാണ് ഈ ബൂര്‍ഷ്വ മുതലാളി നേതാക്കന്മാര്‍ നശ്ശിപ്പിക്കുന്നത്.   കേരളത്തില്‍ തന്നെയാണോ ഈ അനീതി നടക്കുന്നത്? ഈ പൗര സമരങ്ങളില്‍ പങ്കെടുത്തു കല്ലേറ് നടത്തി ഒന്നും രണ്ടും റാങ്കുകള്‍ കിട്ടിയവര്‍ പി.എസ്. സി പരീക്ഷഹാളില്‍ ഒന്നും രണ്ടും റാങ്കുകള്‍ കിട്ടിയാല്‍ അത്ഭുതപ്പെടേണ്ടതില്ല. പൊലീസിന്റ തല്ലുവാങ്ങിയ  ഈ ചുണ കുട്ടികളാണ് പോലീസില്‍ ചേര്‍ന്ന് പാവങ്ങളെ ഉരുട്ടിക്കൊല്ലുന്നതും,  പീഡിപ്പിക്കുന്നതും, കൊടിയുടെ നിറം നോക്കി കേസുകള്‍ വളച്ചൊടിക്കുന്നതും  മാത്രവുമല്ല  ഭരണത്തിലിരിക്കുന്ന തമ്പുരാക്കന്മാര്‍ക്ക്  പാദസേവ ചെയ്താല്‍ നല്ല നല്ല പദവികള്‍ കിട്ടുകയും  ചെയ്യും. അതുകൊണ്ടാണ് കോടതി പറഞ്ഞിട്ടും ക്രിമിനല്‍ സ്വഭാവമുള്ള പൊലീസുകാരെ ആ സേനയില്‍ നിന്നും മാറ്റാത്തത്. വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലൂടെ കടന്നു വന്നവര്‍ പരീക്ഷകള്‍ എഴുതിയിട്ടുള്ളത് ഇപ്പോള്‍ നടന്ന പി. എസ്. സി പരീക്ഷപോലെയെന്ന് ആരോപണമുയര്‍ത്തിയാല്‍ തെറ്റ് പറയാന്‍ സാധിക്കില്ല. അവര്‍ പഠിച്ചു വളര്‍ന്നത് അക്ഷരമോ അറിവോ അല്ല അതിനെക്കാള്‍ സമരങ്ങളും, കത്തിക്കുത്തും, കല്ലേറും, അക്രമങ്ങളുമാണ്. ഇവരാണ് പിന്നീട് നാട് ഭരിക്കാന്‍ വരുന്നത്.  ഇത് ഒരു ജനത്തിന്റ ദുര്‍വിധിയാണ്. ഇതിനൊപ്പം മറ്റൊരു യോഗ്യതകൂടിയവര്‍ നേടുന്നുണ്ട്. അത് കൈക്കൂലി, അഴിമതിയാണ്. കിട്ടുന്ന കൈക്കൂലിയുടെ ഒരു പങ്ക് പാര്‍ട്ടിക്കും കിട്ടും.   ഇവരിലെ ഈ നിഗുഢതകള്‍  എന്നാണ് ജനങ്ങള്‍ മനസ്സിലാക്കുന്നത്? ഈ പോലീസ് നന്നാകണമെങ്കില്‍ കോടതിയുടെ കിഴിലാക്കണം. 

 ബ്രിട്ടീഷ് ഭരണകാലത്ത് അവരുടെ മുന്നില്‍ കുമ്പിട്ട് നിന്ന് 'യെസ് സര്‍'പറഞ്ഞത് ഇന്നും തുടരുന്നു.  ഇത് പൊലീസ് വകുപ്പില്‍ മാത്രമല്ല വിദ്യാര്‍ത്ഥികളില്‍ തുടങ്ങി കേരള സര്‍ക്കാര്‍ നിയമിക്കുന്ന, നയിക്കുന്ന  എല്ലാ സ്ഥാപനങ്ങളിലും കാണുന്ന ദുരവസ്ഥയാണ്. യോഗ്യതയുള്ളവരെ അയോഗ്യരാക്കി ഗുണ്ടകളെ സര്‍ക്കാര്‍ വകുപ്പുകളില്‍ കുത്തിനിറക്കുന്നു. അവരെന്നും പാര്‍ട്ടിയോട് കുറുള്ളവരാണ്. കേരളം നേരിടുന്ന ഒരു സാമുഹ്യ വിപത്താണിത്.  ഇവരെല്ലാം ഭരിക്കുന്ന സര്‍ക്കാരിന്റ രഹസ്യ വിഭാഗ വാലാട്ടികളാണ്.  യോഗ്യതയുള്ളവര്‍ എവിടെയും തള്ളപ്പെടുന്നു.  ഇത് വിദ്യാര്‍ത്ഥികളില്‍ മാത്രമല്ല കൊടിയുടെ നിറത്തില്‍ ജോലി വാങ്ങുന്ന അദ്ധ്യാപകരടക്കം പലരുമുണ്ട്.  കുട്ടികളെ നേര്‍വഴിക്ക് നടത്തേണ്ട അദ്ധ്യാപകര്‍ പാര്‍ട്ടികളുടെ താല്പര്യങ്ങളെ സംരക്ഷിക്കുന്നവരാകുന്നു. ഇതും സമൂഹം നേരിടുന്ന ദുരന്തമാണ്.  നല്ലൊരു പറ്റം സാഹിത്യ സാംസകാരിക രംഗത്തുള്ളവര്‍പോലും ഈ കൂട്ടരുടെ ഭാഗമായി മാറി കഴിഞ്ഞു.  കാലങ്ങള്‍ക്ക് മുന്‍പ് മാതൃകാപരമായ ഗുരുകുല വിദ്യാഭ്യാസം എത്രയോ നന്നെന്ന് ഇപ്പോള്‍ പലര്‍ക്കും തോന്നുന്നു. ഈ സര്‍ക്കാര്‍ നിയമനങ്ങള്‍ പാര്‍ട്ടികളില്‍ നിന്നും മാറ്റി സുതാര്യമായ ഏജന്‍സികളെ അല്ലെങ്കില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തേണ്ടതല്ലേ? 

പി.എസ്.സി. അടക്കമുള്ള ഭരണഘടന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ജനസേവനത്തേക്കാള്‍ ഓരോ പാര്‍ട്ടികള്‍ക്ക് അടിമപ്പണി ചെയ്യുന്ന പാര്‍ട്ടിത്തൊഴിലാളികളാണ്.  അവര്‍ക്ക് നീതിയും സത്യവും നിലനിര്‍ത്താനാകില്ല.  ഈ സംഭവത്തോടെ കേരളത്തിലെ ഡോക്ടറേറ്റ് അടക്കമുള്ള എല്ലാ പരീക്ഷകളിലും ദുരൂഹതകള്‍ ഏറുകയാണ്.  ഒരു വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ നിന്നും പരീക്ഷ പേപ്പര്‍ കണ്ടെത്തിയത്  ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ കച്ചവടമല്ല. വിദ്യാഭ്യാസ രംഗം, തൊഴില്‍ രംഗങ്ങള്‍ കമ്പോളങ്ങളാക്കി മാറ്റിയിരിക്കുന്നു. കുറ്റം ചെയ്തവരെ തള്ളിപ്പറയുകയല്ല വേണ്ടത് അവരെ ശിക്ഷിക്കുകയാണ് നല്ല ഭരണാധികാരികള്‍ ചെയ്യേണ്ടത്. ആയിരത്തില്‍ ഏതാനം സംഭവങ്ങളാണ് മാധ്യമ ധര്‍മ്മങ്ങള്‍ എന്തെന്നറിയാവുന്നവര്‍ പുറത്തുകൊണ്ടുവരുന്നത്. അല്ലാതെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന മസാല വര്‍ത്തകളായി കാണരുത്.  

മതേതരത്വം പ്രസംഗിക്കുന്നവര്‍ ഓരോരോ സ്ഥാപനങ്ങളില്‍ കൊടിയുടെ നിറം നോക്കി എന്തുകൊണ്ടാണ് ആളുകളെ നിയമിക്കുന്നത്?  എന്തുകൊണ്ടാണ് കഷ്ടപ്പെട്ട് പഠിച്ച കുട്ടികള്‍ക്ക് തൊഴില്‍ ലഭിക്കാതെ ഗുണ്ടകള്‍ക്കും, പാര്‍ട്ടിക്കാര്ക്കും റാങ്കുകള്‍, തൊഴില്‍  ലഭിക്കുന്നു?   ഇതിലൂടെ ഓരോ സ്ഥാപങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്നത് ആരാണ്? ആരെങ്കിലും സത്യം തുറന്നു പറഞ്ഞാല്‍ അവരെ ആക്രമിച്ചു ഒറ്റപെടുത്തുന്നത് ഭീരുക്കളുടെ ലക്ഷണമാണ്.  അതിനെയാണ് ചികില്‍സിച്ചു സുഖപ്പെടുത്തേണ്ടത്. സര്‍ക്കാര്‍ നടത്തിയ ഈ പരീക്ഷ തട്ടിപ്പുകള്‍ എത്ര കാലങ്ങളായി തുടരുന്നത് ഉന്നത െ്രെകം ഏജന്‍സികള്‍ കീറിമുറിച്ചു സമഗ്രമായി പരിശോധിച്ചാല്‍ മാത്രമേ സത്യം പുറത്തുവരു.  സര്‍ക്കാര്‍ എന്തിനാണ് ഉന്നത പരിശോധനകളെ ഭയക്കുന്നത്? ഈ തട്ടിപ്പിന് കൂട്ടുനിന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ മുന്‍കൈ എടുക്കേണ്ടത് സര്‍ക്കാരല്ലേ?  ആയിരകണക്കിന് പാവങ്ങളുടെ തൊഴില്‍ ഈ കള്ളക്കൂട്ടം കൈക്കൂലി വാങ്ങി തകര്‍ത്തുകൊണ്ടിരിക്കയല്ലേ?  ഇന്ത്യന്‍ പ്രസിഡന്റടക്കം രാഷ്ട്രീയ നോമിനികളാണ്. എന്നാല്‍ ആ പ്രസിഡന്റ് തനി നാടന്‍ രാഷ്ട്രിയക്കാരനായാല്‍ ആ പദവി വഹിക്കാന്‍ യോഗ്യനല്ല.  ഈ യാഥാര്‍ഥ്യം പാര്‍ട്ടിക്കാര്‍ പഠിപ്പിച്ചുകൊടുക്കേണ്ടതല്ലേ? 

ഏത് പാര്‍ട്ടിയായാലും  ഇന്ന് തുടരുന്നത്  ജന്മി കുടിയന്‍ വൃവസ്ഥിതിയാണ്. അതിനെ   ജനാധിപത്യം, മതേതരത്വമെന്ന ഓമനപ്പേരുകളില്‍ മനുഷ്യരെ കബളിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇതൊന്നും അറിവുള്ള ഒരു ജനത അധികകാലം തുടരാന്‍ അനുവദിക്കരുത്.  സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും കക്ഷി രാഷ്ട്രീയക്കാരെ ഒഴുവാക്കാന്‍ കോടതി നിയമങ്ങള്‍ അനിവാര്യമാണ്. ഇപ്പോള്‍ നടക്കുന്നത് നീതിനിഷേധങ്ങളാണ്. ഒരു പൗരന് നീതി നിഷേധിക്കുമ്പോള്‍ കോടതികള്‍ നോക്കുകുത്തികളാകരുത്.  ഓരോ സ്ഥാപനങ്ങളും രാഷ്ട്രീയക്കാരുടെ സ്വകാര്യ സമ്പത്തും സ്ഥാപനങ്ങളുമാക്കുന്ന സാമുഹ്യ സാംസ്‌കാരിക ജീര്‍ണ്ണത അവസാനിപ്പിക്കണം.  ഇവിടെയെല്ലാം ശിക്ഷിക്കപ്പെടുന്നത് നിരപരാധികളാണ്.  കേരളത്തിലെ യുവതിയുവാക്കള്‍ എത്രനാള്‍ ഈ അനീതി കണ്ടുകൊണ്ടിരിക്കും?  ഇന്നും മലയാളികളെ ഈ സ്ഥാപനങ്ങള്‍ കയറ്റുമതി ചെയ്തുകൊണ്ടരിക്കയല്ലേ? (www.karoorsoman.net)

Join WhatsApp News
Patt 2019-08-08 09:56:05
സത്യസന്ധതക്കു പണം കൊണ്ട് വില പറയുന്ന യുഗത്തിൽസാധാരണക്കാരൻ  ഇതൊക്കെ കേട്ട് നെഞ്ചത്ത് കൈ വച്ച് മുകളിലോട്ടു നോക്കി പരിതപിക്കുകഅല്ലാതെ വേറെ  ഒന്നും തല്ക്കാലം ചെയ്യാനില്ല.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക