Image

പ്രവാസികളുടെ കൈത്താങ്ങായി മറഞ്ഞുപോയ സുസ്മിതം (ഹരി നമ്പൂതിരി)

Published on 07 August, 2019
പ്രവാസികളുടെ കൈത്താങ്ങായി മറഞ്ഞുപോയ സുസ്മിതം (ഹരി നമ്പൂതിരി)
ഉള്‍ക്കാഴ്ചയുള്ള ഒരാള്‍ ഭരണാധികാരിയാകുമ്പോള്‍ അയാള്‍ക്ക് ജനങ്ങള്‍ പറയാതെ അവരുടെ സുഖദുഃഖങ്ങള്‍ കാണാനാവുന്നു. സുഖഭോഗങ്ങളിലും സമ്പത്തിലും പങ്കുചേരാതെ, മനസും ശരീരവും മലിനപ്പെടാതെ അയാള്‍ ഒരു ഋഷിയേപ്പോലെ തന്റെ കര്‍മ്മങ്ങള്‍ ചെയ്യാന്‍ പ്രാപ്തനാവുന്നു....' നമ്മുടെ കണ്ണുകളെ ഈറനണിയിച്ചുകൊണ്ട് അപ്രതീക്ഷിതമായി വിടചൊല്ലിയ സുഷമാ സ്വരാജ് എന്ന ജനപ്രിയ നേതാവിനെ സംബന്ധിച്ചിടത്തോളം ഈ നിരീക്ഷണം അന്വര്‍ത്ഥമാവുന്നു. രാഷ്ട്രീയത്തിനതീതമായി ജനമനസുകളില്‍ ഇളകാതെ ഇടംപിടിച്ച സുന്ദര മുഖത്തിന്റെയും സൗമ്യ സാമീപ്യത്തിന്റെയും കരുതലിന്റെയും കാര്യക്ഷമതയുടെയും ഒക്കെ അടയാളമായി നിരവധി വിശേഷണങ്ങളിലാണ് സുഷമാ സ്വരാജ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.

ഈടുറ്റ പ്രസംഗം, ഉജ്വലമായ വാക്‌ധോരണി, പുഞ്ചിരിയും സൗമ്യതയും, കൃത്യമായ രാഷ്ട്രീയ കാഴ്ചപ്പാടുകളും വിശകലനവും, സാധാരണക്കാരെക്കുറിച്ചുള്ള കരുതല്‍.... ഇങ്ങനെ സംഗ്രഹിക്കുന്നതിനുമപ്പുറത്താണ് ഈ കരുത്തുറ്റ വനിതയുടെ ശ്രേഷ്ഠമായ ഇരിപ്പിടം. അറുപത്തിയേഴ് സംവല്‍സരം മാത്രം നീണ്ട സുഷമയുടെ വിയോഗം അപരിഹാര്യമായ നഷ്ടം തന്നെയാണ്. കേരളത്തെ ഇത്രമേല്‍ സഹായിച്ച മറ്റൊരു വിദേശകാര്യ മന്ത്രി ഉണ്ടായിട്ടില്ല. ഇറാക്ക് യുദ്ധവേളയില്‍ അവിടെ ഭീകരരുടെ വലയില്‍ കുടുങ്ങി ഭയന്നു വിറച്ച് നിരാലംബരായ മലയാളി നേഴ്‌സുമാരെ ഒരു പോറലുമേല്‍ക്കാതെ അവരവരുടെ വീടുകളില്‍ എത്തിച്ച സുഷമാ സ്വരാജിന്റെ രക്ഷാദൗത്യം അവിസ്മരണീയമാണ്.

കക്ഷിരാഷ്ട്രീയത്തിന്റെയും മറ്റ് വേര്‍തിരിവുകളുടെയുമപ്പുറത്ത് മാനവികതയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കരുതലോടെ പ്രവര്‍ത്തിച്ച സുഷമാ സ്വരാജിന്റെ സേവനങ്ങള്‍ സമാനതകളില്ലാത്തതാണ്. അവയൊക്കെ  ലോകം മുഴുവന്‍ ചര്‍ച്ചാവിഷയമാവുകയും ചെയ്തിട്ടുണ്ട്. വിദേശകാര്യ മന്ത്രിയെന്ന നിലയില്‍ വിദേശ രാജ്യങ്ങളില്‍ ദുരിതമനുഭവിക്കുന്ന ഇന്ത്യാക്കാര്‍ക്ക് നിമിഷാര്‍ധത്തില്‍ ലഭിക്കുന്ന സഹായത്തിന്റെ ആള്‍രൂപമായിരുന്നു സുഷമ. നയതന്ത്രത്തോടൊപ്പം പ്രവാസി ഇന്ത്യക്കാരുടെ ആശ്രയമായിരുന്നു മനുഷ്യമുഖം തേടിയ ഈ ധീര വനിത.
വിദേശകാര്യ മന്ത്രിപദത്തിലിരുന്ന് സുഷമ ചെയ്ത ചില വിലമതിക്കാനാവാത്ത സേവനങ്ങള്‍ ഒന്നോര്‍ത്തെടുക്കുകയാണ്.... മൂന്നരവയസുള്ള പാക്കിസ്ഥാന്‍ കുഞ്ഞിന് ഇന്ത്യയില്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ ചെയ്യാന്‍ നല്‍കിയ പാസ്‌പോര്‍ട്ട് ലഭ്യമാക്കാനുള്ള സഹായം നൂര്‍മ ഹബീബെന്ന കുഞ്ഞിന്റെ ജീവനാണ് രക്ഷിച്ചത്. പാക്കിസ്ഥാനില്‍ നിന്നുള്ള നാലുമാസം പ്രായമായ റോഹന് ഹൃദയ ശസ്ത്രക്രിയക്ക് ചെയ്തുകൊടുത്ത സഹായം ലോകമെമ്പാടും ചര്‍ച്ച ചെയ്തു.

അബദ്ധത്തില്‍ അതിര്‍ത്തി കടന്നതിന് ചാരപ്രവര്‍ത്തനം ആരോപിച്ച് പിടികൂടി പാകിസ്ഥാന്‍ ജയിലിലടച്ച, കുല്‍ഭൂഷണ്‍ യാദവിന്റെ ബന്ധുക്കള്‍ക്ക് അദ്ദേഹത്തെ കാണാന്‍ അവസരം ഒരുക്കിയ സംഭവം ശ്രദ്ധേയമാണ്. ജമ്മു കാശ്മീര്‍ വിമോചന മുന്നണി നേതാവും വിഘടനവാദി തലവന്മാരില്‍ ഒരാളുമായ യാസിന്‍ മാലിക്‌പോലും സുഷമയെ അഭിനന്ദിച്ച് കത്തെഴുതിയെന്നോര്‍ക്കുക. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ വിവിധ രാജ്യങ്ങളില്‍ നിന്നയച്ച പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയില്‍ മടങ്ങിയെത്തിയ പെണ്‍കുട്ടി രക്ഷിതാക്കളെ പിരിഞ്ഞുപോയപ്പോള്‍ ഗീതയ്ക്ക് ബന്ധുക്കളെ കണ്ടെത്താന്‍ സുഷമ നടത്തിയ പ്രവര്‍നങ്ങള്‍ ലോകശ്രദ്ധ നേടി.
നാലു വര്‍ഷത്തിനിടെ വിവിധ രാജ്യങ്ങളില്‍ ദുരിതമനുഭവിച്ചിരുന്ന ഒരു ലക്ഷത്തോളം ഇന്ത്യക്കാരെ സുഷമയും വിദേശകാര്യ മന്ത്രാലയവും രക്ഷപ്പെടുത്തി. യെമനിലെ യുദ്ധ പ്രതിസന്ധിക്കിടെ 4.741 ഇന്ത്യക്കാരെ സുഷമയും കൂട്ടരും രക്ഷപ്പെടുത്തിയാണ് അതിസാഹസികമായ മറ്റൊരു സംഭവം. ഇന്ത്യക്കാരെ മാത്രമല്ല, 48 ലോകരാജ്യങ്ങളില്‍ നിന്ന് 1947 പേരെക്കൂടി 'ഓപ്പറേഷന്‍ റാഹത്' എന്ന ആ രക്ഷാപ്രവര്‍ത്തനത്തിലൂടെ  ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. സമാനമായ സാഹസിക പ്രവര്‍ത്തനമാണ് ലിബിയയിലും ഇറാക്കിലും ചെയ്തത്.
എട്ടു വയസ്സുള്ള ഇന്ത്യന്‍ കുട്ടിയുമായി യെമനില്‍ കുടുങ്ങിപ്പോയ സാബാ ഷാവേഷ് എന്ന യുവതിയുടെ ഒറ്റ ട്വീറ്റില്‍ അവരെ രക്ഷപ്പെടുത്തി. യു.എ.ഇയില്‍ മനുഷ്യകടത്തിനിരയായ സ്ത്രീയെ രക്ഷപ്പെടുത്തിയത് വലിയ വാര്‍ത്തയായി. കൈയില്‍ പാസ്‌പോര്‍ട്ടും ചില്ലിക്കാശുമില്ലാതെ ജര്‍മ്മനിയില്‍ അകപ്പെട്ടുപോയ പെണ്‍കുട്ടിയെ രക്ഷിച്ചെടുത്തതിനു കിട്ടിയ പ്രശംസകള്‍ ഏറെയാണ്.
സൗദിയില്‍ തൊഴിലുടമ കൈയറുത്ത വീട്ടമ്മയെ രക്ഷിക്കുന്ന ദൗത്യം ഏറ്റെടുത്തു. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും തന്നെ ഉപേക്ഷിക്കുമെന്ന് പറഞ്ഞുവെന്നും സഹായിക്കണമെന്ന് അറിയിച്ച് സുജാതാ സുക്രിയെന്ന സ്ത്രീ മന്ത്രി സുഷമയോട്  ട്വിറ്ററില്‍ സഹായം ചോദിച്ച സംഭവം വരെ ഉണ്ടായി. എന്നാല്‍ അത്തരത്തില്‍ വഴിതെറ്റിയ ഭര്‍ത്താവിനെ ശിക്ഷിക്കാന്‍ തനിക്ക് അധികാരമില്ലെന്ന് സുഷമ മറുപടി കൊടുത്തു. ഒരു മന്ത്രിയെന്നതിനപ്പുറം സുഷമയെ ജനങ്ങള്‍ എങ്ങനെ കാണുന്നുവെന്നതിന്റെ ഉത്തമ ഉദാഹരണമാണിത്. ഇങ്ങനെ സുഷമയുടെ ജനാഭിമുഖ്യത്തിന്റെ സേവനങ്ങള്‍ നീളുന്നു.

ഒന്നാം മോദി സര്‍ക്കാരിന്റെ ജനകീയ മുഖങ്ങളിലൊന്നായിരുന്നു സുഷമാ സ്വരാജ്. വിദേശകാര്യമന്ത്രിയെന്ന നിലയിലുള്ള വിജയകരമായ ഇടപെടലുകളിലൂടെ സുഷമയ്ക്ക് ഏറെ ജനപിന്തുണയാര്‍ജിക്കാന്‍ സാധിച്ചുവെന്നത് തര്‍ക്കമറ്റ സംഗതിയാണ്. പ്രധാനമന്ത്രിയായിരിക്കെ വിദേശകാര്യ വകുപ്പും നോക്കിയ ഇന്ദിരാഗാന്ധിയെ ഒഴിവാക്കിയാല്‍ ആദ്യത്തെ വനിതാ വിദേശകാര്യ മന്ത്രിയുമായി. കുറഞ്ഞ പ്രായത്തില്‍ ബി.ജെ.പി.യുടെ ദേശീയ ഭാരവാഹിയും പാര്‍ട്ടി വക്താവുമായി, ആദ്യത്തെ വനിതാ വിദേശകാര്യ മന്ത്രിയുമായി. കുറഞ്ഞ പ്രായത്തില്‍ ബി.ജെ.പി.യുടെ ദേശീയ ഭാരവാഹിയും  പാര്‍ട്ടി വക്താവുമായി. ആ്ദ്യത്തെ വനിതാ വക്താവും, ലോക്‌സഭയിലെ ആദ്യ പ്രതിപക്ഷ വനിതാ നേതാവായി. രാജ്യസഭയില്‍ ബി.ജെ.പി.യുടെ പ്രതിപക്ഷ ഉപനേതാവായി. മികച്ച പാര്‍ലമെന്റേറിയനുള്ള അവാര്‍ഡ് നേടിയ ഏക വനിതാ അംഗവും സുഷമയാണ്. നാലു ലക്ഷം വോട്ടിന്റെ ഭൂരിപക്ത്തില്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിതയും, 2014 ല്‍ വാള്‍ സ്ട്രീറ്റ് ജേണല്‍ ലോകര്‍ ഏറ്റവും  ഇഷ്ടപ്പെടുന്ന രാഷ്ട്രീയ നേതാവായി സുഷമയെ തിരഞ്ഞെടുത്ത് ആദരിച്ചു.

ഇന്ത്യയെ ലോക വേദികളില്‍ യാഥോചിതമറിയിച്ച, ലോകമറിഞ്ഞ അപൂര്‍വ്വം ചില നേതാക്കളിലൊരാളായിരുന്നു സുഷമാ സ്വരാജ്. അകക്കാമ്പിലിങ്ങനെ ഇടംനേടിയ വ്യക്തികള്‍ ജീവിത വൃത്തം പൂര്‍ത്തീകരിച്ച് പോകുമ്പോള്‍ അത് നഷ്ടമായിത്തന്നെ അവശേഷിക്കുന്നു. എന്നാല്‍ അവര്‍ ബാക്കിവച്ച സ്വപ്‌നങ്ങള്‍ ഊനം തട്ടാതെ സാക്ഷാത്കരിക്കുന്നതില്‍ പിന്‍ഗാമികള്‍ വിജിക്കുമ്പോഴാണ് മണ്‍മറഞ്ഞവരെ നാം യാഥാര്‍ത്ഥത്തില്‍ ഹൃദയത്തോട് ചേര്‍ക്കുന്നത്. അപ്പോള്‍ അകലെിരുന്ന് ആ നക്ഷത്രങ്ങള്‍ കൂടുതല്‍ ശോഭയോടെ തിളങ്ങും. ആദരണീയമായ സുഷമാ സ്വരാജിന്റെ ആത്മാവിന് നിത്യശാന്ത്ി നേര്‍ന്ന് പ്രാര്‍ത്ഥിക്കുന്നു.

പ്രവാസികളുടെ കൈത്താങ്ങായി മറഞ്ഞുപോയ സുസ്മിതം (ഹരി നമ്പൂതിരി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക