Image

'ഹാപ്പി സര്‍ദാര്‍' സിനിമയുടെ ലൊക്കേഷനിൽ സംഭവിച്ച കാര്യങ്ങൾ വെളിപ്പെടുത്തി നടി മാലാ പാര്‍വ്വതി

Published on 07 August, 2019
'ഹാപ്പി സര്‍ദാര്‍' സിനിമയുടെ ലൊക്കേഷനിൽ സംഭവിച്ച കാര്യങ്ങൾ വെളിപ്പെടുത്തി നടി മാലാ പാര്‍വ്വതി

'ഹാപ്പി സര്‍ദാര്‍' എന്ന സിനിമയുടെ സെറ്റില്‍ മൂത്രമൊഴിക്കാന്‍ പോലുമുള്ള സൗകര്യം ഉണ്ടായിരുന്നില്ലെന്നും സ്വന്തം ചിലവില്‍ താന്‍ ഒരു കാരവന്‍ വാടകയ്ക്ക് എടുക്കേണ്ട അവസ്ഥയുണ്ടായെന്നും, അണിയറപ്രവര്‍ത്തകരില്‍ നിന്ന് അപമാനം നേരിട്ടെന്നും കഴിഞ്ഞ ദിവസം നടി മാലാ പാര്‍വ്വതി ഒരു ഫേസ്ബുക്ക് കുറിപ്പിട്ടത് വലിയ ചർച്ചകൾക്ക് കാരണമായിരുന്നു. സിനിമയില്‍ സ്ത്രികളുടെ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പ് വരുത്തണമെന്ന് പറയുമ്പോഴും ദാരുണമായ അവസ്ഥയാണ് സിനിമാ ലൊക്കേഷനുകളിൽ നടക്കുന്നത്. വെള്ളം കുടിച്ചാൽ പോലും കണക്ക് പറയുന്ന അവസ്ഥയാണ് പ്രൊഡ്യൂസറായ ഹസീബ് ഹനീഫിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും പലപ്പോഴും സെറ്റില്‍ തനിക്ക് ഭക്ഷണം തന്നില്ലെന്നും ചിത്രത്തില്‍ അഭിനയിച്ച പുതുമുഖങ്ങളായ കുട്ടികൾക്ക് വണ്ടികൂലിപോലും നിർമ്മാതാവ് കൊടുത്തില്ലെന്നും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് മാലാപാര്‍വ്വതി പറയുന്നു. 

"എന്റെ പൈസ തിന്ന് തീർത്തിട്ട് മിണ്ടുന്നോ"!

എണ്‍പത്തിയാറ് സിനിമകൾ ചെയ്‍ത വ്യക്തിയാണ് ഞാൻ. എന്റെ കരിയറിൽ ആദ്യമായാണ് ഇത്തരത്തിലുള്ള ദാരുണമായ ഒരു അവസ്ഥയിലൂടെ കടന്നുപോവുന്നത്. ചിത്രത്തിൽ അഭിനയിച്ച 37 ദിവസം മോശമായ അനുഭവങ്ങളാണ് എനിക്ക് ഉണ്ടായത്.  ഉച്ചയ്ക്ക് മൂന്ന് മുതൽ പിറ്റേന്ന് വെളുപ്പിന് ആറ് വരെ ജോലി ചെയ്യുന്ന സെറ്റിൽ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ തന്ന സ്ഥലം ബ്ലോക്ക്‌ ആയിരുന്നു, പലപ്പോഴും ഈ കാര്യം പ്രൊഡക്ഷൻ ടീമിനെ അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. മൂത്രത്തിൽ അണുബാധയായി ഞാൻ ആശുപത്രിയിൽ പോവേണ്ടിവരെ വന്നു. തുടർന്ന് എന്റെ സ്വന്തം പണം മുടക്കിയാണ് ഞാൻ കാരവാൻ എടുത്തത്. ഇത് അവർക്ക് ഇഷ്‍ടമായില്ല. അതിന്റെ പേരിൽ  മാനസികമായി പീഡിപ്പിച്ചു. പല ദിവസവും ഭക്ഷണം തന്നില്ല. വെള്ളം കുടിച്ചാൽ പോലും  കണക്ക് പറയുന്ന അവസ്ഥയാണ് നിർമ്മാതാവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ചിത്രത്തില്‍  അഭിനയിച്ച പുതുമുഖങ്ങളായ കുട്ടികൾക്ക് വണ്ടിക്കൂലിപോലും നിർമ്മാതാവ് കെടുത്തില്ല, ടോയ്‍ലെറ്റ് പോലെയുള്ള അടിസ്ഥാന സൗകര്യം ഇല്ലാത്തതിനാല്‍ ആ കുട്ടികളും എന്റെ കാരവാനാണ് ഉപയോഗിച്ചത്. സിനിമയിലെ സംവിധായകരെ ഓർത്താണ് ഞാൻ ഷൂട്ടിംഗ് സമയത്ത് എല്ലാം സഹിച്ച് നിന്നത്. എന്നാലും അവകാശങ്ങൾക്ക് വേണ്ടി ഞാൻ പ്രതികരിച്ചു. "എന്റെ പൈസ തിന്ന് തീർത്തിട്ട് മിണ്ടുന്നോ" എന്നാണ് നിർമ്മാതാവ് ഹസീബ് ഹനീഫ് ചോദിച്ചത്.

സ്ത്രീകളുടെ റൂമിൽ നിർമ്മാതാവിന്റെ സുഹൃത്തുക്കൾ അതിക്രമിച്ച് കയറി

നിർമ്മാതാവിന്റെ സുഹൃത്തുക്കളും കുറെ ഗുണ്ടകളും സിനിമയുടെ ലൊക്കേഷനില്‍ സ്ഥിരമായി ഉണ്ടായിരുന്നു. പലപ്പോഴും സെറ്റിൽ പരസ്‍പരം മിണ്ടാൻ പാടില്ലന്ന് അവർ നിയമം പുറപ്പെടുവിച്ചു. പുതിയതായി അഭിനയിക്കാൻ വന്ന കുട്ടികളെ ഭീക്ഷണിപ്പെടുത്തി. ഒരിക്കല്‍ സ്ത്രീകളുടെ റൂമില്‍ നിർമ്മാതാവിന്റെ സുഹൃത്തുക്കൾ എന്ന് പറഞ്ഞ് കുറച്ചാളുകൾ അതിക്രമിച്ച് കയറി. ഇവരെ ഞാൻ ഇറക്കി വിട്ടു. അത് എന്നോടുള്ള ദേഷ്യത്തിന് കാരണമായി. നിര്‍മ്മാതാവിന്റെ കാഷ്യര്‍ സഞ്ജയ് പാലാണ് അവിടെ ഓരോ നിയമങ്ങൾ കൊണ്ടുവന്നത്. മര്യാദയില്ലാത്ത സംസാരമാണ് പലപ്പോഴായി അയാളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.

താരസംഘടന അമ്മ, ഡബ്യൂസിസി,പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍

സെറ്റിലെ മോശം അവസ്ഥയെപറ്റിയും നിർമാതാവിന്റെ പെരുമാറ്റത്തെകുറിച്ചും ഞാൻ അമ്മ സംഘടനയ്ക്ക് കത്ത് അയച്ചു. അവരുടെ ഭാഗത്ത് അനുകൂലമായ തീരുമാനമാണ് ഉണ്ടായത്. പ്രശ്നത്തിൽ ഇടപ്പെട്ടു. ഡബ്യൂസിസിക്കും ഒരു കത്ത് അയച്ചിട്ടുണ്ട്.  ഈ സംഭവങ്ങൾ അറിഞ്ഞതോടെ ആന്റോ ജോസഫ് ഇടപ്പെട്ടു. പ്രൊഡ്യൂസേഴ്‍സ് അസോസിയേഷന്‍  പ്രൊഡക്ഷൻ കൺട്രോളർമാരുടെ മീറ്റിംഗ് വിളിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സിനിമയുടെ സെറ്റിലുണ്ടായ മോശം അവസ്ഥ അറിഞ്ഞതോടെ സിനിമയ്ക്ക് ബഡ്‍ജറ്റ് ഇടുമ്പോൾ സ്ത്രീകളുടെ സൗകര്യങ്ങൾ ഉറപ്പുവരുത്തണമെന്നും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ സിനിമ തുടങ്ങാൻ പാടില്ലെന്നും പ്രൊഡ്യൂസേഴ്‍സ് അസോസിയേഷന്‍ തീരുമാനം എടുത്തു.

മമ്മൂട്ടിയുടെ ഇടപെടല്‍

ഫേസ്‍ബുക്കിലൂടെ നിര്‍മ്മാതാവിന്റെ കാഷ്യര്‍ സഞ്ജയ് പാൽ എന്നെ അപമാനിക്കുന്നത് മമ്മൂട്ടിയുടെ ശ്രദ്ധയിൽ പെട്ടിരുന്നു. അദ്ദേഹം പ്രൊഡക്ഷൻ കൺട്രോളർ  ബാദുഷയെ വിളിച്ച് കാര്യങ്ങൾ തിരക്കി. പ്രശ്‍നത്തിൽ ഇടപ്പെടണമെന്ന് ആവശ്യപ്പെട്ടു. രഞ്ജി പണിക്കർ ,ബി ഉണ്ണികൃഷ്‍ണൻ, ഇടവേള ബാബു, രഞ്ജിത്ത് രജപുത്ര, സുരേഷ് കുമാർ, ഇവരെല്ലാം വിളിച്ച് സംഭവത്തെക്കുറിച്ച് തിരക്കി. എല്ലാവരും എന്നോടൊപ്പം നിന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക