Image

ഭാര്യയെ പെട്രോളൊഴിച്ച് കത്തിക്കാന്‍ പദ്ധതി; ഭര്‍ത്താവ് അറസ്റ്റില്‍

Published on 07 August, 2019
ഭാര്യയെ പെട്രോളൊഴിച്ച് കത്തിക്കാന്‍ പദ്ധതി; ഭര്‍ത്താവ് അറസ്റ്റില്‍

ചാരുംമൂട്: നാലു വര്‍ഷമായി അകല്‍ച്ചയില്‍ കഴിയുന്ന ഭാര്യയെ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമം നടത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. താമരക്കുളം കണ്ണനാകുഴി കാവിന്റെ കിഴക്കേതില്‍ രാജീവിനെ (38)യാണ് നൂറനാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വി ബിജുവിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

ഇയാളുടെ ഭാര്യ നൂറനാട് പുലിമേല്‍ അതുല്യഭവനത്തില്‍ അതുല്യ (31) യുടെ പരാതിയെ തുടര്‍ന്ന്  നൂറനാട് പള്ളിമുക്കില്‍ വച്ച് തിങ്കളാഴ്ച രാത്രി ഏഴരയോടെയായിരുന്നു അറസ്റ്റ്. അതുല്യ ഇവിടെ ഒരു വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയാണ്. തിങ്കളാഴ്ച വൈകിട്ടോടെ സ്‌കൂട്ടറില്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയ ഇയാള്‍ ഭാര്യ ജോലി കഴിഞ്ഞ് ഇറങ്ങുമ്പോള്‍ ആക്രമിക്കുവാനാണ് പദ്ധതിയിട്ടതെന്ന്  പൊലീസ് പറഞ്ഞു.

ഇതിനിടെ രണ്ടു തവണ ഇയാള്‍ കടയില്‍ കയറി ഭാര്യയുമായി വഴക്കുണ്ടാക്കി. ഇതോടെ ഇവര്‍  പരാതിപ്പെടുകയും സ്ഥലത്തെത്തിയ  പൊലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. ഇയാളുടെ സ്‌കൂട്ടറില്‍ നിന്ന് ഒരു ലിറ്റര്‍ പെട്രോളും, മുളക് പൊടിയും  പൊലീസ് കണ്ടെടുത്തു.

വിവാഹ മോചനത്തിനായുള്ള ഇവരുടെ കേസ് മാവേലിക്കര കുടുംബ കോടതിയില്‍ വിചാരണയിലാണ്. ഇവര്‍ക്ക് രണ്ടു കുട്ടികളുണ്ട്. കുട്ടികളെ വിട്ടുതരണമെന്ന് പറഞ്ഞ് ഇയാള്‍ നിരന്തരം വീട്ടിലെത്തി വഴക്കിടാറുണ്ടെന്നും, ഒരാഴ്ച മുമ്പ് തന്നെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് മടങ്ങിയതെന്നും അതുല്യ പരാതിപ്പെട്ടു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക