Image

മുന്‍ വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജ് അന്തരിച്ചു.

Published on 06 August, 2019
മുന്‍ വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജ് അന്തരിച്ചു.


ന്യുഡല്‍ഹി: മുന്‍ വിദേശകാര്യ മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ സുഷ്മ സ്വരാജ് അന്തരിച്ചു.ചൊവ്വാഴ്ച രാത്രി 11 മണിയോടെ ഡല്‍ഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. 67 വയസ്സായിരുന്നു. വൃക്ക രോഗത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അവശ നിലയില്‍ ആയതിനെ തുടര്‍ന്ന് എയിംസ് എത്തിച്ച് വൈകാതെ മരണം സംഭവിച്ചു. 

ഒന്നാം മോദി മന്ത്രിസഭയിലെ വിദേശകാര്യമന്ത്രിയായിരുന്ന സുഷമ, ജനകീയ നിലപാടുകളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 

ഹരിയാന അംബാല കന്റോണ്‍മെന്റില്‍ 1952 ഫെബ്രവരി 14ന് ജനിച്ച സുഷമ എഴുപതുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തിയത് . നിയമബിരുദം നേടിയ അവര്‍ അടിയന്തരാവസ്ഥയ്‌ക്കെതിരായ പ്രക്ഷോഭപരിപാടികളില്‍ പങ്കെടുത്തു.1977ല്‍ ഹരിയാന നിയമസഭയിലെത്തിയ സുഷമ സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രിയായി. 1980ല്‍ ജനതാ പാര്‍ട്ടിയില്‍നിന്നു ജനസംഘവിഭാഗം പിരിഞ്ഞു ബിജെപി രൂപീകരിച്ചതു മുതല്‍ സുഷമ പാര്‍ട്ടിയിലുണ്ട്.

ദേശീയ നേതൃത്വത്തിലെത്തിയ അവര്‍ 1990ല്‍ രാജ്യസഭാംഗമായി. 1998ല്‍ ഡല്‍ഹിയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി. ഹരിയാനയിലും ഉത്തരാഞ്ചലിലും മധ്യപ്രദേശിലും നിന്നു രാജ്യസഭയിലേക്കെത്തിയ സുഷമ രണ്ടു തവണ ലോക്‌സഭയിലെത്തിയതു സൗത്ത് ഡല്‍ഹി മണ്ഡലത്തില്‍ നിന്നാണ്. 2009ലും 2014ലും മധ്യപ്രദേശിലെ വിദിശയില്‍ നിന്നായിരുന്നു ലോക്‌സഭാ വിജയം. ഹരിയാനയിലെ കര്‍ണാല്‍ ലോക്‌സഭാ മണ്ഡലത്തില്‍ ’80, ’89 തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ട ചരിത്രവും സുഷമയ്ക്കുണ്ട് 

രാജ്യത്ത് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ വക്താവാകുന്ന ആദ്യ വനിതയെന്ന റെക്കോഡും സുഷമക്ക് സ്വന്തം. സോഷ്യലി്സ്റ്റ നേതാവും മിസോറം മുന്‍ ഗവര്‍ണറും സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകനുമായ സ്വരാജ് കൗശലാണു ഭര്‍ത്താവ്. രാജ്യസഭയില്‍ ഒരേ കാലത്ത് അംഗങ്ങളായിരുന്ന ദമ്പതികളെന്ന ബഹുമതിയും ഇവര്‍ക്കുണ്ട്. ബന്‍സൂരി ഏക പുത്രിയാണ്.


Join WhatsApp News
Joseph Padannamakkel 2019-08-06 14:35:36
സുഷമ സ്വരാജ്യത്തിന്റെ മരണം വളരെയധികം ദുഖിപ്പിക്കുന്നു. പ്രവാസി ലോകം അവരോട് കടപ്പെട്ടവരാണ്. സർവ്വരുടേയും പ്രിയങ്കരിയായ ഒരു നേതാവായിരുന്നു അവർ.

വിദ്യാർത്ഥി രാഷ്ട്രീയത്തിൽക്കൂടിയാണ് സുഷമാജി ഇന്ത്യൻ രാഷ്ട്രീയത്തിൽ കടന്നുവന്നത്. അനേകായിരങ്ങളെ കോളിളക്കം സൃഷ്ടിക്കുംവിധം ആകർഷണീയമായ പ്രസംഗവൈഭവം അവർക്കുണ്ടായിരുന്നു. ഒരു ഇറ്റാലിയൻ സ്ത്രീ ഇന്ത്യയുടെ പ്രധാനമന്ത്രിപദം അലങ്കരിക്കുന്ന ഘട്ടം വന്നപ്പോൾ അതിനെ ഏറ്റവും എതിർത്തത് സുഷമാജിയായിരുന്നു.

അവരെ കൂടുതലും അറിയപ്പെട്ടിരുന്നത് ട്വിറ്റർ താരമായിട്ടായിരുന്നു. സഹായത്തിനെത്തുന്നവരെയും ദുഖിതരെയും അവർ ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല. ആഭ്യന്തര യുദ്ധങ്ങളിൽ ഏർപ്പെട്ട യെമനിൽ കുടുങ്ങിയ പതിനായിരക്കണക്കിന് ഇന്ത്യക്കാരെയാണ് കപ്പലുകൾ അയച്ച് രക്ഷപ്പെടുത്തിയത്. അതുപോലെ ഇറാക്കിൽ ഇസ്‌ലാമിക ഭീകരരുടെ നിയന്ത്രണത്തിൽ നിന്നും ആയിരക്കണക്കിന് നേഴ്‌സുമാരെ നാട്ടിൽ സുരക്ഷിതമായി എത്തിച്ചതും ചരിത്രമായിരുന്നു. അങ്ങനെ നേട്ടങ്ങളുടേതായ അനേകം സംഭവ കഥകൾ അവർക്കുണ്ട്. 

സുഷമയുടെ മരണം ഇന്ത്യയുടെ നഷ്ടമാണ്. ആദർശങ്ങൾ കൈവിടാതെ ദേശത്തിനുവേണ്ടി സേവനം ചെയ്തിട്ടുള്ള ചുരുക്കം ചില നേതാക്കന്മാരെ ഇന്ത്യയ്ക്കുള്ളൂ. അതിലൊരാളായിരുന്നു, സുഷമാജി. 

2017 ജനുവരിയിൽ  പോസ്റ്റ് ചെയ്ത സുഷമയെപ്പറ്റിയുള്ള എന്റെ ലേഖനത്തിന്റെ ലിങ്ക് ഇവിടെ ചേർക്കുന്നു.
http://www.emalayalee.com/varthaFull.php?newsId=136291
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക