Image

ഷിജോ പൗലോസിനു ബെര്‍ഗന്‍ കൗണ്ടിയുടെ കമ്യൂണിറ്റി സര്‍വീസ് അവാര്‍ഡ്

Published on 06 August, 2019
ഷിജോ പൗലോസിനു ബെര്‍ഗന്‍ കൗണ്ടിയുടെ കമ്യൂണിറ്റി സര്‍വീസ് അവാര്‍ഡ്
ന്യു ജെഴ്‌സി: അമേരിക്കയില്‍ ദ്രുശ്യ-വാര്‍ത്താ മാധ്യമ രംഗത്തിനു മികച്ച സംഭാവനകള്‍ നല്കിയ പ്രൊഡ്യൂസറും ക്യാമറാമാനുമായ ഷിജോ പൗലോസിനു ബെര്‍ഗന്‍ കൗണ്ടിയുടെ ആദരം. സ്റ്റേറ്റില്‍ ഇന്ത്യാക്കാര്‍ ഏറ്റവും കൂടുതല്‍ താമസിക്കുന്ന ബെര്‍ഗന്‍ കൗണ്ടി ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15-നു സംഘടിപ്പിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ ദിനാഘോഷത്തോടനുബന്ധിച്ച് 'ഔട്ട്സ്റ്റാന്‍ഡിംഗ് കമ്യുണിറ്റി സര്‍വീസ് കോണ്ട്രിബ്യൂഷന്‍ അവാര്‍ഡ് ഷിജൊ പൗലോസിനു സമ്മാനിക്കും.

ഹാക്കന്‍സാക്കില്‍ ബെര്‍ഗന്‍ കൗണ്ടി പ്ലാസായില്‍ ഉച്ചക്കു 12:30-നു ആണു ചടങ്ങുകള്‍.

കൗണ്ടിയുടെ സാമുഹിക സാംസ്‌കാരിക സാമ്പത്തിക രംഗങ്ങളില്‍ ഇന്ത്യന്‍ സമൂഹം നല്‍കുന്ന സംഭാവനകള്‍ ചൂണ്ടിക്കാട്ടിയ കൗണ്ടി എക്‌സിക്യൂട്ടിവ് ജയിംസ് ടെഡസ്‌കോ ഷിജോ പൗലോസ് നല്‍കുന്ന സേവങ്ങളും ചൂണ്ടിക്കാട്ടി.

എറണാകുളം കൊറ്റമം സ്വദേശിയായ ഷിജൊ നാട്ടില്‍ ബിസിനസ് രംഗത്താണു പ്രവര്‍ത്തിച്ചത്. അമേരിക്കയില്‍ വന്നപ്പോള്‍ മാധ്യമ രംഗത്തേക്ക് മാറി. എം.സി.എന്‍. എന്ന ചാനലിനു വേണ്ടി ക്യാമറ ഓപ്പറേഷന്‍സ് പലരോടും ചോദിച്ച് പഠിച്ച് ക്യാമറാമാനാകുകയായിരുന്നു.

തുടര്‍ന്ന് രണ്ടു വര്‍ഷം ശാലോം ടിവിക്കു വേണ്ടി പ്രവര്‍ത്തിച്ചു. അതിനു ശേഷം ഏഷ്യാനെറ്റിന്റെ ഭാഗമായി. ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ ഇപ്പോള്‍ പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍ ആണ്. അമേരിക്ക ഈ ആഴ്ച, യു.എസ്. വീക്ക്‌ലി റൗണ്ടപ്പ് എന്നിവക്കു പിന്നിലെ മുഖ്യ ശക്തി ഷിജൊ ആണ്. അമേരിക്കന്‍ കാഴ്ചകളുടെ ശില്പ്പിയായും പ്രവര്‍ത്തിച്ചു.

ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിന്റെ വെല്ലുവിളികളും നേട്ടങ്ങളും മാധ്യമങ്ങളിലൂടെ പ്രദര്‍ശിപ്പിക്കുന്നതില്‍ ഷിജൊ മികച്ച നേതൃത്വം നല്കി. ഏഷ്യാനെറ്റിലെ യുഎസ് വീക്ക്ലി റൗണ്ടപ്പ്750 പ്രതിവാര എപ്പിസോഡുകള്‍ പിന്നിട്ടു എന്നതിലും ഡോ. ക്രുഷ്ണ കിഷോര്‍, രാജു പള്ളത്ത് തുടങ്ങിയവരോടൊപ്പംഅഭിമാനകരമായ പങ്കു വഹിച്ചു.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്,ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനങ്ങള്‍; കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദര്‍ശനത്തിന്റെ തത്സമയ കവറേജ്; വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്നുള്ള പ്രസിഡന്‍ഷ്യല്‍ ഉദ്ഘാടനത്തിന്റെ തത്സമയ കവറേജ് എന്നിവയെല്ലാം ശ്രദ്ധേയമായ നേട്ടങ്ങളാണ്.

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സാങ്കേതിക മികവിനുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അംഗീകൃത മീഡിയ പ്രൊഫഷണലാണ്.ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അക്രഡിറ്റേഷനുമുണ്ട്.

വിവിധ രംഗങ്ങളിലെ സേവനത്തിനും സമൂഹത്തെ സഹായിക്കാനുള്ള ആഴമായ അഭിനിവേശത്തിനും പ്രതിബദ്ധതയ്ക്കും ഷിജോയെ സമൂഹം വളരെയധികം ബഹുമാനിക്കുന്നു.

ഭാര്യ ബിന്‍സി ആര്‍.എന്‍. ആണ്. സ്‌കൂള്‍ വിദ്യാര്‍ഥിനികളായ മരിയ, മരിസ എന്നിവരാണു മക്കള്‍.
ഷിജോ പൗലോസിനു ബെര്‍ഗന്‍ കൗണ്ടിയുടെ കമ്യൂണിറ്റി സര്‍വീസ് അവാര്‍ഡ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക