Image

ജനങ്ങളെ പരിഭ്രാന്തിയിലാക്കിയ ജമ്മു കാശ്മീര്‍ വിഭജന രാഷ്ട്രീയം (ശ്രീനി)

Published on 06 August, 2019
 ജനങ്ങളെ പരിഭ്രാന്തിയിലാക്കിയ ജമ്മു കാശ്മീര്‍ വിഭജന രാഷ്ട്രീയം (ശ്രീനി)
ഇന്ത്യാ വിഭജനത്തിന്റെ മുറിവ് ഇന്നുമുണങ്ങാത്ത ജമ്മു കാശ്മീരിനെ രണ്ടായി പകുത്തുകൊണ്ടുള്ള ബി.ജെ.പി സര്‍ക്കാരിന്റെ തീരുമാനം കേട്ടപ്പോള്‍ പൊടുന്നനെയുള്ള ഈ നടപടിക്ക് കാരണമായ എന്ത് അടിയന്തര സാഹചര്യമാണ് അവിടെ നിലനില്‍ക്കുന്നതെന്ന് ന്യായമായും സംശയിച്ചു. നാടകീയവും തീര്‍ത്തും അപ്രതീക്ഷിതവുമായ നീക്കത്തിലൂടെ, കാശ്മീര്‍ താഴ്‌വര വുഴുവന്‍ സൈനിക നിയന്ത്രണത്തിലാക്കുകയും ഇന്റര്‍നെറ്റ്, ലാന്‍ഡ്‌ഫോണ്‍ എന്നിവ വിച്ഛേദിക്കുകയും മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി, സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി, കോണ്‍ഗ്രസ് നേതാവ് ഉസ്മാന്‍ മജീദ് എന്നിവരെ അറസ്റ്റ് ചെയ്തുമാണ് യുദ്ധ സമാനമായ അന്തരീക്ഷമുണ്ടാക്കി ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. സൈനികവിന്യാസത്തോടൊപ്പം അനിശ്ചിതകാല നിരോധനാജ്ഞയും പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങളെ പരിഭ്രാന്തിയിലാക്കിയ ഈ ദുസ്ഥിതി എത്രനാള്‍ തുടരുമെന്ന് വ്യക്തമല്ല.

ഇതാണ് ബി.ജെ.പി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധമായ രീതി. വിവാദമായ നോട്ട് നിരോധനത്തിന്റെ കാര്യത്തിലും നാമിത് അനുഭവിച്ചതാണ്. രഹസ്യമായി എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ട് പെട്ടെന്നൊരു നിമിഷം വലിയ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്ന തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിച്ച് ജനങ്ങളെ ഞെട്ടിക്കുക. ഭരിക്കാന്‍ ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടെന്ന ധാര്‍ഷ്ട്യത്തിലാണ് ഇത്തരം ജനപക്ഷമല്ലാത്ത നടപടികള്‍ സംഘി സര്‍ക്കാര്‍ എടുക്കുന്നത്. ഇനി എന്തൊക്കൊയാണ് വരാനിരിക്കുന്നതെന്ന് മോദി-ഷാ ശക്തികള്‍ക്കേ അറിയൂ. 

ഇന്ത്യ-പാക് തര്‍ക്കം പരിഹരിക്കാനുള്ള അമേരിക്കയുടെ മധ്യസ്ഥ വാഗ്ദാനം ഇന്ത്യ തള്ളക്കളഞ്ഞിരുന്നു. ഇപ്പോഴത്തെ സംഭവവികാസത്തില്‍ അമേരിക്ക പ്രതികരിച്ചിട്ടുണ്ട്. ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള കശ്മീരിലെ സംഭവവികാസങ്ങള്‍ സാകൂതം വീക്ഷിക്കുകയാണെന്ന് യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മോര്‍ഗന്‍ ഒര്‍ടാഗസ് പറഞ്ഞു. ആളുകളെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും, വ്യക്തികളുടെ മൗലികാവകാശങ്ങളെ ബഹുമാനിച്ചുകൊണ്ടും അവിടുത്തെ ജനങ്ങളുമായി ചര്‍ച്ചചെയ്തുകൊണ്ടുമാണ് ഇത്തരം തീരുമാനങ്ങള്‍ നടപ്പാക്കേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370, 35 എ അനുഛേദങ്ങള്‍ തികച്ചു അസാധാരണമായ നടപടിയിലൂടെയാണ് ബി.ജെ.പി സര്‍ക്കാര്‍ റദ്ദാക്കിയത്. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്. ജമ്മു കാശ്മീര്‍ വിഭജിക്കപ്പെട്ടതോടെ ജമ്മു കാശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളാണിനി ഉണ്ടാവുക. സമാധാനം പുനസ്ഥാപിച്ചാല്‍ ജമ്മു കാശ്മീരിന് പൂര്‍ണ സംസ്ഥാന പദവി തിരികെ കിട്ടുമെങ്കിലും ലഡാക്കിന് അതുണ്ടാവുകയില്ല. ജമ്മു കാശ്മീരിന് നിയമസഭയുണ്ടാവും. പക്ഷേ ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശമാകും. 

ഭരണഘടനയെയും ജനാധിപത്യത്തെയും പരസ്യമായി കശാപ്പ് ചെയ്യുന്നതാണ് ഈ വിഭജനമെന്ന് ആക്ഷേപമുയര്‍ന്നു കഴിഞ്ഞു. ഇത് നടപ്പാക്കിയ രീതി ഭരണകൂട ഭീകരത വ്യക്തമാക്കുന്നതുമാണ്. ജമ്മു കാശ്മീരിലെ ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ, നിസാരമെങ്കിലും പ്രതിപക്ഷവുമായി ചര്‍ച്ചകള്‍ നടത്താതെ യാതൊരുവിധത്തിലുമുള്ള സമവായത്തിന് മുതിരാതെ കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യ മര്യാദ കാറ്റില്‍ പറത്തുകയായിരുന്നു. അതേസമയം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 എന്ത് വാഗ്ദാനമാണോ ജമ്മു കാശ്മീരിലെ ജനങ്ങല്‍ക്ക് നല്‍കിയത്, അതൊന്നും കാലാകാലങ്ങളില്‍ വന്ന സര്‍ക്കാരുകള്‍ നടപ്പാക്കിയില്ല. കൊടുക്കുമെന്ന് പറഞ്ഞ് അവരെ നിരന്തരം വഞ്ചിക്കുകയായിരുന്നു. ഇത് തീവ്രവാദികള്‍ മുതലെടുത്തതോടെ കാശ്മീര്‍ താഴ്‌വരയിലെ സമാധാനത്തിന്റെ വിളക്കണഞ്ഞു. അവിടം കലാപ ഭൂമിയായി. ചോരക്കളമായി.

ചരിത്രം ഒരിക്കലും കളവ് പറയില്ല. ഈസ്റ്റിന്ത്യാ കമ്പനിയും ജമ്മുവിലെ രാജാവായിരുന്ന ഗുലാബ് സിംഗും തമ്മില്‍ 1846ല്‍ ഉണ്ടാക്കിയ അമൃത്സര്‍ കരാര്‍ പ്രകാരം ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ നിന്ന് ഗുലാബ് സിംഗ് കാശ്മീര്‍ താഴ്‌വര 75 ലക്ഷം രൂപ വിലകൊടുത്തു വാങ്ങി. ഇതോടെ ജമ്മുവും ലഡാക്കും ഉള്‍പ്പെടെയുള്ള ആ രാജ്യത്തിന്റെ അതിര്‍ത്തി കാശ്മീരി ഭാഷ സംസാരിക്കുന്ന, സൂഫി പാരമ്പര്യം നിലനിര്‍ത്തുന്ന, മുസ്ലിം ഭൂരിപക്ഷമുള്ള, കാശ്മീര്‍ താഴ്‌വര കൂടി ഉള്‍പ്പെട്ടതായി. അങ്ങനെയാണ് ജമ്മു കാശ്മീര്‍ ഉണ്ടാകുന്നത്. ജമ്മു കാശ്മീര്‍ രൂപീകരിക്കപ്പെട്ടതിനുശേഷം നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഷെയ്ഖ് അബ്ദുള്ള ദോഗ്ര ഭരണാധികാരിയായിരുന്ന ഹരി സിങ് മഹാരാജാവില്‍നിന്നും ഭരണം ഏറ്റെടുത്തു. തുടര്‍ന്ന് 1949ല്‍ ന്യൂഡല്‍ഹിയുമായി രാഷ്ട്രീയ ബന്ധം സ്ഥാപിക്കുന്നതിന് അദ്ദേഹം ശ്രമിച്ചു. അങ്ങനെയാണ് ഭരണഘടനയില്‍ 370-ാം അനുച്ഛേദം ഉണ്ടായത്. ആര്‍ട്ടിക്കിള്‍ 370 താത്കാലികമായിരിക്കരുതെന്നും സ്വയം ഭരണാവകാശം നല്‍കുന്നതായിരിക്കണമെന്നും ഷെയ്ഖ് അബ്ദുള്ള ആവശ്യപ്പെട്ടു. എന്നാല്‍ കേന്ദ്രം അദ്ദേഹത്തിന്റെ ആവശ്യത്തിന് വഴങ്ങിയില്ല. 

ഇന്ത്യ-പാകിസ്താന്‍ വിഭജന കാലത്ത് സ്വതന്ത്രമായി നിന്ന പ്രദേശമാണ് കാശ്മീര്‍. അവര്‍ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ന്നില്ല. പിന്നാലെ പാകിസ്താന്‍ അവരുടെ കൂടെ ചേര്‍ക്കുന്നതിന് കാശ്മീരില്‍ സൈനിക മുന്നേറ്റം നടത്തി മൂന്നിലൊന്ന് പ്രദേശം കൈവശപ്പെടുത്തി. അപ്പോള്‍ കശ്മീര്‍ മഹാരാജാവ് ഇന്ത്യയുടെ സഹായം തേടുകയും ഇന്ത്യയില്‍ ലയിക്കാന്‍ സമ്മതിക്കുകയും ചെയ്തു. അപ്പോഴാണ് ഇന്ത്യന്‍ സൈന്ത്യം കാശ്മീരില്‍ പ്രവേശിച്ച് പാകിസ്താനുമായി യുദ്ധം ചെയ്തതും. പക്ഷെ പാകിസ്താന്‍ പിടിച്ചെടുത്ത പ്രദേശം തിരിച്ചു പിടിക്കാന്‍ ഇന്ത്യക്ക് പറ്റിയില്ല. ഇതാണ് ഇപ്പോഴത്തെ പാക് അധിനിവേശ കാശ്മീര്‍. പാകിസ്താന്‍ ഗവണ്‍മെന്റിന് ഇതിന്റെ സ്വയംഭരണാവകാശം ഉണ്ട് എന്ന് പ്രഖ്യപിച്ചു കൊണ്ട് ഇന്ത്യയുമായി 1947, 1965 യുദ്ധം ചെയ്യുകയുണ്ടായി. രണ്ടു യുദ്ധത്തിലും പാകിസ്താന്‍ പരാജിതരായി. 

ഇതിനെ തുടര്‍ന്ന് പാകിസ്താനിലെ തീവ്രവാദികള്‍ ഭൂരിഭാഗ ജനവിഭാഗമായ കാശ്മീരിലെ മുസ്ലീം ജനതയെ മതവികാരത്തിന്റെ പേരില്‍ ഇളക്കിവിടുകയും തീവ്രവാദി സംഘടകള്‍ ഉണ്ടാക്കുകയും, കാശ്മീരിലെ ജനജീവിതം ദുസ്സഹകമാക്കുകയും കുട്ടകൊലകള്‍ നടത്തുകയും ചെയ്തു. 1985 സിയാച്ചിനില്‍ നുഴഞ്ഞുകയറ്റം നടത്തിയ പാകിസ്താന്‍ സേനക്കെതിരെ ഇന്ത്യ ശക്തമായി പ്രതിരോധിക്കുകയും ഒരു യുദ്ധത്തിന്റെ വക്കില്‍ എത്തുകയും ചെയ്തു. അതിനുശേഷം 1999ല്‍ പാകിസ്താന്‍ സൈന്യം വീണ്ടും കാര്‍ഗിലില്‍ നുഴഞ്ഞു കയറുകയും ഇന്ത്യയുമായി യുദ്ധത്തില്‍ എത്തുകയും ചെയ്റ്റു. യുദ്ധാവസാനം പാകിസ്താന്‍ സേനയെ തുരത്തി ഓടിക്കുകയും കാര്‍ഗില്‍ കീഴടക്കുകയും ചെയ്തു.

ഈ ഓഗസ്റ്റ് അഞ്ചു വരെ ഇന്ത്യന്‍ യൂണിയനില്‍ പ്രത്യേക പദവിയുള്ള സംസ്ഥാനമായിരുന്നു ജമ്മു കശ്മീര്‍. 370-ാം അനുച്ഛേദമനുസരിച്ച് പ്രതിരോധം, വാര്‍ത്താവിനിമയം, വിദേശകാര്യം എന്നീ മേഖലകളിലൊഴികെ ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കുന്ന നിയമങ്ങള്‍ ജമ്മുകശ്മീരിന് ബാധകമാകണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം ആവശ്യമായിരുന്നു. ആര്‍ട്ടിക്കിള്‍ 35 (എ) പ്രകാരം മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ താമസക്കാരെ അപേക്ഷിച്ച് ജമ്മു കശ്മീരിലെ താമസക്കാര്‍ പൗരത്വം, സ്വത്തിന്റെ ഉടമസ്ഥാവകാശം, മൗലികാവകാശങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രത്യേക നിയമങ്ങളുടെ കീഴിലാണ് ജീവിക്കുന്നത്. ഈ വ്യവസ്ഥയുടെ ഫലമായി, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജമ്മു കശ്മീരില്‍ സ്ഥലമോ സ്വത്തോ വാങ്ങാന്‍ കഴിയില്ല. 

ആര്‍ട്ടിക്കിള്‍ 370 നല്‍കിയിരുന്ന പ്രത്യേക അധികാരങ്ങള്‍ ഇവയാണ്: ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ അനുവാദത്തോടെ മാത്രമേ കേന്ദ്ര സര്‍ക്കാരിന് സംസ്ഥാനത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാനാവൂ. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കണമെങ്കില്‍ സംസ്ഥാനസര്‍ക്കാരിന്റെ നിര്‍ദേശം ആവശ്യമാണ്. ഭൂമി വാങ്ങുന്നതിനും താമസത്തിനുമുള്ള അവകാശം, സര്‍ക്കാരുദ്യോഗങ്ങളില്‍ സംവരണം, പഠനത്തിനുള്ള സര്‍ക്കാര്‍ ധനസഹായം എന്നിവ സംസ്ഥാനത്തെ സ്ഥിരം നിവാസികള്‍ക്കായി നിജപ്പെടുത്തിയിരിക്കുന്നു. പാര്‍ലമെന്റിന് ജമ്മു കശ്മീരിന്റെ അതിര്‍ത്തി കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാന്‍ അധികാരമില്ല. സംസ്ഥാനത്തിന് സ്വന്തമായി പതാകയും ഭരണഘടനയും. പുറമേ നിന്നുള്ള ആക്രമണസന്ദര്‍ഭങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാമായിരുന്നു. കാശ്മീരില്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ കേന്ദ്രത്തിനാവില്ല.
 
ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്യുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടി ഏറെ രാഷ്ട്രീയ, നിയമ സംവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ത്തന്നെ നിര്‍ണായകമായ നീക്കങ്ങളിലൊന്നാണിത്. സംഘപരിവാറിന്റെ അടിസ്ഥാനശിലകളിലൊന്നാണ് 370 അനുച്ഛേദത്തോടുള്ള വിയോജിപ്പ്. ജനസംഘം രൂപീകരിക്കപ്പെട്ട് അത് പിന്നീട് ബി.ജെ.പിയായി മാറിയപ്പോഴും, ജമ്മു കശ്മീരിന് സവിശേഷ അധികാരങ്ങളുണ്ടായിരുന്നതിനോട് കടുത്ത എതിര്‍പ്പ് തുടര്‍ന്നു. ഓരോ തെരഞ്ഞെടുപ്പിലും ഇതിനോടുള്ള എതിര്‍പ്പ് സംഘപരിവാര്‍ ഉയര്‍ത്തി. ബി.ജെ.പിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനവിധി നേടി അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ സംഘപരിവാറിന്റെ അടിസ്ഥാന ലക്ഷ്യങ്ങളിലൊന്ന് നടപ്പാക്കി നല്‍കുകയാണ്. 

ജമ്മു കാശ്മീര്‍ പോലെ അന്താരാഷ്ട്ര തലത്തില്‍ സ്വതന്ത്ര ഇന്ത്യ ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു വിഷയമില്ല. പൂര്‍ണമായും ഇന്ത്യക്കകത്തു തന്നെയുള്ള, പൂര്‍ണമായും ഇന്ത്യയോടു വിധേയത്വമുള്ള ഒരു സംസ്ഥാനത്തിന് പ്രത്യേക പദവിയും ചില അധികാരങ്ങളും നല്‍കി വേര്‍തിരിച്ചതു വഴി, ആ സംസ്ഥാനത്തിന്റെ വികസനത്തിന്റെ വഴിമുടക്കുകയായിരുന്നു എന്ന വാദത്തിനും പ്രസക്തിയുണ്ട. കുട്ടികളുടെ വിദ്യാഭ്യാസം, അഭ്യസ്തവിദ്യരുടെ തൊഴില്‍, ജനിച്ച നാട്ടില്‍ താമസം, ഭൂമി സ്വന്തമാക്കല്‍ തുടങ്ങി രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലെല്ലാം അനുവദിക്കപ്പെട്ടിട്ടുള്ള മൗലികാവകാശങ്ങള്‍ പോലും നിഷേധിക്കുന്ന വിചിത്രമായ സമ്പ്രദായങ്ങളാണ് രാജ്യത്തിന്റെ വടക്കേയറ്റത്തുള്ള ഈ ചെറുസംസ്ഥാനത്തു നിലനിന്നത്. ഏതായാലും ഇത് ബി.ജെ.പിയുടെ രാഷ്ട്രീയ വിജയമാണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇനി ബി.ജെ.പിക്ക് ഇതിന്റെ പേരില്‍ അടിക്കുന്നത് ബംബര്‍ ലോട്ടറിയായിരിക്കുമെന്നാണവരുടെ കണക്കുകൂട്ടല്‍.

 ജനങ്ങളെ പരിഭ്രാന്തിയിലാക്കിയ ജമ്മു കാശ്മീര്‍ വിഭജന രാഷ്ട്രീയം (ശ്രീനി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക