Image

സ്പിരിച്ച്വലി, സോഷ്യലി നോട്ട്' : തിരിച്ചറിവുകളും ബോധ്യങ്ങളും പകര്‍ന്ന പാനല്‍ ചര്‍ച്ച ശ്രദ്ധേയമായി

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 06 August, 2019
സ്പിരിച്ച്വലി, സോഷ്യലി നോട്ട്' :  തിരിച്ചറിവുകളും ബോധ്യങ്ങളും പകര്‍ന്ന പാനല്‍ ചര്‍ച്ച ശ്രദ്ധേയമായി
ഹൂസ്റ്റണ്‍: തലമുറകള്‍ തമ്മിലുള്ള വ്യത്യാസം വിശ്വാസജീവിതത്തെ എത്രമാത്രം ബാധിക്കുന്നു, അവയെ എപ്രകാരം  സമീപിക്കാം എന്നീ വിഷയങ്ങളുമായി സീറോ  മലബാര്‍ ദേശീയ കണ്‍വന്‍ഷനില്‍ സംഘടിപ്പിച്ച പാനല്‍ ചര്‍ച്ച 'സ്പിരിച്ച്വലി സീറോ മലബാര്‍, സോഷ്യലി നോട്ട്' തിരിച്ചറിവുകളും ബോധ്യങ്ങളും പകരുന്ന വേദിയായി. അമേരിക്കയിലെ പുതുതലമുറയും സീറോ മലബാര്‍ സഭയുമായുള്ള ബന്ധം വിശകലനം ചെയ്തതിനൊപ്പം പുതുതലമുറയെ സീറോ മലബാര്‍ സഭയോട് ചേര്‍ത്ത് വളര്‍ത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും പങ്കുവെച്ച ചര്‍ച്ച ശ്രദ്ധേയമായി.

സംസ്‌കാരവും വിശ്വാസവും ഒരുപോലെ പങ്കുവെക്കപ്പെടുന്ന സീറോ മലബാര്‍ സഭ കാലഘട്ടത്തിനനുസരിച്ച് വിശ്വാസികള്‍ക്ക് ബോധ്യങ്ങള്‍ നല്‍കാന്‍ പ്രാപ്തയാണെന്നും അതുതന്നെയാണ് സഭയെ വേറിട്ടതും ആകര്‍ഷണീയമാക്കുന്നതെന്നും പാനല്‍ അംഗങ്ങള്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു. ബിഷപ്പ് മാര്‍. ജോസഫ് പാംപ്ലാനി, ബിഷപ്പ് മാര്‍. തോമസ് തറയില്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവര്‍ ഉള്‍പ്പെടെ ഏഴു പേരാണ് പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്.' ഡോ. ഏബ്രഹാം മാത്യു മോഡറേറ്ററായി

പുതുതലമുറക്ക് വിശ്വാസബോധ്യങ്ങള്‍ ഉണ്ടെങ്കിലും സാമൂഹ്യപരമായി പുതുതലമുറ പൂര്‍ണമായും സീറോ മലബാര്‍ സഭയുടെ മാനങ്ങള്‍ക്കനുസരിച്ചല്ല എന്നതായിരുന്നു പ്രധാനപ്പെട്ട കണ്ടെത്തല്‍. എന്നാല്‍, മുതിര്‍ന്ന തലമുറ അതിന്റെ നല്ല വശങ്ങളെ കണ്ടെത്തി അംഗീകരിക്കുമ്പോള്‍ ജനറേഷന്‍ ഗ്യാപ്പ് ഒഴിവാക്കാനാകുമെന്നും പാനല്‍ നിര്‍ദേശിച്ചു. അതേസമയം സഭയോട് ചേര്‍ന്നുനിന്ന് വ്യക്തിപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിലും സാമൂഹ്യ നിലപാടുകള്‍ സ്വീകരിക്കുന്നതിലും യുവതലമുറ പരാജയപ്പെടുകയാണെന്നും പാനല്‍ അഭിപ്രായപ്പെട്ടു.

യുവതലമുറ അമേരിക്കയില്‍ ജനിച്ചുവളര്‍ന്നുവെന്ന കാരണത്താല്‍ സാമൂഹിക സംസ്‌കാരത്തിലുള്ള രീതികളെപ്പറ്റി മുന്‍തലമുറയ്ക്കുള്ള ആശങ്ക പ്രത്യേകമായി വിലയിരുത്തി. ദൈവാലയങ്ങളില്‍ വരുമ്പോഴും വസ്ത്രധാരണത്തിന്റെയും മറ്റ് അച്ചടക്ക സ്വഭാവത്തിന്റെ കാര്യത്തില്‍ പരിശുദ്ധിയോടുള്ള ബോധമാണ് യുവതലമുറയ്ക്ക് വേണ്ടതെന്ന് മാര്‍ തോമസ് തറയില്‍ പിതാവ് അഭിപ്രായപ്പെട്ടു. 

സീറോ മലബാര്‍ സഭയുടെ വിശ്വാസപാരമ്പര്യം മാതാപിതാക്കളില്‍ നിന്നും പുതിയ തലമുറ പഠിക്കുന്നതുവഴി അവര്‍ക്കുണ്ടാകുന്ന നേട്ടത്തെപ്പറ്റി മാര്‍ പാംബ്ലാനി പിതാവ് വിശകലനം ചെയ്തു. നൂറുവര്‍ഷത്തോളം സാംസ്‌കാരിക അച്ചടക്ക പാരമ്പര്യം കൈമുതലായുള്ള ഭാരതത്തില്‍ നിന്നുള്ള തലമുറയുടെ പരിശുദ്ധിയോടുള്ള ബോധം പുതിയ തലമുറയ്ക്ക് പകര്‍ന്നുകിട്ടണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

യുവതലമുറയുടെ പ്രതിനിധികള്‍ ജസ്റ്റിസ് കുര്യനുമായും സംവാദം നടത്തി. തങ്ങള്‍ മാതാപിതാക്കളാകുമ്പോഴാണ് തങ്ങള്‍ക്കു കിട്ടിയ പാരമ്പര്യം തങ്ങളുടെ മക്കള്‍ക്കും വേണ്ടിയിരിക്കുന്നുവെന്ന് ബോധ്യം വരുന്നുവെന്നും അതിനുവേണ്ടി തീവ്രമായി ആഗ്രഹിക്കുന്നുവെന്നും തങ്ങളുടെ മാതാപിതാക്കളോട് ഞങ്ങള്‍ എന്നും നന്ദിയുള്ളവരായിരിക്കുമെന്നും പുതിയ തലമുറ ആത്മാര്‍ത്ഥതയോടെ അഭിപ്രായപ്പെട്ടു.

സ്പിരിച്ച്വലി, സോഷ്യലി നോട്ട്' :  തിരിച്ചറിവുകളും ബോധ്യങ്ങളും പകര്‍ന്ന പാനല്‍ ചര്‍ച്ച ശ്രദ്ധേയമായി
സ്പിരിച്ച്വലി, സോഷ്യലി നോട്ട്' :  തിരിച്ചറിവുകളും ബോധ്യങ്ങളും പകര്‍ന്ന പാനല്‍ ചര്‍ച്ച ശ്രദ്ധേയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക